Sunday, June 5, 2016

ഗുണ്ട


യുദ്ധം നടക്കുകയാണ്.. കൊടും യുദ്ധം..

ആര്‍പ്പുവിളികള്‍, ആക്രോശങ്ങള്‍, ചീത്തവിളികള്‍, തള്ളാസിനു പ്രാണവേദന മോള്‍സിനു വീണവായന.. ഇരു പക്ഷവും വിട്ടുകൊടുക്കുന്നില്ല..

ആരു ജയിക്കും ആരു തോല്‍ക്കും എന്നുള്ളത് നമ്മുടെ വിഷയമല്ല.. ആരു ജയിച്ചാലും തോറ്റവര്‍ മ്മടെ മെക്കട്ട് കേറാന്‍ വരും.. അതാ ശീലം, മാറ്റം പ്രതീക്ഷിക്കുന്നില്ല..


കടന്നല്‍ മോന്ത കണ്ടാല്‍ അറിയാം, ഇന്നത്തെ വിജയി ജോ ആണ്..

എനിക്ക് വയ്യ നിങ്ങടെ കുട്ടിയെ പഠിപ്പിക്കാന്‍.. വേണമെങ്കില്‍ തന്നെ അങ്ങ് പഠിപ്പിച്ചോ.. വടിയെടുത്തപ്പോള്‍ അവള്‍ പറയാ.. എന്നെ തല്ലാന്‍ ഉപ്പാക്ക് മാത്രേ അവകാശം ഉള്ളൂ ന്ന്.. ഇല്ലെങ്കില്‍ വിവരം അറിയും ത്രേ..

നിങ്ങള്‍ ഒറ്റ ഒരുത്തന്‍ ആണ് അവളെ ഇത്ര വഷളാക്കിയത്.. ഒരൊറ്റ കുട്ടികളും എന്നോട് ഇങ്ങനേ പെരുമാറിയിട്ടില്ല.. എനിക്കേയ് വേറെയും കുട്ടികള്‍ ഉണ്ട്..!!

എന്‍റെ അറിവില്‍ അവള്‍ക്ക് മൂന്നു കുട്ടികള്‍ കൂടി ഉണ്ട്.. അവറ്റകളും ചക്കരയൊന്നുമല്ല കൊപ്പര തന്നെ ആയിരുന്നു എന്നാ ഓര്‍മ്മ.. ഇനിയിപ്പോ വേറെ എങ്ങാനും.. വേണ്ട ലോകമഹായുദ്ധം ത്രീ പോയിന്റ്‌ സീറോ ഞാന്‍ ആയിട്ടു.. മിണ്ടാതിരിക്കാം..

നിമ്മിത്ത ഉമ്മ പറഞ്ഞാല്‍ നല്ല കുട്ടിയായി പഠിക്കുമായിരുന്നു എന്ന് പറഞ്ഞപ്പോള്‍, അവള്‍ ചോദിക്കാ.. 'എന്നെ പഠിപ്പിക്കാന്‍ ഉമ്മാക്ക് വിവരം ഉണ്ടോ.. ഉമ്മ സ്കൂളിന്‍റെ മുറ്റം കണ്ടിട്ടുണ്ടോ ന്ന്..'

ശെടാ, അവള്‍ ആള് കൊള്ളാല്ലോ.. അല്ലാ നീ കണ്ടിട്ടുണ്ടോ, സ്കൂളിന്‍റെ മുറ്റം..

എന്നെ കൊണ്ടൊന്നും പറയിക്കണ്ട.. ഞാന്‍ സ്കൂളിന്റെയും കോളേജിന്റെയും ഒക്കെ മുറ്റം കണ്ടിട്ടുണ്ട്.. നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല..

അത് സത്യം.. ഞാന്‍ കണ്ടിട്ടില്ല, എന്‍റെ സ്കൂളിലെല്ലാം മുന്നില്‍ ഗ്രൌണ്ട് ആയിരുന്നു.. പക്ഷെ പറയാന്‍ വയ്യ.. ഇവളോട്‌ "ട്ടാ " വട്ടത്തില്‍ കിടന്നു തായം കളിയ്ക്കാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.. വയ്യ..

എന്താ കൂമന്റെ കൂട്ട് ഇരിക്കുന്നത്.. കേട്ടില്ലേ, എനിക്ക് വയ്യ അവളെ പഠിപ്പിക്കാന്‍.. ഇതിന് ഒരു തീരുമാനം എടുത്തിട്ട് മതി ഇനി ബാക്കി..

മൌനം വിദ്വാനു ഭൂഷണം എന്നു പറഞ്ഞിരുന്നാല്‍ അടുത്തത് കൂമന്റെ മോന്‍റെ കൂട്ട് ഉണ്ട് എന്നു പറഞ്ഞാല്‍.. എന്തിനാ മേലേക്ക് പോയ പാവത്തിനെ കേള്‍പ്പിക്കുന്നത്..

ജോക്കുട്ടാ.. ഉപ്പടെ പൊന്നുംകുട്ടീ ഇങ്ങട്ട് വാ.. ഞാന്‍ നീട്ടി വിളിച്ചു..

ഒരു കുപ്പടെ പൊന്നും കുട്ടി.. രണ്ടും കണക്കാ.. എന്നേ കൊണ്ട് ഒന്നും പറയിക്കണ്ട.. അവളുടെ സ്നേഹ മര്‍മ്മരം.. ഇതൊക്കെ എന്ത്.. മ്മള്‍ എന്തെല്ലാം കേട്ടിരിക്കുന്നു..

ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോ വന്നു..

ഞാന്‍ അവളെ മടിയില്‍ ഇരുത്തി ചോദിച്ചു.. ഉപ്പടെ കുട്ടി ഉമ്മാനെ എന്തിനാ ഇങ്ങനേ ചൂടാക്കുന്നേ..

പിന്നേ.. എപ്പഴും പഠിച്ചോ പഠിച്ചോ പറഞ്ഞ് എന്‍റെ പിന്നാലേ നടന്നാ.. നിമ്മിത്ത ചെറിയ കുട്ടി ആയപ്പോ റാങ്ക് കിട്ടിത്രേ.. എനിക്ക് ഗുണ്ടയാ കിട്ടാ എന്ന്..

പൂജ്യത്തിനു ഉദ്ദേശിച്ചു നിനക്ക് ഉണ്ട കിട്ടും എന്ന് പറഞ്ഞതാ അവള്‍.. ജോയുടെ വോകാബുലാറിയില്‍ അത് 'ഗുണ്ട' ആയാണ് കയറിയത്..

ശോ ഗുണ്ട കിട്ടിയാല്‍ നീ എങ്ങനെയാ ഡോക്ടര്‍ ആവുന്നത്.. ഞാന്‍ ചോദിച്ചു..

അതിന് ഞാന്‍ പഠിക്കുന്നുണ്ടല്ലോ.. ഉമ്മ എന്നെ അടിക്കും ന്ന്.. ഉപ്പാക്കല്ലേ എന്നേ അടിക്കാന്‍ പറ്റൂ.. ഉമ്മ ആരാ എന്നേ അടിക്കാന്‍..

ഇവള്‍ കുടുംബം കലക്കാന്‍ ഒരുങ്ങി ഇറങ്ങിയതാ.. ഞാന്‍ വിഷണ്ണനായി ഇരുന്നു..

എന്നും പഠിച്ചോ പഠിച്ചോ എന്ന് പറയാന്‍ ഉമ്മ ആരാ..  ഉമ്മ എന്നും ഇങ്ങനേ പഠിച്ചിരുന്നോ.. ഉമ്മാക്ക് റാങ്ക് കിട്ടിയോ..

അത് ചോദ്യം ന്യായം.. നീ ഇങ്ങനേ എപ്പഴും പഠിച്ചിരുന്നോ.. നിനക്ക് ഏതു റാങ്ക് ആണ് കിട്ടിയേ.. ഞാന്‍ അസിയുടെ നേരെ തിരിഞ്ഞു..

ഉപ്പയും മോളും കൂടി എന്‍റെ റാങ്ക് അറിയാന്‍ നടക്കാ.. എന്നെ ഇങ്ങനേ വട്ടം കറക്കാ.. നിങ്ങള്‍ രണ്ടാളും എന്തെങ്കിലും ആയിക്കോ.. ഇനി ഞാന്‍ പഠിപ്പിക്കില്ല.. ഞാന്‍ ഒരു പാവം.. ചോദിക്കാനും പറയാനും ആരും ഇല്ല എന്ന് വെച്ച്.. മുഖം ചുവപ്പിച്ച്, ശബ്ദം കനപ്പിച്ചു, ചാടി തുള്ളി അവള്‍ എഴുന്നേറ്റു..

ചീച്ചികുട്ടി ഉമ്മച്ചി, ഈ വീട്ടില്‍ ഒരു പാവമേ ഉള്ളൂ..അതെന്‍റെ സാധുകുട്ടി ഉപ്പച്ചി ഡോട്ട് കോം ആണ്.. ഉമ്മച്ചിയല്ല.. ജോ വിളിച്ചു പറഞ്ഞു..

സത്യം.. കുഞ്ഞു മനസ്സില്‍ കള്ളമില്ല.. ഞാന്‍ അവള്‍ക്ക് ഒരു ഉമ്മം കൊടുത്തു.. നല്ലത് കേട്ടാല്‍ നമ്മള്‍ എപ്പഴും പ്രോത്സാഹിപ്പിക്കണം.. ലവള്‍ കാണരുത് എന്നേയുള്ളൂ..

പഠിച്ചു മടുത്തു ഉപ്പാ.. നമുക്ക് കുറച്ചു നേരം യുനോ കളിക്കാം..
ആവാല്ലോ..

ഞങ്ങള്‍ അങ്ങനെ കുറച്ചു നേരം കളിച്ച് ഉഷാര്‍ ആയി.. അതു കഴിഞ്ഞ് അവള്‍ പെയിന്റ് ചെയ്യാന്‍ ഇരുന്നു.. ഞാന്‍ എന്‍റെ ലോകത്തേക്കും..

പൊതുവേ ഞാന്‍ കുട്ടികളുടെ പഠന കാര്യത്തില്‍ ഇടപെടാറില്ല.. പഠിച്ചാല്‍ അവര്‍ക്ക് കൊള്ളാം.. ക്ലാസ്സില്‍ ഫസ്റ്റ് ആവണം അത്രയേ ഞാന്‍ ആവശ്യപ്പെടാറുള്ളൂ.. ഇല്ലെങ്കില്‍ ആണ്‍കുട്ടികളോട് ' നീ പഠിത്തം നിര്‍ത്തിയേക്ക് നാളെ മുതല്‍ കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞുകെട്ടികൊടുക്കാന്‍ പൊക്കോ' എന്നു പറയും.. പെണ്കുട്ടികളോട് 'മതി സ്കൂള്‍, നാളെ മുതല്‍ വീട്ടില്‍ നിന്നോ, കക്കൂസ് കഴുകാനും, ഡ്രസ്സ്‌ ഇസ്തിരിയിടുവാനും ഉമ്മാനെ സഹായിക്കാന്‍..'

അതാണ്‌ എന്‍റെ പഠിപ്പിക്കല്‍.. അത്രയേ വേണ്ടൂ.. പഠിച്ചോ പഠിച്ചോ എന്നു പറഞ്ഞു നടക്കില്ല.. സമ്മാനം വാങ്ങിത്തരാം എന്ന വാഗ്ദാനം ഇല്ല.. മിനിമം ക്വാളിറ്റി മിനിമം ഗ്യാരണ്ടി..

മറ്റു കുട്ടികള്‍ക്കും ഇതെല്ലാം മതിയായിരുന്നു, പക്ഷെ ജോ ഒരിച്ചിരി പിശകാണ്.. കാര്യം.. പതിയെ പറയാം.. എന്‍റെ സ്വഭാവമല്ല അവള്‍ക്ക് കിട്ടിയത്.. കിട്ട്യോ.. കിട്ട്യോ.. അദ്ദാ..

ഈ മനസ്സാക്ഷി ഇങ്ങനേ കുത്തുമല്ലോ, എന്നെപ്പോലെ ഒരു പാവത്തിനെ ഇങ്ങനേ കാര്യമില്ലാതില്ലാതില്ലാതെ ചീത്ത വിളിക്കുമ്പോള്‍.. അവളെ കുത്തിക്കാണും, കിടക്കുമ്പോള്‍ അവള്‍ ചോദിക്യാ.. എന്താ ഒന്നും മിണ്ടാത്തത്, പിണക്കാണോ ന്ന്..

ഞാന്‍ മൌനി.. സാധുകുട്ടി ഉപ്പച്ചി ഡോട്ട് കോം ആയി അങ്ങനെ കിടന്നു.. നമ്മള്‍ എന്തിനാ..

'എല്ലാ പണിയും ഞാന്‍ തന്നെ ചെയ്യണം അതിന്‍റെ ഇടയില്‍ അവളെ പഠിപ്പിക്കാന്‍ നിന്നാല്‍ അവള്‍ ഇങ്ങനേ ഓരോന്ന് പറഞ്ഞ് തരികിടയായി നടക്കും, അപ്പോ പ്രാന്തു പിടിക്കും..' അവള്‍ ന്യായീകരിക്യാ..

ഞാന്‍ തന്നെ ഇത് കേള്‍ക്കണം.. എല്ലാ പണിയും അവള്‍ തന്നെ ചെയ്യണം ത്രേ.. എന്നെപ്പോലെ ഒരു നല്ല കെട്ടിയവനെ കിട്ടാന്‍ എന്ത് പുണ്യം ആണാവോ അവള്‍ ചെയ്തിരിക്കുന്നത്.. നല്ല കെട്ടിയവന്‍ എന്ന് ചുമ്മാ അങ്ങു പറയുകയല്ല.. നെഞ്ചില്‍ കൈ വെച്ച് തന്നെ പറയാ, എന്‍റെ അത്രേം നല്ല ഒരു കെട്ടിയവനെ നിങ്ങള്‍ക്ക് കണികാണാന്‍ കിട്ടില്ല, തന്നെന്ന്‍, ഞാന്‍ ഇതുവരെ കണ്ടിട്ടില്ല..

കേക്കണോ.. ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ഇവളെ ഒരു പണിയും ചെയ്യാന്‍ സമ്മതിക്കില്ല.. ആഴ്ചയില്‍ ഒരു ദിവസം വാക്യൂം ചെയ്യും, ഇസ്തിരി ഇട്ടു കൊടുക്കും, വാഷിംഗ് മെഷിനില്‍ ഡ്രസ്സ്‌ ഇട്ടു തിരിച്ചു കൊടുക്കും, ഉള്ളി അരിഞ്ഞു കൊടുക്കും, നിലം തുടച്ചു വൃത്തിയാക്കും.. ഒരക്ഷരം ഊരി ആടാതെ എന്ത് ഉണ്ടാക്കി തന്നാലും തിന്നു കുരുവാക്കി കൊടുക്കും..

അന്നൊരു ദിവസം അവള്‍ പനിച്ചു കിടന്നപ്പോള്‍ ചായ ഉണ്ടാക്കി കൊടുത്തു.. അവള്‍ക്കിഷ്ടമുള്ള എല്ലാം എത്ര വേണമെങ്കിലും വാങ്ങി കൊടുക്കും.. മുളക്, ഇഞ്ചി, ചായപ്പൊടി, അരി എന്ന് വേണ്ട സോപ്പ് ചീപ്പ് കോപ്പ് ഒന്നും, എന്തിനാ ഇത്രേം എന്നൊന്നും ചോദിച്ചിട്ടേ ഇല്ല..

മാനേ, തേനേ, പൂമാനേ, ചെറുതേനേ എന്നെല്ലാം അസിബം.. അബിസം.. അദിസം.. ഓ എന്തോ ഒരു ബോധം ചെയ്യൂല്ലേ.. അങ്ങനെ ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ.. ചോയ്ച്ചോക്ക്..

എന്താ പോന്നൊന്നും വാങ്ങി കൊടുക്കാത്തത് എന്നറിയോ.. പൊന്നിട്ടാല്‍ അവള്‍ക്ക് ചൊറിച്ചില്‍ വരും.. അവളെ തനിത്തങ്കം ആയിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ.. 'എന്‍റെ പൊന്നേ..' ന്ന് തികച്ച് ഞാന്‍ വിളിക്കാറില്ല.. എന്തുകൊണ്ടാന്ന് അറിയോ.. പോരുമ്പോ എന്‍റെ കൈ പിടിച്ച് എന്‍റെ മോളെ പൊന്ന് പോലെ നീ നോക്കൂലെ എന്ന ആ ഒരു നോട്ടം..

ആ എന്നോടാണ് ഇങ്ങനേ..

നിന്നെ എന്തുകൊണ്ടാ ഇത്ര ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് നിനക്കറിയോ.. പതിയെ ഞാന്‍ ചോദിച്ചു..
ഇല്ല.. എന്തുകൊണ്ടാ കേള്‍ക്കട്ടെ.. അവള്‍ തരളിതയായി..

നിനക്കറിയില്ല..?
ഇല്ലെന്ന് പറഞ്ഞില്ലേ.. കേള്‍ക്കട്ടെ..

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.. എന്തു പറയാന്‍, പത്തിരുപതു കൊല്ലമായി എന്‍റെ കൂടെ കഴിയുന്നു.. എന്തിനാ യേതിനാ ന്ന് എനിക്കോ അറിയില്ല അവള്‍ക്കെങ്കിലും അറിയുമെന്ന് പ്രതീക്ഷിച്ചു.. ചോദിച്ചത് വെറുതെയായി.. കള്ളി അറിഞ്ഞാല്‍ 'സ്നേഹിച്ചിട്ടില്ല ഇതുവരെ..' എന്നും പറഞ്ഞു കരച്ചിലും പിഴിച്ചിലും.. വേണ്ട സിഗ്നലില്‍ നിന്നും ലെഫ്ടില്‍ പോവാം..

ഒരിക്കല്‍ നിനക്ക് മനസ്സിലാവും നിന്നെ ഞാന്‍ എന്തിനാ ഇത്ര സ്നേഹിച്ചത് എന്ന്.. അന്നേ നിനക്കത് മനസ്സിലാവൂ.. ഇപ്പൊ ഉറങ്ങിക്കോ.. നൈസായി തിരിഞ്ഞു കിടന്ന് ഞാന്‍ ഒറ്റ കൂര്‍ക്കം വലി.. ഇത്തരം അവസരങ്ങളില്‍ ബെസ്റ്റ് ആയുധമാണ് ഈ കൂര്‍ക്കംവലി.. രണ്ടു വലി അങ്ങ് അഭിനയിച്ചാല്‍ മതി മൂന്നാമത്തെത് ശരിക്കും ഒറിജിനല്‍ ആയി വരും..

ആരവങ്ങള്‍ക്കിടയില്‍ ഒന്നു രണ്ടു ദിനങ്ങള്‍ മറഞ്ഞു.. ഒരു മനോഹരമായ സായംസന്ധ്യ.. പറന്നായിരുന്നു രണ്ടു പുസ്തകങ്ങള്‍ എന്‍റെ മടിയില്‍ വന്നിറങ്ങിയത്.. കൂട്ടത്തില്‍ ഒരു അശരീരിയും.. എന്‍റെ കുടുംബത്തില്‍ ആരും ഇതുവരെ വാങ്ങി വന്നിട്ടില്ല, ഇന്നാ പുന്നാര മോളു കൊണ്ടുവന്നിട്ടുണ്ട് ഗുണ്ട.. രണ്ടാളും കൂടി പുഴുങ്ങി തിന്നോ..

നല്ല പഷ്ട്ട് ഗുണ്ട


മാതാവേ, അങ്ങനെ അതും സംഭവിച്ചു.. എന്‍റെ വീട്ടില്‍ വിരിഞ്ഞ ആദ്യത്തെ മൊട്ട.. ഗുണ്ടയെ അദ്ധ്വാനിച്ചു നേടിയ ജോയും പിന്നാലേ വന്നു.. വലിയ കൂസല്‍ ഒന്നുമില്ല.. 'ഗുണ്ടയാത്രേ ഗുണ്ട..' എന്ന ഭാവം..

ഇതികര്‍ത്തവ്യഥാമൂഢനായി (ഹൌ ഇമ്മാതിരി വാക്കുകള്‍ പടച്ചുവിടുന്നവനേ എല്ലാം..) ഞാന്‍ നിന്നു.. എന്താ എന്‍റെ ജോ ഇത്.. ഗുണ്ട വാങ്ങി വന്നാല്‍ ഇനി എങ്ങനെയാ നീ ഡോക്ടര്‍ ആവാ..

ഗുണ്ടേ.. ദാ ഇപ്പൊ ശരിയാക്കിത്തരാം


സധൈര്യം എന്‍റെ മടിയില്‍ കയറി ഇരുന്ന്‌ അവള്‍ പറഞ്ഞു.. അതിന് ആ  ഉമ്മച്ചി എനിക്ക് പഠിപ്പിച്ച് തരാത്തത് കൊണ്ടല്ലേ..ചീച്ചി കുട്ടി ഉമ്മച്ചി..

അപ്പോ ഇനി എന്താ പരിപാടി.. നാളെ മുതല്‍ ഉമ്മാനെ ടോയ്‌ലറ്റ് കഴുകാന്‍ സഹായിച്ചോ.. താത്പര്യം ഇല്ലെങ്കില്‍ ഉപ്പടെ പൊന്നുംകുട്ടി ഇനി സ്കൂളില്‍ പോവണ്ടാ, എന്തേ..

അവള്‍ വാടിയ മുഖത്തോടെ എന്നെ നോക്കി..

പാവം അവളെ എന്തിനു പഴിക്കണം.. പരീക്ഷകള്‍ ബുദ്ധിയല്ല അളക്കുന്നത് ഓര്‍മ്മയാണ്.. ഓര്‍മ്മയുടെ കാര്യത്തില്‍ അമ്പേ പരാജിതന്‍ ആയ എന്‍റെ മകള്‍ ഇങ്ങനേ അല്ലെങ്കില്‍ വേറെ എങ്ങിനെ ആവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്..

എന്‍റെ മകളെ എനിക്കറിയാം, എന്‍റെ നാലു മക്കളിലും ഏറ്റവും പ്രാപ്ത ഇവള്‍ ആണ്.. അവളെ അളക്കാന്‍ ഈ വിദ്യാഭ്യാസം പോരാ.. വാ തുറന്നാല്‍ പൊട്ടത്തരം വിളമ്പുന്ന റാങ്ക് ജേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്.. അവര്‍ക്ക് ഓര്‍മ്മയാണ് ഉള്ളത് ബുദ്ധിയല്ല..

എത്ര ഗുണ്ട വാങ്ങിയാലും എന്‍റെ കുട്ടി ഡോക്ടര്‍ ആവുകതന്നെ ചെയ്യും, നല്ല വിവരമുള്ള ഒരു ഹോമിയോ ഡോക്ടര്‍.. അത് മൂന്ന് തരം.. കിട്ട്യോ.. അദ്ദാ..

ജസ്റ്റിന്‍ ബീവറിന്റെ 'ബേബി, ബേബി ബേബി.. ഓ..' എന്ന ഗാനത്തിന്‍റെ ഈണത്തില്‍ ബാച്ചുട്ടിയുടെ ഗാന വീചികള്‍ അവിടെ ഒഴുകിയെത്തി.. 'ഗുണ്ട, ഗുണ്ട ഗുണ്ട.. ഓ.. ഗുണ്ട, ഗുണ്ട ഗുണ്ട.. ഓ..'

ജോ താളത്തില്‍ അതിനു തലകുലുക്കി.. മ്മളെ പൊരിക്കാന്‍ കാത്തിരിക്കുന്ന രണ്ടു കണ്ണുകള്‍ കാണാന്‍ കെല്‍പ്പില്ലാതെ ഒരു സാധുകുട്ടി ഉപ്പച്ചി ഡോട്ട് കോം തലകുനിച്ചു ഏകാങ്കനായി അതിനു താളം പിടിച്ചു..

-- ശുഭം --

7 comments:

 1. പഴയ ബ്ലോഗില്‍ നിന്നും ഉള്ള കമ്മന്റുകള്‍ ഇവിടേക്ക് മാറ്റിയിരിക്കുന്നു..

  ReplyDelete
 2. Sadhu Kutti yude definition pandu schoolinnu tetti padichataanennu thonnunnu ������

  ReplyDelete
 3. പരീക്ഷകൾ ബുദ്ധി അളക്കാൻ അല്ല, ഓർമ്മശക്തി അളക്കാനുള്ളതത്രെ. തികച്ചും ശരി!!

  അതൊക്കെ ശരി,ൢക്കമന്റിൽ അസി പറഞ്ഞതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഈ പോസ്റ്റ് മൊത്തത്തിൽ ഒരു “തള്ള്” ആയിരുന്നോ!!!

  ReplyDelete
 4. രസകരമായി എഴുതിയിരിക്കുന്നു …. സാധു ഉപ്പച്ചി ഡോട്ട് കോം സത്യം തന്നെയെന്ന് അസ്സിയുടെ കമന്റ് വെളിപ്പെടുത്തുന്നുണ്ട് ട്ടോ…:) ജോക്കുട്ടി സന്തോഷത്തോടെ പഠിച്ചു വളരട്ടെ….

  ReplyDelete
 5. പരീക്ഷകള്‍ ബുദ്ധിയല്ല അളക്കുന്നത് ഓര്‍മ്മയാണ്.. thahir nannayi ezhuthi…ente monum ithu thanneyaa pareekshayeppatti parayuka….:)VINCENT ENTE LOKAM…

  ReplyDelete
 6. ഹ ഹ നല്ല രേസേക്കാരം ഇങ്ങളോടെ ല്ലേ , ഇന്റൊടീം ഇങ്ങനെന്നെ

  ReplyDelete
 7. നന്നായിക്ക്ണ് ട്ടാ . ഈ ഇപ്പച്ചി വെറും പാവം

  ReplyDelete

Related Posts Plugin for WordPress, Blogger...