Monday, December 14, 2015

പൊള്ളത്തരങ്ങള്‍

ഒരു കൂട്ടം ആളുകള്‍ ഒരു ടേബിളിനു ചുറ്റുംകൂടി ഇരിക്കുന്നു.. ടേബിളില്‍ തുറന്ന കേയെഫ്സീ പായ്ക്കുകളില്‍ നിന്നും എത്തിനോക്കുന്ന കുറേ കോഴി കഷ്ണങ്ങള്‍.. നടുവില്‍ വലിയ ഒരു കൊക്കോകോള കുപ്പിയും..

ആളുകള്‍ എല്ലാം രണ്ട് വിരലുപൊക്കി കാണിക്കുന്നുണ്ട്.. താഴെ ടാഗും 'ഫീലിംഗ് ക്രേസി'

ഫോട്ടോയുടെ നടുവില്‍ കാണുന്നത് സാദ്, എന്‍റെ പരിജയക്കാരന്‍ ആണ്.. അവനും ടോയലറ്റ് ആംഗ്യം കാണിക്കുന്നുണ്ട്..
സെല്ഫിക്കാലത്ത് ഇതാണ് ഫാഷന്‍.. ഒരുത്തന്‍ മൊബൈല്‍ പൊക്കുന്നു പിന്നെ എല്ലാവരും രണ്ടു വിരലും പൊന്തിച്ച്‌ നില്‍പ്പാണ്.. എന്താ ഇതിന്‍റെ ഉദ്ദേശം എന്നത് കാണുന്നവര്‍ക്ക് തിരിയില്ല എന്നത് പോട്ടേ പൊക്കുന്നവന് പോലും അറിയില്ല എന്നതാ രസം..

'ഫീലിംഗ് ക്രേസി'ക്കാരനേ കുറിച്ചാണ് ഞാന്‍ കുറിക്കുന്നത്.. രണ്ടു ബക്കാലകളുമായി (മിനി സൂപ്പര്‍ മാര്‍ക്കറ്റ്‌) ജിദ്ദയില്‍ കഴിയുന്ന കക്ഷി.. ഒടിഞ്ഞുകുത്തിയ ആ ബക്കാലയില്‍ അവനെ തിരഞ്ഞു ചെന്നപ്പോള്‍ കടയില്‍ ഉള്ള പയ്യന്‍ പറഞ്ഞു അവന്‍ റൂമില്‍ ആണെന്ന്.. കടയുടെ വളരെ അടുത്തു തന്നെയുള്ള ആ റൂമില്‍ ഞാന്‍ ആദ്യമായി ആണ് ചെല്ലുന്നത്.. ഒരു ചെറിയ വില്ല..

ഗേറ്റ് കടന്നാല്‍ നമ്മള്‍ ഒരു ചേരിയില്‍ എത്തിയ പ്രതീതി.. എങ്ങും ചളിയും പൊടിയും.. ഒരു പാട് പേര്‍ അവിടെ ടീവിയ്ക്കു ചുറ്റുംകൂടിയിരിക്കുന്നു.. എന്‍റെ വീട്ടില്‍ ആദ്യമായി വാങ്ങിയ പതിനാലു ഇഞ്ച്‌, തിരിയ്ക്കുന്ന നോബുകള്‍ ഉള്ള അത്തരം ഒരു ടീവി വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കണം ഞാന്‍ കാണുന്നത്.. ഞങ്ങള്‍ പൊട്ടിപൊളിഞ്ഞ ഒരു ഡൈനിങ്ങ്‌ ടേബിളില്‍ മാറിയിരുന്നു സംസാരിച്ചു.. ഭക്ഷണത്തിന്റെ അംശവും ചെളിയും ഒരു ആവരണമായി അതില്‍ പൊതിഞ്ഞിരുന്നു.. കൈകള്‍ ഒന്നും ടേബിളില്‍ കുത്താതെ എങ്ങും തട്ടാതെ ശ്രദ്ധയോടെ ഇരുന്നത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്..

അവന്‍റെ ദാരിദ്ര്യം എന്നിലപ്പോള്‍ ഒരു നൊമ്പരമായി.. കുറച്ചുകാലം കഴിഞ്ഞ് അവന്‍ എന്‍റെ വീട്ടില്‍ അഥിതിയായി എത്തി.. അവന്‍റെ കണ്ണില്‍ ഒരു കുടുംബത്തിനു പാര്‍ക്കാന്‍ ഇത്ര വലിയൊരു വീടോ എന്ന അതിശയം ഞാന്‍ കണ്ടു.. 'ഇതിനെത്രയാ വാടക' അവന്‍ ചോദിച്ചു.. ഞാന്‍ വാടക പറഞ്ഞപ്പോള്‍ അവന് ഈ കാശ് കമ്പനി തരുമോ എന്നറിയണം.. ഞാന്‍ ഇത് കമ്പനി ഫ്ലാറ്റ് ആണെന്ന് അവനോട് കള്ളം പറഞ്ഞു..

ഹൌ ആ കാശ് കയ്യില്‍ കിട്ടിയാല്‍ അതിന്‍റെ നാലിലൊന്ന് കൊടുത്താല്‍ നിങ്ങള്‍ക്ക് സുഖമായി കഴിയാന്‍ പറ്റുന്ന വീടു കിട്ടും.. നമ്മള്‍ ഇവിടെ വന്നത് സമ്പാദിക്കാന്‍ ആണ്.. ഇത്തരം ധൂര്‍ത്തുകള്‍ കൊണ്ട് എന്തു കാര്യാ ഈ കാശ് നാട്ടില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യാം..

ചേരിയില്‍ ഈച്ച ആര്‍ക്കുന്ന ഒരു വീടാവണം അവന്‍റെ മനസ്സില്‍ അപ്പോള്‍.. ശമ്പളം കുറഞ്ഞ ഒരു ജോലി ആയിരുന്നെങ്കില്‍ ഞാനും ആ വഴിക്ക് ചിന്തിക്കുമായിരുന്നു എന്നറിയുന്നതിനാല്‍ ഞാന്‍ അവന്‍റെ അഭിപ്രായം വേഗം അംഗീകരിച്ചു കൊടുത്തു..

നാട്ടില്‍ വെച്ച് കണ്ടപ്പോള്‍ ആണ് അവന്‍റെ ശരിയായ അവസ്ഥ ഞാന്‍ അറിഞ്ഞത്.. അത്യാവശ്യം വിലകൂടിയ ഒരു കാറില്‍ അവന്‍ എന്നേ കാണാന്‍ വന്നു.. ഞാനും ഞാന്‍ അറിയുന്ന പലരും, ലീവിനു പോവുമ്പോള്‍ ഒരു കാര്‍ റെന്റിനു സംഘടിപ്പിക്കുന്നത് കൊണ്ട് അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും വണ്ടിയെ കുറിച്ച് ഞാന്‍ ചോദിച്ചു.. എന്നേ അതിശയിപ്പിച്ച കാര്യം അതവന്‍റെ സ്വന്തം വണ്ടിയായിരുന്നു..

നാട്ടില്‍ അവന്‍ ചെറിയ ഒരു മുതലാളിയാണ്.. വീടും അത്യാവശ്യം വലുതാണ്‌.. ജിദ്ദയില്‍ അവന്‍റെ കച്ചവടങ്ങള്‍ രണ്ടും മോശമില്ലാത്ത രീതിയില്‍ത്തന്നെ നടന്നു പോവുന്നതാണ്.. ഈ പിച്ചക്കാരന്‍റെ വേഷം ജിദ്ദയില്‍ മാത്രേയുള്ളൂ.. നാട്ടുകാര്‍ക്ക് കാണിക്കാന്‍ മറ്റൊരു മുഖമുണ്ട്..

അതില്‍ തെറ്റൊന്നും പറയാന്‍ കഴിയില്ല.. വെളിനാട്ടില്‍ നമ്മെ ആരും അറിയില്ല.. എങ്ങിനെയും കഴിയാം.. നാട്ടില്‍ നാലാളുകളുടെ മുന്നില്‍ തലകുനിക്കാതെ നോക്കണം..

പക്ഷെ അതിന് ഈ പിച്ചക്കാരന്‍റെ ജീവിതം എടുക്കണോ.. വര്‍ഷത്തില്‍ പതിനൊന്ന്‌ മാസവും കഴിയുന്ന സ്ഥലത്താണ് എനിക്ക് സുഖസൗകര്യങ്ങള്‍ വേണ്ടത്.. കാശുണ്ടായിട്ടും ഞാന്‍ ഇവിടേ നിലത്തിരുന്നു ഭക്ഷിക്കുകയാണെങ്കില്‍ നാട്ടില്‍ പൂട്ടിയിടുന്ന വീട്ടില്‍ തേക്കിന്റെ ഡൈനിങ്ങ്‌ ടേബിള്‍ ഉണ്ടായിട്ട് എന്താ കാര്യം..

നാലാളുടെ മുന്നില്‍ ഒരു കേയെഫ്സീ തിന്നുന്ന ഫോട്ടോ വിളമ്പുന്ന മനശ്ശാസ്ത്രം.. അതെ അവന്‍റെ ടാഗ് തന്നെയാണ് സത്യം - ഹി ഈസ്‌ ക്രേസി

എന്‍റെ കൂടേ ജോലി ചെയ്യുന്ന ഒരു കൊണ്ടോട്ടിക്കാരന്‍ ഉണ്ട്.. ആശാന്‍ ഒരിക്കല്‍ അങ്ങേരുടെ ഒരു അനുഭവം പറഞ്ഞു.. 'താഹിറേ എന്‍റെ ഒരു അയല്‍വാസിയുണ്ട്, ഒരു മലപ്പുറത്തുകാരന്‍, മൂപ്പര്‍ക്ക് നല്ലൊരു ജോലിയുണ്ട്, ഇവിടെയും നാട്ടിലും ബിസിനസ് സാമ്രാജ്യം ഉള്ളോനാ.. രണ്ടും മൂന്നും പ്രാവശ്യം നാട്ടില്‍ പോവും ഓരോ കൊല്ലോം.. അങ്ങേരുടെ മോനും എന്‍റെ മോനും നാലില്‍ ഒരേ ക്ലാസ്സിലാ..

എന്‍റെ മോന്‍ പറയാ 'എന്നും ഉപ്പാ ഹോട്ട് ഡോഗ് (അരച്ച കോഴി ആവിയില്‍ വേവിച്ചത്) ആണ് കൊണ്ടുവരാ ഞാന്‍ എന്നിട്ട് എന്‍റെ ലഞ്ചില്‍ നിന്നും കൊടുക്കും ന്ന്‍'.. പാവം കുട്ടി.. ഒരിക്കല്‍ അവന്‍ പൊരേല്‍ വന്നു.. ഞാന്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ചോക്ലേറ്റ് കുക്കി ബിസ്ക്കറ്റ് ആയിരുന്നു കടിയ്ക്കാന്‍, നാലെണ്ണം ഉള്ളതില്‍ ഒന്ന് ഞാനും ഒന്ന് മോനും ഒന്ന് അവനും എടുത്തു.. അവന്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ ബാക്കിയുണ്ടായിരുന്ന ഒന്നു കൂടി അവന് നീട്ടി കൊതിയോടെ എങ്കിലും മടിച്ചു മടിച്ചു വാങ്ങിയിട്ട് അവന്‍ പറയാ 'എന്‍റെ ഉപ്പാക്ക് ചോക്ലേറ്റ് ഇഷ്ടമല്ല, അതോണ്ട് ഇതൊന്നും വീട്ടില്‍ വാങ്ങാറില്ല ന്ന്‍..'

നാട്ടില്‍ കോടികള്‍ ആസ്തിയുള്ള ആളുടെ മകനെ പറ്റിയാണ് എന്‍റെ സഹപ്രവര്‍ത്തകന്‍ ഈ പറയുന്നത്.. നാലാള്‍ അറിയിച്ചിട്ടു ചെയ്യാന്‍ മാറ്റിവെയ്ക്കുന്നു കുടുംബത്തിന്‍റെ സന്തോഷം.. എന്തിനാണ് അയാള്‍ക്ക് കോടികള്‍..

പത്തേമാരി സിനിമ എല്ലാം ഇറങ്ങുന്നതിനു ഒരുപാട് കാലം മുന്‍പ് ഒരു മതപ്രഭാഷണത്തില്‍ കേട്ട ഒരു കഥയുണ്ട്.. ഒരാള്‍ കുബൂസും തൈരും കഴിച്ച് പിശുക്കി പിശുക്കി ആശിച്ചു മോഹിച്ചു നാട്ടില്‍ നല്ലൊരു വീടുവെച്ചു.. ഗ്രഹപ്രവേശനത്തിനു ദിവസം നിശ്ചയിച്ചു അയാളും കുടുംബവും ദിനങ്ങള്‍ എണ്ണി തള്ളിനീക്കി.. ഗള്‍ഫില്‍നിന്നും നാട്ടില്‍ എത്തുമ്പോള്‍ നേരെ പോവുന്നത് ചടങ്ങു നടക്കുന്ന പുതിയ വീട്ടിലേക്കായിരിക്കും.. വിമാനത്തിലേക്ക് നടന്നു കയറിയ ആളെ പക്ഷെ കിടത്തിയാണ് ഇറക്കിയത്.. നാട്ടില്‍ എത്തുന്നതിനു മുന്‍പ് മരിച്ചിരുന്നു.. ശവശരീരമാണ് കൊണ്ടു വരുന്നത് എന്നറിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞൂത്രേ കുടിയിരിക്കലിന്റെ അന്ന് തന്നെ വീട് മയ്യത്ത് കയറ്റി മരണവീടാക്കണ്ട മയ്യത്ത് തറവാട്ടിലേക്ക് കൊണ്ടുപോയാല്‍ മതി എന്ന്.. കഥയോ സത്യമോ അതാണ്‌ കൂട്ടരേ ജീവിതം..

നമ്മള്‍ പ്രവാസികളുടെ ഒരു മനശ്ശാസ്ത്രമാണ് ഭാവിയിലേക്കുള്ള ഒരുക്കം.. നല്ല വീട്, ചിത്രപ്പണികള്‍ ഉള്ള മുന്‍വാതില്‍, കോര്‍ട്ട്യാര്‍ഡ്‌, നല്ലൊരു കാര്‍ തുടങ്ങി ഓരോരുത്തര്‍ക്കും ഓരോ താങ്ങാവുന്ന എന്നാല്‍ ഭാരം കൂടിയ മോഹങ്ങള്‍ കാണും.. അധികപേരും ജീവിക്കാന്‍ മറന്നാണ് ഈ സ്വപ്നങ്ങള്‍ സ്വന്തമാക്കുന്നത്.. പ്രത്യേകിച്ചും കുടുംബം തന്‍റെ കൂടേ ഇല്ലാത്തവര്‍..

ഇത്തരം മോഹങ്ങള്‍ നല്‍കുന്ന സന്തോഷത്തിന്‍റെ ആയുസ്സ് വളരെ കുറവാണ്.. ഇന്നുകളെ മറന്നു കൊണ്ടാവരുത് നാളേയ്ക്കുവേണ്ടിയുള്ള പ്ലാനുകള്‍.. മക്കള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കാതെ, ജീവിതം സ്വന്തമായി കൂടേ ആസ്വദിച്ച് ജീവിക്കുക..

വലിയ വലിയ മോഹങ്ങള്‍ക്ക് പിന്നാലെ പോവാതെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ ശീലിക്കുക.. വാട്സപ് ഷെയര്‍ ചെയ്യുന്ന 'ഫീലിംഗ് ക്രേസി' ഫോട്ടോകള്‍ നല്‍കുന്നതിനേക്കാള്‍ സന്തോഷം വീട്ടിലെ ജോലികള്‍ എപ്പോഴെങ്കിലും എല്ലാരും ചേര്‍ന്ന് ഒന്നിച്ച് ചെയ്‌താല്‍ കിട്ടും.. കുടുംബം കൂടെയില്ലെങ്കില്‍ നല്ലൊരു കൂട്ടുകാരനുമായി ചൂണ്ടയിടാന്‍ ഇല്ലെങ്കില്‍ വെറുതേ നടക്കാന്‍ പോയാല്‍ കിട്ടും..

കാശും ആരോഗ്യവും ഉള്ളപ്പോള്‍ സമയം കണ്ടെത്തി ലോകം കാണാന്‍ പോവുക.. കുടുംബത്തിന്‍റെ കൂടെയോ തനിയേയോ.. എല്ലാ കൊല്ലവും നാട്ടില്‍ പോയി മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മുടെ വെക്കേഷന്‍ കളഞ്ഞല്ലേ ശീലം.. മറ്റുള്ളവരുടെ കല്യാണങ്ങള്‍ നടത്തി കൊടുത്തും, ആശുപത്രിയില്‍ ചുമതലകള്‍ ഏറ്റെടുത്തും, ബന്ധുക്കളെ സന്ദര്‍ശിച്ചും എല്ലാം ചോര്‍ന്നുപോയിരുന്നു ദിവസങ്ങളില്‍ എപ്പോഴെങ്കിലും നമുക്ക് വേണ്ടി കൂടി ജീവിക്കാന്‍ കഴിയണം..

ഒരിക്കലെങ്കിലും നമുക്കും അറിയണ്ടേ 'വെക്കേഷന്‍' എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം.. നമ്മുടെ കൊച്ചു ലോകത്തിന് പുറത്ത് വിശാലമായ മറ്റൊന്ന് ഉണ്ട് എന്നും അവിടെ നമ്മള്‍ ഒന്നുമല്ല എന്നും അപ്പോഴേ നമുക്കറിയൂ.. നമ്മുടെ 'ചെറുപ്പം' നമുക്ക് മനസ്സിലാവുമ്പോള്‍ അത്ര പെട്ടെന്നൊന്നും ഈ പൊങ്ങച്ച സഞ്ചിയുടെ കെട്ടഴിക്കാന്‍ തോന്നില്ല..

മക്കളെ ഡയമണ്ട് കൊണ്ട് മൂടി കോടികള്‍ പൊടിച്ച് കല്യാണം ഒന്നും അപ്പോള്‍ നമ്മള്‍ നടത്തില്ല.. ഒരു തലവേദനയ്ക്ക് ഇല്ലാതാക്കാവുന്ന സമ്പത്ത് മാത്രേ ഇവര്‍ എല്ലാം സമ്പാദിക്കുന്നുള്ളൂ.. എത്ര കോടികള്‍ ആണ് ചെന്നെയില്‍ ഒരു മഴയ്ക്ക് അപ്രത്യക്ഷമാക്കാനായത്.. ഈ ജിവിതത്തില്‍ നാലാള്‍ക്ക് ഉപകാരമായി മാറുക.. ആ സംതൃപ്തി ഒരു ഫേസ്ബുക്ക് ലൈക്കുകള്‍ക്കും നല്‍കാന്‍ ആവില്ല..

കൂട്ടുകാരാ, അടുത്ത നിമിഷം എന്റെയും നിങ്ങളുടെയും പുതിയ പേരാവാം മയ്യത്ത് (ശവം) എന്നത്.. നമ്മുടെ സമ്പത്തിന് അതിനെ ഒരു സെക്കന്‍ഡ് മാറ്റിക്കൊടുക്കാന്‍ കഴിയില്ലെന്ന് അറിയുക..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...