Monday, June 1, 2015

ലൌവ്‌ ജിഹാദ്

നീ എന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്.

എല്ലാം ഉണ്ട്.. നീ വാ നമുക്കൊരു കാപ്പി കുടിച്ചു തുടങ്ങാം

ശരി ഇനി പറ എന്താ വിശേഷം..
വിശേഷം.. ഞാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു..

ഇതാണോ.. ഇത് നിനക്ക് ഫോണില്‍ പറഞ്ഞാല്‍ പോരെ..

അത് ചില തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് നിന്നോട് അഭിപ്രായം ചോദിക്കണം എന്ന് തോന്നി..

എന്നോടോ.. എന്തേ ഇത് വല്ല പ്രശ്നകല്യാണവും ആണോ..

അതെ.. പെണ്ണ് എന്‍റെ കൂടെ ജോലി ചെയ്യുന്നതാ.. പ്രശ്നം അവള്‍ അന്യ മതക്കാരിയാണ്‌..

അന്യമതക്കാരി എന്നാല്‍..
ഹിന്ദു.. ദേവി..


ബെസ്റ്റ്.. ഇതിപ്പോ ഒന്നല്ല രണ്ടു പ്രശ്നങ്ങള്‍ ആണല്ലോ.. ഒന്നാമതായി നീ ഒരു ആള്‍ദൈവത്തിനെ ആണ് കെട്ടുന്നത്.. രണ്ടാമതായി ലൌവ്‌ ജിഹാദിന്റെ പേരില്‍ അടി എപ്പോ പാര്‍സല്‍ വന്നെന്ന്‍ ചോദിച്ചാല്‍ മതി.. എന്നെ വിട്ടേക്ക് ഒരു രീതിയില്‍ ഉള്ള സപ്പോര്‍ട്ടും ഇല്ല മോനെ.. നീ എന്നെ കണ്ടിട്ടും ഇല്ല.. ദേവിയെ കെട്ടി നീ ദേവന്‍ ആവുന്നത് ഞാനൊട്ട് അറിഞ്ഞിട്ടും ഇല്ല..

തമാശക്ക് പറ്റിയ മൂഡില്‍ അല്ല ഞാന്‍.. എനിക്ക് ചില കാര്യങ്ങളില്‍ നിന്നോട് ചോദിക്കാനുണ്ട്..

ഞാനും താമാശയല്ല.. അതിരിക്കട്ടെ നീ അങ്ങോട്ട്‌ ചാടുമോ അതോ അവളെ ഇങ്ങോട്ട് വലിക്കുമോ.. മതമേയ്..

അതെന്താ രണ്ടു പേര്‍ക്കും രണ്ടു മതമായി നിന്നാല്‍ എന്താ കുഴപ്പം..

രണ്ടു പേരും അവരവരുടെ മതം വിട്ട് ഒന്നിലും പെടാതെ നിരീശ്വരവാദിയായി നിന്നാല്‍ നടക്കും അതല്ലെങ്കില്‍ എല്ലാ ബന്ധങ്ങളും മുറിച്ചെറിഞ്ഞു നാടുവിട്ട് പോവണം എന്നാലും പ്രായോഗികമായ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്..

ആ പ്രായോഗികമായ പ്രശ്നങ്ങളെ കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്..

രണ്ടു മതവിശ്വാസികള്‍ തമ്മില്‍ ഒരുപാട് അന്തരങ്ങള്‍ ഉണ്ട് ആരാധന, ആചാരം, സമ്പ്രദായങ്ങള്‍, സാമ്പത്തിക നിയമങ്ങള്‍, ധാര്‍മിക നിലപാടുകള്‍, സദാചാര സമീപനങ്ങള്‍ തുടങ്ങിയവയില്‍ പരസ്പ്പര വൈരുധ്യം അടുപ്പിക്കാന്‍ ആവാത്ത അകല്‍ച്ച ഉണ്ടാവും..

പരസ്പരം മനസ്സില്‍ ആക്കുന്നവര്‍ക്ക് തരണംചെയ്യാന്‍ ചെയ്യാന്‍ പറ്റാത്തത്ര..?

ഹും.. നിനക്ക് ദേവിയെ എത്ര കാലമായി അറിയാം..

എട്ടു മാസം.. അവള്‍ ഓഫീസില്‍ ചേര്‍ന്നത്‌ എട്ടു മാസം മുന്‍പാണ്..

അതല്ല.. ഇനിയുള്ള കാലം അവളുടെ കൂടെ ജീവിക്കാം എന്ന് തോന്നാന്‍ തുടങ്ങിയിട്ട് അവളോട്‌ അടുത്തിട്ട്‌ എത്ര കാലമായി..

നാലു മാസമായിക്കാണും..

ഇരുപത്തിയഞ്ചു വര്‍ഷമായി നിന്‍റെ കൂടെ കഴിയുന്ന നിന്‍റെ രക്ഷിതാക്കള്‍ക്ക് നിന്നെയോ നിനക്ക് അവരയോ മനസ്സിലായില്ല. എന്നിട്ടാണ് നാലു മാസം കൊണ്ട് ഒരു പെണ്ണിനെ.. നിന്‍റെ മനസ്സിലാവലിന്റെ അളവൊന്നു നമുക്കെടുക്കാം.. നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നില്ല എന്ന് വയ്ക്കുക അവളോട്‌ ആരെങ്കിലും അമ്പലങ്ങളില്‍ പോയി ഭര്‍ത്താവ്‌ ശയനപ്രദക്ഷിണം ചെയ്യണം എന്ന്‍ പറഞ്ഞാല്‍ നീ വഴങ്ങുമോ.. ഇല്ലെങ്കില്‍ ഭര്‍ത്താവുമൊത്ത് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ എല്ലാം കയറിയിറങ്ങി എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം വാങ്ങണമെന്ന് അവള്‍ കരുതിയാല്‍..

അവള്‍ അങ്ങിനെ ആവശ്യപ്പെടില്ലല്ലോ അവള്‍ എന്‍റെ വിശ്വാസം മാനിക്കുന്നു എങ്കില്‍.. അതല്ലേ പരസ്പരം മനസ്സില്‍ ആക്കും എന്ന് ആദ്യമേ പറഞ്ഞത്..

പക്ഷെ അവളുടെ വിശ്വാസത്തെ നീ മാനിക്കുന്നുവെങ്കില്‍ അവളുടെ ആവശ്യം ന്യായമല്ലേ.. ഒരു കുഞ്ഞു വേണം എന്നത് രണ്ടു പേരുടെയും ആവശ്യമല്ലേ.. ശരി.. നിനക്ക് കുട്ടികള്‍ ഉണ്ടായി എന്ന് വെയ്ക്കാം.. അവളും കുട്ടികളും നീ ഉറങ്ങിക്കിടക്കുമ്പോള്‍ പൂജാമുറിയില്‍ പോയി ദൈവത്തിനെ മണിയടിച്ചു ഉണര്‍ത്താന്‍ ശ്രമിച്ചാല്‍ നിനക്ക് ദഹിക്കുമോ.. അവള്‍ കുട്ടികളെ കുറിയും തൊടുവിച്ച് നടത്തിയാല്‍ അത് ‘പരസ്പരം മനസ്സിലാക്കി’ മിണ്ടാതിരിക്കാന്‍ നിനക്ക് ആവുമോ..

ഞാന്‍ അത്രയൊന്നും കടന്ന്‌ ചിന്തിച്ചിട്ടില്ല..

ചിന്തിക്കണമല്ലോ.. കല്യാണം ദാ എന്ന് പറഞ്ഞങ്ങു കഴിയും.. ജീവിതം അതിനു ശേഷമാണ് തുടങ്ങുക.. ദാമ്പത്യം വെറും കാമവികാരമായ ഒന്നല്ല. മറ്റ് ഒരുപാട് മാനങ്ങള്‍ അതിനുണ്ട്. ഇണയുടെ സ്വാധീനങ്ങളും വെത്യസ്തമായ മതപരമായ മുദ്രകള്‍ എല്ലാം കുട്ടികളില്‍ നിഷേധവും ബഹുദൈവ വിശ്വാസവും എല്ലാം കൂടികലര്‍ന്ന ഒരു മിശ്ര സംസ്കാരമാണ് വളര്‍ത്തുക..

തന്‍റെ വീട്ടിലും മക്കളിലും അനിസ്ലാമികമായ ആചാരങ്ങളും വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ ഒരു വിശ്വാസി ആയിക്കൊണ്ട്‌ നിനക്കാവില്ല.. അതാ ഞാന്‍ പറഞ്ഞത് മതവിശ്വാസി ആയിക്കൊണ്ട്‌ നിനക്ക് ഇത് മുന്നോട്ട് കൊണ്ടുപോവാന്‍ ആവില്ല എന്ന്.. ഇസ്ലാം മറ്റു മതസ്ഥരുമായുള്ള വൈവാഹിക ബന്ധത്തെ അംഗീകരിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ അവളെ കെട്ടണമെങ്കില്‍ ഞാന്‍ അവളുടെ മതം മാറ്റണം എന്ന് അല്ലേ..

നല്ല പരസ്പരമുള്ള മനസ്സിലാക്കല്‍ തന്നെ.. എത്ര പെട്ടെന്നാണ് തീരുമാനമായത്.. ആ ചോദ്യം അവള്‍ നിന്നോട് ചോദിച്ചാല്‍ നീ എന്ത് മറുപടി പറയും..

അറിയില്ല.. എല്ലാം കൂടി ആര്‍ക്കും കിട്ടില്ലല്ലോ.. അവള്‍ക്ക് എന്‍റെ കൂടെ ജീവിക്കണം എന്നുണ്ടെങ്കില്‍ ഒരു വഴി ഇതാണ് എന്നു പറഞ്ഞു എന്നേയുള്ളൂ.. എനിക്കറിയുന്ന ഒരുപാട് പേര്‍ അങ്ങനെ ചെയ്തിട്ടുണ്ട്.. അത് അനുവദനീയമായ വഴിയാണ് എന്ന് എനിക്കറിയാം..

അതെങ്ങനെ നിനക്കറിയാം.. മുസ്ലിം കള്ളുകുടിച്ചാല്‍ അതിനര്‍ത്ഥം ഇസ്ലാം അത് അനുവദിക്കുന്നു എന്നാണോ.. മുസ്ലിം നമസ്ക്കരിക്കുന്നില്ലെങ്കില്‍ നമസ്ക്കരിചില്ലെങ്കിലും കുഴപ്പമില്ല എന്നാണോ.. മുസ്ലിം നാമധാരി കൊന്നാല്‍, ചതിച്ചാല്‍, കലാപകാരിയായാല്‍, തീവ്രവാദിയായാല്‍ അതെല്ലാം ഇസ്ലാമിന്‍റെ അക്കൗണ്ടില്‍ വെയ്ക്കാമെന്നാണോ..

അവളുടെ വിശ്വാസങ്ങള്‍ക്ക് നിന്‍റെ സ്നേഹത്തിനു വിലയിടുന്നത് ഒരിക്കലും ശരിയായ വഴക്കമല്ല. ഇസ്ലാം നിര്‍ബന്ധിത മതംമാറ്റത്തിനേ അംഗീകരിക്കുന്നേയില്ല.. വിശ്വാസിനിയായ ഒരു അടിമ സ്ത്രീയാണ് ഒരവിശ്വാസിനിയെക്കാള്‍ അഭികാമ്യം അവള്‍ നിങ്ങള്‍ക്ക് എത്ര ആകര്‍ഷണം തോന്നിപ്പിചാലും (സൂറ 2:221) എന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്.

വിവാഹം ഒരു പുണ്യകരമായ കര്‍മ്മമാണ്. അത് ആരംഭിക്കുന്നത് ഒരു പാപത്തിലൂടെ ആയിക്കൂടാ. പ്രവാചകന്‍(സ) പഠിപ്പിച്ചത് ഭൂമിയില്‍ പാലിക്കപ്പെടാന്‍ ഏറ്റവും ബാധ്യസ്ഥമായ കരാര്‍ വിവാഹമാണ് എന്നാണ്. ബാലിശമായ ഇഷ്ടങ്ങളുടെ പേരില്‍ തുടങ്ങി നിസ്സാരമായ കാരണങ്ങള്‍കൊണ്ട് ഒടുക്കാന്‍ ഉള്ളതല്ല അത്..

ബാലിശമായ ഒരു തോന്നല്‍ മാത്രമാണ് ഞങ്ങളുടെ സ്നേഹം എന്ന്, അല്ലെ..

എന്നല്ല.. നമുക്ക് നമ്മുടെ രക്ഷിതാക്കളെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല പക്ഷേ നമ്മുടെ ഇണകളെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ഭൂമിയില്‍ നമുക്ക്‌ ഓരോരുത്തര്‍ക്കും ഉള്ള ഏറ്റവും വലിയ തിരഞ്ഞെടുപ്പും അതുതന്നെ.. ആ തിരഞ്ഞെടുപ്പ്‌ വെറും ആകാരത്തില്‍ മാത്രമായി ഇന്ന്‍ ചുരുങ്ങിപ്പോയിരിക്കുന്നു..

വിവാഹം രണ്ടു വ്യക്തികള്‍ മാത്രമുള്ള ബന്ധമല്ല, രണ്ടു കുടുംബങ്ങള്‍ കൂട്ടു ചേര്‍ന്നു വലിയൊരു കുടുംബമാവുന്ന പ്രക്രിയയാണ്.. അത് വരെ ഒരു പിതാവുള്ളവര്‍ക്ക് രണ്ടു പിതാവിനെ ലഭിക്കുന്നു ഒരു മാതാവുള്ളവര്‍ക്ക് രണ്ടു മാതാവിനെ ലഭിക്കുന്നു, നാലു വലിയുപ്പമാരെയും വലിയുമ്മമാരെയും സൃഷ്ടിക്കുന്നു..

കുടുംബത്തിന്‍റെ അനുവാദവും സന്തോഷവും ഇല്ലാതെ ഇത് നടത്തപെടുമ്പോള്‍ രണ്ട് പിതാവിനു പകരം നിങ്ങള്‍ക്ക് ഈ നിലയില്‍ എത്താന്‍ പ്രാപ്തരാക്കാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ഒരേ ഒരു പിതാവോ മാതാവോ ഉള്ളത്‌ കൂടി ഇല്ലാതാവുന്നു.. നീ ഒരാണാണ് നിന്‍റെ കാര്യം വിട് അവളെ കുറിച്ച് ഓര്‍ക്ക്‌ ഇതുകൊണ്ട് അവളെ നീ അനാഥയാക്കുകയല്ലേ ചെയ്യുന്നത്..

ഞങ്ങളുടെ വീട്ടുകാര്‍ക്ക് ഞങ്ങളുടെ സന്തോഷം പ്രധാനമാവുമായിരുന്നെങ്കില്‍ ആരും അനാഥരാവേണ്ടതില്ലല്ലോ..

നിങ്ങള്‍ ഇരുവരും അതിന് ഇത് വീട്ടുകാരെ അറിയിച്ചിരുന്നോ.. അനുവദിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടു തന്നെയല്ലേ എന്നെ അറിയിച്ചിട്ട് പോലും അവരെ അറിയിക്കാതെ നിങ്ങള്‍ മൂടിവെയ്ക്കുന്നത്.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം നടക്കുമ്പോള്‍ അതിന് പ്രാപ്തരാക്കിയവര്‍ക്ക് അതില്‍ ഒരു പങ്കും ഇല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ക്ക് ഒരു മംഗളകര്‍മ്മം ആവും.. മറിച്ചുള്ള വിവാഹങ്ങള്‍ ജീവിതാന്ത്യം വരെ ഭൂമിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം, പരലോകത്തും അവര്‍ക്ക് മറ്റൊരു അനുഭവമാവാന്‍ തരമില്ല.

പ്രവാചകനോളം നന്മ നിറഞ്ഞവന്‍ ആയിരുന്നാല്‍ പോലും തന്‍റെ മാതാപിതാക്കളുടെ കോപത്തിന് ഇരയായവര്‍ അല്ലാഹുവിന്റെ പ്രീതിക്ക് അര്‍ഹര്‍ അല്ല എന്നല്ലേ ഇസ്ലാം നിന്നെ പഠിപ്പിച്ചത്..

നീ പറഞ്ഞു വരുമ്പോള്‍ ഇതാവുമല്ലോ ഏറ്റവും വലിയ തെറ്റ്..

നിന്‍റെ പരിഹാസം ഞാന്‍ മനസ്സിലാക്കുന്നു.. ഒന്ന് നീ അറിയണം.. വിവാഹത്തോടെ നിങ്ങള്‍ തുടങ്ങുന്നത് ഒരു കുടുംബമാണ്. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞികാലടികള്‍ വെച്ചത് ഒരു കുടുംബത്തില്‍ വെച്ചായിരുന്നു, നിങ്ങളുടെ വളര്‍ച്ചയും കുടുംബത്തില്‍ നിന്നായിരുന്നു, നിങ്ങളുടെ മൃതശരീരം എടുക്കുന്നതും ഒരു കുടുംബത്തില്‍ നിന്ന്‍ തന്നെ.

ഒരു കുടുംബത്തിനെ മുറിപ്പെടുത്തി മറ്റൊരു കുടുംബം നിങ്ങള്‍ തുടങ്ങുമ്പോള്‍ അത് എത്ര ഒരുമയോടെയും സ്നേഹത്തോടെയും ഐക്യത്തോടെയും ആയാലും അതിനെ ചവിട്ടി മെതിച്ച് തകര്‍ത്തെറിയാന്‍ നിങ്ങള്‍ തെളിച്ച വഴിയിലൂടെ നിന്‍റെ പുറകില്‍ ഒരാള്‍ വരുന്നുണ്ട് എന്നോര്‍മ്മ വേണം. അന്ന് നിങ്ങള്‍ക്ക് താങ്ങാവാന്‍ ഈ ചോരത്തിളപ്പും ആവേശവും കൂട്ടുകാരും ഒന്നും കാണില്ല നീ തുടങ്ങിവെച്ച ഈ കുടുംബമേ കാണൂ.. അന്ന് നിന്‍റെ മക്കള്‍ നീ പടുത്തുയര്‍‍ത്തി നിന്‍റെ കുടുംബം തകര്‍ത്ത് മുന്നേറുമ്പോള്‍ താങ്ങായി നില്‍ക്കാന്‍ നിനക്ക് പിന്നില്‍ അവള്‍ ഒരുത്തി മതിയാവാതെ വരും.. ഓര്‍ത്തോ..

ഓക്കേ കണ്മണികളുടെ കുത്തൊഴുക്കില്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് എന്ത് വില.. അല്ലെ..

ഓക്കേ കണ്മണിയും കല്യാണം തന്നെയാണ് ശരിയായ തീരുമാനം എന്നല്ലേ അടിവരയിട്ടത്.. എന്‍റെ ചിന്തകള്‍ക്ക് ഒരു മറുവശം ഉണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് നിന്നോട് സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞത്.. വൈകിയ തീരുമാനം ആണെന്നറിയാം എങ്കിലും നിന്‍റെ കാഴ്ചയില്‍ എന്താണ് ഞങ്ങള്‍ക്ക് ഇനി എടുക്കാന്‍ കഴിയുന്ന വഴി..

നിങ്ങള്‍ ഇരുവരും കൂടുതല്‍ ഒന്നും ചിന്തിക്കാതെ എടുത്ത തീരുമാനം ആണിത് എന്നാണ് എന്‍റെ അഭിപ്രായം.. രണ്ടു പേരും പരസ്പരം ചര്‍ച്ച ചെയ്ത് ഇതിന്‍റെ ഭവിഷ്യത്തുകള്‍ വ്യക്തമായി മനസ്സിലാക്കി വേണം ഇനി മുന്നോട്ട് പോവാന്‍.. മതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കാന്‍ നീ കരുതുന്നുവെങ്കില്‍ നിനക്ക് ഇതില്‍ മുന്നോട്ട് ചിന്തിക്കാന്‍ ആവില്ല ഇല്ലെങ്കില്‍ അവള്‍ സ്വമനസ്സാലെ മതം മാറണം.

പ്രേമവും സ്നേഹവുമെല്ലാം വിവാഹം വരെ തന്നെയുള്ളൂ.. അത് നടത്തിത്തരാന്‍ കൂടെ നില്‍ക്കുന്നവര്‍ പിരിഞ്ഞു പോയാലും ജീവിതം അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കും.. അവള്‍ക്ക് നിന്‍റെ മുഖവും നിനക്ക് അവളുടെ മുഖവും നിങ്ങള്‍ മനസ്സിലാക്കുന്നതിന്റെ മുന്‍പ് തന്നെ മടുത്തിരിക്കും..

ഇരുപത്തിയഞ്ച് വര്‍ഷത്തെ ബന്ധങ്ങള്‍ വലിച്ചെറിയാന്‍ മാത്രം വിലപ്പെട്ടതല്ല നിനക്കവളും അവള്‍ക്ക് നീയും.. അത് നിങ്ങള്‍ ഇരുവരും അറിയുക തന്നെ ചെയ്യും പക്ഷെ അപ്പോഴേക്കും നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കും..

സ്നേഹം പ്രേമം എന്നതെല്ലാം ഒരു സമയബന്ധിതമായ വികാരം മാത്രമാണ്. വിശപ്പും, സങ്കടവും, സന്തോഷവും കാമവും പോലെ ഒന്ന്. ഒരു വികാരത്തിനും എന്നെന്നും നിലനില്‍ക്കാന്‍ ആവില്ല.. നീ മോഹിക്കുന്നതെല്ലാം നേടിയാലും നിനക്കുള്ള സന്തോഷം അവസാനിക്കും. ഓരോന്ന് നേടുമ്പോഴും അതിനോടുള്ള കമ്പം നമുക്ക് നഷ്ടമാവും, അത് വാഹനമായാലും, വലിയ വീടായാലും, മക്കള്‍ ആയാലും, സമ്പത്തായാലും, ഇണയായാലും എല്ലാംതന്നെ.. ഇനിയുള്ള കാലം അവളുമൊത്ത് കഴിയാം എന്നത് ഒരു പാഴ്ചിന്ത ആണെന്ന് ചുരുക്കം.. എല്ലാവരെയും ധിക്കരിച്ച് നിങ്ങള്‍ ഒന്നിക്കുമ്പോള്‍ എത്രതന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തയ്യാര്‍ ആയാലും ലാഭനഷ്ടങ്ങള്‍ തൂക്കുമ്പോള്‍ നഷ്ടത്തിന്റെ തൂക്കം നിങ്ങള്‍ക്ക് കൂടുതല്‍ കാണാം..

നിങ്ങള്‍ ഇരുവര്‍ക്കും നിങ്ങളുമായി ബന്ധമുള്ള എല്ലാവര്‍ക്കും നഷ്ടം വരാവുന്ന ഒരു പ്രവര്‍ത്തി എന്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് നന്നായി ചിന്തിച്ചേ ചെയാവൂ..

ജീവിതത്തിലെ കയ്പ്പിനു വിപണന സാധ്യതയില്ല.. അതിനാല്‍ അത് സിനിമകളിലും ഫേസ്ബുക്കിലും കിട്ടില്ല അത് നിനക്ക് ആര്‍ക്കും പങ്കുവെയ്ക്കാനും ആവില്ല.. തനിയെ നുണഞ്ഞു ഇറക്കുക തന്നെ വേണം.. കയ്പ്പു നിറഞ്ഞ ഒരു ജീവിതംകൊണ്ടു തുടങ്ങി ഒരു പരീക്ഷണം നടത്താന്‍ നിങ്ങള്‍ മുതിരുന്നത്തിനുമുന്‍പ് ഇരുവരും ഒരിക്കല്‍ കൂടി ആലോചിക്കുക..

* സുഖിനോ ഭവന്തു *

കടപ്പാട്: ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രഭാഷണ പരമ്പര

No comments:

Post a Comment

Related Posts Plugin for WordPress, Blogger...