Sunday, March 30, 2014

സ്വര്‍ഗ്ഗാവകാശി

സുന്ദരന്‍, ലോലഹൃദയന്‍, നിഷ്കളങ്കന്‍, നിര്‍മലന്‍, കരിക്കിന്‍ വെള്ളം പോലെ ശുദ്ധന്‍..

ആര്..

ഈ ഞാന്‍.. അല്ലാതാരാ..

എന്ന് വെച്ച് ലവളുമാരൊന്നും അങ്ങനല്ലട്ടോ..

ലവളുമാര്‍.. എന്നുവെച്ചാ‍ല്‍..



എന്‍റെ ഒരു ഭാര്യയും.. രണ്ടു മക്കളും..

എന്താപ്പോ ഒരു ഭാര്യ എന്ന്.. എന്തേ ഒന്നു പോരേ..

കമ്മന്റും അടിച്ച് പോയത് അസി.. എന്‍റെ നല്ല പാതി എന്നാണ് വെയ്പ്പ്.. തമ്മില്‍ നല്ലത് ഞാന്‍ ആയതുകൊണ്ട് ബാക്കിയുള്ള പാതി എന്ന് പറയാം..

നിര്‍നിഷ്കളങ്ക.. നമ്മള്‍ അയ്യോ പാവക്കാര്‍ കാണാത്ത അര്‍ത്ഥം ആണ് എല്ലാത്തിനും കാണുന്നത്.. ഇപ്പോള്‍ തന്നെ കണ്ടില്ലേ..

ഞാന്‍ ആയതു കൊണ്ടാ ഇവളെയൊക്കെ.. ഇല്ലെങ്കില്‍ ഒറ്റ തൊഴി.!!

എന്തെങ്കിലും പറഞ്ഞോ.. ഓ പണ്ടാരം, ഇവളെ കൊണ്ട്..

നീ എന്റെ ഉറ്റ തോഴി ആണെന്ന് ചുമ്മാ പറഞ്ഞു നോക്കിയതാ.. എന്തേ അതും കുഴപ്പാണോ..

നിങ്ങളെയ്.. ഞാന്‍ ആയതുകൊണ്ട്, പാവം തോന്നി കെട്ടിയതാ.. ഇല്ലെങ്കില്‍ ഇപ്പഴും പെണ്ണ് കിട്ടാതെ തെക്ക്പടിഞ്ഞാറ് നടക്കുന്നുണ്ടാവും..

ഹയ്യട.. പാവം തോന്നീട്ടെയ്.. ഞാന്‍ ഒന്നും പറയുന്നില്ല.. പടച്ചവനെ, എന്‍റെ ഒരു വാരിയെല്ല്.. നീ തന്നെയല്ലേ അഭിഷേകിന്‍റെ വാരിയെല്ല് വെച്ച് ഐശ്വര്യയേ, ആ കഷണ്ടി ഫഹദ് ഫാസിലിന്‍റെത് ഊരി നസ്രിയയെ.. മൊഞ്ചന്‍ ആയ എന്റേത് വെച്ച് എന്തൊക്കെ സാധ്യതകള്‍ ഉണ്ടായിട്ടും.!!

ഹേയ് പോപ്സ്‌.. എന്താ എന്‍റെ ഉമ്മാന്‍റെ നേരെ..

പോടീ, പോടീ.. നിന്‍റെ ഉമ്മയാവുന്നതിന് മുന്നേ അവള്‍ എന്‍റെ പെണ്ണാ അത് നിനക്കറിയോ..

ഹലോ.. ഞാന്‍ കാണുന്ന അന്ന് മുതലേ ഇത് എന്‍റെ ഉമ്മയാ.. കുറെ കാലം കഴിഞ്ഞാ എല്ലാരും പറഞ്ഞത് നിങ്ങള്‍ക്കും എന്തോ അവകാശം ഉണ്ട് എന്നത്..

ഇത് നിമ്മി.. പന്ത്രണ്ടാം ക്ലാസ്സ്‌.. എന്‍റെ മൂത്ത സന്താനം.. ലോലഹൃദയ‍, നിഷ്കളങ്ക‍, കരിക്കിന്‍ വെള്ളം പോലെ ശുദ്ധ ഒന്നും അല്ലട്ടോ.. തനിതങ്കം, തള്ളയെ പോലെന്നെ .. തള്ള ഗുണം പിള്ള ഗുണം എന്നല്ലേ..

കടിഞ്ഞൂല്‍ പൊട്ട്.. എന്നാല്‍ അതിന്‍റെ അഹംഭാവം ഒട്ടും ഇല്ല.. കോട്ടുവായ് ഇടുന്നത് പോലും ഇംഗ്ലീഷില്‍ ആണ്.. എന്ന് വെച്ച് ഇംഗ്ലീഷ് വലിയ പിടിപാടൊന്നും ഇല്ലാട്ടോ..

ഈ ന്യൂജനറേഷന്‍ പിള്ളാരെ പോലെ 'ഒയെഹ്.. അഹ അഹ.. വാട്ട്‌സ്അപ്പ്.. ഹൌഡി.. ആം സോ കൂള്‍.. യൂ ഡം ഡം..' എന്നൊക്കെ ഇങ്ങനെ പരസ്പരബന്ധം ഇല്ലാതെ ഓരോന്ന് പറഞ്ഞങ്ങനെ നടക്കും..

ഈ പ്രായത്തില്‍ ഉള്ള എല്ലാ പെമ്പിള്ളാര്‍ക്കും ഉള്ള ഒരു ഗുണം അവരുടെ ഇംഗ്ലീഷ് ഉച്ചാരണം ഓക്സ്ഫോര്‍ഡില്‍ പോയി പഠിച്ചവരെ പോലും വെള്ളം കുടിപ്പിക്കും.. ഇനി അതൊന്ന് മനുഷ്യന് മനസ്സിലാവുന്ന രീതിയിലേക്ക് വളരണമെങ്കില്‍ ഒരു ജോലി കിട്ടണം അതുവരേയ്ക്കും ചൂടുള്ള കൊഴുക്കട്ട വായിലിട്ട് അവര്‍ ഇംഗ്ലീഷ് ചവച്ചു കൊണ്ടിരിക്കും.. ഹൌ എന്തൊരു ഇംഗ്ലീഷ്..

ഹൌ മീന്‍ പപ്പാ.. ഈസ്‌ ദിസ്‌ ഹൌ യൂ ഇന്ട്രോ മീ ഇന്‍ യുവര്‍ ബ്ലോഗ്‌....

മീനല്ലടീ ഫിഷ്‌.. ഹൌ ഫിഷ്‌..

ദാറ്റ്സ് സൊ കൂള്‍ മാന്‍..

മാന്‍.. കഴുവേര്ടമോളെ.. നിന്റെ തന്തയാടീ ഞാന്‍..

സോറി.. യൂ നോ പോപ്സ്‌.. ഞാന്‍ ഉപ്പാടെ ഡം ഡം ജോക്സ് പോലും അപ്രീഷിഅറ്റ് ചെയ്യും.. ബട്ട്‌ യു അല്വയ്സ്‌ പുട്ട് മീ ഡൌണ്‍.. റൈറ്റ്‌ ഫ്രം കൊച്ചിലെ, ഐആം ലൈക്‌ എ ലെസ്സര്‍ ചൈല്‍ഡ്‌.. യൂ നോ..

പെണ്ണ് പറയുന്നത് കേട്ടില്ലേ.. ഇവളെ ഒന്നും ഞാന്‍ കൊച്ചില്‍ തറയില്‍ വെച്ചിട്ടു പോലും ഇല്ല.. എന്നിട്ടും ലെസ്സര്‍ ചൈല്‍ഡ്‌ ആണ് പോലും..

ഞാന്‍ എന്ത് ചെയ്തു എന്നാ.. അതും നിന്‍റെ കൊച്ചിലെ..

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നെ മാത്രം നടത്തി കൊണ്ടു പോയി.. മറ്റുള്ള ചില്‍ഡ്രന്സിനെ‍യെല്ലാം പപ്പാ കാറില്‍ കൊണ്ടു പോയി..

ഓട്ടോ പിടിക്കാന്‍ പോലും കാശില്ലാത്ത കാലത്താണ് ഇവള്‍ ജനിച്ചത്.. അന്ന് ആശുപത്രിയില്‍ ഞാന്‍ അവളെയും ചുമന്ന് നടന്നു പോയിരുന്നു.. വയസ്സാവുമ്പോള്‍ ഇതെല്ലം ഓര്‍ത്തെങ്കിലും നോക്കിക്കോളും എന്ന് കരുതി പറഞ്ഞു കൊടുത്തതാണ്.. ഇപ്പൊ അതും പാരയായി..

എടീ അന്ന് എനിക്ക് കാറില്ലായിരുന്നു.. എന്നിട്ടും നിന്നെ ഞാന്‍ ഏറ്റി നടക്കുകയായിരുന്നു.. എന്‍റെ ഇടതു കയ്യില്‍ ഉള്ള ഈ തഴമ്പ് കണ്ടാ.. നിന്നെ ഏറ്റി നടന്നിട്ട് ഉണ്ടായതാ.. എന്‍റെ മോള് വളര്‍ന്നപ്പോള്‍ ആണ് ഞാനും മെച്ചം വെച്ചത്.. സോ യൂ ആര്‍ എ ഡിയറര്‍ ചൈല്‍ഡ്‌..

വാട്ടെവര്‍.. യൂ അല്വയ്സ് ഗിവ് സം ഡം ഡം റീസന്‍സ്‌..

നേരെ ചൊവ്വേ ഇംഗ്ലീഷ് പറയാന്‍ അറിയാത്ത നിനക്കെന്താടീ മലയാളത്തില്‍ പറഞ്ഞൂടെ..

യൂ ആര്‍ ടൂ സ്മാള്‍ ഫോര്‍ മൈ ഇംഗ്ലീഷ് പപ്പാ.. ടൂ സ്മാള്‍..

ഓക്കേ, ട്രൈ ദിസ്‌.. സേ ദീപസ്തംഭം മഹാശ്ചര്യം ഇന്‍ ഇംഗ്ലീഷ്..

സോ ഡം ഡം ക്വെസ്റ്റ് ഡാഡ്.. ഓക്കേ ലെമ്മിസീ.. ഹൌ എബൌട്ട്‌ ഫന്ടാബുലസ് ഉബര്‍ ബീകന്‍..

ഹൌ എന്താ പ്പോ ഈ കുരിപ്പ് പറഞ്ഞത്..

കറക്റ്റ് ആന്‍സര്‍.. മോശമില്ലാതില്ല.. എന്നാ മോള് വിട്ടോ..

ഇവള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ലാതില്ലാ എന്നുണ്ടോ.. ഇനിപ്പോ എന്‍റെ ഇംഗ്ലീഷ് ശരിക്കും ടൂ സ്മാള്‍ ആണോ ആവോ..

അശരീരി - 'മോളെ നിമ്മി.. ഉപ്പാക്ക് എന്താ അവിടെ പണി..'

മോളെ ന്ന ആ വിളി കണ്ടാ.. വര്‍ഗ സ്നേഹം, വര്‍ഗ സ്നേഹം എന്ന് പറയുന്നത് ഇദ്ദാണ്..

മോളെ മമ്മീ.. എന്തിനാ പോപ്സിനെ..

എനിക്ക് വയ്യ.. രണ്ടും കൂടി പരസ്പരം സ്നേഹിച്ചു കൊല്ലും..

ഉപ്പാനോദ്‌ ഈ വേസ്റ്റ് ഒന്ന് കെട്ടി വെളിയില്‍ വെയ്ക്കാന്‍ പറയ്..

പപ്പാ പ്ലീസ്‌ ടൈ ദി ട്രാഷ് ആന്‍ഡ്‌ ആന്‍ കീപിറ്റ്‌ ഔട്ട്‌.. വുജ്യാ..

എടീ ഒന്നു കെട്ടിയാല്‍ മതിയോ അതോ രണ്ടു വട്ടം കെട്ടണോ..

നിങ്ങള്‍ രണ്ടു കെട്ടിക്കോ അതിന്‍റെ രസവും ഒന്നറിയാമല്ലോ..

കണ്ടോ കണ്ടോ.. മ്മള്‍ കര്‍മ്മണാ വാചാ മനസ്സാ അറിയാത്ത കാര്യങ്ങള്‍ ആണ് മൃഗീയവും പൈശാചികവുമായി മ്മളെ കൊണ്ട് ആരോപിക്കുന്നത്..

എടീ.. രണ്ടു കെട്ടു കെട്ടിയാല്‍ പൊട്ടി ഒലിക്കില്ല എന്ന് കരുതിയിട്ടാ..

വേണ്ട വേണ്ട.. ഒലിക്കലൊക്കെ എനിക്ക് നന്നായി തിരിയുന്നുണ്ട്‌..

ഇനി മിണ്ടിയാല്‍ ശരിയാവില്ല.. ഈ കശ്മല എന്‍റെ പാതിവ്രിത്യത്തെയാണ് ആക്രമിക്കുന്നത്..

ഏകാന്തനായി, വിഷണ്ണനായി, ഇളിഭ്യനായി ഞാന്‍ ഇങ്ങനേ..

മാഹിത്തേ പെമ്പിള്ളാരെ കണ്ടിക്കാ.. കണ്ടിക്കില്ലേ വാ, വാ..
ഇന്നൊന്ന് തൊട്ടോക്ക്, ഓളോന്ന് തൊട്ടോക്ക്..
ഹൈ ഉപ്പാ.. ഉപ്പാക്ക് എന്താ വിശേഷം.. ഉപ്പാക്ക് എന്താ പണി..

ഈ പാട്ടും പാടി വന്നത് ജോ.. എന്‍റെ ഇളയ സന്താനം.. എല്‍കെജിയുടെ പടിവാതിലില്‍ കാത്തുനില്‍ക്കുന്നു.. ഈ വീട്ടില്‍ ആരെന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇവളാണ്.. വാശിയുടെ കാര്യത്തില്‍ ഇവള്‍ ഇവളുടെ ഉമ്മയുടെ ഏട്ടത്തിയായി വരും..

ഒന്നുമില്ല മോളേ.. ഉപ്പ ഒരു ബ്ലോഗ്‌  കമ്പ്യൂട്ടറില്‍ ടൈപ്പ്  ചെയ്യാണ്.. നീ ഉമ്മയുടെ അടുത്തേക്ക് ചെല്ല്.. പോ പോ..

റബ്ബര്‍ പന്തു പോലെ പോയ വേഗത്തില്‍ ജോ മടങ്ങി വന്നു

ഉപ്പാക്ക് എവിടുന്നാ ഇതിനെ കിട്ടിയത്..

എന്തേ ജോ, എന്തിനേ കിട്ടിയത്..

ഈ ഉമ്മാനേ..

എന്ത് പറ്റിയെടാ..

ഞാന്‍ ചെന്നപ്പോള്‍ അടുക്കളയില്‍ കണ്ണും നിറച്ച് നില്‍ക്കുന്നു.. എന്തേ ന്ന് ചോദിച്ചതിന് എന്നേ കൊല്ലാന്‍ വന്നു..

കൊല്ലാന്‍ വരേ.. വെറുതെയല്ല ഞാന്‍ രണ്ടു കെട്ടുന്നതെല്ലാം ഇത്ര പ്രശ്നമായത്‌.. ഇതിപ്പോ എന്തേന്ന് ചോദിച്ചാല്‍ പാറിപ്പോവുന്ന അടി ഏണി വെച്ച് കേറി കൊണ്ടത്‌ പോലാവും.. അറിഞ്ഞു പോയ സ്ഥിതിക്ക് ചോദിക്കാഞ്ഞാലും അടി താനേ കോണി ഇറങ്ങി വന്ന് കിട്ടും.. വരാനുള്ളത് വഴിയില്‍ നോ തംങ്കിങ്ങ്..

ഞാന്‍ മംബ്രത്തെ പാപ്പനേം വിളിച്ച് അടുക്കളയിലെത്തി..

എന്തൊക്കെയാ എന്‍റെ അസിക്കുട്ടീ വിശേഷങ്ങള്‍.. ഹൈ എന്താപ്പോ കണ്ണെല്ലാം ചുവന്നിരിക്കുന്നു.. അടുപ്പില്‍ ഊതിയോ.. ഓ അതിനിവിടെ അടുപ്പില്ലല്ലോ.. ഉള്ളി അരിഞ്ഞതാവും അല്ലേ.. സാരല്യാ ഒക്കെ ശരിയാവും ട്ടോ.. ഒരു ചായ കിട്ടാന്‍ എന്താ വഴി..

നിങ്ങള്‍ക്ക്‌ ചായ.. നിമ്മിക്ക് കേക്ക്.. ഇവള്‍ക്ക്‌ ദോശ.. അവന് കോഴി പൊരിച്ചത്.. ഇതെന്താ ഹോട്ടല്‍ അല്ലേ.. എന്നേ എല്ലാവരും കൂടി ഒന്നിരിക്കാന്‍ പോലും സമ്മതിക്കില്ല..

ഇത്രേ ഉള്ളൂ.. ഇത് ഇപ്പൊ ശരിയാക്കിത്തരാം.. നിമ്മിടെ കേക്ക് കാന്‍സേല്‍.. ജോ സോറി നോ ദോശ.. ഇവിടെ ഇന്നാരും കോഴി എന്ന് ഉച്ചരിച്ചു പോവരുത്..

എന്‍റെ ഒരു ചായ മാത്രം നീ ഉണ്ടാക്കിയാല്‍ മതി.. നിന്നേ ഇത്രേം കാശു ചിലവാക്കി വിസയെടുത്ത് കൊണ്ടുവന്നത് തന്നെ എനിക്ക് നല്ല ഒരു ചായ തോന്നുമ്പോള്‍ കുടിക്കാം എന്ന് വെച്ചിട്ടാ.. എന്താ പോരേ ഹാപ്പിയല്ലേ..

ഹാപ്പി, കോപ്പിയാണ്.. ആരും എന്നേ ഒന്നിനും സഹായിക്കില്ല.. ഞാന്‍ ഇങ്ങനെ പണിയെടുത്തു പണിയെടുത്തു ഒരു പണിക്കാരിയായി മരിക്കും.. ഞാനും ഒരു പെണ്ണല്ലേ.. എനിക്കും ഇല്ലേ മോഹങ്ങള്‍..

മോഹങ്ങളോ ഇവളിതെന്ത് ഭാവിച്ചാ.!!

ചങ്കീല്‍ കൊള്ളുന്ന വര്‍ത്താനാ അസീ നീ പറയുന്നത്.. നീ മരിച്ചാല്‍ എനിക്ക് ആര് ചായയുണ്ടാക്കും എന്ന് നീ ഓര്‍ത്തോ..

ഇവിടുത്തെ പണിക്കാരിയാണോ നീ, എന്‍റെ രാജ്ഞിയല്ലേ.. നീ വിരല്‍ ഞൊടിച്ചാല്‍ ഓടിവരാന്‍ (നാലു കോഴിമാര്‍ ആ ഫ്രിഡ്ജില്‍ കാത്തിരിപ്പില്ലേ.. ഇത് ആത്മഗതം) ഞങ്ങള്‍ ഇല്ലേ..

എന്‍റെ ചക്കരയുടെ എന്ത് മോഹങ്ങള്‍ ആണ് ഫ്ലവര്‍ ആവാതെ ഇരിക്കുന്നത്..

മേലാല്‍ ചക്കര, രാജ്ഞി എന്നൊന്നും എന്നേ വിളിച്ചു പോവരുത്..

അതെന്താ.. കൊണ്ഗ്രെസ് നിഘണ്ടുവില്‍ നിന്നും ആ പദവും ഒഴിവാക്കിയോ അതോ അത് വല്ല തെറിയും ആണെന് പറഞ്ഞ് നിന്നേ ആരെങ്കിലും പറ്റിച്ചോ..

നീ രാജകുമാരിയാണ്, രാജ്ഞിയാണ് എന്നൊക്കെ പറഞ്ഞ് പറഞ്ഞ് കുറേ കാലമായി നിങ്ങള്‍ എന്നേ പണിയെടുപ്പിക്കുന്നു.. രാജ്ഞിയാണ് എന്ന് പറയല്ലാതെ എന്‍റെ കയ്യില്‍ എന്താ ഉള്ളത്..

രാജ്ഞിക്ക് എന്തിനാ കയ്യില്‍.. ചുമ്മാ ആഗ്രഹിച്ചാല്‍ പോരേ.. നടക്കൂലെ.. ആട്ടേ, നിനക്ക് ഞാന്‍ നീ ആവശ്യപ്പെട്ട എന്താ വാങ്ങിച്ചു തരാതിരുന്നത്..

ഓഹോ.. ഞാന്‍ അതിന് എന്താ ആവശ്യപ്പെട്ടത്, നിങ്ങള്‍ എന്ത് വാങ്ങിച്ചു തന്നു എന്നാ..

നീ ഇന്ന് മല്ലിച്ചപ്പ്‌ വാങ്ങിക്കാന്‍ പറഞ്ഞിട്ട് ഞാന്‍ വാങ്ങിച്ചോ, ഇന്നലെ മീന്‍ വേണമെന്ന് പറഞ്ഞിട്ട് ഞാന്‍ മറന്നില്ലല്ലോ..

ഹയ്യട.. ഇതെല്ലം മൂക്കറ്റം തട്ടുന്നത് നിങ്ങളും നിങ്ങടെ മക്കളും തന്നെയല്ലേ.. നിങ്ങള്‍ വിലകൂടിയ എന്തെങ്കിലും എനിക്ക് വാങ്ങി തന്നിട്ടുണ്ടോ..

ഉണ്ടല്ലോ.. നിനക്ക് ഞാന്‍ ഒന്നാന്തരം ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി തന്നില്ലേ.. ഒരു കമ്പ്യൂട്ടര്‍ വാങ്ങി തന്നില്ലേ..

അയ്യോടാ.. മൊബൈല്‍ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ ഫ്രീ കിട്ടിയതല്ലേ.. കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് ബ്ലോഗ്ഗിങ്ങും പറഞ്ഞ് ഒരു പണിയും ചെയ്യാതെ ചൊറിഞ്ഞു ഇരിക്കാന്‍ വാങ്ങിയതല്ലേ..

ന്യായം.. ന്യായം ഫാര്യ പറഞ്ഞാലും നമ്മള്‍ അംഗീകരിക്കണം..

എന്നിട്ടും നീ എന്നേ അറിഞ്ഞില്ലല്ലോ ചക്കരേ.. നിനക്ക് ഇത് വരെ എന്‍റെ മനസ്സ് കാണാന്‍ ആയിട്ടില്ല.. ഇപ്പോ എന്താ നിനക്ക് ഞാന്‍ തരേണ്ടത്..

ഇത്ര കാലം നിങ്ങടെ കൂടേ കഴിഞ്ഞിട്ട് കൊറേ ഒന്നും വേണ്ട, ഒരു തരി, ഒരു തരി പൊന്ന്.. നിങ്ങള്‍ എനിക്ക് വാങ്ങി തന്നിട്ടുണ്ടോ..

അപ്പോ അതാണ്‌ കാര്യം.. ചീള് കേസ്.. നമ്മള്‍ ആണുങ്ങള്‍ ഇതെല്ലാം എത്ര കണ്ടിട്ടുള്ളതാ..

എന്‍റെ മുത്തിന് തോന്നുമ്പോള്‍ തോന്നുമ്പോള്‍ വാങ്ങി തരാന്‍ നിന്‍റെ അമ്മായിയപ്പന്‍ എന്‍റെ അടുത്ത് ഒന്നും തന്നേല്‍പ്പിച്ചിട്ടില്ലല്ലോ കുട്ടാ..

എന്റെ അമ്മായി അപ്പന്‍ ഒന്നും എല്പ്പിചിട്ടില്ലെങ്കില്‍ നിങ്ങളുടെ അമ്മായി അപ്പന്‍ എല്പ്പിച്ചതില്‍ നിന്നും വാങ്ങി തന്നാലും മതി..

ഗഡി ആള് ഗൊള്ളാലോ.. നമ്മള്‍ ഒന്ന് കുനിഞ്ഞു കൊടുത്താല്‍, മറ്റത് അടിച്ചു മാറ്റാന്‍ ഉള്ള പരിപാടിയാണ്..

പെണ്ണിന് ബോധമില്ല.. എന്നേ പറഞ്ഞാല്‍ മതി കെട്ടികൊടുന്നപ്പോ ചക്കരേ മുത്തേ എന്നൊക്കെ വിളിച്ചാല്‍ ഇങ്ങനെണ്ടാവും.. പിന്നേ ചായ തരാനും അവള് പൊന്നു ചോദിക്കും.. അങ്ങനെ വളയ്ക്കണം ഇങ്ങനെ വളയ്ക്കണം എന്നൊക്കെ നാട്ടുകാരോട് പറയാന്‍ കൊള്ളാം, പള്ളീലെ കാര്യം മൊല്ലാക്കക്ക് അല്ലേ അറിയൂ..

എടി എടി എന്‍റെ അമ്മായിയപ്പന്‍ എനിക്ക് പലതും തന്നു കാണും, അത് എന്നോടുള്ള സ്നേഹം.. നിന്നോട് വല്ല സ്നേഹവും ഉണ്ടായിരുന്നെങ്കില്‍ നിന്‍റെ അമ്മായിയപ്പനും നിനക്ക് വല്ലതും തരുമായിരുന്നു.. ഈ സ്നേഹം സ്നേഹം എന്ന് പറയുന്നത് കായി കൊടുത്താല്‍ കിട്ടൂല ചക്കരേ.. അതേയ് നമ്മള്‍ അദ്ധ്വാനിച്ചു നേടണം.. നീയേയ് ഇപ്പോ ചായയെടുക്ക്..

തെന്നേ.. ഈ ചായ അദ്ധ്വാനിച്ചു നേടണം എന്ന് ആരും പറഞ്ഞ് തന്നില്ലേ മാഷോട്‌..

അങ്ങനെ ഉണ്ടോ ടീച്ചറേ.. ഞാന്‍ കേട്ടിട്ടില്ലല്ലോ..

ഉണ്ടല്ലോ മാഷേ.. തോറയില്‍ പറഞ്ഞിട്ടുണ്ടല്ലോ - തു ചാ നീധ്വാന - എന്ന് അതായത് നിന്‍റെ ചായ നീ വിയര്‍ത്ത് നേടണം എന്ന്..

തോറ (തൌറാത്ത്) ഹിബ്രുവിലല്ലേ.. നിനക്കെങ്ങന്നെ അറിയാം അതാണ്‌ അതിനര്‍ത്ഥം എന്ന്..

അതാപ്പോ.. നിങ്ങള് ഖുര്‍ആനില്‍ ഉള്ളത് കാച്ചാറുള്ളത്  അറബി പഠിച്ചിട്ടൊന്നും അല്ലല്ലോ..

ഓഹോ അങ്ങനെ.. ഒരു ചായക്കിപ്പോ എന്തുമാത്രം വിയര്‍പ്പ് വേണ്ടിവരും ആവോ..

ഇത്തിരിപ്പോരെ മതി.. ആ വാക്യൂം ഒന്ന് എല്ലാടത്തും ഒന്ന് പിടിക്കുമ്പോഴും ചായ റെഡിയായി..

നിസ്സഹായനായി നിന്ന എന്നേ നോക്കി ജോ അന്തിമ വിധി നടപ്പാക്കി..

ഉപ്പാ നമുക്ക്‌ മ്മച്ചിടെ വീട് ക്ലീന്‍ ചെയ്തു കൊടുക്കാം നമ്മള്‍ വീടു വെക്കുമ്പോള്‍ മ്മച്ചി ക്ലീന്‍ ചെയ്തോളും..

ഇനി വേറെ വഴിയില്ല.. ഏതായാലും തോറയില്‍ പറഞ്ഞത് തെറ്റിക്കണ്ട.. വാക്യൂം ക്ലീനെര്‍ എടുക്കാന്‍ പോവുമ്പോള്‍ ഞാന്‍ പേര്‍സില്‍ ഒന്ന് നോക്കി.. ഇല്ല. ഒരു തരി പൊന്നിന് തികയില്ല.. ഈ പോക്ക് പോയാല്‍ നെയ്ച്ചോറും മീന്‍പൊരിയും എല്ലാം എന്നേ ശരിക്കും നീധ്വാന വിയര്‍പ്പിക്കും..

പണ്ഡിതര്‍ പറഞ്ഞു കേട്ടിട്ടുണ്ട് മൂന്ന് പെണ്മക്കള്‍ ഉള്ളവന്‍ സ്വര്‍ഗ്ഗാവകാശി ആണെന്ന്.. വെറുതെയല്ല.. അവനുള്ള ശിക്ഷ ഇവിടെ തന്നെ കൊടുത്തിട്ടുണ്ട്.. സത്യം..

ആണായി പിറന്നാല്‍ എന്നും കണ്ണീരു ബാക്കി.. സഫ്രോങ്കി സിന്ദഗി കഭി കഭി കട്ട പോക ഹൊ ജാതി ഹെ!!!

നോട്ടിട്ടേ: എനിക്ക് വേറെയും മക്കളുണ്ട്‌ ട്ടോ.. ഉപ്പാനേ പോലെ പഞ്ചപാവങ്ങള്‍ ആയ രണ്ടു ആണ്‍കുട്ടികള്‍.. വായില്‍ വിരലിട്ടാല്‍ ഉം ഉം.. കടിക്കില്ല.. എന്നേ പോലെന്നെ.. 

1 comment:

Related Posts Plugin for WordPress, Blogger...