Monday, May 27, 2013

നിസ്സംഗം

സീന്‍ ഒന്ന്

ആളുകള്‍ ഓടിക്കൂടി ആ മനുഷ്യന്‍ ചോരയില്‍ കുളിച്ചു കിടക്കുകയാണ്‌, അയാളുടെ കയ്യില്‍ നിന്നും ചിതറിയ ജൌളിത്തരങ്ങള്‍ റോഡില്‍ ചിതറി കിടന്നു. അയാളെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. നിങ്ങള്‍ ഓടി അയാളെ ഉയര്‍ത്തി മടിയില്‍ കിടത്തി. 'ആരെങ്കിലും ഒരു ആംബുലന്‍സ് വിളിക്കൂ, ഇയാള്‍ക്ക്‌ കുടിക്കാന്‍ കുറച്ച് വെള്ളം..' നിങ്ങള്‍ നിലവിളിച്ചു..

ആരും അനങ്ങിയില്ല.. എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നിങ്ങളുടെ കണ്ണുകള്‍ ചുറ്റുപാടും നോക്കിയപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഉടക്കിയോ, അതോ എനിക്കങ്ങനെ തോന്നിയതാണോ..'കുറച്ച് വെള്ളം..' നിങ്ങള്‍ കേഴുന്നത് ഞാന്‍ കാണുന്നു.. ഞാന്‍ എന്‍റെ മിഴികള്‍ പിന്‍വലിച്ചു.. നിങ്ങളെ ഞാന്‍ ഇപ്പോള്‍ കാണുന്നില്ല.. ഞാന്‍ ഇപ്പോള്‍ എനിക്ക് ചുറ്റുമുള്ളവരെ നോക്കുകയാണ്, പലരും നിങ്ങളുടെ മടിയില്‍ കിടക്കുന്നത് നിങ്ങളുടെ ബന്ധു ആയിരിക്കും എന്ന വിശ്വാസത്തോടെ സഹതാപത്തില്‍ നിങ്ങളെ നോക്കുന്നുണ്ട്.. ചിലര്‍ മൊബൈലില്‍ ഇതെല്ലം വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്.. ചിലര്‍ നിര്‍ത്താതെ പോയ വണ്ടിക്കാരനെ ശപിച്ച് സമാധാനമടയുന്നുണ്ട്..

'തെണ്ടികള്‍.. കണ്ടു രസിക്കുകയാണ്, ഇവന്റെയെല്ലാം ബാക്കിയുള്ളവന്‍ ഇങ്ങനെ കിടന്നാലും ഇവനെല്ലാം വീഡിയോ എടുത്ത് കളിക്കുമോ ആവോ..' അമര്‍ഷം ഒതുക്കി ഞാന്‍ നടന്ന് നീങ്ങുമ്പോള്‍ നിങ്ങളുടെ മടിയില്‍ അയാള്‍ കിടക്കുന്നുണ്ടായിരുന്നു, വെള്ളം ലഭിക്കാതെ..

സീന്‍ രണ്ട്

താജിന്റെ ഇമെയിലില്‍ വിശദമായി ഉണ്ടായിരുന്നു കമ്പ്ലീറ്റ് ആക്ടിവിറ്റി ലിസ്റ്റ്. പാര്‍ട്ടിക്ക്‌ ഹാള്‍ അറേഞ്ച് ചെയ്യണം, ഭക്ഷണം ഏല്‍പ്പിക്കണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇല്ലാത്തവര്‍ക്ക് അറേഞ്ച് ചെയ്യണം, മത്സരങ്ങള്‍ തിരഞ്ഞെടുക്കണം, വിജയികള്‍ക്ക് നല്‍കാനായി സമ്മാനം വാങ്ങിക്കണം, മൈക്ക് വേണം, സൌണ്ട് സിസ്റ്റം വേണം, കണക്കുകള്‍ എഴുതി കൂട്ടിവെയ്ക്കണം, എല്ലാവരില്‍നിന്നും കാശ് പിരിച്ചു വാങ്ങണം.. അങ്ങനങ്ങനെ..

ഇതില്‍ ആര്‍ക്കെല്ലാം എന്തെല്ലാം ജോലികള്‍ ഏറ്റെടുക്കാന്‍ ആവും എന്ന ചോദ്യത്തോടെയാണ് മെയില്‍ അവസാനിക്കുന്നത്.. പത്തിരുപത് ഫാമിലികള്‍ ഒരു സായാഹ്നം ചിലവഴിക്കാന്‍ ഉള്ള ഒരു ചെറിയ പ്രോഗ്രാം, പാട്ടും, കളിയും, തമാശകളും, കുട്ടികള്‍ക്കും വലിയവര്‍ക്കും എല്ലാം ചെറിയ കുറച്ചു മത്സരങ്ങളും എല്ലാം ചേര്‍ന്ന് ഒന്ന് കൂടുന്നു. സ്ത്രീകള്‍ക്ക്‌ കുറച്ചു പരദൂഷണവും, ആണുങ്ങള്‍ക്ക് കുറച്ച് പൊങ്ങച്ചവും, കുട്ടികള്‍ക്ക് കുറച്ച് ഓടിക്കളിക്കാനും ഒരു വേദി. ഞങ്ങള്‍ തന്നെയാണ് ഈ ചുമതല താജിനെ ഏല്‍പ്പിച്ചത്. അവന് ഇത്തരം പ്രോഗ്രാമുകള്‍ നടത്തി നല്ല പരിജയമാണ്..

ഞാന്‍ ലിസ്റ്റ് വീണ്ടും ഓടിച്ചു നോക്കി, താജ്‌ കേമന്‍ തന്നെ, എത്ര വിശദമായ പ്ലാന്നിംഗ്. ഓരോ ജോലിയും ആര്‍ക്കും ചെയ്യാവുന്നത്ര ലളിതമാക്കി ചുരുക്കിയിരിക്കുന്നു. ഇതില്‍ ഏതു ജോലിയും എനിക്കാവും, പക്ഷെ ഓരോരുത്തര്‍ ഓരോന്ന് എടുത്താല്‍ പോലും ആവശ്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്. ഇതവര്‍ക്ക് മാനേജ് ചെയ്യാന്‍ തന്നെ ഉള്ളൂ..

സീന്‍ മൂന്ന്

കുറച്ച് നേരമായി ഞാന്‍ ഈ ഇഷ്യൂ സോള്‍വ്‌ ചെയ്യാന്‍ ശ്രമിക്കുന്നു. എല്ലാവരും പോയിക്കഴിഞ്ഞു ഇപ്പോള്‍ ഞാന്‍ തനിച്ചാണ് ഓഫീസില്‍. രാത്രിയായി തുടങ്ങി, മാത്രമല്ല ഇന്ന് വീക്ക്‌എന്‍ടും ആണ്. ഇനി രണ്ട് ദിവസം കഴിഞ്ഞേ ആരോടെങ്കിലും ചോദിയ്ക്കാന്‍ ആവൂ. ഈ പ്രൊജക്റ്റ് ഞങ്ങള്‍ക്ക് പുതുതാണ്. ഞങ്ങളുടെ ടീമില്‍ എല്ലാവരും തന്നെ മികച്ചതാണ്. അതാണ്‌ വലിയൊരു സമാധാനം.

ഞാന്‍ വളരെ വിശദമായി ഒരു ഇമെയില്‍ തയ്യാറാക്കി ടീമില്‍ ഉള്ള എല്ലാവരെയും ഉള്‍പെടുത്തിയിരിക്കുന്ന എന്ന് ഉറപ്പുവരുത്തി, ഒരാവര്‍ത്തികൂടി ഞാന്‍ ഇമെയില്‍ വായിച്ചു.. എല്ലാം വ്യക്തമാണ്, വീക്ക്‌എന്‍ടില്‍ തന്നെ ആരെങ്കിലും നോക്കിയാല്‍ എന്നോട് ബന്ധപ്പെടാതെ തന്നെ അവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാവും.. ഇമെയില്‍ വിട്ട്‌ ഞാന്‍ എഴുന്നേറ്റു.. വീക്ക്‌എന്‍ട് കഴിഞ്ഞ് ഓഫീസില്‍ വരുമ്പോള്‍ എന്‍റെ ഇഷ്യൂ സോള്‍വ്‌ ചെയ്തുള്ള മറുപടി കാണും എന്ന വിശ്വാസത്തോടെ..

സീന്‍ നാല്

ഒരു സോഷ്യല്‍ സൈറ്റില്‍ വെച്ചാണ് ഞാന്‍ ആ കുഞ്ഞിന്റെ കദനകഥ വായിച്ചത്. ഒരു കുടുംബനാഥന്‍റെ മരത്തില്‍നിന്നു വീണു നടുവിന് പറ്റിയ പരിക്കുകൊണ്ട് ചികിത്സയ്ക്കും ചിലവിനും മറ്റു വരുമാനമില്ലാതെ തളര്‍ന്ന് പോയ ഒരു കുടുംബം.. ചെറിയ ക്ലാസ്സില്‍ പോവുന്ന ആ ആണ്‍കുട്ടി ഗത്യന്തരമില്ലാതെ ജോലിക്ക് പോവേണ്ടി വരുന്നതും സ്കൂളില്‍ പോവാന്‍ അവനുള്ള മോഹവും എല്ലാം.. കുറച്ച് സമയംകൊണ്ട് ആ കഥ ഞങ്ങള്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു, അധികപേരും പൈസ പിരിക്കാനും, നമ്മളാല്‍ കഴിയുന്നത് ചെയ്യാനും എല്ലാം അഭിപ്രായപ്പെട്ടു.

ഞാന്‍ ആ വാര്‍ത്തയില്‍ ഉള്ള ഫോണ്‍നമ്പറില്‍ വിളിച്ച് ആ കുടുംബവുമായി സംസാരിച്ചു, കുറച്ച് തുകയും വാര്‍ത്തയില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ നമ്പരില്‍ അയച്ചു കൊടുത്തു. ഞാന്‍ ആ വീട്ടമ്മയ്ക്ക് ധൈര്യം നല്‍കി 'ഞങ്ങള്‍ കുറേപേര്‍ നിങ്ങളുടെ കാര്യം ഇന്റര്‍നെറ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, പലരും നിങ്ങളെ സഹായിക്കാന്‍ താത്പര്യം പറയുന്നുണ്ട്, പേടിക്കേണ്ട ഞങ്ങള്‍ എല്ലാം ഉണ്ട്..' അവര്‍ക്ക്‌ വളരെ സമാധാനമായി..

ഈ നാലു സീനുകള്‍ക്കും പൊതുവായ ഒരു കാര്യം എന്താണ് എന്ന് ചോദിച്ചാല്‍ അതില്‍ നമുക്ക്‌ കാഴ്ചക്കാരന്റെ നിസ്സംഗത കാണാം. മനുഷ്യ സഹജമായ ഒരു കാര്യമാണ് നമ്മുടേത് എന്ന് നമുക്കുറപ്പില്ലാത്ത കാര്യങ്ങളില്‍ ഉള്ള വലിയ താത്പര്യമില്ലായ്മ. ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ നമുക്ക്‌ ചെയ്യാന്‍ ഒരു മടിയുമില്ല പക്ഷേ ആവശ്യപ്പെടാതെ മറ്റാര്‍ക്കെങ്കിലും ചെയ്യാവുന്ന ഒരു കാര്യം നമ്മളായിട്ട് ചെയ്‌താല്‍ നനായിരിക്കും എന്ന ഒരു അവസ്ഥയില്‍ ഭൂരിപക്ഷവും അതില്‍ നിന്നും മാറി നില്‍ക്കും..

അതിനുള്ള ഏറ്റവും നല്ല പോംവഴി കൂട്ടത്തില്‍ നിന്നും ഓരോരുത്തര്‍ക്ക് വ്യക്തവും വെത്യസ്തവുമായി ഉത്തരവാദിത്വം നല്‍കുക എന്നതാണ്.

മനുഷ്യസ്നേഹിയായ നിങ്ങള്‍ ആ ആക്സിഡന്റ് സീനില്‍ എന്നോട് നീല കുപ്പായം ഇട്ട് മുന്നില്‍ നില്‍ക്കുന്ന നിങ്ങള്‍ ഇങ്ങ് അടുത്ത് വരൂ എന്ന് പറഞ്ഞിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളെ സഹായിക്കാന്‍ വരുമായിരുന്നു, വെള്ളം കൊണ്ട് വരാനോ, പോലീസിനെ വിളിക്കാനോ, ആംബുലന്‍സിന് വിളിക്കാനോ.. എന്തിനും. നിങ്ങള്‍ക്ക്‌ 'എന്‍റെ' സഹായം വേണം എന്ന് എനിക്ക് ബോധ്യമായാല്‍ സഹായിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ..

താജിന്‍റെ പാര്‍ട്ടി അറേഞ്ച്‌മെന്റിനും മറിച്ചൊന്നുമല്ല സംഭവിച്ചത്.. ആരും ഒരു ജോലിയും ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നില്ല, കുറച്ച് കാത്തിട്ടു താജ്‌ ഓരോരുത്തരും ഇന്ന ജോലികള്‍ ചെയ്യണം എന്ന് മറ്റൊരു മെയില്‍ വിട്ട്‌, എല്ലാവരും അവരവരുടെ ജോലി ഭംഗിയായി ചെയ്തു.. പാര്‍ട്ടി ഞങ്ങള്‍ അടിപൊളിയായി നടത്തി..

താജിന് ആദ്യമേ പക്ഷേ ഒരു ഗ്രൂപ്പ്‌ ഇമെയില്‍ ഇടുന്നതിനു പകരം ഓരോ വ്യക്തിക്കും ഇതില്‍ ഏതു ജോലിയാണ് നിനക്ക് ഏറ്റെടുക്കാന്‍ താത്പര്യം എന്ന് ചോദിച്ച് നാലോ അഞ്ചോ ജോലികള്‍ വെച്ച് കുറച്ച് പേര്‍ക്കായി ഒരു മെയില്‍ വിട്ടിരുന്നുവെങ്കില്‍ ആരെയും അവസാനം ജോലി അടിച്ചേല്‍പ്പിക്കാതെ തന്നെ ചെയ്യിക്കാമായിരുന്നു.

എന്‍റെ ഇഷ്യൂ ആരും വീക്ക്‌എന്‍ടില്‍ സോള്‍വ്‌ ചെയ്തില്ല, എല്ലാവരും വായിച്ച് നോക്കി, ഇത് മാറ്റാരെങ്കിലും ചെയ്തോളും എന്ന് കരുതി വിട്ടു, കുറേ കാത്തിരുന്ന് ഞാന്‍ ഒരുത്തന്‍റെ അടുത്ത് ചെന്നപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത് എങ്ങനെ ചെയ്യാം എന്ന് ഒരു തീരുമാനത്തില്‍ എത്തി. ഒരു ഗ്രൂപ്പ്‌ ഇമെയില്‍ വിടുന്നതിന് പകരം ഞാന്‍ ഗ്രൂപ്പില്‍ നിന്നു ഒരുത്തന് മാത്രം ആദ്യമേ ആ മെയില്‍ വിട്ടിരുന്നുവെങ്കില്‍ അവന്‍ അവന്‍റെ ചുമതല ഭംഗിയായി ചെയ്യുമായിരുന്നു, അവന് കഴിയില്ല എങ്കില്‍ അവന്‍ മറ്റുള്ളവരോട് ചര്‍ച്ച ചെയ്ത് എനിക്കൊരു സൊലൂഷന്‍ നല്‍കുമായിരുന്നു..

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ കൊച്ചു കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു പരിചയം പുതുക്കി ചോദിച്ചു, എത്ര കാശ് ഇതുവരെ കിട്ടി എത്രപേര്‍ വിളിച്ചു.?, അവര്‍ പറഞ്ഞു ഒന്നുരണ്ട് പേര്‍ വിളിച്ചു, കാശ് നിങ്ങളും മറ്റൊരാളും തന്നതു മാത്രേ കിട്ടിയുള്ളൂ വേറാരും ഒന്നും അയച്ചിട്ടില്ല എന്ന്. മറുപടി പറയാനില്ലാതെ ഞാന്‍ നിന്നു കാരണം എനിക്കറിയാമായിരുന്നു ഈ വാര്‍ത്തയുടെ ചൂടാറിയിരുന്നു, ഇനി ഇത് ചര്‍ച്ച ചെയ്യാനും സഹായിക്കാനും ഒന്നും ആര്‍ക്കും താത്പര്യം കാണില്ല എന്ന്..

എനിക്ക് വന്ന പിഴവാണ് അത്, അത് ചര്‍ച്ച ചെയ്യപെട്ടപ്പോള്‍ താത്പര്യമുള്ള ഓരോരുത്തര്‍ക്കും വ്യക്തമായ നിര്‍ദേശംനല്‍കി ഞാന്‍ മുന്നില്‍ നിന്നിരുന്നുവെങ്കില്‍ നല്ല ഒരു തുക ആ കുടുംബത്തിന് പിരിച്ചു നല്‍കാന്‍ ഞങ്ങള്‍ക്ക് ആവുമായിരുന്നു..

സഹായം നല്‍കേണ്ടിടത്തു ആളുകള്‍ കാഴ്ചക്കാര്‍ ആവുന്നത് സമൂഹത്തില്‍ നിന്നും നന്മ വറ്റിയത് കൊണ്ടൊന്നുമല്ല ആ അവസരത്തില്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന ജോലിക്ക് വ്യക്തമായി ഉടമസ്ഥരെ നല്‍കാത്തതിനാലാണ്. ഒന്നുമില്ലെങ്കിലും സമൂഹം എന്ന് പറയുന്നത് ഞാനും നിങ്ങളും ഉള്‍പ്പെട്ടതാണ്.. നമ്മുടെ ഉള്ളില്‍ ഉള്ള നന്മയുടെ കണങ്ങള്‍ നമുക്കറിയാവുന്ന അത്ര മറ്റുള്ളവര്‍ക്ക് അറിയാമോ..!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...