Monday, February 11, 2013

ആതുരാലയം

അവളെ വാരിയെടുത്ത് ഞാന്‍ വാഹനത്തില്‍ കയറുമ്പോള്‍ ജോ പഴന്തുണി പോലെ എന്‍റെ കൈകളില്‍ കുഴഞ്ഞു കിടന്നു. അവളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു, അവളുടെ ശരീരത്തില്‍ എല്ലുകള്‍ ഇല്ല എന്നെനിക്കു തോന്നി, കഴുത്ത് താഴേക്ക്‌ തൂങ്ങിക്കിടന്നു, ശരീരം അപ്പോഴും ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് അവള്‍ക്ക്‌ ചര്‍ദ്ദി തുടങ്ങിയത്, സുഖമില്ലാതെ കിടക്കുന്ന ഒരു ബന്ധുവിനെ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കുട്ടിയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാവണം. എല്ലായിടത്തും ഉണ്ട്, ചര്‍ദ്ദിയും വയറിളക്കവും, പനിയും..

ഒറ്റ ദിവസം കൊണ്ടു ജോ മെലിഞ്ഞു, അവള്‍ ഒന്നും കഴിക്കാന്‍ കൂട്ടാക്കാതെയായി, എന്തെങ്കിലും നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍ അത് അകത്തെത്തുന്നതിനു മുന്‍പേ ഉള്ളില്‍ ഉള്ളതെല്ലാം ഇങ്ങ് പുറത്ത് വരും, കൂടേ പൊള്ളുന്ന പനിയും, വൈകാതെ വയറിളക്കവും തുടങ്ങി.


രണ്ടാം ദിവസം ഞാന്‍ അവളെയും എടുത്തു ഹോമിയോ ഡോക്ടറുടെ അടുത്തെത്തി.

ഒന്നും പേടിക്കാന്‍ ഇല്ല, ചര്‍ദ്ദി മാറാന്‍ മരുന്ന് തരാം, വയറ്റില്‍നിന്നു പോയികോട്ടെ, എല്ലാം പോയി ക്ലിയര്‍ ആയാല്‍ അത് നിന്നോളും, ഈ മരുന്നുകള്‍ ഓരോ അരമണിക്കൂര്‍ ഇടവിട്ട്‌ കൊടുത്താല്‍ മതി.

എന്താണ് ഞാന്‍ അവള്‍ക്ക് കഴിക്കാന്‍ കൊടുക്കേണ്ടത്..
എന്തും കൊടുക്കാം..

പക്ഷേ അവള്‍ ഒന്നും കഴിക്കാന്‍ തയ്യാറാവുന്നില്ല..പാല് അവള്‍ക്ക്‌ ഇഷ്ടമാണ്.. പക്ഷെ പാല് ഈ സമയത്ത്..
വേണ്ട, പാലും പാലുല്പന്നങ്ങളും വേണ്ട മറ്റതെല്ലാം കൊടുക്കാം..അവള്‍ ചോദിക്കും ശരീരത്തിനു വേണ്ടത്‌.. അവള്‍ ചോദിക്കുന്നത് എല്ലാം കൊടുത്തോളൂ..

ജോ പാല് ചോദിച്ചു കുറേ കരഞ്ഞു, ഇടയില്‍ കുറച്ച് ഓറഞ്ച്‌ ജ്യൂസ്‌ അവള്‍ ചോദിച്ചു വാങ്ങിച്ചു, കഴിച്ചത് അപ്പോള്‍ തന്നെ ചര്‍ദ്ദിച്ചു. ഇളനീര്‍ വെള്ളം അവള്‍ കുടിക്കാന്‍ കൂട്ടാക്കിയില്ല, തേന്‍വെള്ളം കുടിക്കാന്‍ കൂട്ടാക്കിയില്ല, കൂവപ്പൊടി വെള്ളം ഒരു സിറിന്ജില്‍ എടുത്ത് ഞാന്‍ ബലമായി അവളുടെ വായിലേക്ക്‌ അടിച്ചു, അത് പോയതിനെക്കാള്‍ വേഗത്തില്‍ ചര്‍ദ്ദിച്ചു.

ജോ സംസാരിക്കാതായി. എപ്പോഴും കമിഴ്ന്ന് കിടക്കും, ഉക്ക്ണ്ട് (ഉറക്കമുണ്ട്) എന്ന് മാത്രം പറയും. ഞാന്‍ മൂന്നാം ദിവസം വീണ്ടും ഹോമിയോ ഡോക്ടറെ പോയി കണ്ടു. ഡോക്ടര്‍ ഞങ്ങളെ സമാധാനിപ്പിച്ചു ഒന്നും പേടിക്കാന്‍ ഇല്ല എന്ന് പറഞ്ഞു.

എന്താണ് ഞാന്‍ അവള്‍ക്ക് കഴിക്കാന്‍ കൊടുക്കേണ്ടത്..
എന്തും കൊടുക്കാം, അവളുടെ ശരീരം അതിന് വേണ്ടത് ആവശ്യപ്പെടും..

പക്ഷേ അവള്‍ വെള്ളം ഒഴിച്ച് മറ്റൊന്നും കുടിക്കാന്‍ തയ്യാറാവുന്നില്ല..
അവള്‍ക്ക്‌ വെള്ളം കൊടുത്തോളൂ, നിങ്ങള്‍ ഇങ്ങനെ പേടിക്കേണ്ട ഒരു കാര്യവും ഇല്ല..

അവര്‍ തുടര്‍ന്നു, 'കഴിഞ്ഞ ദിവസം ഒരു ഫാമിലി വന്നിരുന്നു, അടുപ്പിച്ച് മൂന്ന് ദിവസം വന്നു, ഞാന്‍ അവര്‍ക്ക്‌ മരുന്നൊന്നും കൊടുക്കാതെ സമാധാനിപ്പിച്ചു വിട്ടു, പിന്നെ വിളിച്ചിട്ടില്ല, മാറിയിരിക്കും, നിങ്ങള്‍ പേടിക്കാതെ ഇരിക്കൂ, ഇത് മാറും, ഇപ്പൊ എല്ലായിടത്തും നടപ്പുള്ളതാ..'

പരസ്പരം ധൈര്യം നല്‍കി ഞാനും അസിയും കുഞ്ഞിനേയും എടുത്ത് മടങ്ങി. മണിക്കൂറുകള്‍ക്ക് ദിനങ്ങളുടെ ദൈര്‍ഘ്യം വന്നതായി ഞങ്ങള്‍ അറിഞ്ഞു.

ജോ അപകടമേഖലയില്‍ ആണെന്ന് ഞങ്ങള്‍ക്ക് തോന്നി, എങ്കിലും ഞാന്‍ അസിയെ ആശ്വസിപ്പിച്ചു. നീ കേട്ടില്ലേ അവര്‍ മറ്റൊരു ഫാമിലിയെ കുറിച്ച് പറഞ്ഞത്, അവര്‍ക്ക്‌ മാറിയില്ലേ, മാറും നമുക്ക്‌ കുറച്ചു കൂടി കാക്കാം.

ഇവരോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി ആ ഫാമിലി അതിനെ വേറെ വല്ല ഡോക്ടറേയും കാണിച്ചു കാണും, ഇവര്‍ വിളി കാണാഞ്ഞിട്ട് മാറിയെന്നും പറഞ്ഞ് നടക്കുകയാവാം.. അസിയുടെ ചിന്തകള്‍ ആ വഴിക്കായിരുന്നു. കേട്ടപ്പോള്‍ അതിന്‍റെ സാധ്യത തള്ളികളയാനാവില്ല എന്ന് എനിക്കും തോന്നി. എങ്കിലും അന്ന് ഞങ്ങള്‍ പിടിച്ചു നിന്നു..

വെള്ളവും, ചര്‍ദ്ദിയും, പനിയും, വയറിളക്കവുമായി ആ രാത്രി ഞങ്ങള്‍ നേരം പുലര്‍ത്തി. നാലാം ദിവസം എന്‍റെ മകള്‍ ഒരു അസ്ഥികൂടമായി, അത് വരെയും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ നിര്‍ജീവമായി, വിളികേള്‍‍ക്കാതെ, വയറ്റില്‍ നിന്നും വെള്ളമല്ലാതെ മറ്റൊന്നും പോവാനില്ലാതെ ജോ കിടന്നു. മരണം എന്‍റെ ജോയേ നോക്കി ചിരിക്കുന്നോ എന്ന് ഞാന്‍ ഭയന്നു..

ഇനിയും ഇവരുടെ പരീക്ഷണങ്ങള്‍ക്ക് നിന്നു കൊടുത്താല്‍ ഒരു മരണവും, ഒരു കൊലപാതകവും, ഒരു തൂക്കിലേറ്റും, രണ്ടു കുടുംബങ്ങള്‍ അനാഥമാവുകായും ആവും ഫലം എന്ന് എനിക്ക് ഉറപ്പായപ്പോള്‍, ഞാന്‍ പഴന്തുണി പോലെ ചുരുണ്ട് നിലത്ത് പറ്റികിടക്കുന്ന എന്‍റെ മകളേ എടുത്ത് ആശുപത്രിയിലേക്ക് അതിരാവിലെ കുതിച്ചു, എന്‍റെ ഉള്ളില്‍ മുന്‍പ്‌ ഞാന്‍ സാക്ഷ്യംവഹിച്ച ഒരു ചിത്രം തെളിഞ്ഞു നില്ക്കുന്നുണ്ടായിരുന്നു സഹായത്തിന് ആരാരും ഇല്ലാതെ ജോയേ മാറോടടക്കി ഞാന്‍ നില്‍ക്കുന്ന ചിത്രം.

പച്ചയും സ്വര്‍ണ്ണവും നിറഞ്ഞ വര്‍ണ്ണാഭമായ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എനിക്ക് മുന്നില്‍ ആശുപത്രിയുടെ പേര് തെളിഞ്ഞു വന്നു.. Strives for Perfection, Excellence & Values in Health Care സമീപം ഒരു കഴുകന്റെ ചിത്രവും. കാലത്ത്‌ ആയതിനാല്‍ ആവും മുന്നില്‍ തന്നെ പാര്‍ക്കിംഗ് കിട്ടി.

ഡോക്ടര്‍മാര്‍ എത്താന്‍ ഇരിക്കുന്നതെ ഉള്ളൂ, എമര്‍ജന്‍സിയില്‍ ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് ഉള്ളത്. അതും ഒരു പച്ച (പാക്കിസ്ഥാനി). ഞാന്‍ മലയാളിയായ സിസ്റ്ററോടു പറഞ്ഞു, 'സിസ്റ്ററേ പച്ച ശരിയാവില്ല, എന്‍റെ കുട്ടിക്ക് അത്യാവശ്യമായി IV കൊടുക്കണം, വേറെ ആരെ കാണിക്കണം..'

സിസ്റ്റര്‍ കുറച്ച് തടിച്ച, അല്പം ഇരുണ്ട ഒരു മാലാഖ ആയിരുന്നു. മുഖം കണ്ടാല്‍ തോന്നില്ലെങ്കിലും പെരുമാറ്റം കണ്ടാല്‍ സൗമ്യ എന്ന് പേരിട്ടു പോവും. പേര് ഓര്‍മ്മയില്ലാത്തതിനാല്‍ ഇനി മുതല്‍ ഇതാണ് അവരുടെ ഒഫീഷ്യല്‍ പേര്, സോറി പത്രത്തില്‍ പരസ്യം കൊടുക്കാന്‍ ഒന്നും നേരമില്ല, എനിക്കും നിങ്ങള്‍ക്കും തിരക്കുള്ളതാ.

സൗമ്യ സിസ്റ്റര്‍ വളരെ സൗമ്യമായി എന്‍റെ എല്ലാ കഥകളും കേട്ടു, എനിക്ക് വിവരം കുറവാണ് എന്ന് തോന്നുന്ന ഭാഗങ്ങളില്‍ അസി കുറച്ച് മസാല ചേര്‍ത്ത് വിളമ്പി. എല്ലാം കേട്ട് സൗമ്യ സിസ്റ്റര്‍ പ്രതിവചിച്ചു. IV കൊടുക്കണമെങ്കില്‍ ഡോക്ടര്‍ എഴുതണം, ഡോക്ടര്‍മാര്‍ ഒന്‍പത് കഴിഞ്ഞേ വരൂ, പച്ചയാണ് എന്ന് നോക്കണ്ട, ഈ ഡോക്ടര്‍ സത്യത്തില്‍ വളരെ കഴിവുള്ള ആളാണ്‌, എന്നേ വിശ്വസിക്കാം, നിങ്ങള്‍ വേഗം പോയി കേസ് ഓപ്പണ്‍ ചെയ്തു വരൂ.

ഞാന്‍ ഡോക്ടറോട് ചുരുക്കി കുഞ്ഞിന്‍റെ അവസ്ഥയും, എനിക്ക് വേണ്ട ചികിത്സയും പറഞ്ഞു, ഇനി അഥവാ പച്ചക്ക് വിവരം കുറവാണെങ്കിലോ.. ഭാഗ്യം പച്ചക്ക് എന്നോട് 'എന്നേ പഠിപ്പിക്കാന്‍ വരുന്നോ കഴുവേറി' എന്ന മട്ട് ഒന്നും കണ്ടില്ല..

അയാള്‍ ക്ഷമയോടെ എല്ലാം കേട്ടു, കുഞ്ഞിനെ പരിശോധിച്ചു. ജലാംശം വല്ലാതെ നഷ്ടപെട്ടിരിക്കുന്നു, രണ്ടു കുപ്പി IV എങ്കിലും കൊടുക്കേണ്ടി വരും എന്ന് അറിയിച്ചു.

കേസ് ഓപ്പണ്‍ ചെയ്യാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍ ഒരു പത്തിരുപതു പേരേ സ്കൂള്‍ പിള്ളേരെ പോലെ ഇരുത്തിയിട്ടുണ്ട്. ക്യൂ ഉറപ്പു വരുത്താന്‍ ഒരു തടിയന്‍ സൗദി സെക്യൂരിറ്റി ഗാര്‍ഡും. എന്നേ കണ്ടതും മൂപ്പര്‍ മഷീനില്‍ നിന്നും അടുത്ത ടോക്കണ്‍ നമ്പര്‍ എടുത്ത് തന്ന് വരിയുടെ അറ്റത് പോയി ഇരിക്കാന്‍ ആവശ്യപ്പെട്ടു.

ഇതൊരു എമര്‍ജന്‍സിയാണ് എനിക്ക് ഇവിടെ കാത്ത് നില്‍ക്കാന്‍ നേരമില്ല, ഞാന്‍ നല്ല പച്ച അറബിയില്‍ പറഞ്ഞു നോക്കി. അറബിക്കതെല്ലാം കല്ലിവല്ലി. ഞാന്‍ അറബിയെ വകവെയ്ക്കാതെ കൌണ്ടറില്‍ ഇരിക്കുന്ന മലയാളിയോട് പറഞ്ഞു, എന്‍റെ മകള്‍ എമര്‍ജന്‍സിയില്‍ ആണ് എനിക്ക് അത്യാവശ്യമായി ഒരു ഫയല്‍ ഓപണ്‍ ചെയ്യണം.

ഞങ്ങള്‍ നേരിട്ട് സംസാരിക്കുന്നത് അറബിക്ക് അത്ര രുചിച്ചില്ല, അവന്‍ എന്നേ ശക്തിയായി തള്ളി, എന്നിട്ട് പിന്നില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെട്ടു.

മ്മള് മലപ്പുറം കാക്കയാണ്, ഫുള്‍കജ്ജിന്റെ കുപ്പായം കാല്‍സരായിന്‍റെ ഉള്ളീ തിരുകി, കൌത്തില്‍ ഒരു കോണും തൂക്കി, സൂസും ഇട്ട് നടക്കൂം ന്നേള്ളൂ. ഉള്ളിന്‍റെ ഉള്ളില്‍ മ്മള് മലപ്പുറം കാക്കെന്നാണ്.

അറബി തന്ന ടോക്കണ്‍ ഞാന്‍ കൌണ്ടറിന്റെ മേലേ ശക്തിയായി അടിച്ചു. അവന്‍റെ കണ്ണുകളില്‍ നോക്കി ഞാന്‍ അലറി, ഐ നീഡ് എ കേസ് ഓപ്പണ്‍ ആന്‍ഡ്‌ ഐ നീഡ് ഇറ്റ്‌ നൌ.

കുറച്ച് നേരം എല്ലാം നിശ്ചലമായി. പിന്നെ കാര്യങ്ങള്‍ എല്ലാം പെട്ടെന്നായിരുന്നു, മൂന്ന് നാല് ആളുകള്‍ അവരുടെ പണിനിര്‍ത്തി, ടപ്പ് ടപ്പേന്ന് കേസ് ഓപ്പണ്‍ ചെയ്തു ഫയല്‍ എന്‍റെ കയ്യില്‍ തന്നു. ഈ ഇംഗ്ലീഷിന്റെ ഒരു ബലമേയ്, ഇത് തന്നെ അല്ലെ ഞാന്‍ എല്ലാര്‍ക്കും മനസ്സില്‍ ആവുന്ന ഭാഷയില്‍ ഇത്ര നേരവും വിളമ്പി നോക്കിയത്..

കേസ് ഫയലുമായി മടങ്ങുമ്പോള്‍ ഞാന്‍ അറബിയെ ഒന്ന് അളന്ന് നോക്കി, എന്‍റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാല്‍ രണ്ടാമതായി ഇവനെ തട്ടാം എന്ന് ഞാന്‍ തീരുമാനിച്ചു.

രണ്ടാം ഭാഗം: ഇന്‍ഷുറന്‍സ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...