Sunday, December 16, 2012

തനിയാവര്‍ത്തനം

നഖം കടിക്കുന്നത് ഒരു ദുശ്ശീലമാണ്. പുകവലി മറ്റൊന്നാണ്. മദ്യപാനം ഇനിയൊന്ന്. ഫേസ്ബുക്ക് വേറൊന്ന്. അങ്ങനെ അങ്ങനെ നമുക്ക് ചുറ്റും ഒരുപാടൊരുപാട് ദുശ്ശീലങ്ങള്‍.

പലതും ഒരു രസത്തിനുവേണ്ടി വേണ്ടി തുടങ്ങുന്നതാണ്, പക്ഷെ പലര്‍ക്കും പിന്നീട് അതില്‍നിന്നും ഒരു മോചനമില്ല. മാറ്റണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടാവും പക്ഷെ കഴിയുന്നില്ല, ശീലമായിപ്പോയി, മാറ്റാന്‍ വയ്യ.


എന്‍റെ പിതാവ് എപ്പോഴും പറയുമായിരുന്നു ഒന്നിനും അടിമയാവാന്‍ നമ്മള്‍ നിന്നുകൊടുക്കരുത് എന്ന്. പറയാന്‍ എളുപ്പമാണ് പ്രവര്‍ത്തിച്ചു കാണിക്കാനാ പാട്. അദ്ദേഹം പക്ഷെ അത് പ്രവര്‍ത്തിയിലും കാണിച്ചിരുന്നു.

ഒരു ഉദാഹരണം, അദ്ദേഹം ഒരു സിഗരറ്റ് വലിക്കാരനായിരുന്നു, കൂട്ടത്തില്‍ ബീഡിയും വലിക്കും. വലിക്കാതെ അദ്ദേഹത്തെ കാണാന്‍ കിട്ടാത്ത ഒരു കാലം ഉണ്ടായിരുന്നു. പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ളത് ഒരു കുറ്റിയില്‍ നിന്നും അടുത്ത സിഗരറ്റ് കത്തിക്കുന്ന എന്‍റെ പിതാവിനെയാണ്. ചെയിന്‍ സ്മോകര്‍ എന്ന പദത്തിനു അനുയോജ്യമായ ഉദാഹരണം ആയിരുന്നു അദ്ദേഹം.

എപ്പോഴോ അദ്ദേഹത്തിന് തോന്നി, സിഗരറ്റിനെ അദ്ദേഹമല്ല സിഗരറ്റ് അദ്ദേഹത്തെയാണ് വലിക്കുന്നത് എന്ന്. അന്ന് നിര്‍ത്തി, ഒരു പാക്കറ്റ് മിഠായി കൊണ്ടുവന്നു സിഗരറ്റ് വലിക്കാന്‍ തോന്നിയപ്പോള്‍ എല്ലാം ഓരോ മിഠായി തിന്നു. അദ്ദേഹത്തിന് ഉറച്ച മനസ്സായിരുന്നു. ഒരു തീരുമാനം, ഒരു വാക്ക് അതില്‍ നിന്നും പിറകോട്ടില്ല. അന്ന് മാത്രമല്ല, എന്നും.

എല്ലാവര്‍ക്കും അങ്ങനെയല്ല. നമ്മില്‍ പലരും ഓരോ പുതുവര്‍ഷത്തിലും ഒരുപാട് പുതിയ തീരുമാനങ്ങള്‍ എടുക്കും, പുതിയ ഒരു ശീലം തുടങ്ങാന്‍. എക്സര്‍സൈസ് ചെയ്യാനോ, പുസ്തകങ്ങള്‍ വായിക്കാനോ, പുതിയ ഒരു വിദ്യ അഭ്യസിക്കാനോ അങ്ങനെ അങ്ങനെ. പത്തു ദിവസം തികച്ചു കൊണ്ടുപോവില്ല, കഴിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

ഞാന്‍ ആലോചിക്കാറുണ്ട് ഈ ശീലങ്ങള്‍ സാവധാനം നമ്മുടെ കൂടെ ചെര്‍ന്നതല്ലേ. ഒരു ദിവസം വലിച്ചു എന്ന് വെച്ച് ആരും വലിക്കാരനാവില്ല, വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ മാത്രമല്ലേ അത് ശീലങ്ങള്‍ ആവുന്നുള്ളൂ. അപ്പോള്‍ എന്ത് പുതിയ ശീലങ്ങളും നമുക്ക് വീണ്ടും വീണ്ടും ചെയ്തു ചെയ്തു ശീലിക്കാനും, വേണ്ടാത്ത ശീലങ്ങളെ വീണ്ടും വീണ്ടും വിട്ടു നിന്ന് ഒഴിവാക്കാനും പറ്റണമല്ലോ എന്ന്.

ഇതില്‍ അത്ര പുതുമയൊന്നും ഇല്ല എല്ലാവര്‍ക്കും അറിയുന്ന കാര്യംതന്നെ, പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. കഴിയുമായിരുന്നുവെങ്കില്‍ ഓരോ വര്‍ഷത്തെയും ന്യൂഇയര്‍ റെസലൂഷനുകള്‍ എല്ലാം വെളിച്ചം കണ്ടിരുന്നുവല്ലോ.

ഇഷ്ടത്തോടെ ചെയ്യുന്ന ശീലങ്ങള്‍ വളരെ പെട്ടെന്ന് നമ്മുടെ കൂടെ കൂടും. പക്ഷെ പൊതുവേ അവയെ ദുശ്ശീലങ്ങളുടെ ഗണത്തില്‍ ആണ് നാം കാണാറുള്ളത്. സുശ്ശീലങ്ങള്‍ ഇഷ്ട്ടത്തോടെ അല്ലാതെ കൂടെ കൂട്ടാന്‍ നമുക്ക് എത്ര സമയം വേണമെന്നറിയുമോ, മുപ്പതു ദിവസം.

അതെ ഒരു മാസം നിങ്ങള്‍ക്ക് എന്നും ഒരു കാര്യം ചെയ്യാന്‍ ആയാല്‍ അത് നിങ്ങള്‍ക്ക് പുതിയ ഒരു ശീലമായി കൂടെ കൂട്ടാം.

ഉദാഹരണത്തിന് ഞാന്‍ ഇന്ന് എന്നും നൂറ് പുഷ്അപ്പ് അടിക്കും. പത്തെണ്ണം ഇഷ്ടത്തില്‍ ചെയ്യാന്‍ വയ്യാതിടത്ത് നിന്നും തുടങ്ങിയതാണ്. ഓരോ ദിവസവും ഒന്നും രണ്ടും വീതം കൂട്ടി കൂട്ടി ഒരു തവണ അന്‍പതിലേറെ പുഷ്അപ്പ് അടിക്കാന്‍ ഇന്നെനിക്കാവും.

ഞാന്‍ ഓരോ ദിവസവും എണ്ണം കൂട്ടി കൊണ്ടുവരികയാണ്, എന്‍റെ ലക്‌ഷ്യം ഓരോ തവണയും എഴുപത്തിയഞ്ച് വീതം രണ്ടു തവണ കൊണ്ടു നൂറ്റമ്പത് പുഷ്അപ്പ് ഒരു ദിവസം എടുക്കണം എന്നാണ്, അതായത് ഒരാഴ്ച്ചയില്‍ ആയിരം പുഷ്അപ്പ്. ഒരു മാസത്തിനു മേലെയായി ഞാന്‍ തുടങ്ങിയിട്ട്, ഇന്ന് എനിക്കത് ഒരു ശീലമായി, ഒരു നല്ല പുതിയ ശീലം.

ചിലര്‍ക്ക് ഈ ശീലങ്ങളില്‍ തുടങ്ങാന്‍ കഴിയും എങ്കിലും, പിടിച്ചു നില്‍ക്കാന്‍ വിഷമമാണ്. ഒരാഴ്ച്ചയെല്ലാം കടിച്ചു പിടിച്ചു നിന്നു എന്ന് വരാം. പക്ഷെ തുടര്‍ന്ന് കൊണ്ടു പോവാന്‍ കഴിയില്ല. അതിന് ഞാന്‍ രണ്ടു എളുപ്പവഴികള്‍ പറഞ്ഞു തരാം.

ഇന്നു നമ്മള്‍ എല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവമാണ്. അവിടെ എല്ലാവരുടെയും മുന്നില്‍ നമ്മള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം അങ്ങ് പ്രഖ്യാപിക്കുക. ഞാന്‍ ഇന്നു മുതല്‍ ഈ കാര്യം ചെയ്യാന്‍ തീരുമാനിക്കുന്നു ഒരു മാസം തെറ്റാതെ തുടര്‍ന്നു കൊണ്ടുപോകാന്‍ ആണ് ഉദ്ദേശം, ഒരു മാസം കഴിഞ്ഞ് ഞാന്‍ ഇതാണ് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നത്, ആരെങ്കിലും കൂടുന്നോ എന്‍റെ കൂടേ എന്ന്.

ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒന്നോ രണ്ടോ കൂട്ടു കിട്ടിയേക്കാം, അങ്ങനെ ആണെങ്കില്‍ നിങ്ങളുടെ പുതിയ ശീലം വളരെ വിജയകരമായി നിങ്ങള്‍ക്ക് കൂട്ടാവും, ഇനി ഇല്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച കാര്യം മുഴുമിപ്പിക്കാന്‍ മാനസികമായ ഒരു സമ്മര്‍ദ്ദം നിങ്ങള്‍ക്ക് ലഭിക്കും. ഒരു മാസം കൊണ്ടു നിങ്ങള്‍ക്ക് പുതിയ ഒരു ശീലവും.

ഇനി രണ്ടാമത്തെ വഴി. ഇത് കുറച്ച് കാശിന് ചിലവുള്ള വഴിയാണ്. നമ്മുടെ പ്രിയപ്പെട്ടവരോട് അതായത് മക്കളോടോ, ഇണയോടോ മറ്റോ പന്തയം വെക്കുക, ഈ കാര്യം ഞാന്‍ ചെയ്യുന്ന ഓരോ ദിവസവും നിനക്ക് ഞാന്‍ ഇത്ര രൂപ തരും എന്ന്, ബാക്കി അവര്‍ നോക്കിക്കോളും.

പ്രസിദ്ധ അമേരിക്കന്‍ ടിവി താരം ജെറി സിന്‍ഫെല്‍ട്സ് മറ്റൊരു നല്ല ഐഡിയ പറയുന്നുണ്ട്. ഒരു കോമെടിയനായ അദ്ദേഹം ഓരോ ദിവസവും ഒരു നല്ല ജോക്ക് എഴുതുന്ന ശീലം ഉറപ്പുവരുത്താന്‍ തന്‍റെ ബെഡ്‌റൂമില്‍ ഒരു വലിയ കലണ്ടര്‍ വെച്ചു എന്നിട്ട് ജോക്ക് എഴുതുന്ന ഓരോ ദിവസവും ഒരു വലിയ മാര്‍ക്കര്‍ പെന്‍ കൊണ്ടു മാര്‍ക്ക്‌ ചെയ്തു.

വളരെ പെട്ടെന്ന് തന്നെ അദേഹത്തിന്റെ കലണ്ടറില്‍ ഒരു ചെയിന്‍ രൂപപ്പെട്ടു. അദേഹത്തിന്റെ അനുഭവത്തില്‍ ഒരിക്കല്‍ ഒരു ചെയിന്‍ രൂപപ്പെട്ടാല്‍ പിന്നെ അത് പൊട്ടാതെ നോക്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കും എന്നാണ്.

മാര്‍ഗ്ഗം എന്തു തന്നെ ആയാലും ബോധപൂര്‍വ്വമുള്ള തനിയാവര്‍ത്തനം നിങ്ങള്‍ക്ക്‌ എന്തു പുതിയ ശീലങ്ങളും നല്‍കും, പഴയ ശീലങ്ങളെ മായ്ക്കുകയും ചെയ്യും. എനിക്കത് ശീലമില്ല എന്നതും, ശീലമായിപ്പോയി മാറ്റാന്‍ ആവുന്നില്ല എന്നതും ഒരു കാരണം അല്ല എന്നോര്‍ക്കുക. വേണമെങ്കില്‍ ചക്ക മറ്റെടത്തും കായ്ക്കും..!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...