Sunday, November 11, 2012

വേദനിപ്പിക്കുന്ന മാന്ത്രികന്‍

ഞാന്‍ എന്‍റെ ലാപ്ടോപ്പ് വളരെ പണിപ്പെട്ടു പുറത്തെടുത്തു, വേദന കൊണ്ട് ഞാന്‍ പുളയുകയായിരുന്നു. അദ്ദേഹം കുറച്ച് സമയം എന്നെ നോക്കി നിന്നു, എന്നിട്ട് അക്ഷമനായി ചോദിച്ചു..

ഇയാള്‍ എന്താ ഈ ചെയ്യുന്നത്..
എന്‍റെ MRI സ്കാന്‍ റിപ്പോര്‍ട്ട്‌ ഒരു സീഡിയില്‍ ആക്കിയിട്ടുണ്ട്, അതൊന്ന് താങ്കള്‍ക്ക് കാണിച്ചു തരാനാണ്..
അതിന്‍റെ ഒന്നും ആവശ്യമില്ല, എനിക്ക് അറിയേണ്ടത് ഇത് എന്‍റെ ചികിത്സ കൊണ്ട് മാറുന്നതാണോ അല്ലെ എന്നതാണ്..


എന്‍റെ സഹോദരനെ ഞാന്‍ ഒന്ന് നോക്കി, ഇത്ര നേരം എന്‍റെ ഇക്ക ഒരുപാട് പുകഴ്ത്തിയത് ഇയാളെ കുറിച്ച് തന്നെ ആയിരുന്നോ..
സ്ട്രെട്ച്ചരില്‍ കൊണ്ട് വരുന്ന രോഗികള്‍ നടന്ന് തിരിച്ച് പോവുമെന്ന് പറയപ്പെടുന്ന.. അവരെ സ്പര്‍ശനം കൊണ്ട് മാത്രം അഞ്ചു മിനിട്ടിനകം സുഖപ്പെടുത്താന്‍ കഴിയുന്ന അയാള്‍ തന്നെ അല്ലേ ഇത്..

ഈ മാന്ത്രികനില്‍ പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ടാണ് ഞാന്‍ ദുബായില്‍ നിന്നും വരുന്നത്, വിമാനം ഇറങ്ങി രാത്രി നേരെ ഇങ്ങു പോരുകയായിരുന്നു.. പക്ഷെ ഇപ്പോള്‍.. എന്‍റെ മുന്‍കാല റിപ്പോര്‍ട്ട്‌ കാണാന്‍ പോലും താല്പര്യം കാണിക്കാത്ത ഇയാളുടെ അടുത്തേക്ക്‌..

ഈ അത്ഭുത സിദ്ധികളിലും, മന്ത്രതന്ത്രങ്ങളിലും, ഒറ്റമൂലി തട്ടിപ്പിലും ഒന്നും കുടുങ്ങാറുള്ള ആളല്ല ഞാന്‍.. പക്ഷെ എന്‍റെ ഇക്കാക്ക്‌ ഒരേ നിര്‍ബന്ധം.. ആദ്യം നമുക്ക് ബേപ്പൂരില്‍ പോയി കുഞ്ഞിമുഹമ്മദ്‌ വൈദ്യരെ ഒന്ന് കാണാം അത് കഴിഞ്ഞു മതി മറ്റെന്തും..

ഞാന്‍ ഒന്നും പറഞ്ഞില്ല..പറയാന്‍ ഉള്ള അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍..ഇരുപത് ദിവസത്തോളം ഞാന്‍ നടുവേദന ആയി ചികിത്സയില്‍ ആണ്..ഇന്ജെക്ഷനും, മരുന്നുകളും, ഫിസിയോതെറാപ്പിയും കടന്ന് ഇനി ഓപറേഷന്‍ അല്ലാതെ മറ്റു വഴിയില്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ എന്‍റെ ഇക്കയെ വിളിച്ചത്. അറബ് നാട്ടില്‍ ജീവിച്ചവര്‍ക്ക് അറിയാം ഓപറേഷന്‍ വേണം എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ നമ്മള്‍ ഓടി നാട്പിടിക്കാന്‍ നോക്കും. കാരണം അവിടുത്തെ ഡോക്ടര്‍മാരില്‍ നമുക്ക്‌ അത്രയ്ക്ക് വിശ്വാസമാണ്..

ഓപറേഷന്‍ ആണെങ്കില്‍ നമുക്ക്‌ മദ്രാസ്സില്‍ നല്ല സ്ഥലം ഉണ്ട്..അതിന് മുന്‍പ് നമുക്ക് ബേപ്പൂര്‍ ഒരു വൈദ്യര്‍ ഉണ്ട് അയാളെ ഒന്ന് കാണാം, അതുകൊണ്ട് ഗുണം ഒന്നും ഇല്ലെങ്കില്‍ നമുക്ക് നേരെ മദ്രാസ്സിലെക്ക് കയറാം.. എന്തായാലും നീ ഇനി അവിടെ സമയം കളയണ്ട നേരെ ഇങ്ങ് കേറിക്കോ..ഇക്കയുടെ വാക്കും കേട്ട് ഞാന്‍ അന്ന് രാത്രി കിട്ടിയ ഫ്ലൈറ്റിന് നാടുപിടിച്ചതാണ്..

യാത്രയ്ക്ക് പറ്റിയ കണ്ടീഷന്‍ ഒന്നും അല്ലായിരുന്നു എനിക്ക്.. വിമാനത്തില്‍ ഞാന്‍ നിന്നാണ് യാത്രചെയ്തത്.. ഏറ്റവും അവസാനം വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടന്നത് ഞാന്‍ ആയിരുന്നു.. ഓരോ കുഞ്ഞടികള്‍ വെച്ച് ഓരോ നാലഞ്ചു അടിയിലും നിന്ന് വിശ്രമിച്ച്..

വിമാനത്താവളത്തില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് ബേപ്പൂരില്‍ ഉള്ള കുഞ്ഞിമുഹമ്മദ്‌ വൈദ്യരുടെ വീട്ടിലേക്കായിരുന്നു.

കാറില്‍ വെച്ച് ഇക്ക വൈദ്യരുടെ അദ്ഭുതസിദ്ധികളെ കുറിച്ച് വാചാലനായി..അദേഹത്തിന്റെ അളിയന്‍ നടുവേദന ആയി പോയി ഈ വൈദ്യരെ കണ്ടു.. അഞ്ചു മിനിറ്റ് കൊണ്ട് മാറിയത്രേ.. അയാള്‍ കയ്യില്‍ നുള്ളി പോലും, അതോടെ വര്‍ഷങ്ങളായി ഉള്ള നടുവേദന പോയി..നുളെളന്നു പറഞ്ഞാല്‍ ചില്ലറ നുള്ള് ഒന്നും അല്ലാട്ടോ..അളിയന്‍റെ കൂടേ ഒരു ബന്ധുവും പോയിരുന്നു ചികിത്സയ്ക്കായി ഇവനെ നുള്ളിയപ്പോള്‍ ഇവന്‍റെ കരച്ചില്‍ കണ്ടു അവന്‍ ഇറങ്ങിഓടിക്കളഞ്ഞു..!

ഇതൊന്നും പക്ഷെ എനിക്ക് ഒരു വിഷയമായി തോന്നിയില്ല, കഴിഞ്ഞ മൂന്നാഴ്ചയായി ഞാന്‍ അനുഭവിക്കുന്ന വേദനയെക്കാള്‍ കൂടാന്‍ ഒരു വഴിയുമില്ല എന്നെനിക്ക് ഉറപ്പാണ്‌. ഇത്രയും ദിവസങ്ങള്‍ കിടക്കുന്ന ഇടത്തുനിന്നും ഒന്ന് തിരിഞ്ഞു കിടക്കാന്‍ വേദന കാരണം എനിക്ക് ആവില്ലായിരുന്നു. ഞാന്‍ വെള്ളം കുടിക്കുന്നത് പറ്റെ നിര്‍ത്തിയിരുന്നു, മൂത്രമൊഴിക്കാന്‍ കക്കൂസില്‍ പോവാനുള്ള വേദനയോര്‍ത്ത്.

ഇക്ക ഫോണില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഞങ്ങളെ കാത്ത് ഇരിക്കുകയായിരുന്നു. സ്വതവേ രാത്രി ആരെയും കാണാറില്ല, ഇത് വൈദ്യരെ കാണാന്‍ ദുബായിയില്‍ നിന്നും വരുന്ന വഴിയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആശാന്‍ സമ്മതിച്ചതാണ്.

അവിടെ ഇരിയ്ക്കൂ.. ഒരു മടക്കി വെയ്ക്കുന്ന ഒരു സ്റ്റീല്‍ ചെയര്‍ ചൂണ്ടി വൈദ്യര്‍ കല്പിച്ചു.

ഞാന്‍ ഇരുന്നു, അദ്ദേഹം എന്‍റെ മുന്നില്‍ നിലത്തിരുന്നു, എന്‍റെ പാന്റ് ചുരുട്ടി ഉയര്‍ത്തി ഇടത് കാലിന്‍റെ മുട്ടിലെ ചിരട്ട പിടിച്ച് മുന്നിലേക്കും പിന്നിലേക്കും കുറച്ച് പ്രാവശ്യം ശക്തിയായി നീക്കി.

അപ്പോഴാണ്‌ ഞാന്‍ അദ്ദേഹത്തിന്റെ വിരലുകള്‍ ശ്രദ്ധിച്ചത്, ചൂണ്ടു വിരലും തള്ളവിരലും നഖങ്ങള്‍ കൂര്‍പ്പിച്ചു ഒരു പെന്‍സില്‍ പോലെ നില്‍ക്കുന്നു. മെലിഞ്ഞ ശരീരപ്രകൃതി ഉള്ള അദ്ധേഹത്തിന്റെ കൈകള്‍ക്ക് പക്ഷെ അസാമാന്യമായ കരുത്തുണ്ടായിരുന്നു.

അദേഹം തന്‍റെ തള്ളവിരലും ചൂണ്ടുവിരലും ഒരു ചവണ പോലെ എന്‍റെ മുട്ടിന്റെ അടിഭാഗത്ത് ഉള്ള വലിയ ഒരു ഞരമ്പില്‍ പിടിച്ച് (ചിരട്ടയുടെ ഒപ്പോസിറ്റ്‌ സൈഡ്, കാലിന്‍റെ പിറകുവശം) വശങ്ങളിലേക്ക് ശക്തിയായി പലവുരി ഇളക്കി എന്‍റെ കണ്ണുകളില്‍ നോക്കി പറഞ്ഞു.. ഇത് നമുക്ക് ശരിയാക്കാം, ചെറിയ ഒരു വേദന കാണും ട്ടോ..

ഇത് വരെ ഉള്ളതിനെ വേദന എന്ന് വിളിക്കില്ല എന്ന് അപ്പോള്‍ എനിക്ക് മനസ്സില്‍ ആയി, വെറുതെയല്ല ഇക്കയുടെ അളിയന്‍റെ ബന്ധു ഇറങ്ങി ഓടിയത്..

വേദന എത്രയും സഹിക്കാം.. ഇപ്പോള്‍ അനുഭവിക്കുന്ന നടുവേദനയെക്കാള്‍ വരും എന്ന് എനിക്ക് വിശ്വാസം ഇല്ല..ഒരൊറ്റനിമിഷം ഞാന്‍ ഒന്ന് തയ്യാര്‍ ആയിക്കോട്ടെ..ഞാന്‍ പറഞ്ഞു
ഞാന്‍ സാവധാനം ഒരു ദീര്‍ഘശ്വാസം എടുത്തു, മനസ്സിനെ വേദന സഹിക്കാന്‍ പ്രാപ്തമാക്കി, പല്ലുകള്‍ ഇറുക്കെ കടിച്ചു പിടിച്ചു.. തയ്യാര്‍ ആയെന്നു തലകുലുക്കി കാണിച്ചു.

വൈദ്യര്‍ എന്‍റെ കാലിന്‍റെ പിന്നില്‍ പ്രതലത്തില്‍ കാണുന്ന ഞരമ്പില്‍ നിന്നും പിടിവിട്ടു, ആ ചവണ കൈകള്‍ കൂടുതല്‍ ആഴത്തിലേക്ക് ആഴ്ന്നിറങ്ങി ഉള്ളില്‍ എവിടെയോ ഉള്ള ഒരു കുഞ്ഞു ഞരമ്പിനെ തിരഞ്ഞു കൊണ്ടിരുന്നു, ഇടയ്ക്കിടയ്ക്ക് അദ്ദേഹം പുറത്തെ വലിയ ഞരമ്പ്‌ പിടിച്ച് ശക്തിയായി വശങ്ങളിലേക്ക് പിടിച്ച് കുലുക്കും, വീണ്ടും മറഞ്ഞു നടക്കുന്ന ഒരു കള്ള ഞരമ്പിനെ ആഴത്തില്‍ പോയി തിരയും..

എന്‍റെ നടുവേദന അത്രയ്ക്ക് കഠിനമായിരുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ അവിടെ ആ വേദന സഹിച്ച് ഇരുന്ന് പോയത്.

ഒന്ന് പക്ഷെ ഞാന്‍ ശ്രദ്ധിച്ചു എനിക്ക് എന്‍റെ നടുവേദന ഇപ്പോള്‍ അനുഭവപ്പെടുന്നില്ല പകരം അവിടെ മൊത്തം ഒരു പുകച്ചില്‍..

വൈദ്യര്‍ എന്‍റെ കാലുകളുടെ പിടി വിട്ടു എന്‍റെ കൈകളില്‍ പിടി മുറുക്കി. ആ ചവണ കൈകള്‍ എന്‍റെ വലത് മേല്‍കൈക്ക് (മുട്ടിനും തോളിനും നടുവില്‍, ഉള്‍വശത്ത്) അകത്തെക്ക് കയറിപ്പോയി രണ്ടു പെന്‍സില്‍ തറച്ചു വെച്ചപോലെ. കാലുകളെ പോലെ ഇവിടെയും ആരെയോ അദ്ദേഹം തിരഞ്ഞു കൊണ്ടിരുന്നു. വേദന കൊണ്ട് ഞാന്‍ വലിഞ്ഞു മുറുകിയിരുന്നു.

ഞാന്‍ ശ്വാസം ശക്തിയായി വലിച്ചു വിട്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇല്ല കഴിഞ്ഞു..
ആ വിരലുകള്‍ എന്‍റെ കൈകളില്‍ നിന്നും അദ്ദേഹം മാറ്റിയപ്പോള്‍ അവിടമാകെ നീലിച്ചിരുന്നു, പിടിച്ച ഭാഗത്ത് ചോര പൊടിയുന്നുമുണ്ടായിരുന്നു.

ങ്ങും, പെട്ടെന്ന് കുനിഞ്ഞു നിവരൂ.. അദ്ദേഹം കല്‍പ്പിച്ചു
കുനിഞ്ഞു നിവരാനോ, ഒന്ന് ഇരിക്കാന്‍ പോലും വയ്യാത്ത എന്നോട്..
വേഗം വേണം, ഒരു നാലഞ്ചു തവണ.. അദേഹത്തിന്റെ ശബ്ദം കനത്തിരുന്നു..

ഞാന്‍ അനുസരിച്ചു, അത്ഭുതം എന്ന് പറയട്ടെ എനിക്ക് കുനിയാന്‍ ഒരു വിഷമവും തോന്നിയില്ല, നാലഞ്ചു തവണയല്ല ഒരു പത്തു തവണയെങ്കിലും ഞാന്‍ കുനിഞ്ഞു നിവര്‍ന്നു, ഓരോ പ്രാവശ്യവും കൂടുതല്‍ കൂടുതല്‍ അവിശ്വസനീയതയോടെ..
ഇനി ഈ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും വലിഞ്ഞു നടക്ക്..

ഞാന്‍ അനുസരിച്ചു.. എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല..
ആ മരുന്ന് ഇങ്ങ് കൊടുക്കൂ..ഒരാഴ്ച്ച കഴിച്ചാല്‍ മതി..
ഒരു പയ്യന്‍ എനിക്ക് ഒരു കവര്‍ നീട്ടി അതില്‍ ഒരു കുപ്പിയില്‍ ചുവന്ന വെള്ളവും, ഒരു കുപ്പിയില്‍ കറുത്ത വെള്ളവും ഉണ്ടായിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞ്‌ വരാം അല്ലെ.. ഞാന്‍ ചോദിച്ചു
എന്തിനാ വരുന്നത്..ഇയാളുടെ നടുവേദന മാറി, ഇനി കുറേ കാലത്തേക്ക് വരില്ല, വരുമ്പോള്‍ നോക്കാം.. ഒരാഴ്ച്ച കഴിച്ച് മരുന്ന് നിര്‍ത്തിക്കോളൂ..

എനിക്ക് വിശ്വസിക്കാന്‍ ആയില്ല, എന്‍റെ നടുവേദന മാറിയെന്നോ.. ഇത്രയും കാലം ഞാന്‍ മരുന്നുകളും ചികില്‍സകളും ആയി കഴിഞ്ഞത് വെറും അഞ്ചു മിനുട്ട് പോലും എടുത്തില്ല അത് കൊണ്ടു മാറിയെന്നോ.. വൈദ്യര്‍ക്ക്‌ തെറ്റിക്കാണും ചെറിയ വല്ല വേദന എന്നാവും മൂപ്പര്‍ കരുതിക്കാണുക..

എനിക്ക് ഡിസ്ക്ക് പ്രോലാപ്സ്‌ ആണ്..ഈ എല്ലുകള്‍ക്ക് ഇടയില്‍ നിന്നും ഡിസ്ക്ക് പുറത്തേക്ക് വരുന്ന..
വൈദ്യര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.. ഡിസ്ക്ക് പ്രോലാപ്സ്‌ എന്താണ് എന്ന് എനിക്ക് അറിയാം.. ഇത് മന്ത്രവാദം ഒന്നുമല്ല, ഞാന്‍ പല ഹോസ്പിറ്റലിലും വിസിറ്റിംഗ് ഡോക്ടര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നുണ്ട്..

ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ എഴുന്നേറ്റു.. എന്‍റെ മുഖം കണ്ടാവണം അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു..

ഞാന്‍ നിന്‍റെ കാലിലും കൈയ്യിലും പിടിച്ചു വലിച്ച ഒരു ചെറിയ ഞരമ്പ് ഉണ്ട്, അതിലൂടെ ആറു തുള്ളി രക്തം (ഒരു മണിക്കൂറില്‍ എന്നോ അതോ ദിവസത്തില്‍ എന്നോ മറ്റോ ഒരു കണക്ക്‌ പറഞ്ഞു, വ്യക്തമായി എനിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ല) ഒഴുകണം, ഈ ഞരമ്പ്‌ ചതയുകയോ, മടങ്ങുകയോ മറ്റോ ചെയ്‌താല്‍ ഇതിലൂടെയുള്ള രക്തത്തിന്‍റെ അളവ് കുറയും, അളവ് കുറഞ്ഞാല്‍ വേദന തുടങ്ങും, ഞാന്‍ ആ ഞരമ്പിനേ വലിച്ച് നിവര്‍ത്തുകയാണ് ചെയ്യുന്നത്, രക്തം ഒഴുകാന്‍ തുടങ്ങുമ്പോള്‍ വേദന ഇല്ലാതാവും..

അവിശ്വസനീയമായ ചികിത്സ, പത്തു മിനിറ്റിനു താഴെ മാത്രമേ ഞങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ, വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുന്ന വേദന മാറാന്‍ നിമിഷങ്ങള്‍ മാത്രം.

അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഞങ്ങള്‍ മടങ്ങുമ്പോള്‍ കഴിഞ്ഞത്‌ ഒരു സ്വപ്നമല്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു..!

അഡ്രസ്‌:  ബേപ്പൂരില്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിനോടു ചാരിയിട്ടാണ് കുഞ്ഞി മുഹമ്മദ്‌ വൈദ്യരുടെ ചികിത്സാ കേന്ദ്രം. അദ്ദേഹം അന്നാട്ടുകാര്‍ക്കിടയില്‍ മാപ്പിള വൈദ്യര്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്.

ഈ ലിങ്കില്‍ അമര്‍ത്തുക ഇല്ലെങ്കില്‍ ഗൂഗിള്‍ മാപ്പില്‍ 11.167274,75.803657 എന്ന് സെര്‍ച്ച്‌ ചെയ്യുക, നിങ്ങള്‍ക്ക് വഴി തെറ്റാതെ അവിടെ എത്തിച്ചേരാം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...