Monday, November 12, 2012

സംതൃപ്തി

എന്‍റെ ഏറ്റവും വലിയ ആഗ്രഹം നൈക്കിയുടെ ഈ സ്പൈക്ക് ഷൂ വാങ്ങുന്നതാ.. എന്‍റെ മകന്‍ അക്കി നെറ്റില്‍ അവന്‍റെ പ്രിയപ്പെട്ട ഷൂ അവന്‍റെ ഉമ്മാക്ക് കാണിച്ചു പറഞ്ഞു.

എന്നോട് ഇത്തരം കാര്യങ്ങള്‍ അധികവും അവന്‍ പറയാറില്ല. പറഞ്ഞാല്‍ ഞാന്‍ ചോദിക്കും ഇതിനെ നമുക്ക്‌ അത്യാവശ്യമോ, ആവശ്യമോ, അനാവശ്യമോ ഇതില്‍ ഏതു ഗണത്തില്‍ പെടുത്താം.?

അതിന്‍റെ ഉത്തരം അറിയുന്നതിനാല്‍ അവന്‍ അവന്‍റെ ഉമ്മയുടെ നേരെയാണ് അധികവും ഉന്നം വെയ്ക്കുക. ട്രൈ ആന്‍ഡ്‌ ട്രൈ അണ്ടില്‍ യു മേക്‌ ദം ക്രൈ എന്ന ലൈന്‍ ആണ് അവന്‍ പിടിച്ചിരിക്കുന്നത്.


അങ്ങനെ നിരന്തരമായി 'മരിക്കുന്നതിനു മുന്‍പ്‌ എനിക്ക് ഈ ഷൂ ഒന്ന് ധരിക്കണം.' തുടങ്ങിയ ഡയലോഗുകള്‍ കാച്ചി ചെവി കല്ലായി അസി എന്നോട് പറഞ്ഞു..

ഇനി നിങ്ങളുടെ വക അത്യാവശ്യമോ അനാവശ്യമോ എന്ന ചോദ്യം വേണ്ട, രണ്ടു പേരുടെയും ഡയലോഗു കേട്ട് കേട്ട് എനിക്ക് വട്ടാവും.. നിങ്ങള്‍ വാങ്ങിക്കൊടുക്കുന്നോ അതോ ഞാന്‍ എന്‍റെ തനിനിറം..

ശ്ശോ എന്തിനാ പ്പോ ഇങ്ങനെ ഒക്കെ പറയുന്നത്, വാങ്ങി കൊടുക്കണമെങ്കില്‍ ഒരൊറ്റ വാക്ക്‌ പറഞ്ഞാല്‍ പോരെ എന്നും പറഞ്ഞു ഞാന്‍ നൈക്കിയുടെ സ്പൈക്ക് ഷൂവിനെ അനാവശ്യത്തിന്‍റെ കോളത്തില്‍ നിന്നും വെട്ടി അത്യാവശ്യത്തിന്‍റെ ലിസ്റ്റില്‍ ഇട്ടു. ഈ വയസ്സാന്‍ കാലത്ത് അവളുടെ തനിനിറം..

ഷൂ കിട്ടിയപ്പോള്‍ അക്കി സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു. അസിയോട്, അവന് കിട്ടിയതില്‍ ഏറ്റവും നല്ല വാപ്പ ഞാന്‍ ആണെന്ന് അവന്‍ ആവര്‍ത്തിച്ചു സമ്മതിച്ചു.

ഒരു മനുഷ്യന്റെ ഏറ്റവുംവലിയ ആഗ്രഹം സാധിച്ചാല്‍ അവന്‍ എന്ത് ചെയ്യും..അവന്‍ അതിനേക്കാള്‍ വലുത് ആഗ്രഹിക്കും..!

ഇപ്പോള്‍ അക്കിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഐഫോണ്‍ ഫൈവ് സ്വന്തമാക്കുക എന്നുള്ളതാണ്. അവന്‍റെ തന്ത ഒരു എസ്റ്റൂ ഒപ്പിച്ചത് എത്ര എരന്നിട്ടാ എന്നവന് അറിയില്ല.

അവന്‍ പ്രയോഗിക്കുന്ന പുതിയ ഡയലോഗ് ഇതൊക്കെയാണ്..

ഉമ്മാ മനുവിന്‍റെ സിസ്റ്റര്‍ അവന്‍റെ ഉപ്പയോട് ഒരു ഐഫോണ്‍ ഫൈവ് വേണം എന്ന് പറഞ്ഞു, ഉടനെ അവന്‍റെ ഉപ്പ അവള്‍ക്ക് ഒരു ഐഫോണ്‍ ഫൈവ് വാങ്ങി കൊടുത്തു, അവള്‍ അവളുടെ ഗാലക്സി എസ്ത്രീ മനുവിനു കൊടുത്തു, എന്താ അവരുടെ വീട്ടിലെ ഒരു സന്തോഷം ല്ലേ, അങ്ങനത്തെ ഉപ്പാനേ എനിക്ക് കിട്ടിയിരുന്നെങ്കില്‍....!..!

കരീം ഇല്ലേ അവന്‍റെ ഉപ്പാനോട് ഒരു ഫോണ്‍ വേണം എന്ന് പറഞ്ഞു, അവന്‍റെ ഉപ്പ ഏതു ഫോണ്‍ എന്ന് പോലും ചോദിച്ചില്ല, ഉടനെ മൂവായിരം റിയാല്‍ എടുത്ത് കൊടുത്തു, അവന്‍ പോയി ഒരു ഐഫോണ്‍ ഫോര്‍ വാങ്ങി. എന്താ ല്ലേ..!

ഉമ്മാ ക്ലാസ്സില്‍ ഫോണ്‍ ഇല്ലാത്ത ഏക കുട്ടി ഞാന്‍ മാത്രമാണ്, എനിക്ക് മരിക്കുന്നതിന് മുന്‍പ്‌ ഒരു ഐഫോണ്‍ ഫൈവ് വാങ്ങണം, എന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹമാ..!

അക്കി മാത്രമല്ല, ഞാനും നിങ്ങളും എല്ലാം ഇങ്ങനെ ആണ്. സന്തോഷം വിലക്ക് വാങ്ങാന്‍ ആവില്ല എന്ന് നമ്മള്‍ പറയുന്നു, പക്ഷേ കഴിയും എന്ന് നമ്മള്‍ വിലയ്ക്ക് വാങ്ങി സ്വയം ബോധ്യപ്പെടുത്തുന്നു.

ടാബ്ലെട്ടും, ഫോണും, കാറും, വാച്ചും, ഗ്ലാസ്സും, ബൈക്കും, വസ്ത്രങ്ങളും എല്ലാം വാങ്ങിക്കൂട്ടി നമ്മള്‍ എത്ര സന്തോഷത്തില്‍ ആണ് ജീവിക്കുന്നത് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി കൊടുക്കുന്നു.

പക്ഷേ ആ സന്തോഷം എത്ര പെട്ടെന്നാണ് മറയുന്നത്, മാര്‍ക്കറ്റില്‍ അതാ പുതിയ മോഡല്‍ ഫോണ്‍ ഇറങ്ങി, എന്താ ഒരു ഭംഗി, അതിന്‍റെ സ്പീഡോ, എത്ര മാത്രം അപ്പ്ലിക്കേഷനാ അതില്‍, ഇപ്പൊ എല്ലാരുടെയും കയ്യില്‍ അതാ, എന്‍റെ ഈ 'പണ്ടാരം' എന്നാണ് ഒന്ന് കൊടുത്തു അതുപോലെ ഒന്ന് വാങ്ങാന്‍ പറ്റുക. പുതിയ കാര്‍ കണ്ടോ, അത് വാങ്ങിയാല്‍ എന്‍റെ വീട്ടില്‍ എന്തൊരു സന്തോഷമായിരിക്കും. അവന്‍റെ കേട്ടിയോളെ കണ്ടോ അവളെ എനിക്ക് കിട്ടിയാല്‍ ഞാന്‍ പിന്നെ ആരാ..!

അതെ കാശ് നല്‍കുന്ന, അല്ലെങ്കില്‍ കാശ് കൊണ്ടു വാങ്ങുന്ന സന്തോഷം താത്കാലികമാണ്, നമ്മള്‍ സന്തോഷത്തിനു വേണ്ടിയല്ല ജീവിക്കേണ്ടത് സംതൃപ്തിക്ക് വേണ്ടിയാണ്. അത് തമ്മില്‍ ഉള്ള വെത്യാസം എത്രപേര്‍ക്കറിയാം, ഏതായാലും കൂടുതല്‍ പേര്‍ക്കറിയില്ല എന്ന് നമുക്ക്‌ ചുറ്റും നോക്കിയാല്‍ ഉറപ്പിക്കാം.

സംതൃപ്തി നമുക്ക് സന്തോഷം നല്‍കും, ശാശ്വതമായ സന്തോഷം. മാത്രമോ സംതൃപ്തി നൂറു ശതമാനവും നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്നതാണ്..!

സംതൃപ്തിയിലൂടെ സന്തോഷം ലഭിക്കാന്‍ നമുക്ക്‌ വേണ്ടത്‌ കൃതജ്ഞതയാണ്. നമുക്ക്‌ എന്തെങ്കിലും നല്ലത് സംഭവിച്ചാല്‍ അതിന് കാരണക്കാരനോട് നമ്മള്‍ കൃതജ്ഞത കാണിക്കുക, നമുക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ നിന്നും ഉള്‍ക്കൊണ്ട് പാഠത്തിനു നമ്മള്‍ കൃതജ്ഞത കാണിക്കുക, ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ലെങ്കില്‍ പടച്ചവനോട് ജീവിക്കാന്‍ ഒരു അവസരം തന്നതിന് കൃതജ്ഞത കാണിക്കുക.

നിങ്ങള്‍ക്ക്‌ ശാശ്വതമായ സന്തോഷം ലഭിക്കാന്‍ ഞാന്‍ ചെറിയ രണ്ടു കാര്യം പറഞ്ഞു തരാം, ശ്രമിക്കുമോ താങ്കള്‍ വെറും പത്ത് ദിവസത്തിന്.?

ഒന്ന് - കേട്ടാല്‍ നിസ്സാരം എന്ന് തോന്നും പക്ഷേ ചുരുങ്ങിയത് പത്തു ദിവസം വിടാതെ ചെയ്‌താല്‍ നിങ്ങള്‍ എല്ലായിപ്പോഴും സംതൃപനായ ഒരു മനുഷ്യന്‍ ആയി മാറാനാവും എന്നാണ് എന്‍റെ വിശ്വാസം. ചെയ്യാനുള്ളത് ഇതാണ് നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ അവ എത്ര ചെറുതും ആവട്ടെ, എത്ര വലുതും ആവട്ടെ അതിന്‍റെ ഒരു നല്ല വശം കണ്ടെത്താന്‍ ശ്രമിക്കുക.

ഉദാഹരണം 1: റോഡ്‌ മൊത്തം ബ്ലോക്ക്‌ ആണ്, ഇന്ന് ഓഫീസില്‍ എത്താന്‍ വൈകും, ബോസ്സ് എന്ത് പറയുമോ ആവോ എന്നതിന് പകരം ഒഴിഞ്ഞിരിക്കാന്‍ നേരം കിട്ടാറില്ല ഇപ്പൊ ഈ കാറിനകത്ത് ഇരുന്ന് പ്രാണായാമ പ്രാക്ടീസ് ചെയ്യാം ഈ ശ്വാസംമുട്ടലിന് ഒരു കുറവാകും എന്ന് കരുതുക. നമ്മള്‍ ബേജാര്‍ ആയതുകൊണ്ട് ട്രാഫിക്‌ എന്തായാലും കുറയില്ലല്ലോ.

ഉദാഹരണം 2: എന്‍റെ കാര്യം എടുക്കാം. ഞാന്‍ വര്‍ഷങ്ങളായി നടുവേദന കൊണ്ടു കഷ്ടപെടുന്ന ഒരുത്തനാണ്. ഇന്നും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്ക് നടുവേദന തുടങ്ങും. എന്‍റെ നടുവേദനയെ കുറിച്ച് നെടുവീര്‍പ്പിട്ടു നടക്കുന്നതിനു പകരം അത് എനിക്ക് എക്സര്‍സൈസ് ചെയ്യാന്‍ ഉള്ള ഒരു വഴികാട്ടിയായി ഞാന്‍ കാണുമ്പോള്‍ ഞാന്‍ സന്തുഷ്ടനാവുന്നു. എക്സര്‍സൈസ് എന്‍റെ നടുവേദന മാറ്റുക മാത്രമല്ല എന്നെ ആരോഗ്യവാന്‍ ആക്കാന്‍ സഹായിക്കുന്നു.

ഉദാഹരണം 3: നിങ്ങടെ കാമുകി (എന്‍റെത് എന്ന് പറയാന്‍ പറ്റില്ലല്ലോ, അറിയാലോ 'തനിനിറം'..!) നിങ്ങളെ വിട്ട് ആ ബെന്‍സുകാരനെ കെട്ടി. വീശുന്നവര്‍ക്ക് രണ്ടെണ്ണം വീശാനും, താടി വളര്‍ത്തി നെടുവീര്‍പ്പിട്ടുനടക്കുന്നവര്‍ക്ക് നെടുവീര്‍പ്പ് വളര്‍ത്തി താടി ഇട്ട് നടക്കാനും ഉള്ള സുവര്‍ണ്ണാവസരം. അതിനു പകരം ഈ ബന്ധം മുന്നോട്ട് പോയാല്‍ തന്നെ അതിന്‍റെ വിജയ സാധ്യത വിലയിരുത്താനും, ഇനി ഒരു ബന്ധത്തില്‍ കുടുങ്ങുന്നതിനു മുന്‍പ്‌ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളതിന് ഒരു പാഠം ആയി സ്വയം വരുത്തേണ്ട മാറ്റങ്ങളില്‍ ശ്രദ്ധിക്കാനും ശ്രമിക്കുമ്പോള്‍ എന്തായാലും വീശി വാളുവെക്കുന്നതിനെക്കാള്‍ സമാധാനം കിട്ടും.

ഉദാഹരണം 4: എനിക്ക് കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ വിധിയെഴുതി, മൂന്ന് മാസം സമയം തന്നു, അതിനിടയില്‍ പറ്റുന്നത്ര കീമോയും, ടെസ്റ്റുകളും, ഓപറേഷനും ചെയ്ത് പറമ്പിന്റെ ആധാരം വരെ ബാങ്കില്‍ കൊണ്ടു കൊടുത്തു ഹോസ്പിറ്റല്‍കാരന്‍റെ കീശ വീര്‍പ്പിച്ചു കൊടുത്ത് എന്‍റെ വിധിയില്‍ പരിതപിച്ചു മൂന്ന് മാസം നരകിച്ച് മരിക്കുന്നതിനെക്കാള്‍, ഓക്കെ ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ചു, ചെയ്യാന്‍ ഒരുപാട് ജോലി ബാക്കിയുണ്ട്, പക്ഷേ സമയം ഇല്ല, എന്‍റെ കാശും സമയവും ഇനിയുള്ള കാലം എന്നെപോലെയോ അല്ലെങ്കില്‍ മറ്റു രീതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി മാറ്റിവെക്കാം എന്ന് തീരുമാനിച്ചാല്‍ മൂന്ന് മാസം കൊണ്ടു എന്‍റെ മുദ്ര ഭൂമിയില്‍ പലരുടെ ജീവിതത്തിലും പതിപ്പിച്ച് ഞാന്‍ നിറഞ്ഞു നില്‍ക്കും, ഞാന്‍ പോയെന്ന്‌ അറിയുമ്പോള്‍ വേദനിക്കാന്‍ എന്‍റെ കുടുംബം മാത്രമല്ല കാണുക.

സമയമാകുമ്പോള്‍ നമ്മള്‍ എല്ലാം പോവും, എത്ര മുന്തിയ ഹോസ്പിറ്റലിലെ ചികിത്സക്കും മരണത്തിനെ പിടിച്ചു നിര്‍ത്താന്‍ ആവില്ല. ഉള്ളതെല്ലാം വിറ്റ് പെറുക്കി ജീവന്‍ നീട്ടിക്കൊണ്ടു പോവാന്‍ ശ്രമിക്കുന്നതിനെക്കള്‍ എന്‍റെ സമ്പാദ്യം എന്‍റെ മക്കള്‍ക്കെങ്കിലും ഉപയോഗപ്രദമാവും എന്ന ചിന്തയാണ് എനിക്ക് സമാധാനം തരിക.

എനിക്കറിയാം ഈ ഉദാഹരണം കുറച്ച് കടന്നതാണ്. മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ഇങ്ങനെ പറയാന്‍ കഴിയുമോ എന്നെനിക്കറിയില്ല പക്ഷേ ഇന്ന് എന്‍റെ ചിന്താഗതി ഇതാണ്.

രണ്ട് - കുറച്ച് ബുദ്ധിമുട്ടുള്ള പണിയാ ഇത്. മറ്റുള്ളവരെ ധനം കൊണ്ടു സഹായിക്കുക, സംഘടനകള്‍ക്ക്‌ പണം നല്‍കിയല്ല, ആവശ്യക്കാരെ നേരില്‍ക്കണ്ട് അവരുടെ ആവശ്യങ്ങള്‍ നടത്തികൊടുക്കുക. തിരിച്ച് നന്ദിയും, പത്രത്തില്‍ പടം വരും എന്നും, കല്യാണവീട്ടില്‍ അവന്‍ എല്ലാവരോടും ഇത് പറയും അല്ലെങ്കില്‍ അവരുടെ പേരക്കുട്ടിയെ വീട്ടില്‍ സഹായത്തിന് കിട്ടും എന്നൊന്നും പ്രതീക്ഷിട്ട് ആവരുത്.

നമ്മുടെ ധനത്തിന്‍റെ ഒരംശം അവരുടെ അവകാശം ആണെന്ന് കരുതി അത് ദാനം ചെയ്യുക. വന്ന് വാങ്ങിപ്പിക്കുകയല്ല (അവിടെ അടിമ ഉടമ മനോഭാവം ഒഴിവാക്കാനാവില്ല) അവിടെ എത്തിച്ച് കൊടുക്കുക (നേരിട്ട് ആവാത്തതാണ് നല്ലത്, ഇല്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ ഒരു മുതലാളി ഉണരും).

അവര്‍ക്കത് തല ഉയര്‍ത്തി വാങ്ങാന്‍ ആവണം, നമ്മോട് ഒരു ബാധ്യതയും ഇല്ലാതെ. അപ്പോള്‍ നമുക്ക്‌ നാലാള്‍ക്കു നമ്മെകൊണ്ട് ഉപകാരം ഉണ്ടായതിന്റെ സതോഷം ഉണ്ടാവും, അവരുടെ പ്രാര്‍ത്ഥന നമുക്ക്‌ ഒരു തണലാവും.

നമ്മള്‍ എല്ലാം ആഗ്രഹിക്കുന്നത് സന്തോഷം നിറഞ്ഞ ഒരു ജീവിതം തന്നെയാണ്. പക്ഷേ ഇന്നിന്‍റെ ചായങ്ങള്‍ക്കിടയില്‍ നിന്നും പലപ്പോഴും അതെങ്ങനെ ലഭിക്കും എന്ന് നാം കാണുന്നില്ല, ഇല്ലെങ്കില്‍ ഈ അറിവിനു നമ്മള്‍ വില നല്‍കുന്നില്ല, നമ്മള്‍ കാശ് ഉണ്ടാക്കാനുള്ള ഓട്ടത്തിലാണ്.

കാശിന് നമുക്ക്‌ സന്തോഷം വാങ്ങിത്തരാന്‍ ആവുമെന്ന് നമുക്ക്‌ ഉറപ്പാണ്‌, അല്ലെ, ഉവ്വോ.?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...