Sunday, October 7, 2012

അഞ്ചു പന്തുകള്‍

ഒരേ കമ്പനിയില്‍ നാല്‍പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുവിനെ, തോമസിനെ, കരുണനെ നിങ്ങള്‍ അറിയുമോ. വാര്‍ത്തയുടെ കൂടെ പ്രായമായ അവരുടെ ചിത്രവും ഉണ്ടായിരുന്നു.

ജീവിതത്തിന്‍റെ നല്ലൊരു പങ്കല്ല, ജീവിതംതന്നെ പ്രവാസത്തില്‍ ഹോമിച്ച ജീവിതത്തിന്‍റെ വിലയറിയാത്ത പാവങ്ങള്‍. അവര്‍ ജീവിച്ചത് തന്നെ ജോലി ചെയ്യാന്‍ വേണ്ടി ആയിരുന്നു.

എന്തെങ്കിലും ജോലിയല്ല സ്വന്തം കമ്പനി പോലെ കരുതി, ആത്മാര്‍ഥമായി, എല്ലുമുറിയെ പണിയെടുത്ത് അവര്‍ വളര്‍ത്തി വലുതാക്കിയ കമ്പനി, തികഞ്ഞ നന്ദിയോടെ സന്തോഷത്തോടെ അവര്‍ മടങ്ങുകയാണ് ഇനിയുള്ള കാലം സ്വന്തം കുടുംബത്തിന്റെ കൂടെ ജീവിതം ആസ്വദിക്കാന്‍. പോവുമ്പോള്‍ നല്ലൊരു തുക നല്‍കി, ഗംഭീരന്‍ പാര്‍ട്ടിയും കൂട്ടത്തില്‍ വിലകൂടിയ ഒരു ഗിഫ്റ്റും നല്‍കി, എത്ര നല്ല കമ്പനി.! തോമസ്സ് ഭാഗ്യവാനാ, അവന്‍റെ മകന് കമ്പനി ഒരു വിസ കൊടുത്തു, ഇനി മകന്‍ നോക്കികൊള്ളും..!


പതിനേഴാം വയസ്സില്‍ ആണ് അബ്ദു കടല്‍ കടന്നത് ഇന്ന് മടങ്ങുമ്പോള്‍ സംതൃപ്തി ഉണ്ട്, പെണ്‍മക്കളെ എല്ലാം നല്ല നിലയില്‍ കല്യാണം കഴിച്ചയച്ചു, ആണ്‍ കുട്ടികള്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു, ഭാര്യക്ക്‌ പ്രഷറും ഷുഗറും ഉണ്ട്, തനിക്കുമുണ്ട് പ്രഷര്‍, കൂടാതെ ഹാര്‍ട്ടിന് രണ്ടു ബ്ലോക്കും. വയ്യ ഇനി മതി അവളും കുട്ടികളും കുറെ കാലമായി മതിയാക്കി ചെല്ലാന്‍ പറയുന്നു.

മടങ്ങാന്‍ തീരുമാനിച്ച് മാനേജറെ കണ്ടപ്പോള്‍ അവര്‍ കുറെ പോവണ്ട എന്ന് പറഞ്ഞു, തനിക്ക് ഇവിടെ എന്തിന്‍റെ കുറവാണ് എന്ന് ചോദിച്ചു, കാശ് വേണമെങ്കില്‍ കൂട്ടി നല്‍കാം എന്ന് പറഞ്ഞു, സത്യത്തില്‍ അത് കേട്ടപ്പോള്‍ വിഷമമാണ് തോന്നിയത്, സ്വന്തം കമ്പനി ആയി മാത്രേ എന്നും കരുതിയിട്ടുള്ളൂ, കാശ് ഒരിക്കലും നോക്കിയിട്ടില്ല, തന്നെ അവര്‍ക്ക് അത്ര കാര്യമായിരുന്നു. പക്ഷെ പോവണം, എന്നേ കാത്ത് ഒരു കുടുംബം കണ്ണില്‍ എണ്ണയൊഴിച്ച് ഇരിപ്പുണ്ട് ഇനിയുള്ള കാലം അവര്‍ക്കുള്ളതാണ്..!

ഉവ്വോ. നിങ്ങളെ കാത്ത് ആരെങ്കിലും ഇരിപ്പുണ്ടോ. ഇല്ല കൂട്ടുകാരാ, ഉണ്ടായിരുന്നു കാത്ത് കാത്ത് നിങ്ങള്‍ വരാതായപ്പോള്‍ അവര്‍ നിങ്ങള്‍ ഇല്ലാത്ത അവരുടെ ജീവിതം ജീവിച്ചു തുടങ്ങി. ഇപ്പോള്‍ നിങ്ങളെ ഉള്‍കൊള്ളാന്‍ അവര്‍ക്കിടയില്‍ ഇടം കാണില്ല, അതവരുടെ കുഴപ്പമല്ല.

അരുത്.. നിങ്ങള്‍ ഒരു കറവപ്പശു മാത്രമായിരുന്നു എന്ന് പറയരുത് അവര്‍ നിങ്ങളെ കറന്നിട്ടില്ല, നിങ്ങള്‍ അയച്ചു കൊടുത്തതില്‍ നിന്നും അവര്‍ക്കാവുന്ന ഒരു ജീവിതം കെട്ടിപ്പൊക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. അതില്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് അവരുടെ കുറ്റമല്ല, നിങ്ങള്‍ക്ക് ജോലിയുടെ തിരക്കുകള്‍ ആയിരുന്നല്ലോ..!

നിങ്ങളുടെ ജീവിതം ഒരു സര്‍ക്കസ്‌ ആണെന്നും അതില്‍ അഞ്ചു പന്തുകള്‍ അമ്മാനമാടുന്ന ഒരുത്തന്‍ ആണ് നിങ്ങള്‍ എന്നും കരുതുക. ആ പന്തുകള്‍ ജോലി, കുടുംബം, ആരോഗ്യം, സുഹ്രത്തുക്കള്‍, വ്യക്തിത്വം ഇവയാകട്ടെ. കൂടുതല്‍ വൈകാതെ നിങ്ങള്‍ക്ക് മനസ്സില്‍ ആവണം ജോലി എന്ന പന്ത് റബ്ബര്‍ കൊണ്ട് ഉണ്ടാക്കിയതാണ് അത് താഴെക്കിട്ടാലും പഴയപോലെ തിരിച്ച് പൊന്തി വരും. പക്ഷെ മറ്റുള്ള പന്തുകള്‍ ഗ്ലാസ്‌ കൊണ്ട് ഉണ്ടാക്കിയതാണ്.

അവയില്‍ ഒന്ന് വീണു പോയാല്‍ അവയ്ക്ക് മായ്ക്കാന്‍ ആവാത്ത പോറല്‍ ഏല്‍ക്കുകയോ, പൊട്ട് വീഴുകയോ, തകര്‍ന്നു പോവുകയോ ചെയ്യും. അവയെ പഴയ രൂപത്തില്‍ ആക്കാന്‍ പലപ്പോഴും അസാധ്യമാവും. കൊക്കകോളയുടെ മുന്‍ സീഈഒ ബ്രിയാന്‍ ദൈസന്‍ ആണെന്ന് തോന്നുന്നു ഒരിക്കല്‍ പ്രസംഗിച്ചതാണ് ഇത്.

എത്ര നല്ല ഉപമ. നമ്മള്‍ മലയാളികള്‍ പലപ്പോഴും മറന്നു പോവുന്ന ഒരു കാര്യം. നമ്മള്‍ മടങ്ങുന്നത് നമ്മുടെ മനോമുരുകങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഗ്ലാസ്‌ പന്തുകള്‍ തേടിയാണ്. പക്ഷെ നമ്മെ കാത്തിരിക്കുന്നത് കരിപിടിച്ച, പൊട്ടുകള്‍ വീണ, ഉടഞ്ഞു പോയ പന്തുകള്‍ മാത്രമാണ്.

നമ്മള്‍ അറിഞ്ഞിട്ടും അറിയാതെ പോയ ഒരു വലിയ സത്യം ഉണ്ട് ഗ്ലാസ്‌ പന്തുകള്‍ക്ക് റബ്ബര്‍ പന്തിനെക്കാള്‍ എളുപ്പത്തില്‍ നാശമാവും എന്നത് മാത്രമല്ല പ്രശ്നം, ഗ്ലാസ്‌ പന്തുകള്‍ വളരെ വില കൂടിയവ കൂടിയായിരുന്നു. എന്നിട്ടും നമ്മില്‍ പലരും ഈ റബ്ബര്‍ പന്തിനു പിന്നില്‍ ജീവിതം ഹോമിക്കുകയാണ്.

ജീവിതത്തില്‍ മുന്നോട്ട് മാത്രം നോക്കാതിരിക്കുക, ഇടക്ക് തിരിഞ്ഞു നോക്കുക, നിങ്ങള്‍ നടന്ന് തുടങ്ങിയപ്പോള്‍ നിങ്ങളുടെ കൂടെ ഉള്ളവര്‍ ആയിരിക്കില്ല ഇന്നു നിങ്ങളുടെ കൂടെയുള്ളത് അല്ലെങ്കില്‍ നിങ്ങള്‍ക്കായി പിന്നില്‍ കാത്തു നില്‍ക്കുന്നത്.

ജോലിത്തിരക്കിനെക്കള്‍ നിങ്ങളുടെ ഭാര്യയും മക്കളും, നിങ്ങളുടെ ആരോഗ്യം, മറ്റു ബന്ധങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത് സ്വാര്‍ത്ഥതയല്ല മറിച്ച് നിങ്ങള്‍ എന്തിന് വേണ്ടി ജോലി ചെയ്യുന്നു എന്ന കാരണത്തെ പോഷിപ്പിക്കുകയാണ്. അത് കൂടുതല്‍ വ്യക്തതയോടെ ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് കാരണമാവും.

നിങ്ങള്‍ക്ക് ജോലി തന്നവര്‍, നിങ്ങളുടെ സേവനം ഒരു ക്രയവസ്തു ആയതുകൊണ്ട് ആണ് നിങ്ങള്‍ക്കത് നല്‍കിയത്. അതായത് അവര്‍ ചിലവഴിക്കുന്ന തുകയ്ക്കുള്ള മൂല്യം നിങ്ങള്‍ തിരിച്ചു നല്‍കുന്നു എന്ന വിശ്വാസം. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടല്ല അവര്‍ നിങ്ങളെ നിലനിര്‍ത്തുന്നത് നിങ്ങള്‍ നല്‍കുന്ന സേവനം അവര്‍ക്ക്‌ ആവശ്യമുള്ളത് കൊണ്ടാണ്.

ആ സേവനത്തിന്റെ ആവശ്യം ഇല്ലാതായാല്‍ നിങ്ങള്‍ എത്ര കഠിനാധ്വാനിയായാലും, വിശ്വസ്തനായാലും, നല്ലവന്‍ ആയാലും ശരി അവര്‍ക്ക്‌ നിങ്ങളെ അവശ്യമുണ്ടാവില്ല. നിങ്ങളുടെ മുന്‍കാല സേവനങ്ങള്‍ എളുപ്പം മറക്കപ്പെടും, നിങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായൊന്നും തിരിച്ച് നല്‍കാന്‍ ആവില്ല എന്ന് അറിഞ്ഞാലോ, അല്ലെങ്കില്‍ നിങ്ങള്‍ നല്‍കുന്ന സേവനം ചിലവ് കുറച്ച് കിട്ടാന്‍ ഉണ്ടെങ്കിലോ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി കരുതുന്ന ഈ ജോലി നിങ്ങള്‍ക്കു നഷ്ടപ്പെടും.

ഇത് വ്യക്തിപരമായി കാണേണ്ടതില്ല, എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും ഇങ്ങനെ തന്നെയാണ്.

നിങ്ങളുടെ ജോലിക്ക് വേണ്ടി ജീവിക്കാന്‍ മറക്കാതിരിക്കുക, കാശിനു വാങ്ങാന്‍ കിട്ടുന്നതല്ല ജീവിതവും ആരോഗ്യവും.

ജോലിക്ക് നിങ്ങളെ വേണ്ടാതായാല്‍ ജോലി നിങ്ങളെ പുറത്തേക്ക് വലിച്ചെറിയും, അത് പോലെ തിരിച്ച് ചെയ്യാന്‍ നമുക്ക് കഴിയണം ജോലിയല്ല ജീവിതം, ജോലി ഒരു റബ്ബര്‍ പന്ത് മാത്രമാണ്, വീണാല്‍ തിരിച്ച് പൊന്തുന്ന വെറുമൊരു റബ്ബര്‍ പന്ത്..!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...