Saturday, October 6, 2012

പിതാവിന്‍റെ ഒമര്‍

ഒമര്‍ - എന്നേക്കാള്‍ പത്ത് വയസ്സെങ്കിലും പ്രായം കുറഞ്ഞവന്‍, എന്നേക്കാള്‍ പത്ത് വയസ്സിന്റെ എങ്കിലും ലോകപരിചയം കൂടുതല്‍ കൈമുതലായുള്ളവന്‍. ഒമറിനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

സൗദി, സൗഭാഗ്യങ്ങളുടെ മടിത്തട്ടില്‍ വളര്‍ന്നവന്‍, ഒരു നിയമസഭാ മെമ്പറുടെ പുത്രന്‍ - എങ്കിലും പെരുമാറ്റം തനിത്തങ്കം, ആരോടും ബ്രദര്‍ എന്ന് പറഞ്ഞേ എന്തും അവശ്യപ്പെടൂ. ആര്‍ക്കും അവനാല്‍ കഴിയുന്ന എല്ലാ സഹായവും ഓടി നടന്ന്‌ ചെയ്തുകൊടുക്കും. ആരോടും വലിപ്പചെറുപ്പമില്ല എല്ലാവരോടും ചിരിച്ച് സ്നേഹത്തില്‍..

സൗദിക്കും അല്ലാത്തവനും എല്ലാം അവന്‍ പ്രിയപ്പെട്ടവന്‍ തന്നെ. ജോലിയിലും വളരെ ഉഷാര്‍. ഞങ്ങളുടെ കൂടെ ഒന്നും ജോലി ചെയ്യേണ്ട കക്ഷി അല്ല, പക്ഷെ അവന്‍റെ പിതാവ് അദ്ദേഹത്തിന്റെ പിടിപാട് ഉപയോഗിക്കാന്‍ അനുവദിക്കില്ലായിരുന്നു, ഇപ്പോള്‍ അതില്ലാതെ വളരാം എന്ന് അവനും ഉറപ്പാണ്‌.


ഞങ്ങള്‍ ജോലി കഴിഞ്ഞു ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഞങ്ങള്‍ മൂന്നു പേര്‍ ഞാനും, അലയും, ഒമറും ഒരു പ്രൊജക്റ്റിന് വേണ്ടി നെതെര്‍ലാന്‍ഡില്‍ ഉള്ളോട്ടുള്ള പുട്ടന്‍ എന്ന ഗ്രാമത്തില്‍ വന്നതാണ്. നല്ല തണുപ്പുള്ള സ്ഥലമാണ് ഇത്. ഒരഞ്ചു മണിക്ക് ശേഷം കടകള്‍ ഒന്നും കാണില്ല, റോഡ്‌ കാലി ആയിരിക്കും. റസ്റ്റൊരന്റ്റ്‌ ഒഴിച്ച് ബാക്കിയെല്ലാം അടയ്ക്കും.

അലസമായുള്ള ഈ നടത്തത്തിനിടെ ഒമര്‍ അവന്‍റെ മനസ്സ് തുറന്നു. ഞങ്ങള്‍ അവന്‍റെ കുടുംബത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.

അവന്‍ പറഞ്ഞു ഞാന്‍ എന്‍റെ പിതാവിനെ വെറുത്തത് കോളേജ് കഴിഞ്ഞ ഉടനെയാണ്. അതുവരെ എനിക്ക് 3000 റിയാല്‍ പോക്കറ്റ്‌മണി തരുമായിരുന്നു, കോളേജ് കഴിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു ഇനി മുതല്‍ നിനക്ക് വേണ്ട കാശ് നീ തന്നെ സമ്പാദിക്കണം എന്ന്. കോളേജ് കഴിഞ്ഞ ഒരു സൗദിക്ക് ഉടനെ ആര് ജോലി തരാനാണ്, പിതാവ്‌ പറഞ്ഞാല്‍ എനിക്ക് എന്ത് ജോലിയും കിട്ടും പക്ഷെ അദ്ദേഹം പറയില്ല, അങ്ങനെ ഞാന്‍ ഒരു ബുക്ക്‌സ്റ്റോറില്‍ സാധനങ്ങള്‍ എടുത്ത് വെക്കുന്ന പണിക്ക് കയറി മാസം 1500 റിയാല്‍ ശമ്പളത്തിന്.

എല്ലാ ചിലവും അതില്‍ നിന്നും പോവണം, ഭക്ഷണമായിരുന്നു കഷ്ടം, ഒരു കാര്‍ട്ടൂണ്‍ ഇന്‍ഡോമി നൂഡില്‍ വാങ്ങിക്കും, എല്ലാ ദിവസവും നൂഡില്‍ തന്നെ ഭക്ഷണം അതിന് പോലും കാശ് പലപ്പോഴും തികയാറില്ല, ഒന്നാം തീയതി ഒരു നല്ല റെസ്റ്റോറന്റില്‍ കയറി ഇഷ്ടമുള്ള ഭക്ഷണം തിന്നും, ആ ഒരു ദിവസമായിരുന്നു എനിക്ക് അടിച്ചുപൊളിക്കാന്‍ ഉള്ളത്, വെറും ഖുബൂസ്‌ മാത്രം കഴിക്കേണ്ടി വന്നിട്ടുണ്ട്. അന്നെല്ലാം എന്‍റെ ഉപ്പയോട് എനിക്ക് വെറുപ്പായിരുന്നു, ഒരിക്കല്‍ പോലും ഞാന്‍ എന്‍റെ വിഷമങ്ങള്‍ വീട്ടില്‍ അറിയിച്ചില്ല, വീട്ടില്‍ പോവും ഉമ്മയെ കണ്ട് മടങ്ങും.

ഒമര്‍ തുടര്‍ന്നു, എന്‍റെ കൂടേ പഠിച്ച കൂട്ടുകാരനുമായി ചേര്‍ന്ന് ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി തുടങ്ങി. നിറയെ കാശ് ഉണ്ടാക്കി, എന്‍റെ സോഫ്റ്റ്‌വെയര്‍ ഇവിടെ വില്‍ക്കാന്‍ വന്നപ്പോള്‍ ആണ് ഇവര്‍ എനിക്ക് ജോലി ഓഫര്‍ ചെയ്തത്, അപ്പോഴേക്കും നല്ല ഡെവലപ്പെര്സിന്നെ കിട്ടാതെ കമ്പനി മുന്നോട്ട് കൊണ്ട് പോവാന്‍ കഷ്ടപ്പെടുകയായിരുന്നു.

കമ്പനി എന്‍റെ കൂട്ടുകാരനു കൊടുത്തിട്ട് ഞാന്‍ ഇവിടെ ജോലിക്ക് കയറി. ഞാന്‍ ആദ്യം തന്നെ ഒരു വീട് ലോണിന് വാങ്ങിച്ചു, ഈ വര്‍ഷം കൂടി കഴിഞാല്‍ അതിന്‍റെ അടവ് കഴിയും, ഞാന്‍ ഒരു സ്പീഡ്‌ ബോട്ട് വാങ്ങിച്ചു, എന്‍റെ ബന്ധുക്കളുമായി ചേര്‍ന്ന് ഇന്ന് ഒഴിവ് ദിനങ്ങളില്‍ രസമായി ഞങ്ങള്‍ കടലില്‍ പോവും, ഞാന്‍ ഒരു റേസ്‌ ബൈക്ക് വാങ്ങിച്ചു, ദുബൈയിലും, ബഹ്‌റൈനിലും എല്ലാം റേസിന് പങ്കെടുക്കാറുണ്ട്. ഒന്നിനും ഞാന്‍ ആരുടേയും സഹായം തേടിയില്ല..

ഇന്നെനിക്കറിയാം എന്‍റെ പിതാവ് എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം അന്ന് എടുത്ത് എന്ന്. നിനക്കറിയോ ഞാന്‍ എന്‍റെ വീട്ടില്‍ ഏക ആണ്‍തരിയാണ് അന്ന് എന്‍റെ പിതാവ് ഉറച്ച ആ തീരുമാനം എടുത്തില്ലായിരുന്നു എങ്കില്‍ ഞാന്‍ ഇന്ന് കാശിന് ഒരു വിലയും ഇല്ലാതെ എന്‍റെ പിതാവിന്‍റെ പേരിന്‍റെ ബലത്തില്‍ മാത്രം ജീവിക്കുന്ന ഒരുത്തന്‍ ആവുമായിരുന്നു. ഒരു കാര്യം എനിക്ക് പഠിഞ്ഞു, നമ്മള്‍ ജീവിക്കാന്‍ മറന്ന് ഒന്നും സമ്പാദിക്കരുത്, കൂടാതെ നമ്മുടെ സമ്പാദ്യത്തില്‍ നിന്ന് മാത്രേ നമ്മള്‍ ജീവിക്കാവൂ.

എത്ര നല്ല പാഠം, എത്ര മനോഹരമായി അവന്‍ പറഞ്ഞു, ആരും പഠിപ്പിച്ചതല്ല അവന്‍റെ ജീവിതം കൊണ്ട് ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ പഠിച്ച വലിയ പാഠം. എനിക്കവനോട് ആദരവ് തോന്നി.

നിന്നെ നിന്‍റെ പിതാവ് അടിക്കുമായിരുന്നോ ഞാന്‍ അവനോടു ചോദിച്ചു.

അടിയോ, ഹും അടിക്കാത്ത ദിനങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് നീ ചോദിക്കേണ്ടത്, ഉപ്പ കയ്യില്‍ കിട്ടിയ എന്തും എടുത്ത് എന്നെ അടിക്കുമായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ വല്ലാത്ത വികൃതി ആയിരുന്നു. എന്‍റെ ഉപ്പാനേ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു അധികവും ഞാന്‍ ചെയ്തിരുന്നത്.

കുറച്ച്‌ നേരത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു, സത്യത്തില്‍ എന്‍റെ ഉപ്പാക്ക് വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യം പിടിക്കുമായിരുന്നു അതും എനിക്ക് തല്ലു കിട്ടാന്‍ ഒരു കാരണമാണ്.

ഒരിക്കല്‍ ഉപ്പ എന്‍റെ റൂമിനു മുന്നിലൂടെ പോവുമ്പോള്‍ ഞാന്‍ ബാത്ത് ടബ്ബില്‍ നിന്ന് മൂത്രമൊഴിക്കുന്നത് കണ്ടു, ദേഷ്യം പിടിച്ച അദ്ദേഹം പിന്നില്‍ നിന്നും വന്ന് എന്നെ ചവിട്ടി. അന്ന് ഞാന്‍ അത്ര വലുതൊന്നും അല്ല. ചവിട്ടു കൊണ്ട് ഞാന്‍ വീണു, ഉപ്പ പോയതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിയുന്നില്ല, ഉമ്മയെ വിളിച്ചു കരഞ്ഞു, അവസാനം ഹോസ്പിറ്റലില്‍ കൊണ്ടുപോയി, നോക്കിയപ്പോള്‍ കാലു പൊട്ടിയിരുന്നു. മറ്റൊരിക്കല്‍ ഒരു കത്തി ചൂടാക്കി എന്‍റെ പുറം പൊള്ളിച്ചു, ഇന്നും ആ പാടുണ്ട്..

കുറച്ചു നേരം ഞങ്ങള്‍ ഒന്നും മിണ്ടാതെ നടന്നു. നെതെര്‍ലാന്‍ഡിലെ ആ ഇളം കുളിരിലും അവന്‍റെ മുഖം വിയര്‍ക്കുന്നുണ്ട് എന്നെനിക്ക് തോന്നി. ഒരു വലിയ ഭാരം എന്നോട് പങ്കുവയ്ക്കുകയാവണം അവന്‍. ഞാന്‍ അപ്പോള്‍ എന്‍റെ മക്കളെ ഓര്‍ക്കുകയായിരുന്നു, അവര്‍ക്കും എന്നെക്കുറിച്ച് ഇതെല്ലാം തന്നെ അല്ലെ പറയാന്‍ ഉണ്ടാവുക, പാരമ്പര്യമായി ലഭിച്ച അസഹിഷ്ണുതയും, മൃഗീയമായി ഭേദ്യവും എന്നെ ഞാന്‍ അല്ലാതാക്കുമ്പോള്‍ എന്‍റെ മക്കളുടെ മനസ്സിലും മായ്ക്കാന്‍ ആവാത്ത പാടുകള്‍ ഞാന്‍ വീഴ്ത്തുന്നുണ്ടാവും.

എന്‍റെ ദേഷ്യം ആറുമ്പോള്‍ ഞാന്‍ ചേര്‍ത്ത് പിടിച്ച് അവരോട് പറയും ഈ ചേര്‍ത്ത് പിടിക്കലും, വഴക്ക് പറയലും, ഉമ്മ വെയ്ക്കലും, അടിച്ചു പൊട്ടിക്കലും എല്ലാം കൂടി ചേര്‍ന്നതാണ് ഉപ്പ. എന്‍റെ കുട്ടിയെ അടിക്കാന്‍ എനിക്ക് ഇഷ്ടമില്ല പക്ഷെ ഇത്തരം പ്രവര്‍ത്തി കണ്ടാല്‍ എനിക്ക് അടിക്കാതിരിക്കാന്‍ ആവില്ല.

കണ്ണ് നിറഞ്ഞു നില്‍ക്കുന്ന എന്‍റെ മക്കള്‍ എന്നോട് പൊറുത്തു തരുമോ, അറിയില്ല. പക്ഷെ ഓരോ അടികഴിയുമ്പോഴും കൂടുതല്‍ നല്ല മനുഷ്യന്‍ ആവുന്നുണ്ട് - അവരല്ല ഞാന്‍.! അവര്‍ വളര്‍ന്ന് എന്തിനും പോന്നവര്‍ ആകുമ്പോള്‍ വെറുക്കുമോ എന്നേ..

നിനക്ക് മക്കള്‍ ഉണ്ടായാല്‍ നീ അവരെ അടിക്കോ, ഞാന്‍ അവനോട് ചോദിച്ചു.
എന്‍റെ ഉപ്പ എന്നേ അടിച്ചത് പോലെയാണോ അവന്‍ എന്നേ നോക്കി ചോദിച്ചു, ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

അവന്‍ തുടര്‍ന്നു, ഉപ്പയെ പോലെ ഞാന്‍ അടിക്കും എന്ന് തോന്നുന്നില്ല. പക്ഷെ മക്കളെ അടിച്ച് വളര്‍ത്തണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ഇന്ന് ഞങ്ങളുടെ നാട്ടില്‍ ഉള്ള അധിക കുട്ടികളും പിഴയ്ക്കുന്നത് രക്ഷിതാക്കള്‍ അവരെ അടിക്കാത്തത് കൊണ്ടാണ് എന്നാണ് എന്‍റെ വിശ്വാസം.

ഇന്ന് എല്ലാരും മക്കളെ അടിക്കാതെ വളര്‍ത്തണം എന്നാണല്ലോ അഭിപ്രായപ്പെടുന്നത് ഞാന്‍ അവനോട് ചോദിച്ചു, ശാരീരിക ക്ഷതം ഏല്‍പ്പിക്കാതെ മാനസികമായി അവരെ ശിക്ഷിക്കുക.? നിനക്കെന്തു തോന്നുന്നു.

അവന്‍ പറഞ്ഞു, എനിക്ക് തോന്നുന്നത് മാനസിക പീഡനമാണ് ശാരീരിക പീഡനത്തെക്കാള്‍ കഠിനം. ദിനങ്ങളോളം മിണ്ടാതെ നടക്കുക, കുട്ടികളെ ഒരു മുറിയില്‍ ഒറ്റക്ക് ഗ്രൌണ്ട് ചെയ്യുക ഇതെല്ലാം അടിയേക്കാള്‍ കഷ്ടമാണ്.

രക്ഷിതാക്കള്‍ അടിക്കാതെ ഓമനിച്ചു വളര്‍ത്തുന്ന കുട്ടികളുടെ പ്രവര്‍ത്തികള്‍, പലപ്പോഴും രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് തന്നെ ചെയ്യുന്ന പ്രവര്‍ത്തികള്‍, കാണുമ്പോള്‍ അടിക്കാന്‍ എന്‍റെ കൈ തരിക്കാറുണ്ട്.

പലപ്പോഴും ഇന്ന് രക്ഷിതാക്കള്‍ക്ക് മക്കളെ കണ്ട്രോള്‍ ചെയ്യാന്‍ ആവുന്നില്ല, ചിലര്‍ക്ക് മക്കളെ ഭയമാണ്. ഞങ്ങളുടെ സമൂഹം നോക്ക് എന്തൊരു അരാജകത്വം ആണ്, ആര്‍ക്കും ആരെയും പേടിക്കേണ്ട..

ഞാന്‍ ഒന്നും പറഞ്ഞില്ല, ഇതിനെക്കാള്‍ കുത്തഴിഞ്ഞ ഒരു തലമുറ എന്‍റെ നാട്ടില്‍ വളരുന്നു എന്ന് പറയാന്‍ എന്തോ ഞാന്‍ മടിച്ചു. അവന്‍റെ കണ്ണില്‍ നമ്മുടെ കുടുംബ സംവിധാനത്തിന്റെ വളരെ ഉയര്‍ന്ന ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത് അത് മായ്ക്കാന്‍ എനിക്ക് തോന്നിയില്ല.

നിനക്ക് നിന്‍റെ പിതാവിനോട് ഇപ്പോഴും വെറുപ്പ് തോന്നുന്നുണ്ടോ ചോദ്യം ഞാന്‍ അറിയാതെ തന്നെ പുറത്തു ചാടി.

വെറുപ്പോ എന്ത് മണ്ടത്തരാ നീ ഈ പറയുന്നത്. ഇന്ന് എന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍ എന്‍റെ പിതാവാണ്. എന്‍റെ പിതാവുമായി ഞാന്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ കുറവാണ്. എന്‍റെ പിതാവിന് എന്നേ കുറിച്ച് ചില ചിത്രങ്ങള്‍ ഉണ്ടായിരുന്നു ഞാന്‍ അതിലേക്ക് വരുന്നില്ല എന്ന് കണ്ട് അദ്ദേഹം എന്നേ കുറെ ശിക്ഷിച്ചു. ഞാന്‍ ഒരുപാട് മാറി, എന്‍റെ പിതാവും, ഇന്ന് എന്‍റെ പിതാവിന് ഒരൊറ്റ കാര്യമേ ഞാന്‍ ചെയ്യുന്നത് ഇഷടമില്ലാത്തതുള്ളൂ അതെന്‍റെ സിഗരറ്റ് വലിയാണ്. എനിക്കത് അത്ര പെട്ടെന്ന് മാറ്റാന്‍ ആവില്ല എന്ന് അദ്ദേഹത്തിന് അറിയാം, ഒരു സിഗരറ്റിനു തീ കൊളുത്തി അവന്‍ പറഞ്ഞു.

ശരിയാണ് ഒരു പായ്ക്കോളം സിഗരറ്റ് അവന്‍ ഒരു ദിവസം വലിക്കും അതല്ലാതെ മറ്റൊരു അപ്രിയ സ്വഭാവവും അവനില്‍ ഞാനും കണ്ടിരുന്നില്ല.

നടന്ന് ഞങ്ങള്‍ ഹോട്ടലിനു മുന്നില്‍ എത്തിതുടങ്ങിയിരുന്നു. വൈകീട്ട് നിനക്കെന്താ ഭക്ഷണം അവന്‍ ചോദിച്ചു. ഞാന്‍ അധികവും രാത്രി പഴങ്ങള്‍ ആണ് കഴിക്കാറുള്ളത്. ഇവിടെ ആണെങ്കില്‍ നമുക്ക്‌ ബ്രെഡ്ഡും ചീസും, അതല്ലെങ്കില്‍ ചീസും ബ്രെഡ്ഡും, അതല്ലെങ്കില്‍ ബ്രെഡ്ഡില്‍ തേച്ചു തിന്നാന്‍ ചീസും, അതുമല്ലെങ്കില്‍ ചീസിനു കൂട്ട് തിന്നാന്‍ ബ്രെഡ്ഡും കിട്ടും. സത്യം.! നമുക്കവിടെ ഒരു ഇരുപത്‌ തരം ബ്രെഡ്ഡും അതിനിരട്ടി തരം ചീസും കാണാം. മറ്റ് ഭക്ഷണങ്ങള്‍ കിട്ടാന്‍ ഒരുപാട് ദൂരം പോവണം. ഞാന്‍ പറഞ്ഞു ഇല്ല ഒന്നും തീരുമാനിച്ചിട്ടില്ല.

ഇന്ന് നമുക്കൊരു ഫ്രഞ്ച് ഡിന്നര്‍ ആയാലോ, ഞാന്‍ അലയെ വിളിക്കട്ടെ വേഗം റെഡി ആവ്, അവന്‍ പറഞ്ഞു. എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും അവന്‍റെ സ്നേഹത്തിലുള്ള നിര്‍ബന്ധത്തിനു മുന്നില്‍ ഇല്ല എന്ന് പറയാന്‍ വിഷമമാണ്. ഞാന്‍ ഡിന്നറിന് റെഡിയാവാന്‍ റൂമിലേക്ക്‌ നീങ്ങി. എന്‍റെ മനസ്സ് അപ്പോഴും മനുഷ്യ ബന്ധങ്ങളുടെ അര്‍ത്ഥങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു.. ഭാഗ്യവാനായ ആ പിതാവും നല്ലവനായ ഒരു മകനും.

നിങ്ങള്‍ക്ക് നന്‍മ മാത്രം ഭവിക്കട്ടെ നിന്‍റെ പിതാവിനെ അല്ലാഹു അനുഗ്രഹിക്കട്ടെ അദേഹത്തിന്റെ തെറ്റുകള്‍ പടച്ചവന്‍ മാപ്പ് നല്കുമാറാവട്ടെ..

** ശുഭം **

ഡിന്നര്‍ വിശേഷം മുന്‍പ് എഴുതിയതാണ് വായിച്ചിട്ടില്ലെങ്കില്‍ എന്തായാലും വായിക്കണം കാരണം അതൊരു എണ്ണം പറഞ്ഞ ഡിന്നര്‍ ആയിരുന്നു.

ഫൈസല്‍ ആവശ്യപെട്ട പ്രകാരം കുറച്ച് ഫോട്ടോകള്‍ ചേര്‍ക്കുന്നു
No comments:

Post a Comment

Related Posts Plugin for WordPress, Blogger...