Monday, July 23, 2012

അപ്പൊ അതാണ്‌ ഡൈനിംഗ്..

സമയം ഏകദേശം വൈകീട്ട് എട്ടു മണിയെങ്കിലും ആയി കാണും. സൂര്യന്‍ ഇപ്പോഴും നാട്ടിലെ മൂന്നുകാരന്‍റെ യൌവ്വനത്തിന്റെ തുടിപ്പുമായി തിളങ്ങി നില്‍ക്കുന്നു. നെതെര്‍ലാന്‍ഡില്‍ അങ്ങനെയാണ് വൈകീട്ട് ഒന്‍പത് മണിക്കെല്ലാം ആണ് സൂര്യന്‍ ചന്ദ്രന് വഴിമാറിക്കൊടുക്കുക. പകലിന് ഒരുപാട് നീളം കൂടുതല്‍ ആണ്. ഞങ്ങള്‍ മൂന്ന് പേര്‍ ഞാനും, ഒമറും, അലാ മറിയും അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 

'ഇന്ന് നമുക്കൊരു ഫ്രഞ്ച് ഡിന്നര്‍ ആയാലോ..' അഭിപ്രായം ഒമറിന്റെതാണ്, വേണ്ടാ നമുക്ക് പിസ്സ മതി അലാ പറഞ്ഞു. അവന് പിസ്സയെക്കാള്‍ അത് സെര്‍വ് ചെയ്യന്ന സുന്ദരിയേ കാണാന്‍ ആണ്, അവളെ നോക്കിയിരുന്നാല്‍ താനേ പിസ്സക്ക് രുചി കൂടും.

ഞാന്‍ ചോദിച്ചു പരിചയമുള്ള വല്ല ഭക്ഷണവും അല്ലെ ഒമറെ നല്ലത്. ഒമര്‍ പറഞ്ഞു പിസ്സയും ബിരിയാണിയും നമ്മള്‍ എന്നും നോക്കുന്നതല്ലേ, ഈറ്റിങ്ങും ഡൈനിങ്ങും തമ്മില്‍ വലിയൊരു വെത്യാസം ഉണ്ട് താഹിര്‍, നമ്മള്‍ എന്നും ചെയ്യുന്നത് ഈറ്റിങ്ങ് ഇന്ന് നമുക്ക് ഡൈനിങ്ങ്‌ ചെയ്യാം, ഇത് പ്രസിദ്ധമായ ഒരു ഫ്രഞ്ച് റസ്റ്റൊരന്റ്റ്‌ ആണ് കമ്പനി ചിലവില്‍ അല്ലെ ഇതെല്ലം അനുഭവിക്കാന്‍ ആവൂ. ശരിയാണ് ഡൈനിങ്ങ്‌ എന്താണ് എന്നറിയാന്‍ ഉള്ള ഒരു അവസരം കളയേണ്ട എന്ന് ഞാനും അലയും തീരുമാനിച്ചു.

അങ്ങനെ ഞങള്‍ ഫ്രഞ്ച് റസ്റ്റൊരന്റ്റ്‌ ആയ 'നോനെജ്' നെ ലക്ഷ്യമാക്കി നീങ്ങി.


അത് ഒരു ചെറിയ റസ്റ്റൊരന്റ്റ്‌ ആണ് കാഴ്ചയില്‍, ഞാന്‍ പറഞ്ഞല്ലോ എട്ടുമണി ആയെങ്കിലും സുര്യന്‍ അസ്തമിച്ചിട്ടില്ല, അതാവണം ഞങള്‍ ആണ് ആദ്യത്തെ കസ്റ്റമേഴ്സ്. ഗ്ലാസ്സിലൂടെ പുറത്തു കാണുന്നത് സൂര്യപ്രകാശം ആണ്.വിരിപ്പുകള്‍ എല്ലാം നല്ല വെളുത്ത കട്ടികൂടിയ തുണി കൊണ്ടുള്ളതാണ്. വെളുപ്പ്‌ എന്ന് പറഞ്ഞാല്‍ ഇത്ര വെളുപ്പ്‌ പുതിയ തുണിക്ക് പോലും കാണില്ല അത്രയ്ക്ക് വെളുപ്പ്‌. ഒരു റസ്റ്റൊരന്റ്റ്‌ എങ്ങനെ ഇത്ര വെളുത്ത തുണികള്‍ ഉപയോഗിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.


സപ്ലയര്‍ വന്നു ഓര്‍ഡര്‍ എടുക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് ഓരോ സ്പെഷ്യല്‍ ഡ്രിങ്ക് തന്നു. ഡ്രിങ്ക് ആസ്വദിച്ചു കഴിഞ്ഞതിനുശേഷം നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം എന്ന് പറഞ്ഞു അയാള്‍ മടങ്ങി. ഒരു കുഞ്ഞു കുപ്പിയില്‍ ഉള്ള ഡ്രിങ്ക് എന്തു കൊണ്ട് ഉണ്ടാക്കിയത് ആണ് എന്ന് മനസ്സില്‍ ആയില്ല. പാലിന്റെ രുചിയും, ഇളനീരിന്റെ തരിപ്പും, ചെറിയ മധുരവും, തൈരിന്റെ ചെറിയ പുളിപ്പും എല്ലാം കൂടി ഒരു നല്ല പുതിയ രുചി. ഡ്രിങ്കിന്റെ കൂടേ എന്തോ ഒരു പച്ചക്കറി തണ്ടും ഉണ്ടായിരുന്നു. കൊള്ളാം തുടക്കം നന്നായിരിക്കുന്നു.

കുറച്ച് നേരം കഴിഞ്ഞ് സപ്ലയര്‍ക്ക് പകരം മാമുക്കോയ നീണ്ടത് പോലോരുത്തന്‍ വന്നു. ഡ്രിങ്ക് ഇഷ്ടമായോ.. അയാള്‍ ഭവ്യമായി തിരക്കി. 'ഡൈനിങ്ങ്‌' മൂഡിന്‍ ആയതുകൊണ്ട് ഞങ്ങളും ഭവ്യമായി തന്നെ അതിഗംഭീരമായി എന്നറിയിച്ചു. ആശാന്‍ പറഞ്ഞു ഞാന്‍ ആണ് ഇവിടുത്തെ ചീഫ് ഷെഫ്‌, നിങ്ങള്‍ക്ക് ഞാന്‍ രണ്ടു ചോയ്സ് തന്നാല്‍ നിങ്ങള്‍ എന്ത് സ്വീകരിക്കും, ഒന്ന് നിങ്ങള്‍ക്ക് മെനുവില്‍ നിന്നും ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്യാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ സ്പെഷ്യല്‍ ആയ ഒരു മെനു തയ്യാറാക്കാം, നിങ്ങള്‍ എന്ത് കഴിക്കും എന്ന് ഞാന്‍ തീരുമാനിക്കും, എന്‍റെ ബെസ്റ്റ്‌ ഐറ്റംസ് ഒരു ഫൈവ് കോഴ്സ് ഡിന്നര്‍ ആയി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അവതരിപ്പിക്കും, നിങ്ങള്‍ക്ക് മെനുവില്‍ ഒരു സ്വാധീനവും ഉണ്ടായിരിക്കില്ല.

ഒമര്‍ എന്നെ നോക്കി, ഞാന്‍ അലയെയും അവസാനം ഞങ്ങള്‍ തീരുമാനിച്ചു, ഡൈനിംഗ് എന്താണ് എന്നറിയാനല്ലേ വന്നത്, സര്‍പ്രൈസ് മെനു തന്നെ ആവട്ടെ. ഷെഫ്‌ ചോദിച്ചു, നിങ്ങള്‍ക്ക് കഴിക്കാന്‍ ഇഷ്ടമല്ലാത്ത വസ്തുക്കള്‍ എന്തെല്ലാമാണ്. ഒമര്‍ മറുപടി നല്‍കി പന്നിയും, പന്നിഉല്‍പ്പന്നങ്ങളും, ആല്കഹോളും ഒഴിച്ച് മറ്റുള്ളവ പ്രശ്നമല്ല. എക്സെല്ലന്റ്റ്..എന്ജോയ്‌ യുവര്‍ ഡിന്നര്‍ (നിങ്ങളെ ഡൈനിങ്ങിന്റെ പൂതി ഇന്ന് ഞാന്‍ തീര്‍ത്തു തരാം) എന്നും പറഞ്ഞ് വണങ്ങി മാമുക്കോയ മടങ്ങി. ഫൈവ് കോഴ്സ് ഡിന്നറേയ്, ഈ ഒമറിന് അവന്‍റെ പ്ലാന്‍ ഒന്ന് നേരത്തെതന്നെ പറഞ്ഞൂടെ, ഉച്ചയ്ക്ക് ആ ഉണക്ക ബ്രെഡ്ഡും ചീസും തിന്ന് വയറു നിറക്കെണ്ടായിരുന്നു.. എന്‍റെ വയറിന്നു പൊട്ടും ഉറപ്പാ..!

കുറച്ച് നേരം കഴിഞ്ഞ് സപ്ലയര്‍ മടങ്ങി വന്നു എന്നിട്ട് വളരെ കലാപരമായി കപ്പ്‌ കേക്ക് പോലൊരു ഡിഷ്‌ കൊണ്ടുവന്നു വായില്‍ കൊള്ളാത്ത ഒരു പേരും പറഞ്ഞു തന്നു. ഇത് എന്തുകൊണ്ട് ഉണ്ടാക്കിയതാ ഞാന്‍ ചോദിച്ചു. കൂണും അതിന് മേലെ കുറച്ച് മാവും അതിന് മേലെ ചീസും. എനിക്ക് അത്രക്കങ്ങു പിടിച്ചില്ല, പൊതുവേ ഭക്ഷണം വേസ്റ്റ് ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് രുചിയില്ലെന്കിലും ഞാന്‍ തിന്ന് തീര്‍ക്കും, ഭാഗ്യത്തിന് ഇത് അളവ് കുറവാണ്. കൂടേ അഞ്ചാറ് സ്പൂണും ഫോര്‍ക്കും ഉണ്ട്. എനിക്ക് ചിരി വന്നു നമുക്ക് ഒരു ഫോര്‍ക്കോ, സ്പൂണോ കിട്ടിയാല്‍ ഒരാനയെ തിന്നാന്‍ അത് മതി, എന്തിനാ ഇത്രേം സ്പൂണ്‍ അതും ഈ കുഞ്ഞി കപ്പ്‌കേക്ക് തിന്നാന്‍, ഈ ഡൈനിങ്ങ്‌ ഒരു വട്ടന്‍ ഏര്‍പ്പാട് തന്നെ..കുറച്ച് നേരം കടന്നുപോയി, സപ്ലയര്‍ അടുത്ത സെറ്റ്‌ വിഭവവുമായി വന്നു, കൂടേ പുതിയ സെറ്റ്‌ സ്പൂണും ഫോര്‍ക്കും. ഇത് സാധനം കിടിലന്‍, രണ്ടു മൂന്ന് ടൈപ്പ് മീന്‍ കഷണങ്ങള്‍ ഒരു വെളുത്ത സോസില്‍. സംഗതി ജോര്‍ ആണ്, അളവ് മാത്രമാണ് പ്രശ്നം. ഷെഫ്‌ ആള് മാമുക്കോയ ആണെങ്കിലും കയ്യില്‍ മരുന്നുള്ള ഇനമാണ്. വെല്‍ഡെന്‍ ബോയ്‌, ഈ അളവില്‍ ആണെങ്കില്‍ ഒരു ടെന്‍കോഴ്സ് ഡിന്നര്‍ തന്നെ ആയിക്കോട്ടെ..
ഇപ്പോള്‍ ഇരുട്ട് പരക്കാന്‍ തുടങ്ങി. ഇടയില്‍ എല്ലാം ഓരോ ദമ്പതികള്‍ വന്നു തുടങ്ങി, വൈകാതെ ഹോട്ടല്‍ നിറഞ്ഞു. എങ്ങും ചിരിയും ബഹളവും, മൂന്നാമത്തെ കോഴ്സ് ആണ് വരാന്‍ ഉള്ളത്, വീണ്ടും കാത്തിരിപ്പ്‌.. ഓ വന്നല്ലോ വനമാല.. കയ്യില്‍ ഒരു കുഞ്ഞി ബര്‍ത്ത്ഡേ കേക്ക് ഉണ്ടോ. ദെന്തൂട്ടാ ക്ടാവേ ത്, ഞാന്‍ സപ്ലയറെ ഒന്ന് നോക്കി, ഇത് ഒരു ഡെലികസ്സി ആണ് ഇവിടത്തെ, മീനും കാവ്യറും. പുതിയ സെറ്റ്‌ സ്പൂണും ഫോര്‍ക്കും നല്‍കി ആശാന്‍ പോയി.

നല്ല കട്ടിയുള്ള ഒരു വെളുത്ത വേവിച്ച മീന്‍ കഷ്ണം അതില്‍ കുത്തി നിര്‍ത്തിയ കുറച്ച് വേവിച്ച പച്ചക്കറി കഷ്ണങ്ങള്‍ അതിന് മേലെ കുറച്ച് കാവിയര്‍ എന്ന മീന്‍ മുട്ടകള്‍. ഏതായാലും കാവ്യര്‍ എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പൊ തിന്നാനും കിട്ടി. പേരിന്‍റെ അത്ര ഗുമ്മൊന്നും കാവ്യറിനില്ല.. കാരറ്റ്‌ അരച്ചതാണ് പ്ലേറ്റില്‍ കാണുന്ന മഞ്ഞ കുത്തുകള്‍. ഷെഫ്‌ കള്ളാ, ഡെലിക്കസി തന്ന് എന്നെ പറ്റിച്ചു കളഞ്ഞു.. ഇപ്പൊ മണിക്കൂര്‍ ഒന്ന് കഴിഞ്ഞു തുടങ്ങി എനിക്ക് നല്ല വിശപ്പ്‌ വരുന്നുണ്ട്.

ഒമറേ രണ്ടു കോഴ്സ് മാത്രേ ബാക്കിയുള്ളൂ ഞാന്‍ അവനെ ഓര്‍മിപ്പിച്ചു. ഓ നിനക്ക് തീറ്റ എന്ന ഒറ്റ ചിന്തയെ ഉള്ളൂ, ഡൈനിങ്ങ്‌ എന്നാല്‍ നമ്മള്‍ ഭക്ഷണം എന്ജോയ്‌ ചെയ്യണം അതാണ്‌ പ്രധാനം, നീ അലയെ നോക്ക്.. നോക്കിയപ്പോള്‍ അല പറഞ്ഞു 'എന്നെ നോക്കണ്ട ഞാന്‍ എന്‍ജോയ് ചെയ്യൊന്നും അല്ല ഇത് കഴിഞ്ഞ് പിസ്സ തിന്നാന്‍ പോയാലോ എന്നോര്‍ക്കുകയാണ്' സുന്ദരി ഇല്ലാതെ തന്നെ ഇന്ന് പിസ്സക്ക് രുചികൂടും എന്നും പറഞ്ഞ് ഞങ്ങള്‍ ചിരിച്ചു.

അവസാനത്തെ കോഴ്സ് ഡിസേര്‍ട്ട് ആയിരിക്കും അപ്പൊ ഇനി വരുന്ന കോഴ്സ് ആണ് മെയിന്‍, അത് കണ്ടാല്‍ പിന്നെ നീ ഒന്നും ഒരക്ഷരം മിണ്ടില്ല ഒമര്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. കുറച്ച് നേരം കഴിഞ്ഞു നാലാമത്തെ കോഴ്സ് വന്നു. കണ്ടതെ എന്‍റെ കണ്ണ് നിറഞ്ഞു പ്ലേറ്റിന്റെ ഓരോ മൂലയ്ക്കള്‍ ചുവന്ന ഓരോ കുഞ്ഞി ഉണ്ടകള്‍.

'ഷ്റിംപ്സ്' ചോദിക്കാതെ തന്നെ സപ്ലയര്‍ പ്ലേറ്റ് വെച്ച് തടിയെടുത്തു. എല്ലായിപ്പോഴത്തെയും പോലെ ഒരു പത്തു സ്പൂണും ഫോര്‍ക്കും കൂടെയുണ്ട്. ഇത് തിന്നാന്‍ എന്തിനാ മോനേ ഫോര്‍ക്ക്, ഫോര്‍ക്കില്‍ പറ്റിപ്പിടിച്ചാല്‍ അത്രയും സാധനം കുറഞ്ഞു പോയാലോ.. വിരല്‍ കൊണ്ട് തിന്ന് വിരല്‍ നക്കിതുടച്ച് പോവും, പക്ഷെ പറ്റില്ലല്ലോ നമ്മള്‍ ഡൈനിങ്ങിലല്ലേ. ഒമര്‍ പോലും ഇത്രയ്ക്ക് ഡൈനിങ്ങ്‌ എക്സ്പീരിയന്‍സ് പ്രതീക്ഷിച്ചില്ല എന്ന് വ്യക്തം.

കുറച്ച് നേരം ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു, ഊറിച്ചിരിച്ചു കൊണ്ട് ഞങ്ങള്‍ ഷ്റിംപ്സിനേ കൈകാര്യംചെയ്യാന്‍ തുടങ്ങി. മൂന്നു ചെമ്മീന്‍ കഷ്ണങ്ങളും സോസും പോയ വഴി കണ്ടില്ല. ആരുടെ പ്ലേറ്റും ഇത്രയധികം ക്ലീന്‍ ആവാനില്ല. ഓരോ തരിയും ഞങ്ങള്‍ എന്ജോയ്‌ ചെയ്തു തിന്നു. വെറുതെയല്ല ഈ ഫ്രഞ്ചുകാര്‍ ഇങ്ങനെ സ്ലിം ആയി നടക്കുന്നത് ഇങ്ങനെ തിന്നാന്‍ കിട്ടിയാല്‍ റപ്പായി പോലും സ്ലിം ആയിപ്പോകും.

ഡിസേര്‍ട്ട് എങ്കിലും തിന്ന് വയര്‍ നിറക്കാന്‍ പറ്റിയാല്‍ നന്നായിരിക്കും ഞാന്‍ അഭിപ്രായപ്പെട്ടു, ഒന്നും നടക്കില്ല പിസ്സ തന്നെ ശരണം, അല അവന്‍റെ സുന്ദരിയെ വിടാന്‍ ഒരുക്കമില്ല. കുറച്ച് നേരം കഴിഞ്ഞു സപ്ലയര്‍ അവസാന കോഴ്സുമായി വന്ന് പറഞ്ഞു 'വീല്‍', ഞാന്‍ കരുതി അതും ഡിസേര്‍ട്ടിന്റെ പേരാവും എന്ന് അവന്‍ തിരുത്തി നോ നോ യൂനോ മീറ്റ്‌, അത് ശരി അപ്പൊ മാമുക്കോയയുടേ എണ്ണം തെറ്റിക്കാണും, ചിലപ്പോ ഫ്രെഞ്ചില്‍ ഫൈവ് കോഴ്സ് എന്ന് പറഞ്ഞാല്‍ ഒരുപാട് എണ്ണം കാണുമായിരിക്കും. 

ഇത് നല്ല കുട്ടന്‍റെ ഇറച്ചിയാണ്, നമ്മുടെ നാട്ടില്‍ നിന്നും വെത്യസ്തമായി ഇവരുടെ മൂരികുട്ടന്റെ ഇറച്ചിക്ക് വളരെ മാര്‍ദവം ആണ്. അതിന് കാരണമുണ്ട് പശുവിനെ പാലിനുവേണ്ടി വളര്‍ത്തും, നല്ല ഇനം മൂരിയെ അവര്‍ വിത്തിന് വേണ്ടി വളര്‍ത്തും ബാക്കിയുള്ളവയെ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറച്ചിക്ക് വേണ്ടി അറുക്കും.
  
ഇത് പക്ഷെ സാധനം അടിപൊളിയായിരുന്നു. രണ്ടു കഷ്ണം ഇറച്ചിയും കുറച്ച് പച്ചക്കറിയും. ഇതൊരു അഞ്ചു പ്ലേറ്റ് എനിക്ക് തന്നിരുന്നെങ്കില്‍ ഞാന്‍ ആ മാമുക്കോയ മോന്തയില്‍ ഒരു ഉമ്മ കൊടുക്കുമായിരുന്നു. വരട്ടെ ഇനിയും സമയം ഉണ്ടല്ലോ. ഫൈവ് കോഴ്സ് ഡിന്നറിന്റെ അഞ്ചാമത്തെ കോഴ്സ് അല്ലെ വന്നുള്ളൂ, ബാക്കിയുള്ള കോഴ്സ് കണ്ട് തീരുമാനിക്കാം ഉമ്മയാണോ ആട്ടാണോ എന്ന്.

കുറച്ചു കഴിഞ്ഞതും ആറാമ്മത്തെ കോഴ്സ് വന്നു കൂടെ ഒരു പത്തു സ്പൂണും, റാസ്പ്ബെറി പുഡിംഗ്, ഒരു ചോക്ക്‌ പോലെ ഒരു കൊള്ളിയും കൂടെയുണ്ട്, പ്രത്യേകിച്ച് രുചിയൊന്നും ഇല്ല. ഉമ്മ വെക്കാനുള്ള തീരുമാനം ഞാന്‍ മാറ്റി..
 

ഞാന്‍ കൈ ഉയര്‍ത്തി കാണിച്ചു, സപ്ലയര്‍ ഓടി വന്നു, ബില്‍ പ്ലീസ് ഞാന്‍ പറഞ്ഞു, 'പക്ഷെ നിങ്ങളുടെ സ്പെഷ്യല്‍ ഡിസേര്‍ട്ട് റെഡി ആകുന്നതെ ഉള്ളൂ, പ്ലീസ് വെയിറ്റ്'. ശ്ശോ വെറുതെ മാമുക്കോയയെ തെറ്റിദ്ധരിച്ചു, പാവം ഇപ്പഴും ഞങ്ങള്‍ക്ക് വേണ്ടി അടുക്കളയില്‍ വിയര്‍ത്തു കുളിക്കുകയാണ്. ഇല്ലെടാ ശരിയാവും ഫ്രെഞ്ചില്‍ ഫൈവ് കോഴ്സ് എന്നാല്‍ ഇനിയും കാണും രണ്ടു മൂന്ന് ഐറ്റംസ് അല്ലാതെ കാല്‍ വയറ്റില്‍ (പാതി വയര്‍ എന്ന് പറഞ്ഞാല്‍ ശരിയാവില്ല) നമ്മെ മാമുക്കോയ അങ്ങനങ്ങ് വിടുമോ.

കുറച്ചുകൂടി കഴിഞ്ഞതും സപ്ലയര്‍ ഞങ്ങളുടെ സ്പെഷ്യല്‍ ഡിസേര്‍ട്ടുമായി വന്നു. മാവ് കൊണ്ട് ഒരു കൊച്ചു കിണര്‍ ഉണ്ടാക്കി അതിനുന്നില്‍ ഒരു തക്കാളി കഷ്ണം. ചുറ്റുപാടും വെത്യസ്ഥ രുചികളില്‍ ഉള്ള ഐസ്ക്രീംകള്‍. ചുറ്റുപാടും റോസിന്റെ ഇതളുകള്‍, പോരാ മാമൂ തീരേ പോരാ, അടുത്ത ഐറ്റം വരട്ടെ..

കുറച്ച് സമയത്തിനകം സപ്ലയര്‍ അടുത്ത ഐറ്റവുമായി വന്നു. തിന്നാന്‍ പറ്റുന്ന ഐറ്റം ആയിരുന്നില്ല എന്ന് മാത്രം, അതെ അവസാനത്തെ ഐറ്റം ബില്ല് ഇങ്ങെത്തി. വെറും 252 യുറോ അതായത് ഞങ്ങള്‍ മൂന്നുപേരേ പട്ടിണിക്കിടാന്‍ വന്ന തുക 18000 ഇന്ത്യന്‍ രൂപ. ബില്‍ പേ ചെയ്യുമ്പോള്‍ സപ്ലയര്‍ ചോദിച്ചു 'ഡിഡ് യൂ എന്ജോയ്‌ ദി ഫുഡ്‌..'

ഒമര്‍ വിട്ടില്ല 'ഒഫ്കോഴ്സ് ഇറ്റ്‌ വാസ്‌ വണ്ടര്‍ഫുള്‍..' ഡൈനിങ്ങ്‌ ഓര്‍ത്തുകൊണ്ട് വയറില്‍ തടവി ഞാനും പറഞ്ഞു 'യാ യാ, ഇറ്റ്‌ വാസ് എന്‍ എക്പീരിയന്‍സ്..'

പുറത്തിറങ്ങി ഒമര്‍ ചോദിച്ചു ഇനിയെന്താ പരിപാടി, വിടെടാ പിസ്സാ ഗേള്‍ന്‍റെ അടുത്തേക്ക് അലാ അലറുകയായിരുന്നു, എനിക്കും മറിച്ചൊരു അഭിപ്രായം ഇല്ലായിരുന്നു. വണ്ടി പിസ്സ കടയ്ക്ക് നേരെ പോവുമ്പോള്‍ ഞാന്‍ എന്‍റെ പുതിയ പാഠം ഓര്‍ത്തെടുത്തു, ഡൈനിങ്ങ്‌ ചെയ്താല്‍ വീണ്ടും ഈറ്റിംഗ് ചെയ്യണം, ഈറ്റിംഗ് ചെയ്യുമ്പോള്‍  പിന്നെ ഡൈനിങ്ങ്‌ ചെയ്യേണ്ട ആവശ്യമേയില്ല..

 


15 comments:

 1. കലക്കന്‍..... എന്റെ ലണ്ടന്‍ യാത്ര ഓര്‍മിച്ചു പോയി. അവിടത്തെ ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് എന്ന പ്രസിദ്ധമായ ഭക്ഷണം എന്നെയും ഏതാണ്ടിതുപോലെ തന്നെ കാല്‍ വയര്‍ നിറച്ചു കഴിച്ചു വല്യൊരു താങ്ക്സും പറഞ്ഞിറങ്ങിയ ശേഷം ഹോട്ടെലിനടുത്ത കടയില്‍ നിന്നും ഒരു ബര്‍ഗര്‍ കൂടി വാങ്ങി കഴിക്കേണ്ടി വന്നു വയറിന്റെ തെറി വിളി മാറ്റാന്‍. ബില്‍ ക്ലയന്റ് അടച്ചതുകൊണ്ട് വയറ്റത്തടിച്ചില്ല എന്ന് മാത്രം.

  ReplyDelete
 2. സൂപ്പറായി ഭായീ.... രസകരമായെഴുതി... ഫുഡിന്റെ കാര്യത്തിൽ ഞാനും പണ്ടേ കോമ്പ്രമൈസില്ല....

  പിന്നെ ഇതൊരു വെറൈറ്റി ആണു... പക്ഷേങ്കി 18000 രൂപയ്ക്കൊക്കെ വെറൈറ്റിന്ന് വച്ചാ വല്ലാത്ത വെറൈറ്റി തന്നണ്ണാ!!!!

  ReplyDelete
 3. ഹ ഹ .. രസമായിരുന്നു വായിച്ചു.. എന്നാലും 18000.....ഹൊ..

  ReplyDelete
 4. ഡിന്നർ പോസ്റ്റ് കലക്കിയല്ലൊ
  നല്ല രസായി വായിച്ചു

  ReplyDelete
 5. ന്‍റെ സാറേ... ഒരി ബല്ലാത്ത കഥ തന്നെ ഭായ്.... 18000 ഉരുപ്പ്യ ഇണ്ടേല് മ്മള് മൂന്നു മാസം സുഖയിട്ടു വെട്ടി വിഴുങ്ങും...ഇനി ഇങ്ങനെ തിന്നാന്‍ തോന്നുമ്പോ അനക്ക് ഒരി സ്ക്രാപ്‌ വിട്ടാ മതി...അക്കൗണ്ട്‌ നമ്പര്‍ ഞാന്‍ അയച്ചു തരാം,,,
  കിടിലന്‍ തെന്നെ ....

  ReplyDelete
 6. 18000 രൂപക്ക്‌ തിന്നിട്ടു പിന്നെ പിസ്സേം കൂടി...

  ReplyDelete
 7. പോസ്റ്റ്‌ ഒക്കെ ഉഗ്രന്‍ ആയി...എന്നാലും 1800൦ ഇത്തിരി കൂടി പോയില്ലേ...അവിടെ പൂജ്യത്തിനോന്നും ഒരു വിലയുമില്ലേ?

  ReplyDelete
 8. ഹ ഹ! വണ്ടർഫുൾ എക്സ്പീരിയർസ്! ഈയുള്ളവനും ഇങ്ങനെ ശശിയായിപ്പോയ ഒരവസരമുണ്ടായിരുന്നു. ആഹ്! ബില്ല് കണ്ട് ഞെട്ടേണ്ട ഭാഗ്യം കൂടെയിരുന്ന സൗത്ത ആഫ്രിക്കക്കാരനായിരുന്നു എന്ന് മാത്രം!

  ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കു. എന്റെ ആദ്യ യാത്ര വിവരണം! വയർ നിറഞ്ഞാൽ പറയണേ
  സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!

  ReplyDelete
 9. കൊളളാം.. വായിച്ച് തുടങ്ങിയപ്പോളിത്രയും പ്രതീക്ഷിച്ചില്ല. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.. അപ്പോളടുത്ത ഡൈനിംഗെന്നാ...

  ReplyDelete
 10. എല്ലാടത്തും ബില്ലാണ് വില്ലൻ... അതില്ലാരുന്നെങ്കിൽ റിയലി എൻജോയബ്‌ൾ

  ReplyDelete
 11. കപ്പല്‍ വാങ്ങാന്‍ കാശ് തരണം താഹിര്‍.......കാരണം വായില്‍ കപ്പല്‍ ഓടിക്കാന്‍ ഉള്ള വെള്ളം കയറി ,ആശംസകള്‍ ,,വീണ്ടും വരാം

  ReplyDelete
 12. അപ്പൊ ഇതാണല്ലേ ഡൈനിംഗ്.?

  ReplyDelete
 13. രസകരമായ അവതരണം.

  ReplyDelete
 14. ചിരിപ്പിച്ചു. നന്നായിത്തന്നെ. ഇതൊക്കെ ദിവസവും അനുഭവിക്കാന്‍ പറ്റുന്നത് കൊണ്ട് നന്നായി ആസ്വദിച്ചു. ഇതും കൂടെ ഒന്ന് നോക്കൂ. http://lambankathhakal.blogspot.com/

  ReplyDelete
 15. മാമുക്കോയ നീണ്ടതുപോലെ...
  ഹഹഹ
  വായ്ച്ചു രസിച്ചു

  ReplyDelete

Related Posts Plugin for WordPress, Blogger...