Tuesday, March 20, 2012

ആദ്യഹത്യ

ക്രൂരനാണ് നീ, നിനക്കെങ്ങനെ കഴിഞ്ഞു, സ്വന്തം മോളെപ്പോലെ അല്ലെ ഞാന്‍ അവളെ വളര്‍ത്തിയത്‌, നീയും അങ്ങനെ അല്ലെ കണ്ടത്.., നമ്മുടെ മോനെ ഓര്‍ത്തോ നീ.., അവന്‍റെ ഒരേ ഒരു കൂട്ടല്ലേ നീ നശിപ്പിച്ചത്..

അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് അവന്‍റെ മാറത്തടിച്ചു പുലമ്പിക്കൊണ്ടിരുന്നു.

ഒന്നും മിണ്ടാതെ കുറ്റവാളിയായി അവന്‍ നിന്നു.. അവളെ ആശ്വസിപ്പിക്കാന്‍ അവന്‍റെ കൈകള്‍ നീണ്ടു..ആദ്യം കുതറി എങ്കിലും സാവധാനം അവള്‍ ഒരു തേങ്ങലായി അവന്‍റെ നെഞ്ചില്‍ അമര്‍ന്നു..

ദുഷ്ടന്‍, ഇതിലും ഭേദം നിനക്ക് ഞങ്ങളെ അങ്ങ് കൊല്ലുകയായിരുന്നു, എന്നാലും നീ.. അവളുടെ രോദനം നേര്‍ത്ത്‌ നേര്‍ത്ത് വന്നു..

ഞാന്‍ പിന്നെ എന്താ ചെയ്യേണ്ടത്, എന്‍റെ മുന്നില്‍ അപ്പോള്‍ നമ്മുടെ മോന്‍റെ മുഖം മാത്രേ ഉണ്ടായിരുന്നുള്ളു, നമുക്ക് സഹിക്കാം അവന്‍ എത്രയെന്നു വെച്ചാ..

അതിന് ഇതായിരുന്നോ മാര്‍ഗം ആദം..അവള്‍ അവന്‍റെ നെഞ്ചില്‍ തലപൂഴ്ത്തി വിതുമ്പി

വേറെ എന്ത് മാര്‍ഗ്ഗാ ഉള്ളത് നീ പറ, രണ്ടു ദിവസമായില്ലേ നമ്മള്‍ എന്തെങ്കിലും കഴിച്ചിട്ട്..ഈ മരുഭൂമിയില്‍ നിന്നും പറിച്ച് തിന്നാന്‍ ഒരു ഇല പോലും കാണുന്നില്ല..എല്ലാരും പട്ടിണി കിടന്ന് മരിക്കുന്നതിലും നല്ലത് അവളെ കൊല്ലുകയാണ് എന്ന് എനിക്ക് തോന്നി.. അതെ ഞാന്‍ കൊന്നു അവളെ.. നമ്മുടെ മോന് വേണ്ടി, നിനക്ക്  വേണ്ടി, നമുക്ക് വേണ്ടി.. അയാള്‍ തന്നോട് തന്നെ സംസാരിക്കുകയായിരുന്നു.

അവള്‍ എതിര്‍ത്തില്ലേ..ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ..അവള്‍ തലയുയര്‍ത്തി അവന്‍റെ കണ്ണുകളില്‍ നോക്കി ചോദിച്ചു.

'ഇല്ല ഞാന്‍ അവളെ പിന്നില്‍ നിന്നും ഒരു പാറയെടുത്ത് തലക്ക്‌ അടിക്കുകയായിരുന്നു..തല പൊട്ടി ചോരവാര്‍ന്നാ അവള്‍..അവളുടെ കണ്ണുകള്‍..അവിശ്വസനീയമായി അവള്‍ എന്നെ നോക്കി..ആ കണ്ണുകള്‍..ആ കണ്ണുകള്‍ ഇപ്പഴും എന്നേ നോക്കുന്ന പോലെ..' ആ കണ്ണുകളെ മായ്ക്കാന്‍ അവന്‍ അവന്‍റെ മുഖം കൈകള്‍ കൊണ്ട് അമര്‍ത്തി തുടച്ചു.

അവള്‍ വിങ്ങിപ്പൊട്ടി വീണ്ടും അവന്‍റെ മാറില്‍ മുഖം താഴ്ത്തി. കുറച്ച് നേരം ഇരുവരും ഒന്നും മിണ്ടാതെ നിന്നു.

'നോക്ക് നമ്മുടെ മോനെ ഓര്‍ത്ത്, നീ ഇതെടുത്ത് കൊണ്ടുപോയി എന്തെങ്കിലും ഭക്ഷണം ഉണ്ടാക്ക്..' അവളുടെ മുഖം പിടിച്ചുയര്‍ത്തി അവന്‍ പറഞ്ഞു.

മറുപടി ഒന്നും പറയാതെ ഹവ്വ ആ ആടിന്‍റെ കാലില്‍ പിടിച്ച് വലിച്ച് കൊണ്ട് അകത്തേക്ക് പോയി.

തന്‍റെ ജീവിത പുസ്തകത്തില്‍ ആദം ഒരു പുതിയ പാഠം കൂടി കോറിയിട്ടു 'കൊന്നാല്‍ പാപം.. തിന്നാല്‍ തീരും..'

ഒന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന ഒരു കുഞ്ഞു സ്വപ്നത്തില്‍ അപ്പോഴും ഒരു ആട് ഓടിച്ചാടി നടന്നു..!

3 comments:

  1. ഏഹ്... ഇത്ര നല്ല എഴുത്തായിട്ടിവിടെയാരുമിതുവരെ വന്നില്ലേ? നന്നായിട്ടുണ്ട്ട്ടോ താഹിറേ.. ഒന്നു മെയിലു ചെയ്തൂടേ ഇങ്ങനെയൊക്കെപോസ്റ്റുമ്പോ...

    ReplyDelete
  2. നന്നായിട്ടുണ്ട്.പറയാതെവയ്യ.

    ReplyDelete
  3. കഥയില്‍ കൈവെക്കാന്‍ ഞാന്‍ ആളല്ല .ന്നാലും കൊള്ളാം ചെറിയ വരികള്‍ പറഞ്ഞ കഥ .എനികിഷ്ടായി (ലേബല്‍: അഹങ്കാരം വരുമെന്ന് പേടിച്ചു കമന്റ്‌ ബോക്സ്‌ പൂട്ടേണ്ട )

    ReplyDelete

Related Posts Plugin for WordPress, Blogger...