Sunday, March 11, 2012

എസ്റ്റൂന്‍റെ ഒരു പുളി


വേണം എനിക്കും ഒരു എസ്ടു എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്‌. ആ പോസ്റ്റ്‌ വായിക്കാത്തവര്‍ ആദ്യം അതിവിടെ വായിക്കുക..2011 ലെ ഏറ്റവും നല്ല ഫോണ്‍ ആയി GSMA ഗാലക്സി എസ്റ്റൂവിനെ തിരഞ്ഞെടുത്തു. വെറുതെയല്ല ഇത്രയും കാലം എസ്റ്റൂ എന്നെ കൊതിപ്പിച്ചത്.

ഇനി വാങ്ങിക്കാന്‍ വൈകണ്ട.. എന്താ മാര്‍ക്കറ്റ്‌ പ്രൈസ് എന്ന് ജരീറിന്റെ സൈറ്റില്‍ പോയി നോക്കിയപ്പോള്‍ അവിടെ അതാ മറ്റൊരു നല്ല ഓഫര്‍. ഒരു i5 (ഐഫൈവ്) ലാപ്ടോപിന്റെ കൂടെ ഒരു ഗാലക്സി വൈ ഫോണും മറ്റ് ആറു സമ്മാനങ്ങളും 2700 റിയാലിന്.

ഈ കോണ്‍ഫിഗറേഷന്‍ ഉള്ള ഒരു മാതിരി എല്ലാ ലാപ്ടോപ്പിനും ഏകദേശം ഈ വില വരുന്നുണ്ട്. അതായത് സമ്മാനങ്ങള്‍ മുക്കാലും ശരിക്കും ഫ്രീ ആണെന്ന് ചുരുക്കം.

എന്‍റെ ലാപ്ടോപ്പിന് ഒരു അന്ജാറു വര്‍ഷത്തെ പഴക്കം കാണും, ഒന്നര വയസ്സുകാരി ജോ കൈവെക്കാന്‍ തുടങ്ങിയതില്‍ പിന്നെ അശാനോട് എല്ലാം രണ്ടു പ്രാവശ്യം പറയണം. കീബോര്‍ഡിന് മൊത്തത്തില്‍ ഒരു ഉന്മേഷക്കുറവ്, ബാറ്റെറി ആണെങ്കില്‍ കുറച്ച് കാലമായി ഇല്ല, ഡയറക്റ്റ് പവര്‍ കൊടുത്താലേ വര്‍ക്ക്‌ ചെയ്യൂ, സൗണ്ട് ബോര്‍ഡ്‌ വാങ്ങിയപ്പോഴെ ശരിയില്ല, അത് അതിന്‍റെ ഒരു 'ഫീച്ചര്‍' ആയാണ് ഫുജിട്സു എന്നെ പിടിപ്പിച്ചത്. സത്യം പറയാലോ ദുബൈയില്‍ നിന്നും 'മെയ്‌ട് ഇന്‍ ജര്‍മ്മനി' എന്ന സ്റ്റിക്കര്‍ കണ്ടു ഓഫറില്‍ കുടുങ്ങിയതാ.

ഓഫീസില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് വീട്ടില്‍ വന്നും ഇരുന്നാല്‍ കുടുംബ കലഹം ഉറപ്പായതിനാല്‍, കുട്ടികള്‍ ആണ് ഇപ്പൊ കാര്യമായി അതിന്‍റെ പ്രയോജനക്കാര്‍. ചുരുക്കി പറഞ്ഞാല്‍ എസ്റ്റൂവിനെ പോലെതന്നെ ലാപ്ടോപ്പും കുറച്ച് കാലമായി എന്‍റെ റഡാര്‍ ലിസ്റ്റില്‍ ഉള്ള ഐറ്റം തന്നെ.

വിവരം കേള്‍ക്കേണ്ട താമസം അസി റെഡിയായി വന്നു. അവള്‍ക്ക് 'നല്ല ചോന്ന' ലാപ്ടോപ്പ് വാങ്ങിയാല്‍ മതി (മുതല്‍ എന്തായാലും കളര്‍ നന്നായാല്‍ മതി..). ഞങ്ങളുടെ ഭാഗ്യം ചോന്ന ലാപ്ടോപ്പ് ഉണ്ട് അതും പോരാഞ്ഞ് ചോന്ന ഫോണും തന്നു, ചക്കര സാംസങ്ങ്.. ഉമ്മ.

കൊല്ലപരൂഷ നടക്കുകയായതിനാല്‍ കുട്ടികളെ ഒന്നും കൊണ്ട് പോവണ്ട എന്ന ഐഡിയ അവളുടെ തലയില്‍ ഉദിച്ചതാണ് (ഐഡിയകള്‍ എപ്പഴും അവളുടെ തലയില്‍ തന്നെ ഉദിക്കാന്‍ വിടാറാണ് ഞാന്‍, മനസ്സമാധാനത്തോടെ ഉറങ്ങാന്‍ ഇത്രയും നല്ലൊരു ടെക്നിക്‌ വേറെ ഇല്ല, ഒറ്റ പ്രാവശ്യം ഒന്ന് ട്രൈ ചെയ്തു നോക്ക്..!).

ലാപ്ടോപ്പും വാങ്ങി മടങ്ങുമ്പോള്‍ മറ്റൊരു സൂപ്പര്‍ ഐഡിയ അവള്‍ എനിക്ക് ഫ്രീ ആയി തന്നു. കുട്ടികള്‍ ഈ ഓഫര്‍ ഒന്നും അറിയില്ല, നമുക്ക്‌ ഈ ഫോണ്‍ വീട്ടില്‍ കാണിക്കണ്ട, വണ്ടിയില്‍ തന്നെ വെച്ചാല്‍ മതി, നിങ്ങള്‍ ഗാലക്സി എസ്റ്റൂ വാങ്ങുന്ന കടയില്‍ ഇത് കൊടുത്താല്‍ അവര്‍ക്ക് ബാക്കി കാശ് കൊടുത്താല്‍ മതിയല്ലോ.. കൊള്ളാല്ലോ വീഡിയോണ്‍..

ഞാന്‍ ഒന്ന് പുഞ്ചിരിച്ചോ.. ഉടനെ അടുത്ത ഐഡിയ വന്നു. നിങ്ങളുടെ വൈല്‍ഡ്‌ഫയര്‍ കൊടുത്താല്‍ ഒരു പകുതി കാശ് അതിനും കിട്ടില്ലേ (കിട്ടും കിട്ടും അത് കൊണ്ട് എനിക്ക് ഏറുകിട്ടും, പകുതി കാശേയ്..) അപ്പൊ നമ്മള്‍ കുറച്ച് കാശ് മാത്രം കൊടുത്താല്‍ പോരെ.

എന്‍റെ പൊന്നെ.. ഇവളെ ഞാന്‍ അല്ല കെട്ടിയതെങ്കില്‍ അവളുടെ കാര്യം.. സോറി തെറ്റി ഇവളെ അല്ല ഞാന്‍ കെട്ടിയെതെങ്കില്‍ എന്‍റെ കാര്യം പോക്കായിരുന്നു.. എന്‍റെ ചക്കര പെണ്ണുമ്പിള്ളക്കും ഒരുമ്മ..

ലഞ്ച് ബ്രേക്കിന് ഞാന്‍ ഗാലക്സി വൈയും എടുത്ത് ബലദിലേക്ക് പോയി. സംഗതി നടക്കും, പൊട്ടിക്കാത്ത പാക്കറ്റ് ആയതിനാല്‍ ചെറിയൊരു വില കുറച്ച് അവര്‍ ഫോണിന് വിലയിട്ട് ബാക്കി കാശ് കൊടുത്താല്‍ മതി. 1500 റിയാലും ഗാലക്സി വൈയും കൊടുത്താല്‍ എസ്റ്റൂ എനിക്ക് സ്വന്തം - ആദ്യം കയറിയ കടയില്‍ നിന്നും അതറിഞ്ഞു.

വൈല്‍ഡ്‌ഫയര്‍ അവര്‍ക്ക്‌ വേണ്ട 'നല്ല ഫോണാ, പച്ചേങ്കി മലയാളീയേള് മാങ്ങൂല' ഇമ്മാതിരി ഫോണ്‍ വാങ്ങുന്ന ഒരു പൊട്ടന്‍ മലയാളിയേ നോക്കി അവര്‍ പറഞ്ഞു. അപ്പോഴാണ്‌ അസി ഫോണ്‍ ചെയ്തത്.. 'നിങ്ങള്‍ ഫോണ്‍ വില്‍ക്കാന്‍ വരട്ടെ, ഈ കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയ്യുന്നില്ല, മൗസ് പാഡ് ഇടക്ക് സ്റ്റക്ക് ആവുന്നു, ഇനി ഇത് മടക്കേണ്ടി വരാണെങ്കില്‍..' അവളുടെ വാക്കുകളില്‍ 'മറ്റൊരു ഫുജിട്സു' എന്ന സന്ദേശം ഞാന്‍ കേട്ടു.

ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ അത് കോണ്‍ഫിഗര്‍ ചെയ്ത് ഇരുന്നതാ അപ്പൊ ഒന്നും ഞാന്‍ കാണാത്ത ഒരു പ്രോബ്ലം എത്ര സിമ്പിള്‍ ആയാ ഇവള്‍ കണ്ടെത്തിയത്. ഞാന്‍ പറഞ്ഞില്ലേ ഇവളെ ഞാന്‍ അല്ല കെട്ടിയതെങ്കില്‍..

അടുത്ത ദിവസം മറ്റ് കടകളില്‍ കൂടി വിലനിലവാരം ഉറപ്പുവരുത്തി വാങ്ങാം എന്ന പ്രതീക്ഷയോടെ ഞാന്‍ മടങ്ങി. വീട്ടില്‍ വെച്ച് ഞാന്‍ മൗസ് പാഡിനേ തിരിച്ചും മറിച്ചും ചോദ്യംചെയ്തിട്ടും ഒരു തുമ്പും കിട്ടിയില്ല, അവളെ വിളിച്ചു 'എന്താ ഇതിന്‍റെ പ്രോബ്ലം ഒന്ന് കാണിച്ചു താ'. അവള്‍ വന്ന് കുറച്ച് നോക്കിയിട്ട് പറഞ്ഞു 'കണ്ടോ അതിന്‍റെ പണി, ഞാന്‍ അപ്പഴേ പറഞ്ഞതാ ഇനി ഉപ്പ വരുമ്പോ ഇതിന് ഒരു പ്രശ്നവും ഉണ്ടാവില്ല, എന്നെ ചീത്തകേള്‍പ്പിക്കാന്‍, മോളേ നീ കണ്ടതല്ലേ..' അവള്‍ മകളുടെ സപ്പോര്‍ട്ട് തേടി. 'പിന്നെ ഞാനും കണ്ടതാ..' മോളും സാക്ഷിയാണ്. 'എന്ത് കണ്ടതാ, എന്നിട്ട് ഇപ്പൊ അതെവിടെ പോയി..' എനിക്കങ്ങ് ദേഷ്യം വരാന്‍ തുടങ്ങി. രണ്ടും കൂടി എന്‍റെ എസ്റ്റൂ നശിപ്പിക്കും..

'ഞാന്‍ ആയത് കൊണ്ട്‌ നിന്നെ കൊണ്ട് നടക്കുന്നു, മറ്റ് വല്ലവരും ആണെങ്കില്‍ നീ ഇപ്പം നിന്‍റെ വീട്ടില്‍ ഇരുന്ന് മോങ്ങുന്നുണ്ടാവും' എന്‍റെ വാക്കുകള്‍ മുഖവിലക്കെടുക്കാതെ 'ഓ പിന്നെ..ഒരു ലാപ്ടോപ്പിന്റെ മൗസ്പാഡ് വര്‍ക്ക്‌ ചെയ്യാത്തീനെയ്‌..' എന്നും പറഞ്ഞു അവളങ്ങ് അടുക്കളയിലെക്ക് വലിഞ്ഞു. ഞാന്‍ പിന്നെയും കുറെ നേരം എന്‍റെ ലാപ്ടോപ്പും ചെക്ക്‌ ചെയ്ത് നോക്കി. എന്നെ വിശ്വാസമില്ലേ എന്ന ദയനീയ ഭാവത്തില്‍ എന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും ലാപ്ടോപ്പ് ടപ്പ് ടപ്പേന്ന് മറുപടി തന്നു.

മലയാളി വാങ്ങാത്ത വൈല്‍ഡ്‌ഫയറും എടുത്ത് ഞാന്‍ ഫലസ്തീന്‍ സ്ട്രീറ്റില്‍ ചെന്നു. പൊട്ടന്‍ അറബി 400 റിയാല്‍ തന്ന് അത് വാങ്ങി വെച്ചു. നല്ല ഫോണ്‍ ആയിരുന്നു, ഇത്രയും കാലം ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട് ഇപ്പൊ ഇതാ പിരിയുകയാണ്. സാരമില്ല പുതിയ എസ്റ്റൂവിന് വേണ്ടി അല്ലെ. 2800 റിയാല്‍ വിലയില്‍ നിന്നും ഞാന്‍ ഇതാ 1100 മാത്രം ചിലവാക്കി എസ്റ്റൂ സ്വന്തമാക്കാന്‍ പോവുന്നു..അമ്പഡാ ഞാനേ. എസ്റ്റൂവിന്‍റെ ചിത്രം എനിക്ക് മുന്നില്‍ കൂടുതല്‍ തെളിവോടെ നിന്നു.

അടുത്ത ദിവസം ഞാന്‍ ഗാലക്സി വൈയും എടുത്ത് വീണ്ടും ബലദില്‍ എത്തി. മൂന്നു നാല് കടകളില്‍ കയറിയിറങ്ങി. ഇല്ല അവര്‍ക്കൊന്നും എന്‍റെ ഫോണ്‍ വാങ്ങാന്‍ താത്പര്യം ഇല്ല, പോടാ പുല്ലേ എന്‍റെ ഫോണിന് ക്യൂ നില്‍ക്കുന്ന ആണ്‍കുട്ടികള്‍ വേറെയുണ്ട്..

ഞാന്‍ ആദ്യം കയറിയ കടയിലേക്ക് തന്നെ വെച്ചുപിടിച്ചു. പോകുന്ന വഴിയില്‍ ഒരു ഫോണ്‍ കവര്‍ കടയില്‍ കയറി 'എസ്റ്റൂവിന്‍റെ കവര്‍ ഉണ്ടോ' ഭാഗ്യം അവരുടെ കൈയ്യില്‍ മനോഹരമായ ഒരു കവര്‍ ഉണ്ട് വില ഒണ്‍ലി 20 റിയാല്‍. എനിക്കിഷ്ടായി ഞാന്‍ വാങ്ങാന്‍ ഉദേശിക്കുന്ന വെള്ള എസ്റ്റൂവിന് നന്നായി ചേരും. 'ഒറ്റ മിനിറ്റ്, ഒരു എസ്റ്റൂ വാങ്ങി ദാ ഇപ്പൊ വരാം..'

'ന്നത്തെ ബെല ഒന്ന് ചോയ്ച്ചാട്ടെ, ഇതിനൊക്കെ ഓരോ ദിവസും ഓരോ ബെലാ ന്നേയ്' അതും പറഞ്ഞ് അവന്‍ ഫോണ്‍ എടുത്തു. ങ്ങേ, തന്നെ, അയ്‌ശരി, കോറ്യൂലാ, ബെള്ളക്കും അതെന്നെ, അപ്പന്നാ സരി. ഫോണ്‍ വെച്ച് അവന്‍ പറഞ്ഞ് 'ഇന്ന് 100 ഉര്‍പ്യ കൂടീക്കിണ് 1600 ആവും, ഇങ്ങളെയ്യ്‌ ഒരു രണ്ടീസം കയിഞ്ഞ് നോക്കി, അപ്പോത്തിനു കോറഞ്ഞോളും'. ഞാന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു ഒരു നൂറ് റിയാല്‍ കൂടുതല്‍ കൊടുത്ത് ഇപ്പൊ തന്നെ വാങ്ങണോ, വേണ്ട രണ്ടു ദിവസം കാക്കാം ഇത്രയും കാത്തിട്ടു വില കൂടുതല്‍ കൊടുത്ത് വാങ്ങുക എന്ന് പറഞ്ഞാല്‍..

ഉറങ്ങാന്‍ കിടക്കുമ്പോള്‍ അസി ചോദിച്ചു 'നമ്മള്‍ ആദ്യം വാങ്ങിയ ഗാലക്സി വൈ ഓര്‍മ്മയുണ്ടോ, അതിനും ഇതേ കളര്‍ ആയിരുന്നു, ചുവപ്പ്'. ശരിയാണ് അന്നത് ഞാന്‍ എന്‍റെ ഒരു വളരെ അടുത്ത ബന്ധുവിന് അവര്‍ ഉംറക്ക് വന്നപ്പോള്‍ സമ്മാനിക്കാന്‍ വാങ്ങിച്ചതാണ്.

അസി തുടര്‍ന്നു 'എനിക്കത് അന്ന് അത്രയ്ക്ക് അങ്ങിഷ്ടായി, അന്ന് ആ ഫോണ്‍ ഞാന്‍ ഒന്നേ നോക്കിയുള്ളൂ, കൂടുതല്‍ നോക്കിയാല്‍ വാങ്ങണം എന്ന് തോന്നോ ന്ന് കരുതി പിന്നെ ഞാന്‍ നോക്കിയില്ല. നമ്മുടെ മോള്‍ക്കും അത് നല്ല ഇഷ്ടായി, ഫ്രീ കിട്ടിയതാ എന്നറിഞ്ഞാല്‍ അവള്‍ക്കും വേണ്ടി വരും എന്ന് കരുതിയാ ഞാന്‍ അത് വണ്ടിയില്‍ തന്നെ വെക്കാന്‍ പറഞ്ഞത്'. അവള്‍ പിന്നെയും എന്തെല്ലാമോ പറഞ്ഞു പക്ഷെ അതൊന്നും ഞാന്‍ കേട്ടില്ല ഞാന്‍ തിരിച്ചറിവിലായിരുന്നു..

എന്‍റെ മുന്നില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ മറച്ചുവച്ച് എന്‍റെ വലിയ സന്തോഷം നടത്താന്‍ നടക്കുന്ന എന്‍റെ പെണ്ണ്.. കൂട്ടുകാരുടെ കൈയിലെ ഭംഗിയുള്ള ഫോണുകള്‍ നോക്കി എനിക്കും കിട്ടും ഇതുപോലൊന്ന് എന്ന് സ്വപ്നം കാണുന്ന എന്‍റെ മകള്‍.. ഒന്നും ഞാന്‍ കണ്ടില്ല.. ഒന്നും അവര്‍ എന്നോട് പറഞ്ഞില്ല.. 

പെണ്ണുങ്ങള്‍ക്ക് മോഹിക്കാന്‍ അവകാശം ഇല്ലല്ലോ. അവള്‍ മോഹിച്ച ഫോണും ഞാന്‍ മോഹിച്ച ഫോണും തമ്മില്‍ ഉള്ള വെത്യാസം വലിപ്പവും വേഗതയും മാത്രമായിരുന്നു. എന്‍റെ മോഹത്തിനു പക്ഷെ അവരുടെ മോഹത്തിന്റെ നാലിരട്ടി വിലയുണ്ടായിരുന്നു. എന്‍റെ മോഹം.. അതെ എന്നും എന്‍റെ മോഹം മാത്രേ ഞാന്‍ കണ്ടുള്ളൂ.. ഞാന്‍ അവരെ മറന്നു..

ഒന്നും പറയാതെ ഞാന്‍ പോയി കാറില്‍ നിന്നും അവളെ മോഹിപ്പിച്ച ചോന്ന ഗാലക്സി വൈ എടുത്തിട്ട് വന്നു, അവളുടെ ഫോണില്‍ നിന്നും സിം അടുത്ത് അതിനുള്ളില്‍ വെച്ചു എന്‍റെ സിം എടുത്ത് അവളുടെ നോക്കിയ ഫോണില്‍ ഇട്ടു. പുതിയ ഫോണ്‍ അവള്‍ക്ക് നീട്ടി അവള്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല.

'നിങ്ങടെ കുറേ കാലത്തെ മോഹമല്ലേ എസ്റ്റൂ.., എനിക്കെന്തിനാ ഇത്ര നല്ല.., ഞാന്‍ നമ്മുടെ മോള്‍ക്ക്‌ ഇഷ്ടമായി എന്നാ..' അവള്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു..

എനിക്കറിഞ്ഞൂടെ മോളെ ഇതൊക്കെ നിന്‍റെ നമ്പര്‍ ആണെന്ന് എന്നൊന്നും മുഖത്തു കാണിക്കാതെ ഞാന്‍ ഗൌരവക്കാരനായി 'മര്യാദക്ക് വാങ്ങിക്കോ കഴുതേ, അടിച്ച് പരത്തും നിന്നെ ഞാന്‍..'. ഫോണും പിടിച്ച് നില്‍ക്കുന്ന അവളോട് ഞാന്‍ പറഞ്ഞു 'എന്‍റെ ഈ നല്ല മനസ്സ് നീ ഒരു കാലത്തും മറക്കരുത്, എനിക്ക് എപ്പഴും ഫിഷ്‌ ചില്ലിയും, നെയ്ച്ചോറും, പഴംപൊരിയും, പായസും ഒക്കെ ഉണ്ടാക്കി തരണം'.

പുഞ്ചിരിയോടെ സമ്മതമാണെന്ന് തലയാട്ടുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടു, വലിയ സന്തോഷം ഒന്നും ഇല്ല. രാത്രി ഉറങ്ങിയില്ല എന്ന് വ്യക്തം. അവളുടെ പഴയ നോക്കിയ ഞാന്‍ പോകെറ്റില്‍ ഇടുമ്പോള്‍ അവള്‍ ചോദിച്ചു 'ഇനി എസ്റ്റൂ എന്നാ വാങ്ങാ..'.

അയ്യടാ എസ്റ്റൂവേയ്, അത് പഴതായില്ലേ രണ്ടു മാസം കഴിഞ്ഞ് എസ്ത്രീ ഇറങ്ങും അത് ഞാന്‍ വില കുറയുന്നതിനു മുന്നേ കൂടിയ വിലക്ക് തന്നെ വാങ്ങാന്‍ പോവാ, നീ നോക്കിക്കോ..

അവസാനം എനിക്ക് ഒരു എസ്റ്റൂ കിട്ടി, എനിക്ക് സ്വന്തമായി, എനിക്ക് മാത്രമായി വെറുതെ ഒരു എസ്റ്റൂ..

4 comments:

 1. അടിപൊളി... അവസാനം എന്റെ കണ്ണും ചെറുതായൊന്നു നനഞ്ഞില്ലെന്നൊരു സംസ്യം.....
  ഒരുകാര്യം ഇവിടെ ഓര്‍ക്കാതെ വയ്യ.
  എന്റെ കണവിക്കും ഏകദേശം ഇതേ വട്ടാ..
  എനിക്കും...ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്......

  ReplyDelete
 2. നന്നായി മാഷേ. ഹൃദയത്തില്‍ അവിടേം ഇവിടേം ഒക്കെ തട്ടി...

  ReplyDelete
 3. ബാക്കി വായിക്കട്ടെ...

  ReplyDelete

Related Posts Plugin for WordPress, Blogger...