Wednesday, February 1, 2012

താഴേക്ക് നോക്കാത്തവര്‍

"മീന്‍ കനംകുറച്ച് അരിയണം.." അവന് മനസ്സില്‍ ആകാന്‍ ആഗ്യംത്തിലൂടെയും, മുറി ഹിന്ദിയിലും മറ്റും ഞാന്‍ അവതരിപ്പിച്ചു. ഈ ബംഗാളിയോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, വലിയ മുട്ടന്‍ കഷ്ണങ്ങള്‍ ആക്കി നുറുക്കി തരും, മീനിന്‍റെ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല, അമ്മാതിരി സൈസ്. 

പൊരിച്ചു തിന്നാന്‍ ഒരു രസവും കാണില്ല, വലിയ മീനുകള്‍ വീട്ടിലെ കത്തിയില്‍ ഒന്നും പിടി തരില്ല അതാ കാര്യമൊന്നുമില്ലെങ്കിലും ഇവന്മാരോടു സോപ്പ് ഇടുന്നത്. മുറിച്ചു കഴിഞ്ഞാല്‍ അവന്‍ ഡീസന്റ് ആയി കൈ നീട്ടും. ഒരു റിയാല്‍ കൊടുത്താല്‍ അവന്‍റെ ദഹിപ്പിക്കുന്ന ആ നോട്ടത്തില്‍ നമ്മുടെ മീന്‍ പാതി വെന്തു പോവും. 


നമ്മുടെയെങ്ങാനും ഭാഗ്യത്തിന് നമുക്കവനെ അടുത്ത തവണയും കിട്ടിയാല്‍ അവന്‍ അമ്മച്ചിയാണേ സൈസ് കൂട്ടിയെ മുറിച്ചു തരൂ.

ജിദ്ദ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങിയാല്‍ ക്ലീന്‍ ചെയ്യാന്‍ ക്ലീനിംഗില്‍ കൊടുക്കണം. ക്ലീനിംഗ് സെക്ഷന്‍ എന്നത് ഒരു വലിയ ബംഗാളി കൂട്ടായ്മയാണ്. 

മീന്‍ കിലോക്ക് ഒരു റിയാല്‍ വെച്ച് ടിക്കറ്റ്‌ എടുത്ത് ഏതെങ്കിലും ബംഗാളിയുടെ പിന്നില്‍ പോയി ക്യൂ നില്‍ക്കണം. നമ്മളെ ഒന്നും അവര്‍ക്ക് വല്ലാതെ കണ്ണില്‍ പിടിക്കില്ല, അവന്‍റെ നോട്ടം വലിയ അമൂറും തൂക്കി വരുന്ന സൗദി ഉണ്ടോ എന്നാണ്. അതായാല്‍ രണ്ടാണ് കാര്യം സൗദി നല്ല ടിപ്പു കൊടുക്കും, പിന്നെ മീനിന്‍റെ പാര്‍ട്സും (കരളും, മുട്ടയും മറ്റും) തലയും അവര്‍ അവിടെ ഇട്ടിട്ടു പോവും. അതെടുത്ത് ബംഗാളിക്ക് വില്‍ക്കാം.

ക്ലീന്‍ ചെയ്യാന്‍ കൊടുക്കുന്ന കാശ് ബംഗാളിക്ക് കിട്ടില്ല അത് ഏജന്‍സി നടത്തുന്നവര്‍ വാങ്ങും. ടിപ്സ് ഒരു അവകാശം പോലെ നീട്ടുന്ന ബംഗാളിയുടെ കൈകള്‍ കാണാതെ പലരും നടന്നു നീങ്ങും, ബംഗാളി അവന്‍റെ മനസ്സിലുള്ള വേദന തെണ്ടി, നാറി തുടങ്ങിയ പദങ്ങളിലൂടെ അത്യാവശ്യം ഉച്ചത്തില്‍ തന്നെ പുറത്തു കളയും. നീളുന്ന കൈകള്‍ കാണാതെ നടക്കാന്‍ മനസ്സ് വരാത്തതിനാല്‍ ഞാന്‍ അവന്‍ പ്രതീക്ഷിക്കുന്നത് അവന് കൊടുക്കും.

ഒന്നു രണ്ടു തവണ രണ്ടു റിയല്‍ കൊടുത്തപ്പോള്‍ എനിക്കൊരു കാര്യം ബോധ്യമായി, രണ്ടു റിയാലിന് നല്ല കട്ടിയാണ്, ഒന്നു കൂടി കനംകുറഞ്ഞത് മൂന്നിനു മേലെയുള്ള റിയാല്‍ ആണ്. 'നന്നാക്കി കൊടുത്തിട്ട് എന്തിനാ ഇവനൊന്നും എനിക്കൊരു ചില്ലി തരില്ല' എന്ന അരക്ഷിതാവസ്ഥ മാറ്റാന്‍ ഞാന്‍ മീനിന്‍റെ കൂടെ ആദ്യം തന്നെ മൂന്നു റിയാല്‍ വെച്ച് കൊടുത്തു തുടങ്ങി. ദോഷം പറയരുതല്ലോ കാശ് ആദ്യം തന്നെ കിട്ടുമ്പോള്‍ ഉള്ള കണ്ണുകളിലെ തിളക്കമല്ലാതെ പക്ഷെ പലപ്പോഴും മീന്‍ കഷ്ണങ്ങള്‍ വലിയ മാറ്റമൊന്നുമില്ലാതെ നല്ല കട്ടിയായി കിടന്നു.

ഞാന്‍ എന്‍റെ പരീക്ഷണം ഒന്നു മാറ്റിപിടിച്ചു. മീന്‍ കൊടുക്കുമ്പോള്‍ പറയും 'നല്ല കനം കുറച്ചു മുറിച്ചു തന്നാല്‍ അഞ്ചു റിയാല്‍ തരും ഇല്ലെങ്കില്‍ രണ്ടു റിയാല്‍ തരും'. അതു പലപ്പോഴും ഏശും, ചിലപ്പോള്‍ നല്ല തടിയന്‍ കഷണങ്ങളായി മുറിച്ചതില്‍ നിന്നും അവന്‍ ഏറ്റവും കട്ടി കുറഞ്ഞ കഷ്ണം എടുത്ത് കാണിച്ചു പറയും ഇതെന്താ കട്ടി കുറഞ്ഞതല്ലേ, ഞാന്‍ അവനെ പ്രാകി കൊണ്ടു കാശും കൊടുത്തു പോരും.

ഇന്ന് പക്ഷെ അങ്ങനെയല്ല. അത്യാവശ്യം വൃത്തിയായി കനം കുറച്ചു തന്നെയാണ് ബംഗാളി ബന്തു (ബംഗാളിയില്‍ - ചങ്ങാതി) മുറിച്ചത്. പോക്കറ്റില്‍ നോക്കിയപ്പോള്‍ ചില്ലറ ഒന്നും കണ്ടില്ല. ഞാന്‍ നൂറിന്‍റെ നോട്ടും എടുത്ത് ടിക്കറ്റ്‌ കൌണ്ടറിലുള്ള മലയാളിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു 'ഇതൊന്നു മാറ്റിത്തരോ സ്നേഹിതാ, ആ ബംഗാളിക്ക് ഒരു ടിപ്പു കൊടുക്കാനാ..'. ചില്ലറ തരുമ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു 'നന്നായി, അവര്‍ക്ക് ടിപ്പു കൊടുക്കാന്‍ തോന്നിയത്, ഇരുനൂറു റിയാല്‍ ആണ് അവറ്റകളുടെ ശമ്പളം'. 

ഒരു അടികിട്ടിയ പോലെ ഞാന്‍ തരിച്ചു നിന്നു 'വെറും ഇരുനൂറോ ഒരു മാസം..' അയാള്‍ വിവരിച്ചു തന്നു 'താമസവും ഭക്ഷണവും എല്ലാം കമ്പനി കൊടുക്കും, ഓവര്‍ടൈമും കിട്ടും എന്നാലും ശമ്പളം ഇരുനൂറ് തന്നെ..പിന്നെ മീനിന്‍റെ ബാക്കിയും പാര്‍ട്സും എല്ലാം വിറ്റ് അങ്ങനങ്ങ് പോവും അതന്നെ..'

അതൊരു വല്ലാത്ത അറിവായിരുന്നു ഞെട്ടിക്കുന്ന, വേദനിക്കുന്ന, അമ്പരപ്പിക്കുന്ന ഒരു നൊമ്പരം. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മനോഹരമായ വര്‍ണ്ണങ്ങള്‍ അല്ലല്ലോ.

അഞ്ചു രൂപ കിട്ടിയപ്പോള്‍ തെളിഞ്ഞ ആ മുഖത്ത് നോക്കാന്‍ ആവാതെ പ്ലാസ്റ്റിക്‌ തട്ടില്‍ നിരത്തി വെച്ചിട്ടുള്ള പഞ്ഞീനില്‍ (മീന്‍ മുട്ട) ചൂണ്ടി ഞാന്‍ ചോദിച്ചു 'അതെത്രയാ.' അയാള്‍ അത്യുത്സാഹത്തോടെ പറഞ്ഞു 'പതിനഞ്ചു റിയാല്‍..നല്ല അമൂറിന്റെ മുട്ടകളാ സര്‍..നല്ല ഫ്രഷ്‌ ആണ്'. ബംഗാളികളുടെ ഒരു സ്റ്റൈല്‍ ഉണ്ട് എന്തിനും ആദ്യം വില ഇരട്ടി പറയും, വിലപേശിയാല്‍ പകുതിക്ക് തരും. പഞ്ഞീന്‍ എന്‍റെ മകളുടെ പ്രിയ ഭക്ഷണമാണ്, കണ്ടിട്ട് നല്ല ഫ്രഷ്‌ ആണ്, ഒരു പത്തു റിയാല്‍ വരെ കൊടുക്കാം എന്ന് തോന്നി. 

എന്തിനും പകുതിക്ക് വില പറയുന്ന ഇന്ത്യക്കാരന്‍റെ മനസ്സാണോ ആണോ അതോ വിലപേശി വിലകുറച്ചു വാങ്ങുബോള്‍ രണ്ടു കൂട്ടര്‍ക്കും കിട്ടുന്ന സന്തോഷത്തിന്റെ മനശാസ്ത്രം ആണോ എന്തോ ഞാന്‍ പകുതിയില്‍ പിടിച്ചു 'എട്ട് റിയാല്‍ തരാം, വില്‍ക്കുന്നോ..'. 'നിറയെ ഉണ്ട് സാറേ..ഒരു പത്തു റിയാല്‍ തന്നേക്കു..'. 'എട്ടിനാണെങ്കില്‍ മതി എനിക്ക്..' അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു. അയാള്‍ പഞ്ഞീന്‍ എടുത്ത് ഒരു കവറില്‍ ഇട്ടു ഞാന്‍ അയാള്‍ക്ക് പത്തു റിയാല്‍ കൊടുത്തു 'ബാക്കി നീ വെച്ചോ..' എന്ന് പറഞ്ഞു പോരുമ്പോള്‍ ഞാന്‍ രണ്ടു റിയാലി‍ന്റെ ചിലവില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കിട്ടുന്ന നൈമിഷിക സുഖം ആസ്വദിക്കുകയായിരുന്നു.

തിരിച്ചു വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അവന്‍റെ കണ്ണില്‍ ഞാന്‍ ഇപ്പോള്‍ ഒരു ധനവാനായിരിക്കും, അവന് എന്നോട് അസൂയ തോന്നുന്നുണ്ടാവും, പറഞ്ഞതിലും കൂടിയ വിലക്ക് വാങ്ങുന്നവനും, നല്ല ഒരു ടിപ്പ് നല്‍കുകയും ചെയ്യുന്ന എന്നെപ്പോലെ ഉള്ള ഒരുത്തന്റെ ജീവിതം ഉണ്ടായിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ടാവണം. ആ ചിന്ത, അതവന്റെ സമാധാനം കെടുത്തുന്നുണ്ടാവും. ഞാനോ എന്‍റെ മുന്നിലൂടെ ചീറിപായുന്ന ബെന്‍സ്‌ കാറിന്‍റെ ഉടമയെ നോക്കി എട്ടു വര്‍ഷം പഴകിയ എന്‍റെ വണ്ടി ഒഴിവാക്കി അതു പോലൊരു പുതിയ വാഹനം കിട്ടിയെങ്കില്‍ എത്രമാത്രം ഞാന്‍ സന്തോഷവാനായി മാറും എന്ന ചിന്തയാല്‍ ദുഖിതനായി നടക്കുന്നു, ബെന്‍സ്‌ കാറുകാരന്‍ അയല്‍വാസിയായ ബിസിനസ്‌ സാമ്രാജ്യം കെട്ടിപോക്കിയവനെ ഓര്‍ത്തു ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു, അവനോ മറ്റവന്റെ സുന്ദരിയായ ഭാര്യയെ കണ്ടു എനിക്ക് അതുപോലെ ഒരു പെണ്ണിനെ ആണ് കിട്ടിയിരുന്നതെങ്കില്‍ ഞാന്‍ ഇന്ന് എത്രക്ക് സന്തോഷിച്ചേനെ എന്ന് കരുതി നടക്കുന്നുണ്ടാവും.

സന്തോഷിക്കുന്നവര്‍ ആരും ഇല്ല. താഴേക്ക്‌ നോക്കാന്‍ മറക്കുമ്പോള്‍ എല്ലാവരും ദുഖിതര്‍ തന്നെ. മേലെ കാണുന്ന കണ്ണഞ്ചിക്കുന്ന കാഴ്ചകള്‍ ഇല്ലാതെ നമുക്കിനി ഉറങ്ങാന്‍ ആവില്ല, ആ ചിന്തകള്‍ കൊണ്ടു തരുന്ന ദുഖത്തിന് പോലും ഒരു സുഖമുണ്ട്. വലിയ വീടും, അഞ്ചക്ക ശമ്പളവും, പുതിയ കാറും, സുന്ദരിയായ ഒരു പെണ്ണും ഛെ അതിനിടയില്‍ ഒരു ഇരുനൂറു രൂപക്കാരന്റെ കാര്യം പറഞ്ഞു മൂട് കളഞ്ഞു.

അത് പോട്ടെ എന്തൊക്കെയോ പുതിയ വിശേഷങ്ങള്‍.
ഗാലക്സി എസ് ത്രീ സ്പെക് കണ്ടില്ലേ, ഐഫോണ്‍ ഫൈവിനെ കടത്തി വെട്ടുമോ, രണ്ടും ഇറങ്ങട്ടെ എന്നിട്ട് വാങ്ങാം മറ്റത് നമ്മള്‍ എല്ലാരുടെ മുന്നിലും മണ്ടന്‍ ആയാലോ.

ങ്ങാ വീടുപണി നടക്കുന്നുണ്ട്.. ഇല്ല വലുതൊന്നും അല്ല.. ഒരു 3000 സ്കൊയര്‍ ഫീറ്റ്‌.. അത്രയെങ്കിലും ഇല്ലെങ്കില്‍ റൂം എല്ലാം വല്ലാതെ അങ്ങു ചുരുങ്ങിപ്പോവുമെന്നെ..60 വരുമെന്നാ എഞ്ചിനീയര്‍ പറഞ്ഞത് ഈ പോക്ക് പോയാല്‍ 75 എങ്കിലും ആവും..വീടും പറമ്പും കൂടി ഒരു ഒന്നേകാല്‍ കോടി വരും..പിന്നെ ലോണ്‍ ഉണ്ട്.. ലോണ്‍ ഇല്ലാതെ ഇതൊക്കെ എങ്ങനെ നടക്കാനാ..

വണ്ടി ഒന്നു മാറ്റണം.. 2012 എക്സ്പ്ലോറര്‍ കണ്ടു വെച്ചിട്ടുണ്ട്..നോക്കട്ടെ..

വലിയ മോഹങ്ങള്‍ ഒന്നും ഇല്ലെന്നേ ഈ കാര്‍ ഒന്നു മാറ്റണം വീടുപണിയും ഒന്നു തീരണം, എന്നാ നമ്മള്‍ ഹാപ്പിയാണ്..ഇങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞു പോകണം..ആ ഒരു പ്രാര്‍ത്ഥന മാത്രേ ഉള്ളൂ

വാല്‍ക്കഷണം: ഫിഷ്‌ മാര്‍ക്കറ്റില്‍ ക്ലീനിംഗ് ചാര്‍ജ് കിലോക്ക് മൂന്നു റിയാല്‍ ആക്കി, പോരാത്തതിന് ഒടുക്കത്തെ ക്യൂവും. ഞാന്‍ ഒരു വര്‍ഷത്തോളമായി അങ്ങോട്ട്‌ പോകാറില്ല. ഇപ്പൊ ശരഫിയയില്‍ കൂടിയ വിലക്ക് മീന്‍ വാങ്ങിച്ചു മെഷീന്‍ കട്ട്‌ ചെയ്യിക്കും. ഈ മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങുന്നതും, ആ മീന്‍ കവര്‍ പിടിച്ചു ക്യൂ നില്‍ക്കുന്നതും ഒന്നും നമ്മുടെ ഒന്നും സ്റ്റാറ്റസിനു ചേരില്ലന്നേ..

6 comments:

 1. ഇനിയുമെഴുതണം , ധാരാളമെഴുതണം. എനിക്കിഷ്ടമാണ് താങ്കളുടെ രചനാരീതി, ചിന്തകളും !

  ReplyDelete
 2. അകലെയുള്ള സൌഹൃദമേ സ്വാഗതം. മീന്‍ മുറിക്കുന്നതില്‍ തുടങ്ങി മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹത്തെയും പൊങ്ങച്ചത്തെയും പറയുന്നതിലൂടെ ജീവിക്കാന്‍ കഷ്ട്ടപ്പെടുന്നവരുടെ ദൈന്യത വരച്ചു കാട്ടുന്നതില്‍ അവസാനിക്കുന്ന "മീന്‍ മുറിക്കുന്ന" ചിത്രീകരണം വളരെ സ്വാഭാവികം തന്നെ ..പ്രത്യേകിച്ചും ബംഗാളിയുടെ വില പേശല്‍ .ഹോട്ടലില്‍ നിന്നും ഊണു കഴിച്ചിട്ട് വില പേശുന്ന ബംഗാളിയെ ഞാന്‍ കുല്‍ക്കൊത്തയില്‍ (കല്‍ക്കട്ട) കണ്ടിട്ടുണ്ട്. .സ്നേഹപൂര്‍വ്വം താങ്കള്‍ക്കു എന്റെ ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട വിജയന്‍

   താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി

   ഞാന്‍ വരച്ചു കാട്ടിയത് യാഥാര്‍ത്ഥ്യം മാത്രമാണ്. ഞാന്‍ എഴുതുന്നതില്‍ തൊണ്ണൂറു ശതമാനവും എന്‍റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആണ്.

   Delete
 3. ശരിയാണ് താഹിർ ഭായ് ഇപ്പോ നമ്മുടെ സ്റ്റാറ്റസിന് ചേരില്ല.. മണ്ണിൽ കൃഷി ചെയ്യുന്നവരും ഇപ്പോ ഇങ്ങനെ പറയാൻ തുടങ്ങീട്ടുണ്ട്. കൃഷിയൊക്കെ നിന്ന് വിശപ്പ് വരുമ്പോൾ സ്റ്റാറ്റസ് ഓരോന്നായി അങ്ങ് മാറി നിൽക്കും ല്ലേ....

  വളരെ നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങള്...

  ReplyDelete
 4. ഫെബ്രുവരിയില്‍ എഴുതിയ ഈ പോസ്റ്റില്‍ കമന്റ്‌ ശുഷ്ക്കമാണ്...ആശയത്തെ യും അത് പറഞ്ഞു വന്ന വഴിയും എത്തിയ സാന്ദര്‍ഭികവശങ്ങളും എല്ലാം ഒത്തിരി ആസ്വദിച്ചു....ഇനിയും കാണാം....

  ReplyDelete
 5. ഇതുവായിച്ചപ്പോള്‍ എനിക്ക് ഓര്‍മവന്നത് പ്രവാചകവചനമാണ്,എനിക്ക് ഇഷ്ടപ്പെട്ടുപോയി

  ReplyDelete

Related Posts Plugin for WordPress, Blogger...