Tuesday, February 28, 2012

വേണം എനിക്കും ഒരു എസ്ടു..

'നോക്ക് എന്‍റെ ഫോണ്‍ വീണ്ടും സ്വിച്ച്ഓഫ്‌ ആയി' ഞാന്‍ അവളോട്‌ വിളിച്ചു പറഞ്ഞു.
'നമുക്ക് വാങ്ങാം, എസ്ടു തന്നെ.. വാങ്ങാം' ചിരിച്ചുകൊണ്ട് അവള്‍ അടുക്കളയില്‍ നിന്നും മറുപടി തന്നു.


ഇതിപ്പോ കുറെ പ്രാവശ്യമായി, ഇടക്ക് നോക്കുമ്പോള്‍ കാണാം ഫോണ്‍ സ്വിച്ച്ഓഫ്‌ ആയി കിടക്കുന്നത്.

Andorid ഫോണുകള്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയ ഉടനെ വാങ്ങിയ HTC Wildfire ആണ് എന്‍റെ കയ്യില്‍ ഉള്ളത്. അന്ന് മാര്‍ക്കറ്റില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ Andorid ഫോണ്‍ ആയിരുന്നു അത്. കൂടുതല്‍ വൈകാതെ സാംസങ്ങ് ഗാലക്സി എസ്ടു ഇറക്കി.

അന്ന് മുതലേ മനസ്സിനുള്ളില്‍ ഒരു കുഞ്ഞു മോഹമായി വെച്ചതാണ് എസ്ടു. പക്ഷെ ഇത്രയും വില കൊടുത്ത് ഒരു ഫോണ്‍, എനിക്കാണെങ്കില്‍ വല്ലാതെ ഉപയോഗവും ഇല്ല, വേണ്ട കുറച്ചു കഴിയട്ടെ അപ്പൊ പുതിയ മോഡലുകള്‍ വരും, വിലയും കുറയും. കുറെ കാലമായി അങ്ങനെ എസ്ടു എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്.

എസ്ടുവിന് വില ഒരുപാട് കുറഞ്ഞു 2800 റിയാലില്‍ നിന്നും 2000 റിയാലില്‍ വന്ന് നില്‍ക്കുന്നു. വാങ്ങാം എന്ന തോന്നല്‍ ശക്തമാവുമ്പോള്‍ ആണ് ഗാലക്സി എസ്ത്രീ 2012 പകുതിയോടെ ഇറങ്ങും എന്ന് കേള്‍ക്കുന്നത്. ഇത്രയും ആയില്ലേ മൂന്നു നാല് മാസം കൂടി കാത്താല്‍ ഇനിയും എസ്ടുവിന് വില കുറയും അപ്പൊ വാങ്ങാം. പിശുക്കനായ എന്നെ പിന്താങ്ങാന്‍ എന്‍റെ ഫിശുക്കി ഫാര്യയും റെഡി.

രാത്രി കിടക്കുമ്പോള്‍ സഹോദരനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ഫോണ്‍ അതാ സ്വിച്ച്ഓഫ്‌ ആയി കിടക്കുന്നു.

'നോക്ക് ഫോണ്‍ വീണ്ടും സ്വിച്ച്ഓഫ്‌ ആയി' ഞാന്‍ അവള്‍ക്ക് തെളിവ് സഹിതം കാണിച്ചു കൊടുത്തു. 'നമുക്ക് വാങ്ങാം, ഉടനെ വാങ്ങാം' ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

ഫോണ്‍ ഓണ്‍ ചെയ്തു പ്രോഗ്രാമുകള്‍ സ്റ്റാര്‍ട്ട്‌ ആവാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു 'ഇതിന്‍റെത് സ്ലോ പ്രോസ്സസ്സര്‍ ആണ്, അതാ ഇത്ര സമയം എടുക്കുന്നത്'.

തല കുലുക്കി അവള്‍ പറഞ്ഞു 'ഇതൊക്കെ ഇപ്പൊ എനിക്ക് മനസ്സില്‍ ആക്കി തരുന്നത് എന്തിനാ എന്ന് മനസ്സില്‍ ആവുന്നുണ്ട്' ഇല്ല ഇവളോട് ഒരു രക്ഷയും ഇല്ല.

ഫോണ്‍ ഓണ്‍ ആയി സഹോദരനെ വിളിച്ചു, അവള്‍ക്ക് കൂടി കേള്‍ക്കാന്‍ ഞാന്‍ സ്പീക്കര്‍ഫോണില്‍ ഇട്ടു, അവിടെ റിംഗ് ചെയ്യുന്ന സൗണ്ട് കേട്ടതും ഫോണ്‍ സ്വിച്ച്ഓഫ്‌ ആയി.

'ഇപ്പൊ കണ്ടോ, ഇതാ ഞാന്‍ പറഞ്ഞത്, എനിക്ക് പുതിയ ഫോണ്‍ വാങ്ങാന്‍ വേണ്ടി ഒന്നുമല്ല, ഇതിങ്ങനെ എപ്പഴും ഓഫ്‌ ആയി കിടന്നാല്‍ ആര്‍ക്കെങ്കിലും എന്നെ വിളിച്ചാല്‍ കിട്ടോ' സത്യത്തില്‍ കറക്റ്റ് ടൈമില്‍ ഓഫ്‌ ആയ ഫോണിനെ എനിക്ക് കുറച്ച് ഇഷ്ടായി എന്ന് പറയാതെ വയ്യ.

'അതിനെ പറ്റി പേടിക്കണ്ടാ, ഞാന്‍ അല്ലാതെ ആരാ നിങ്ങളെ വിളിക്കാന്‍'. അതവള്‍ പറഞ്ഞത് കാര്യംതന്നെ, എനിക്ക് ഫോണ്‍ ഇല്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. ചിലപ്പോള്‍ ഞാന്‍ അദ്ഭുതപ്പെടാരുണ്ട് ആരും വിളിക്കാന്‍ ഇല്ല എനിക്ക്, ഞാന്‍ മറ്റുള്ളവരെ വിളിക്കുകയല്ലാതെ. അവള്‍ക്കാണ് എന്നേക്കാള്‍ കൂടുതല്‍ വിളിവരുന്നത്‌.

പ്രവാസത്തിന്‍റെ ഒരു മാജിക്‌ ആണത്, നമ്മള്‍ വിളിക്കണം എല്ലാവരെയും, നമ്മള്‍ അറിയണം അവരുടെ വിശേഷങ്ങള്‍, നാട്ടില്‍ നിന്നും തിരിച്ച് വിളിക്കാനുള്ള ചാര്‍ജ് ഇവിടുന്നു വിളിക്കുന്നതിനെക്കള്‍ കുറവാണ് എന്നാലും ആര്‍ക്കും നമ്മെ വിളിക്കാന്‍ വയ്യ, ആര്‍ക്കും അറിയണ്ട നമ്മുടെ വിശേഷങ്ങള്‍.

'ഓ അവരെല്ലാം അങ്ങ് ഗള്‍ഫിലാ, നല്ല സുഖമല്ലേ, പിന്നെ.. എല്ലാ ആഴ്ചയും വിളിക്കും' നമ്മുടെ ചിത്രം എന്നോ ആരോ വരച്ചു വെച്ചിരിക്കുന്നു, അതിനിനി മാറ്റമില്ല, മാറ്റികൂടാ..

'അവന്‍ നമ്മളെ എല്ലാം മറന്നു' വേണ്ടാ ആ പേരു വേണ്ട, നമുക്ക് തന്നെ വിളിക്കാം..അതിനും എന്‍റെ ഫോണ്‍ ഒന്ന് വര്‍ക്ക്‌ ആയിട്ടുവേണ്ടേ.

'നാളെത്തന്നെ എസ്ടു വാങ്ങാം ട്ടോ..' അവള്‍ എന്നെ സമാധാനിപ്പിച്ചു.

'നാളെ വേണോ..' കാര്യത്തിനോടടുക്കുമ്പോള്‍ ഞാന്‍ പിറകോട്ടടിച്ചു.

'എന്നാല്‍ പിന്നെ ഇപ്പൊ തന്നെ പോവാം..' അവള്‍ എന്നെ കളിയാക്കാണ്. നടക്കട്ടെ നിന്‍റെ സമയം, എന്‍റെ വിഷമം നിനക്കൊന്നും അറിയില്ല.

രാത്രി എന്‍റെ ഫോണ്‍ അയല്‍വാസിയുടെ നെറ്റില്‍ ചോദിക്കാതെ കേറി എനിക്കുള്ള മെയില്‍ എല്ലാം ഡൌണ്‍ലോഡ് ചെയ്യാറുള്ളതാണ്, പക്ഷെ ഇന്ന് മൂപ്പര്‍ക്കാ കൂട്ടമൊന്നുമില്ല. ഇല്ല, എന്തോ കാര്യമായ പ്രശ്നം അവന്‍റെ ഉള്ളിലുണ്ട്. മിണ്ടാപ്രാണിയല്ലേ കൂടുതല്‍ വയ്യാണ്ടായാല്‍ അതങ്ങ് സ്വിച്ച്ഓഫ്‌ ആകും അതല്ലേ അതിനെകൊണ്ട് ചെയ്യാനാകൂ.

ഉള്ളത് പറയാല്ലോ ഇന്നലെ കാളരാത്രി ആയിരുന്നു, ഓരോ മണിക്കൂറിലും എണീറ്റ്‌ നോക്കും സ്വിച്ച്ഓഫ്‌ ആയിട്ടില്ലല്ലോ, നെറ്റില്‍ കണക്ട് ചെയ്തു വല്ല മെയിലും, എവിടെ.

കലങ്ങിയ കണ്ണുകളോടെ എഴുന്നേറ്റ് വന്ന എന്നെ നോക്കി പ്രിയതമ മൊഴിഞ്ഞു 'ഉറങ്ങീട്ടില്ല ഇന്നലെ അല്ലെ, എസ്ടു ഓര്‍ത്തു കിടന്നു കാണും, എനിക്കുറപ്പായിരുന്നു..'. അവളുടെ ഒരു എസ്ടു, വേണ്ട ചക്കരേ എന്‍റെ ജീന്‍സ്‌ ഏതാന്നറിയോ നിനക്ക്, അടിച്ചു പൊട്ടിക്കും നിന്നെ ഞാന്‍.

ഓഫീസില്‍ വന്ന് ഗാലക്സി എസ്ത്രീയേ കുറിച്ച് വല്ല വിവരവും ഉണ്ടോ എന്ന് നോക്കിയതാ, അപ്പൊ ദാ കിടക്കുന്നു, പിടിച്ചതിനെക്കാള്‍ വലിയത് മടയില്‍, ചൈനക്കാരന്‍ ഹുവൈ ഒരു പുതിയ ചിപ്പും വെച്ച് ലോകം കീഴടക്കാന്‍ ഒരുങ്ങുന്നു പോലും, ഇപ്പൊ മാര്‍ക്കറ്റില്‍ ഉള്ള എല്ലാവനെയും വാലും ചുരുട്ടി പായിക്കാന്‍ പാകത്തില്‍ Huawei Ascend D quad XL, കേട്ടിടത്തോളം അവന്‍റെ വില എസ്ടുവിനെക്കാള്‍ കുറവായിരിക്കും.

കുറച്ച് കൂടി കാക്കാം, ഒന്നുകില്‍ എസ്ടുവിന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ ചൈനീസ് അസെന്റും വാങ്ങി പുറത്ത്, അല്ലെങ്കില്‍ തന്നെ ഇന്ന് തന്നെ ഒരു പുതിയ ഫോണ്‍ കിട്ടിയിട്ട് എനിക്കെന്തിനാ..

ഇതിന്‍റെ തുടര്‍ച്ച എസ്റ്റൂന്‍റെ ഒരു പുളി എന്ന പോസ്റ്റ്‌ ഇവിടെ വായിക്കുക.

1 comment:

  1. വേഗം തന്നെ പുതിയൊരു ഫോണ്‍ വാങ്ങു താഹിര്‍. ഞങ്ങള്‍ക്കും വല്ലപ്പോഴും ഒന്ന് താങ്കളെ വിളിക്കാലോ. പതിവ് നര്‍മം അല്പം കുറവായിരുന്നെങ്കിലും ഒട്ടും മോശമായിട്ടില്ല.

    ReplyDelete

Related Posts Plugin for WordPress, Blogger...