Monday, February 27, 2012

മക്കളെ അടിച്ചു വളര്‍ത്തണോ

എന്‍റെ ഉപ്പ മക്കളെ അടിച്ചാണ് വളര്‍ത്തിയത്‌, ഒന്നേ ഉള്ളുവെങ്കില്‍ ഉലക്ക കൊണ്ട് അടിച്ച് വളര്‍ത്തണം എന്ന ചൊല്ല് എല്ലാ അര്‍ത്ഥത്തിലും പ്രയോഗത്തില്‍ വരുത്തി. ഉലക്ക എടുക്കുന്നതിന് മുന്‍പ് മക്കള്‍ ഓടി രക്ഷപ്പെടാതിരിക്കാന്‍ അവരെ ആദ്യം കെട്ടിയിട്ടു.

എന്‍റെ ഉപ്പ മാത്രമല്ല അന്നത്തെ കാലത്തെ മിക്ക ഉപ്പമാരും ഇങ്ങനെ തന്നെയാണ് മക്കളെ സ്നേഹിച്ച് വളര്‍ത്തിയത്‌, അത് വളരെ സ്വാഭാവികം ആയിരുന്നു അത് കൊണ്ട് തന്നെ മക്കള്‍ക്ക്‌ അത് സ്വീകാര്യവും ആയിരുന്നു.

ഇന്ന് പക്ഷെ കാലം മാറി. ഈ പഴഞ്ചൊല്ലില്‍ പതിര് ഉണ്ട് എന്ന് നമ്മില്‍ ചിലര്‍ കണ്ടെത്തി. മക്കളെ എങ്ങനെ ഒക്കെ വളര്‍ത്തണമെന്ന് കല്യാണം പോലും കഴിക്കാത്ത കൌണ്‍സലിങ്ങുകാരന്‍ നമുക്ക് ക്ലാസ്സ്‌ എടുത്തു. നമ്മള്‍ കൂടുതല്‍ ഉത്തരങ്ങള്‍ക്കായി തന്തമാരെ കണ്ടിട്ടുപോലും ഇല്ലാത്ത പാശ്ചാത്യരോട് കൈ നീട്ടി. അവര്‍ക്ക് ദൈവം നമ്മെക്കാള്‍ ബുദ്ധി നല്‍കിയെന്നു നമുക്ക്‌ ഉറപ്പായിരുന്നു.

ഏറ്റവും ഉയര്‍ന്ന ജീവിതം മക്കള്‍ക്ക്‌ നേടികൊടുക്കാന്‍ ഇന്ന് രക്ഷിതാക്കള്‍ മത്സരമാണ്, ചൂരല്‍ ഇന്ന് രക്ഷിതാക്കള്‍ പോയിട്ട് വിദ്യാലയങ്ങളില്‍ പോലും ഇല്ലാത്ത അവസ്ഥ വന്നു, ശബ്ദം ഉയര്‍ത്തി സംസാരിച്ചു എന്ന കാരണം കൊണ്ട് മക്കള്‍ ആത്മഹത്യ ചെയ്തേക്കും എന്നത് വരെ എത്തിനില്‍ക്കുന്നു പുരോഗതി. വിദേശനാടുകളില്‍ പറയുകയും വേണ്ട മക്കളെ പൊട്ടിച്ചാല്‍ ഫൈനും ജയിലും ഉറപ്പാ അത് സ്വന്തം മോള് മാലോകര്‍ക്ക് സ്വയം വിവസ്ത്രയായി ഫോട്ടോ എടുത്ത് അയച്ച് കൊടുത്തതിനു ആണെങ്കില്‍ പോലും.

ഇന്ന് രക്ഷിതാക്കളും കുട്ടികളും സുഹ്രുത്തുക്കള്‍ ആണ്, അങ്ങനെ ആവാന്‍ പറ്റാത്ത രക്ഷീതാക്കളും മക്കളും കൌണ്‍സലിങ്ങിനു പോവണം, കുട്ടികളും ടീച്ചര്‍സും ഫ്രണ്ട്സ് ആവണം - അതിന് ടീച്ചര്‍ക്ക് പ്രത്യേക ക്ലാസ്സ്‌ ഉണ്ട്. കുട്ടികളെ ചെവിക്കു പിടിക്കരുത്, അടിക്കരുത്, അതവരുടെ മനസ്സില്‍ പഠനത്തോട് വിരക്തിയുണ്ടാവാനും അവരുടെ ബുദ്ധി വളര്‍ച്ച കുറയാന്‍ കാരണമായേക്കാം..

അറിവുള്ളവര്‍, അഥവാ ഉണ്ടെന്ന് അവകാശപ്പെടുന്നവര്‍ നമുക്ക് പുതിയ പുതിയ കാര്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നു, നമ്മള്‍ അത് നമ്മുടെ ജീവിതത്തില്‍ ആത്മാര്‍ത്ഥമായി തന്നെ പകര്‍ത്തുന്നു, എന്നിട്ടും പുതിയ തലമുറ തലകുത്തനെ പോവുന്നു, എന്‍റെ മക്കള്‍ ആണെന്ന് നാലാളോട് പറയാന്‍ കഴിയാതെ ആവുമ്പോള്‍ കുടുംബങ്ങള്‍ പുതിയ നഗരങ്ങള്‍ തേടി, ഫ്ലാറ്റ് സംസ്കാരം തേടി പോവുന്നു. നമ്മള്‍ കൂടുതല്‍ കൂടുതല്‍ ചെറിയ അണുകുടുംബങ്ങളായി മനസ്സില്‍ കൊടിയ വിഷം നിറച്ച് ജീവിക്കുന്നു. മക്കളോ ജീവിതത്തിലുള്ള ചെറിയ വിഷമങ്ങള്‍ക്ക് പോലും ആത്മഹത്യ എന്ന ഒറ്റമൂലി എടുക്കുന്നു. അവരുടെ മനസ്സ് വേദന എന്തെന്ന് മുന്‍പ് അറിഞ്ഞിട്ടില്ലല്ലോ.

നമുക്ക്‌ എവിടെയാണ് പിഴയ്ക്കുന്നത്. കൌണ്‍സിലിങ്ങ് കാരന്‍റെ മാര്‍ഗത്തിലൂടെ അവന്‍റെ സ്വന്തം കുട്ടിയെ പോലും നെരേയാക്കാന്‍ അവനായിട്ടില്ല എന്ന് നമ്മള്‍ നോക്കാന്‍ മറക്കുന്നു, എല്ലാ കുഞ്ഞും വെത്യസ്തമാണ് എന്ന് എന്തെ നമ്മള്‍ അറിയുന്നില്ല, നമ്മുടെ കുഞ്ഞിന്‍റെ സ്വഭാവത്തില്‍ നമ്മുടെ സ്വഭാവം ജീനിലൂടെ ഒളിഞ്ഞിരിപ്പുണ്ട് എന്ന് നമ്മള്‍ അറിയാതെ പോവുന്നു, അവന്‍ അത് പ്രകടിപ്പിചില്ലെങ്കില്‍ പോലും അത് അവിടെ ഉറങ്ങിക്കിടക്കുന്നു എന്ന അറിവ് വിസ്മരിക്കപ്പെടുന്നു.

അടിച്ച് വളര്‍ത്തുന്നത് കുഞ്ഞിന് നല്ലതാണോ, എനിക്കറിയില്ല, ഞാന്‍ അടിക്കുന്നത് അതെന്‍റെ ജീനില്‍ ഉള്ളത് കൊണ്ടാണ് എന്നാണ് എന്‍റെ വിശ്വാസം, അതല്ലാത്ത വഴികള്‍ എന്‍റെ മക്കളില്‍ ഫലപ്രദമല്ലാതെ വരുമ്പോള്‍ ആണ് ഞാന്‍ അതില്‍ അഭയം കാണുന്നത്. എല്ലാ കുഞ്ഞിനും അടിയുടെ ആവശ്യം ഉണ്ടാവില്ല, ചില കുട്ടികള്‍ക്ക് അടികിട്ടിയാല്‍ നന്നാവും, എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന ടൈപ്പും കാണാം.

എന്‍റെ ഉപ്പ ഏറ്റവും കുറച്ചു അടിച്ചത് എന്നെയാണ് കാരണം ഞാന്‍ പഠിക്കാന്‍ ഉഷാറായിരുന്നു മാത്രമല്ല ഉപ്പാക്ക് ഇഷ്ടമില്ലാത്ത പ്രവര്‍ത്തികളില്‍ നിന്നും ബോധപൂര്‍വം മാറിനടന്നു. പക്ഷെ ഇന്നെനിക്ക് തോന്നുന്നു ഉപ്പാന്‍റെ മക്കളില്‍ എനിക്ക് മാത്രമാണ് എന്‍റെ പിതാവിനോട് കുറച്ചെങ്കിലും ആത്മാര്‍ഥത കുറഞ്ഞു പോയത്.

കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാന്‍ ഉള്ള തിരക്കിനിടയില്‍ പണിക്കാര്‍ക്ക് ഭക്ഷണവുമായി നടന്നു പോവാന്‍ മടി തോന്നിയ എന്‍റെ സഹോദരന്‍റെ  ലജ്ജ എന്‍റെ ഉപ്പ എന്നെന്നേക്കുമായി മാറ്റിക്കൊടുത്തത് ഒരു കുട്ട ചാണകം റോട്ടിലൂടെ ഏറ്റിച്ചു കൊണ്ടാണ്. ആ സഹോദരന്‍ പ്രായമായ എന്‍റെ ഉപ്പയെ നോക്കിയ പോലെ ഉള്ള ഒരു പരിചരണം ലഭിക്കുന്ന പിതാക്കന്‍മാര്‍ ഭാഗ്യം ചെയ്തവര്‍ തന്നെ ആവണം.

എന്‍റെ പിതാവിനെ പരിചരിക്കാന്‍ ഒരു മാസം ലീവ് എടുത്ത് ഞാന്‍ നിന്നത് എന്‍റെ ഇണയുടെ മനസ്സിന്‍റെ നന്‍മ ആയിരുന്നു. കുറച്ചു അടി ലഭിച്ച എനിക്ക് (അല്ലെങ്കില്‍ അടിക്കാതെ സ്നേഹിച്ച എന്നെ എന്നും വായിക്കാം) കൂടുതല്‍ നല്ല വിദ്യാഭ്യാസം നല്‍കി നല്ല നിലയില്‍ ആക്കിയ പിതാവിനെ ഓര്‍ക്കാന്‍ എന്‍റെ തിരക്കുകള്‍ ഞാന്‍ തടസ്സമാക്കി.

തിരക്കുകള്‍ മാറ്റിവെച്ച് ഞാന്‍ ഓടിയെത്തിയപ്പോള്‍ എന്‍റെ ഉപ്പ ശരിക്കും കിടപ്പില്‍ ആയിരുന്നു. കുറച്ചു ഭക്ഷണവും കുറച്ചു വെള്ളവും മാത്രം ഉള്ളില്‍ ചെന്നിട്ട് പാറ പോലെ ഉറച്ച മലം ആഴ്ചയില്‍ ഒരിക്കല്‍ എന്‍റെ പിതാവിന്‍റെ മലദ്വാരത്തില്‍ വിരല്‍ കടത്തി മുറിച്ചു മുറിച്ച് ഞാന്‍ കളയാന്‍ സഹായിച്ചത് കുറച്ചെങ്കിലും ഞാന്‍ കൊണ്ട അടികള്‍ കാരണമായിരിക്കണം എന്ന് എന്തുകൊണ്ടാണ് എനിക്ക് തോന്നുന്നത് എന്നെനിക്കറിയില്ല.

ഒന്നുറപ്പാണ് അറപ്പും മടിയും ഏറ്റവും കുറഞ്ഞത് കൂടുതല്‍ അടി വാങ്ങിച്ച എന്‍റെ സഹോദരങ്ങള്‍ക്ക്‌ തന്നെയായിരുന്നു. എന്‍റെ പിതാവ്‌ അടിച്ചതിലും എത്രയോ കുറഞ്ഞ അടി ലഭിച്ച, ഞാന്‍ സ്നേഹിച്ച് വളര്‍ത്തുന്ന എന്‍റെ മക്കള്‍, ഒരിക്കലും എനിക്ക് വേണ്ടി ഇത് ചെയ്യും എന്നെനിക്ക് എന്തുകൊണ്ട് തോന്നുന്നില്ല.

ഇടയില്‍ ഒരിത്തിരി നര്‍മ്മത്തില്‍ ഞാന്‍ ഒരു കാര്യം പറയട്ടെ, എന്‍റെ മക്കള്‍ എന്നെ വൃദ്ധസദനത്തില്‍ തള്ളും എന്ന് തോന്നുന്നില്ല, കാരണം അവര്‍ക്കതിന് ധൈര്യം വരില്ല, കുഴിയില്‍ കാലെടുത്തു വെച്ചിരിക്കുന്ന ഈ കിളവന്‍ ഇനിയും ബെല്റ്റോ, ചൂരലോ എടുക്കില്ല എന്നാരു കണ്ടു എന്നവര്‍ ഒരു നിമിഷം ഓര്‍ക്കും എനിക്കുറപ്പാണ്.

മക്കളെ നേര്‍വഴിക്ക് നയിക്കാന്‍ ഉപദേശങ്ങള്‍ക്ക് ആവില്ലേ, ഈ പ്രാകൃതമായ ചൂരലിന്റെ വഴി നിയമം മൂലം തടയേണ്ടതല്ലേ, എനിക്കറിയില്ല. ഒന്നെനിക്കറിയാം മരണാനന്തരം വാഗ്ദാനം ചെയ്യപെട്ട സ്വര്‍ഗ്ഗത്തെക്കാള്‍ എന്നെ നേര്‍വഴിക്ക് നടക്കാന്‍ പ്രേരിപ്പിച്ച ഘടകം നരകത്തില്‍ ലഭിക്കാവുന്ന കടുത്ത ശിക്ഷകള്‍ തന്നെയാണ്.

21 comments:

 1. വായിച്ചു താഹിര്‍, ഒരു പഴയ തലമുറയുടെ ചില നന്മകള്‍ ഈ കുറിപ്പില്‍ അവശേഷിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. എങ്കിലും നമ്മുടെ മക്കള്‍ എന്നതിനെക്കാള്‍ ഇന്നിന്ന്റെ മക്കളാണ് വളര്‍ന്നു വരുന്നത് എന്ന് എനിക്ക് തോന്നുന്നു.
  ഈ കുറിപ്പ് കൂടി ഒന്ന് കൂട്ടിവായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 2. THAAHIR BHAI ,

  VAAYICHU. INNATHE RAKSHITHAAKKAL ATHILUPARI MAKKALUM ARINJIRIKKENDA KAARYANGAL. ARIYILLA EVIDEKKAANU EE POKKU, PRATHEEKSHIKKAM VERUTHEYAANENKILUM ORU NALLA NAALEY.

  ReplyDelete
 3. താങ്കള്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ നൂറു ശതമാനം ശരി തന്നെ. മക്കളെ അടിച്ചു തന്നെ വളര്‍ത്തണം. തെറ്റ് കണ്ടാല്‍ ഒരു വടി എടുത്തു തലങ്ങും വിലങ്ങു അടിക്കുന്നതിനു പകരം , വിളിച്ചു, ചെയ്ത തെറ്റ് പറഞ്ഞു മനസ്സിലാക്കി വേദനിക്കുന്ന തരത്തില്‍ ചന്തിക്ക് തന്നെ ഒരടി കൊടുക്കണം. ഇനിയും ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ അടിയുടെ എണ്ണം കൂടും എന്ന് പറയണം. കുട്ടികളെ അടിക്കാന്‍ തുടങ്ങുമ്പോള്‍ വികാരാവേശത്തിനു കീഴ്പെടാതെ സംയമനം പാലിച്ചു വേണം ശിക്ഷിക്കാന്‍ (കോപം കൊണ്ട് വിറക്കാന്‍ പാടില്ല). ശിക്ഷിക്കുമ്പോള്‍ , പട്ടീ , കഴുതേ, നാശം പിടിച്ചവനെ, അനുസരണം കെട്ടവനേ എന്നൊന്നും വിളിക്കരുത്.

  ReplyDelete
 4. താഹിര്‍ ശിക്ഷ വേണം പക്ഷെ നമ്മള്‍ പലപ്പോഴും അടി കൊടുത്തെ വളര്‍ത്തി ശീലിപ്പിക്കു.
  ഇന്ന് കാലം മാറി അടിയിലും ചീത്ത പരചിളിലും നിയന്ത്രണമില്ലാതെ വന്നാല്‍ നമുക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാകും.

  ReplyDelete
 5. good article......
  make rules for our children for their good future.......... make gud atmosphere. give good good advices......... keep going tahir........

  ReplyDelete
 6. ഞാന്‍ അഭിപ്രായം പറയട്ടെ
  വേണ്ട ...കുട്ടികളെ അടിക്കുന്നതിനോട് എനിക്ക് എതിര്‍പ്പാണ്
  എന്‍റെ ഉപ്പ എന്നെ അടിച്ചിട്ടില്ല ഞാന്‍ ഒരു ഗുരുത്വക്കേടും കാണിച്ചിട്ടില്ല
  "ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരുകോടി ഈശ്വരവിലാപം"
  താഹിര്‍ ഭായ് കൈവെക്കുനത് മുഴുവന്‍ നല്ല കാര്യങ്ങള്‍ ആണ്
  ഇതാണ് ബ്ലോഗര്‍ മേല്‍പ്പറഞ്ഞ അഭിപ്രായം എന്റേത് മാത്രം
  ഈ നല്ല സന്ദേശത്തിന് നന്ദി
  പിന്നെ ഇക്കാ ഇങ്ങോട്ടും ഒന്ന് വരുമെല്ലോ http://naushadpoochakkannan.blogspot.com/

  ReplyDelete
 7. താഹീറെ നല്ല പോസ്റ്റാമ്.

  പക്ഷെ പണ്ടത്തെപ്പോലെ മക്കളെ ഇന്നടിച്ചു വളര്‍ത്താന്‍ ആരും മുതിരില്ല. ഞാനെന്‍റ കുട്ടികളെ അടിച്ചിട്ടുണ്ട്. പക്ഷെ എനിയ്ക്കു കിട്ടിയതുപോലെ ഞാന്‍ കൊടുത്തിട്ടില്ല.ഒരുകാര്യം എന്‍റ അച്ഛന്‍റ കൈയ്യില്‍ നിന്നും ഒരിയ്ക്കലും ഞാനടി വാങ്ങിയിട്ടില്ല.അമ്മയുടെ കൈയ്യില്‍ നിന്നും അപൂര്‍വ്വമായി വാങ്ങിയിട്ടുണ്ട്. പിന്നെ അമ്മുമ്മയാണ് ശാസിച്ചു വളര്‍ത്തിയിട്ടുള്ളത്.

  എന്‍റ മക്കള്‍ക്ക് അപൂര്‍വ്വമായി ഞാനാണ് അടിച്ചിട്ടുള്ളത്. ഒന്നെയുള്ളെങ്കിലും ഇന്നാരും ഉലക്കകൊണടു പോയിട്ട് ഈര്‍ക്കിലി കൊണ്ടു പോലും അടിയ്ക്കത്തില്ല. ഒരു പരിധിവരെ അതാണു ശരി.

  ReplyDelete
 8. മക്കളെ ഉലക്ക കൊണ്ട് അടിച്ചില്ലെങ്കിലും അത്യാവശ്യം അടിയും മറ്റു ശിക്ഷകളും കൊടുക്കുന്നത് നല്ലതാണ്. പിന്നെ മക്കളെ അടിച്ചാലെ അവര്‍ നമ്മെ സ്നേഹിക്കു എന്നത് ശരിയല്ല. അറപ്പും വെറുപ്പും നമ്മള്‍ വളരുന്ന സാഹചര്യത്തിന്റെ സൃഷ്ടിയല്ലേ. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരെയും ശുശ്രൂഷിചിട്ടില്ലാത്ത ഒരാള്‍ പെട്ടെന്ന് എല്ലാം ചെയ്യേണ്ടി വരുമ്പോള്‍ അല്പം ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം.ഏതായാലും ആശയം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  ReplyDelete
 9. എന്തോ എനിക്കറിയില്ല.ഞാന്‍ തല്ലു കൊണ്ടിട്ടില്ല,അമ്മയുടെയും അപ്പന്റെയും.താഹിര്‍ നോക്കിയതുപോലെ അല്ഷിമെര്സ് ബാധിച്ചു തിരിച്ചറിവ് നഷ്ടപ്പെട്ട എന്റെ അമ്മയെ മാസങ്ങളോളം ഞാന്‍ നോക്കിയിട്ടുണ്ട്,അത് അടി കൊണ്ടത്‌ കൊണ്ടല്ല.എന്റെ കുട്ടിയെ ഒരിക്കല്‍ പോലും ഞാന്‍ തല്ലിയിട്ടുമില്ല. നല്ലത് മനസ്സില്‍ തട്ടും വിധം ചൊല്ലിക്കൊടുക്കുന്നതാണ് നല്ലത് എന്നാണു എനിക്ക് തോന്നുന്നത്.

  ReplyDelete
 10. താഹിര്‍ സാബ്
  വളരെ നന്നായി എഴുതി. തീര്‍ച്ചയായും അടിച്ചു വളര്‍ത്തുന്ന കുട്ടികളെ ഗുണം പിടിക്ക്. കോട്ട പിള്ള ഗുണം പിടിക്കില്ല എന്നുള്ളത് ശരി ആണ്. എന്റെ വീട്ടില്‍ ഏറ്റവും അടി കിട്ടിയിട്ടുള്ള ചേട്ടനാണ് ഇന്നും ഓര്‍മശക്തി ഇല്ലാത്ത വാപ്പയെ നന്നായി നോക്കുന്നത്. വാപ്പക്ക് ഏറ്റവും ഇഷ്ടപെട്ട ഞാനൊക്കെ ഇന്ന് ഗള്‍ഫില്‍ വന്നു അറബി പോന്നു വരുകയാണ്. പക്ഷെ അതൊന്നും പരലോകത്തേക്കു ഉപകരിക്കില്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല.

  ReplyDelete
 11. തഹീര്‍ ജി , നല്ല പോസ്റ്റ്.
  കാലം മാറി.. സെല്‍ ഫോണും ഇന്‍റെര്‍നെറ്റും വന്നു... പണ്ടത്തെ പോലെ അല്ല ... കുട്ടികള്‍ക്ക് 'ഐ‌ക്യൂ' കൂടി... അടിച്ചു വളര്‍ത്തുന്നതിനെക്കാള്‍ നല്ലത് ... അവരെ പറഞ്ഞു മനസ്സിസാക്കി വളര്‍ത്തുന്നത് അല്ലേ നല്ലത് ??

  ReplyDelete
 12. എന്റെ അച്ഛന്‍ ഒരിക്കലും എന്നെ അടിച്ചിട്ടില്ല ..ഞാന്‍ വഴി പിഴച്ചു പോയിട്ടും ഇല്ല ....കാലങ്ങള്‍ കഴിഞ്ഞു എനിക്ക് ഒരു മകന്‍ ആയപ്പോള്‍ ഒരിക്കല്‍ രണ്ടര വയസ്സ് ഉള്ള അവനോടു ഞാന്‍ ഉച്ചത്തില്‍ സംസാരിക്കുകയും നിനക്കിപ്പം രണ്ടു അടി തരുന്നുണ്ട് എന്ന് പറയുകയും ചെയ്യുന്ന കേട്ട് അടുത്ത മുറിയില്‍ ഇരുന്ന എന്റെ അച്ഛന്‍ എനിക്ക് തന്ന ഉപദേശം ഇന്നും ഞാന്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നു .................മക്കളെ അടിച്ചു വളര്‍ത്തേണ്ട ..പ്രത്യേകിച്ചും ആണ്‍ കുട്ടികളെ .

  അതുപോലെ ഞാന്‍ ഒരു അധ്യാപകന്റെ വേഷം കെട്ടി നടന്ന കാലത്ത് ....എന്നോടൊപ്പം ഞാന്‍ പഠിപ്പിക്കുന്ന അതെ വിഷയം പഠിപ്പിക്കുന്ന മറ്റൊരു സാര്‍ കുട്ടികളെ ഭീകരം ആയി തല്ലുമായിരുന്നു ..ആണിനേയും പെണ്ണിനേയും (പ്രീ ഡിഗ്രി /ഡിഗ്രി കുട്ടികള്‍ ) എന്നാല്‍ ഞാന്‍ നേരെ തിരിച്ചും ..ഞാന്‍ സ്വല്‍പ്പം തമാശയും സൌഹൃദവും കൂട്ടി കലര്‍ത്തി കുട്ടികളെ പഠിപ്പിച്ചു ...ഗ്രാമത്തിലെ ആ ട്യൂട്ടോറിയലില്‍ ആ വര്ഷം പ്രീ ഡിഗ്രിക്ക് ഒന്നാം ക്ലാസ്സുകള്‍ രണ്ടു മൂന്നു എണ്ണം ഉണ്ടായി ................തല്ലില്‍ ഞാന്‍ വിശ്വസിക്കുന്നില്ല ..

  ReplyDelete
  Replies
  1. താങ്കളുടെ ജീന്‍സ്‌ നല്ല സോഫ്റ്റ്‌ ആയിരുന്നു ആദി അതാ, നിങ്ങളുടെ ശാപ്പാട് പോസ്റ്റുകള്‍ കാണുമ്പോള്‍ തന്നെ അറിയാം, ഞാന്‍ എല്ലാം ആസ്വദിച്ച് വായിക്കാറുണ്ട്. ഇനിയും ഇവിടെ വരണം

   Delete
 13. ആവശ്യത്തിന് ശിക്ഷ വേണം, ഒരു മാതിരി കാടൻ ആവരുതെന്ന് മാത്രം...

  എനിക്ക് ഇഷ്ടം പോലെ അടി കിട്ടീട്ടുണ്ട്, അന്ന് അതൊക്കെ വേദന ആയി തോന്നിയെങ്കിലും ഇന്നത് ഓർക്കാൻ ഒരു സുഖമാണ്.

  തല്ലു കിട്ടുന്നത് കുറ്റം ചെയ്യുന്നതിന് ശിക്ഷ ലഭിക്കുമെന്ന തത്വം പഠിപ്പിക്കാൻ വേണ്ടിയാവണം,
  അല്ലാതെ ദേഷ്യം തീർക്കാൻ ആവരുത്.
  ചെറിയ തെറ്റിന് ചെറിയ ശിക്ഷകൾ കിട്ടുന്നത് മൂലം കുറ്റം ചെയ്താൽ ശിക്ഷയുണ്ടെന്ന ഒരു പൊതു തത്വം കുട്ടിയുടെ മനസിൽ പതിയും.
  പ്രകൃതിയോട് നാം കാണിക്കുന്ന തെറ്റുകൾക്കും അതിക്രമങ്ങൾക്കും അത് മറ്റൊരു രൂപത്തിൽ നമ്മെ ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന പൊതു തത്വം മനസിലാക്കാൻ അത് അവനെ പ്രാപ്തനാക്കും.
  ഇതൊക്കെയാണ് എന്റെ അഭിപ്രായം

  ReplyDelete
 14. പക്ഷേ, പഴയതലമുറയിലെ നല്ലൊരു വിഭാഗവും കുട്ടികളെ തല്ലിയിരുന്നത് അവരുടെ നിരാശയില്‍ നിന്നായിരുന്നു. അതില്‍ കുറേപ്പേര്‍ നന്നായി വളര്‍ന്നു, മിടുക്കരായി, അച്ഛനമ്മമാരേയും സഹോദരങ്ങളേയും സ്നേഹിച്ചു. വേറേ ചിലര്‍വീടുവിട്ടോടിപ്പോയി, ചിലര്‍ ആത്മഹത്യചെയ്തു. ചിലര്‍ ആര്‍ക്കും വേണ്ടാത്തവരായി വളര്‍ന്നു. തല്ലുകിട്ടി വളര്‍ന്നിട്ട് അപ്പനമ്മമാരെ വെട്ടിക്കൊന്ന മക്കളുമുണ്ട്. അവനവന്റെ ദേഷ്യവും നിരാശയും തീര്‍ക്കാനല്ലാതെ കുട്ടി നന്നാവണമെന്ന ചിന്തയോടെ, ആ ചിന്ത മാത്രം മുന്‍നിര്‍ത്തി,സമചിത്തതയോടെ കുട്ടികളെ തല്ലിയ എല്ലാ മാതാപിതാക്കളും അങിനന്ദനമര്‍ഹിക്കുന്നു.

  ReplyDelete
  Replies
  1. അഭിനന്ദനം അര്‍ഹിക്കുന്ന നിരീക്ഷണം ഗോപകുമാര്‍.

   Delete
 15. സുഹൃത്തേ ,
  മക്കളെ അടിച്ചു വളര്‍ത്തണമോ എന്ന ആര്‍ട്ടിക്കിള്‍ ഞാന്‍ പല പ്രാവശ്യം വായിച്ചു .ഒരുകാര്യം മനസ്സിലായി വ്യെക്തമായ ഒരുത്തരം താങ്കളുടെ മനസ്സിലും ഇല്ല.താങ്കളുടെതായ "ദ ഡേ ഷെയിം ഡയിഡ്‌" എന്ന ഇംഗ്ലീഷ് കുറിപ്പും വായിച്ചു -- മുതിര്‍ന്നതിനു ശേഷവും ഉറക്കത്തില്‍ കിടക്കപ്പായില്‍ മൂത്രം ഒഴിക്കുന്ന മകനെ ഒരമ്മ ശിക്ഷിച്ചത് മൂത്രത്തില്‍കുതിര്‍ന്ന പായ്‌ ഇരുന്നൂറു മീറ്ററോളംഅകലെയുള്ള കുളത്തില്‍ കൊണ്ടുപോയ് കഴുകി വരാന്‍ അടിയും കൊടുത്ത് പറഞ്ഞു വിട്ടുകൊണ്ടായിരുന്നു .സമപ്പ്രായക്കാരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വീടുകള്‍ക്ക് മുന്നിലൂടെ പോകുമ്പോള്‍ ആ കുട്ടി ഉള്‍ വലിയുകയായിരുന്നു.
  മൂത്രം ഒഴിക്കലും ശിക്ഷയും കുറെ നാളുകള്‍ തുടര്ന്നു
  അവസാനം ശിക്ഷ നിറുത്തി.ഏറെ നാളുകള്‍ കഴിഞ്ഞുഉറക്കത്തിലെ മൂത്രം ഒഴിപ്പ് താനേ നില്‍ക്കുകയും ചെയ്തു .സമാപ്രായാക്കാരുടെ- പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ- മുന്നില്‍ അപഹാസ്യനായതു പോലൊരു തോന്നലും
  ഉള്‍ വലിയലും മിച്ചം. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ഉറങ്ങുന്നതിനു ശിക്ഷയായ്‌ കുടം കണക്കെ വെള്ളം മറ്റുള്ളവര്‍ കടന്നു പോകുന്ന നിരത്തില്‍ നിറുത്തിയിട്ട് തലയില്‍ ഒഴിക്കുക. ഉറക്കവും വെള്ളം ഒഴിപ്പും തുടര്‍ന്നു .മുതിര്‍ന്നപ്പോള്‍ ഉറക്കം ഒഴിഞ്ഞു പഠിക്കാംഎന്നായി .പക്ഷെ പെരുവഴിയില്‍ മറ്റുള്ളവരുടെ മുന്നില്‍ നഷ്ട്ടപ്പെട്ട എന്തോ ഒന്നുണ്ടല്ലോ അത് ഇന്നും മുഴുവനായി തിരിച്ചു കിട്ടിയിട്ടില്ല .ആ അമ്മ ഇന്ന് കിടപ്പിലാണ്. മറ്റാരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ .ഡയപ്പര്‍ മാറ്റുന്നത് പോലും ആ മകന്‍ തന്നെയാണ് .

  ആത്മവീര്യം കെടുത്തുന്ന രീതിയില്‍ ശിക്ഷിച്ഛതിനാല്‍ ഉണ്ടായ സ്നേഹക്കൂടുതല്‍ ഒന്നുമല്ല അതിനു കാരണം. മകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നവിധം അമ്മക്ക് മകന്റെ മേലുണ്ടായിരുന്ന ശ്രദ്ധയും. ഉത് ഘണ്ടയും അവസരോചിതമായ ഉപദേശവും ആശ്വസിപ്പിക്കലും ഇന്ന് തിരിച്ചറിയുമ്പോള്‍, അറിയാതെ മനസ്സിനെ ഉണര്‍ത്തുന്ന എന്തൊക്കയോ ചിലതാണ് ആ മകനെ അതിനു പ്രേരിപ്പിക്കുന്നത് .

  നേര്‍വഴി നയിക്കാന്‍ ശിക്ഷ ആവശ്യമാണെങ്കിലും അത് ഒരിക്കലും കോപം തീര്‍ക്കാന്‍ ആകരുത് ഇളം മനസ്സില്‍ വെറുപ്പുണ്ടാക്കുന്നതും ആകരുത്. നിരീക്ഷണപാടവവും അനുകരണവും കൂടുതലായുള്ള ചെറു പ്രായത്തില്‍ തന്നെ അവര്‍ക്ക് കൊച്ചു കൊച്ചു കാര്യങ്ങളില്‍ അച്ഛനമ്മമാരെ സഹായിക്കാനുള്ള അവസരം കൊടുക്കണം
  പ്രവര്‍ത്തികളെ ഉത്തേജിപ്പിക്കാന്‍ മിതമായ തോതില്‍ പ്രോത്സാഹനം സ്തുതിയായും പണമായും നല്‍കണം .

  തെറ്റുകള്‍ക്ക് നിര്‍ദ്ദാക്ഷി ണ്യം ശിക്ഷ കൊടുക്കണം പക്ഷെ അത് ശാരീരികമായി കടുത്ത ക്ഷതം ഏല്‍പ്പിക്കും വിധം ആകരുത് .ശിക്ഷാ രീതികളും ഉപദേശങ്ങളും പ്രോത്സാഹനങ്ങളും എല്ലാം തന്നെ നമ്മുടെ ജീവിതാനുഭവത്തില്‍ നിന്നും കണ്ടെത്തിയതായിരിക്കണം .എങ്കിലേ നമ്മുടെ കുട്ടിക്ക് ഗുണം ചെയ്യൂ .നമ്മുടെ സാഹചര്യം അറിയാത്ത അന്യ ദേശക്കാരന്‍ എഴുതി വിടുന്ന പുസ്തകങ്ങള്‍ അപ്പാടെ വിഴുങ്ങികുട്ടികളെ മെരുക്കാന്‍ ശ്രമിക്കുമ്പോള്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട് "മത്തന്‍ കുത്തിയാല്‍ കുമ്പളം കായ്ക്കില്ല" എന്ന ചൊല്ല് .

  ഉപ്പാനില്‍ നിന്ന് കിട്ടിയ അടി കുറഞ്ഞു പോയതിനാല്‍ഉപ്പനോട് തനിക്കുള്ള സ്നേഹം കുറഞ്ഞു പോയോ എന്ന് സംശയിക്കുന്ന മകന്‍ ഒന്ന് മനസ്സിലാക്കണം. ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുന്നത് നിരന്തരമുള്ള സമ്പര്‍ക്കങ്ങളിലൂടെയുമാണ്.

  സ്നേഹാശംസകള്‍

  ReplyDelete
  Replies
  1. പ്രിയ സ്നേഹിതാ

   താങ്കളുടെ നിരീക്ഷണം അസൂയാവഹം തന്നെ. ഇത്ര വിശാലമായ ഒരു മറുപടി എഴുതിയ, ഒന്നിലധികം തവണ വായിക്കാന്‍ തോന്നിയ മനസ്സിനോട് നന്ദിയുണ്ട്.

   Delete
 16. താഹിര്‍,

  ഈ ലേഖനം കാണാന്‍ ഞാന്‍ അല്പം വൈകിയെന്നു തോന്നുന്നു. നാലു വയസ്സുള്ളപ്പോള്‍ മുതല്‍ വീട്ടിലും സ്കൂളിലും വേണ്ടതും അതിലധികവും അടി കൊണ്ടു വളര്‍ന്നതുകൊണ്ടാണോ എന്തോ, എനിക്ക് സാമാന്യം നല്ല താല്പര്യമുള്ള വിഷയമാണ് ഇത്. ബന്ധപ്പെട്ട ഒട്ടേറെ ലേഖനങ്ങളും പഠന - ഗവേഷണ റിപ്പോര്‍ട്ടുകളും മറ്റും വായിച്ചും കുട്ടികളുമായും അദ്ധ്യാപകരുമായും (അവരില്‍ മിക്കവരും രക്ഷിതാക്കളുമാണ്) സംസാരിച്ചും സര്‍വോപരി സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലും രൂപപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാന്‍ പരിമിതികള്‍ ഉള്ളതുകൊണ്ടു മാത്രം രണ്ടു ലേഖനങ്ങളുടെ ലിങ്കുകള്‍ (മലയാളം, ഇംഗ്ലീഷ്) ഇവിടെ ഇടുന്നു. (താങ്കളുടെ ബ്ലോഗിലെ കമന്റ് ബോക്സിനെ ‘പരസ്യപ്പലക’യാക്കാന്‍ താല്പര്യമുണ്ടായിട്ടല്ല, മുഴുവനായി ‘കോപ്പി - പേസ്റ്റ്’ ചെയ്യാന്‍ താല്പര്യമില്ലാഞ്ഞിട്ടാണ്. ക്ഷമിക്കുമല്ലോ.)

  ReplyDelete
 17. മക്കളെ എങ്ങനെ ഒക്കെ വളര്‍ത്തണമെന്ന് കല്യാണം പോലും കഴിക്കാത്ത കൌണ്‍സലിങ്ങുകാരന്‍ നമുക്ക് ക്ലാസ്സ്‌ എടുത്തു. നമ്മള്‍ കൂടുതല്‍ ഉത്തരങ്ങള്‍ക്കായി തന്തമാരെ കണ്ടിട്ടുപോലും ഇല്ലാത്ത പാശ്ചാത്യരോട് കൈ നീട്ടി. അവര്‍ക്ക് ദൈവം നമ്മെക്കാള്‍ ബുദ്ധി നല്‍കിയെന്നു നമുക്ക്‌ ഉറപ്പായിരുന്നു.


  ഇത് കിടു,. ഇപ്പറഞ്ഞതിനു നൂറില്‍ ഞാന്‍ ഇരുനൂറു മാര്‍ക്ക് തരും.. നൂറു മാര്‍ക്ക് എന്റെ വക ബോണസ് :)

  മക്കളെ തല്ലേണ്ടി വന്നാല്‍ തല്ലി തന്നെ വളര്‍ത്തണം.. ഇന്ന് നമ്മള്‍ തല്ലിയില്ലെങ്കില്‍ നാളെ നാട്ടുകാര്‍ തല്ലും..

  ReplyDelete
 18. ഞാനൊരദ്ധ്യാപകനാണ്.
  ചില അദ്ധ്യാപകർ പറയാറുണ്ട്:"ഇന്നയാൾ എന്നെ എവിടുന്നു കണ്ടാലും ഓടിവരും;സ്നേഹം കാണിക്കും.ഒരുപാടടി കിട്ടീട്ടുണ്ടവനെൻ്റടുത്ത്ന്ന്"!!
  ഞാൻ അപൂർവ്വമായി മാത്രം കുട്ടികളെ അടിക്കുന്നയാളാണ്.
  എപ്പോഴും എനിക്കുള്ള സങ്കടം,ഞാൻ കൊടുക്കുന്ന ലാളനയും സനേഹവുമൊന്നും തിരിച്ചു കിട്ടുന്നില്ല.
  അല്ലേലും മറ്റുള്ളവരുടെ കുട്ടികൾ എൻ്റെതാവില്ല്ല്ലോ!

  ReplyDelete

Related Posts Plugin for WordPress, Blogger...