Sunday, February 19, 2012

കരാട്ടെ ബ്ലാക്ക്ബെല്റ്റ്‌ (മൈനസ് വണ്‍)

ഊട്ടിയിലെ തണുത്ത വിരസമായ സായഹ്നത്തിന്‍റെ നിശ്ശബ്ദത തകര്‍ത്തു കൊണ്ടു രണ്ടു ജീപ്പുകള്‍ ചീറിപാഞ്ഞു വന്ന് ആ ഹോട്ടലിനു മുന്നില്‍ ചവിട്ടി നിര്‍ത്തി.

പതിനഞ്ചോളം ചെറുപ്പക്കാര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഹോട്ടലിനകത്തെക്ക് ഓടിക്കയറി.

'എങ്കേഡാ ആ പിച്ചക്കാരന്‍' ആക്രോശിച്ചു കൊണ്ട് അതിലോരുവാന്‍ തന്‍റെ ഗ്ലൌസ് ഇട്ട കൈകള്‍ കൊണ്ടു ഒരു വലിയ കണ്ണാടിയില്‍ ആഞ്ഞടിച്ചു, അവിടമെങ്ങും കുപ്പിചില്ലുകള്‍ ചിതറി.


കാഷ് പൂട്ടി കൌണ്ടറില്‍ നിന്നും കാഷിയര്‍ പുറത്തിറങ്ങി.

'മേലെ ഇരിക്കും ഡാ, പുടിച്ചിട്ടു വാടാ അന്ത മലയാളി താ#@ളീയേ' ഒരുത്തന്‍ ആക്രോശിച്ചു.

ആള്‍ കൂട്ടം ഗോവണിയേ ലക്ഷ്യമാക്കി നീങ്ങി.

ഒറ്റ മിനുറ്റ്..ഒരിച്ചിരി റീവൈന്ടടിക്കാം..

'കാശ് ഇല്ലെന്നാല്‍ അത് മുന്നാടിയെ ചൊല്ലികൂടാദാ..' ബീരാന്‍കുട്ടിക്ക് വിറച്ച്‌ വരുന്നുണ്ടായിരുന്നു.

നില്ക്കാന്‍ ജീവനില്ലാതെ ആടിയാടി ആ തമിഴന്‍ ചോദിച്ചു 'ഇല്ല കാസ് ഇല്ല, നീ എന്നാ പണ്ണുവേ..'.

ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതിന് ശേഷം തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുന്ന ആ കുടിയന്‍റെ ഷര്‍ട്ടില്‍ അയാള്‍ കയറി പിടിച്ചു.

'എന്നാ പണ്ണുവേ ന്നാ, അടിച്ച് നിന്‍റെ കൂമ്പ് ഞാന്‍ കലക്കും തെണ്ടി' ബീരാന്‍കുട്ടി അവന്‍റെ മേലുള്ള പിടി ഒന്ന് കൂടി മുറുക്കി.

'എന്നെ അടിച്ചിടുവിയാടാ നീ, താ#@ളീ..' തമിഴനെ പറഞ്ഞു മുഴുവനാക്കാന്‍ ബീരാന്‍കുട്ടി വിട്ടില്ല ഉയര്‍ന്നു പൊന്തിയ അവന്‍റെ കാല്‍ തമിഴന്‍റെ നെഞ്ചകം കലക്കി.

'ഉന്നെ നാന്‍ വിടമാട്ടെണ്ടാ..കാമിക്കിറേ നാന്‍..' തമിഴന്‍ പണിപെട്ടു എഴുന്നേറ്റ് വേച്ചുവേച്ച് നടന്നു മറയുമ്പോള്‍ പിന്നില്‍ ഒരു കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.

'വിടണ്ടാടാ എന്നെ കെട്ടിപ്പിടിക്കാന്‍ ഇങ്ങു പോരെ..' നീട്ടി തുപ്പി ബീരാന്‍കുട്ടി ആക്രോശിച്ചു. 'താ#@ളീ' എന്ന വിളി അവന്‍റെ നില തെറ്റിച്ചിരുന്നു.

ഒരു മിനിറ്റേ..ആ പോസ് ഒന്ന് നെക്കിയേ..

മുപ്പത്തഞ്ചു വയസ്സ് മതിപ്പു തോന്നിക്കുന്ന ഈ ബീരാന്‍കുട്ടി ഒരു ഹോട്ടല്‍ ജീവന്ക്കാരനല്ല, ഊട്ടിയില്‍ എച്ച് പീ എഫില്‍ നല്ല മാന്യമായ ഒരു ജോലി അയാള്‍ക്കുണ്ട്. പക്ഷെ താമസവും ഭക്ഷണവും എല്ലാം നാട്ടുകാരുടെ ഈ ഹോട്ടലില്‍ ആണ്. പണിയൊന്നും ഇല്ലാത്തപ്പോള്‍ കാഷിയറും, ചായക്കാരനും, സപ്ലയറും ഓള്‍ ഇന്‍ ഓള്‍ഉം ആയി അയാളെ നിങ്ങള്‍ക്കവിടെ കാണാം, താമസത്തിനും ഭക്ഷണത്തിനും കാശ് വാങ്ങാത്തതിന് ഉള്ള ഒരു പ്രതുപകാരം.

ബീരാന്‍കുട്ടി തമിഴനെ ചവിട്ടികൂട്ടിയത് ഏകദേശം പതിനൊന്നു മണിക്കാണ്. തമിഴന്‍ അവന്‍റെ കൂട്ടരേയും കൂടി ഇപ്പോള്‍ ബീരാന്‍കുട്ടിയേ കെട്ടിപ്പിടിക്കാന്‍ മടങ്ങി വന്നതാണ്‌. തന്‍റെ ജീവന്‍ എടുക്കാന്‍ വരുന്നവര്‍ എത്തിയതറിയാതെ ബീരാന്‍കുട്ടി മേലേ മുറിയില്‍ ഉറങ്ങുകയായിരുന്നു.

ആ പ്ലേ ഒന്ന് നെക്കിയെ..നമുക്ക്‌ ബാക്കി കാണാം..

'പിടിയെടാ അവരെ..' കാഷിയര്‍ ജോലിക്കാരോട് വിളിച്ചു പറഞ്ഞു. എന്തിനും തയ്യാറായി വന്ന തമിഴന്മാരുടെ മുന്നിലേക്ക്‌ തലവച്ചു കൊടുക്കാന്‍, ചിന്തിക്കാന്‍ പലതുമുണ്ടായിരുന്ന ആരും അനങ്ങിയില്ല, ഹോട്ടലിനകത്തെ നാലഞ്ചു മലയാളി ജീവനക്കാര്‍ വിറയ്ക്കുന്ന കാഴ്ചക്കാരായി നിന്നു.

പതിനേഴു വയസ്സോളം മതിപ്പു തോന്നിക്കുന്ന കാഷിയര്‍ക്ക് പക്ഷെ ചിന്തിക്കാന്‍ നേരം ഇല്ലായിരുന്നു. ബീരാന്‍കുട്ടി അയാളുടെ ആരുമല്ലായിരുന്നു എങ്കിലും തന്‍റെ അധീനതയില്‍ ഉള്ള കടയില്‍ കയറി തന്‍റെ മുന്നിലിട്ടു മറ്റൊരു മലയാളിയേ തല്ലുക എന്നൊക്കെ പറഞ്ഞാല്‍.. എന്നാ അതൊന്നു കാണണമല്ലോ.. എന്ന ഒരു കൊച്ചു അഹങ്കാരം, ചെറുപ്പത്തിന്റെ വിവരക്കേട് എന്നും ചില വയസ്സന്മാര്‍ പറയും.

കാഷിയര്‍ നല്ല ഒന്നാംതരം കരാട്ടക്കാരന്‍ ആയിരുന്നു, മൂന്ന് വര്‍ഷത്തെ വിയര്‍പ്പുകൊണ്ട് ഉണ്ടാക്കിയ ഒരു ബ്ലാക്ക്ബെല്റ്റ്‌ (മൈനസ് വണ്‍) പട്ടവും, പതിനേഴു വയസ്സും ചേര്‍ന്ന് നല്‍കുന്ന ഒരു ധൈര്യം ഉണ്ടല്ലോ ഒരു ഇരുപത്തഞ്ചു പേരെ എല്ലാം നേരിടാന്‍ അത് തന്നെ ധാരാളം, പിന്നെയാണോ വെറും പതിനഞ്ചു പീക്കിരി അണ്ണന്മാര്‍..

ആള്‍കൂട്ടം ഇപ്പോള്‍ ഹാള്‍ കടന്ന് ഗോവണിക്ക് നേരെ ഇടനാഴിയിലൂടെ ഓടുകയാണ്. ഇടനാഴിയിയുടെ ഒരു വശം കൈ കഴുകാന്‍ നീളത്തില്‍ ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു, മറുവശത്ത് രണ്ടു ടേബിളുകളിലായി സപ്ലയര്‍മാര്‍ക്ക് എടുക്കാന്‍ പാകത്തില്‍ രണ്ടു ചെറിയ ബക്കറ്റില്‍ സാമ്പാറും, മറ്റൊരു പാത്രത്തില്‍ ചട്നിയും ഒരു ചെറിയ പാത്രത്തില്‍ അച്ചാറും, കൈ തുടയ്ക്കാന്‍ മുറിച്ചു വെച്ച കുറെ പത്രകടലാസിന്റെ കഷ്ണങ്ങളും കാണാം. ഇടനാഴി രണ്ടു വശങ്ങളും ഉപയോഗിച്ചിരുന്നതിനാല്‍  വീതി കുറച്ചു കുറവാണ്.

കാഷിയര്‍ ഓടി ആള്‍കൂട്ടത്തിനു പിന്നില്‍ ഓടുന്നവനെ ജാക്കറ്റില്‍ പിടിച്ചു വലിച്ച് പുറകൊട്ടെറിഞ്ഞു.

'ഡേയ്..' വീണിടതും നിന്ന് ചാടി എഴുന്നേറ്റ അണ്ണന്‍ അലറി. ഈ അലര്‍ച്ച ഒരു നല്ല ടെക്നിക്‌ ആണ് 'ഓടിവാടാ എന്നെ ഒരുത്തന്‍ തല്ലുന്നേ..' എന്ന് അറിയിക്കുകയും ചെയ്യാം കൂട്ടത്തില്‍ ഒരു വീര പരിവേഷവും കിട്ടും. സംഗതി ഏറ്റു. മുന്നോട്ട് ഓടിയ തമിഴ്‌ കൂട്ടം തിരിഞ്ഞു നിന്നു.

'അടിടാ..' ഒരു കറുത്ത തടിയന്‍ അതും പറഞ്ഞു മുന്നോട്ട് ഓടി വന്നു, കാഷിയറുടെ കൈകള്‍ ഉയര്‍ന്നു താഴ്ന്നു തടിയന്‍ മുഖം പൊത്തികൊണ്ട് താഴെ വീണു അപ്പോഴേക്കും ആദ്യം വീണ തമിഴന്‍ പിന്നിലൂടെ ആക്രമിക്കാന്‍ ഓടിയെത്തി കാഷിയര്‍ തിരിഞ്ഞു പോലും നോക്കാതെ നല്‍കിയ ഒരു സൈഡ് കിക്കില്‍ ഒരു കസേര തകര്‍ത്തു കൊണ്ട് അയാള്‍ ഹാളിലേക്ക്‌ തെറിച്ചുവീണു. മറ്റുള്ള തമിഴന്മാര്‍ ഒന്നടങ്കം കാഷിയറുടെ നേരെ കുതിച്ചു..

എനിക്കറിയാം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്നെ ഇവന്മാര്‍ക്ക് ഒന്ന് പൊട്ടിക്കാന്‍ എല്ലാര്‍ക്കും കൈ തരിച്ച് നിലക്കാണ്, അതിനു ബദലായി ഒരു അടി ലൈവ് ആയി നടന്നു കൊണ്ടിരിക്കുന്പോള്‍ പറയാന്‍ പാടില്ല എങ്കിലും.. സോറി ഒരു മിനിറ്റേ..ആ പോസ് ഒന്ന് നെക്കിയേ..


കഥാപ്രസംഗത്തിന്റെ പുസ്തകം മറന്ന നമ്മുടെ ഇന്നസെന്റിനെ പോലെ ഞാന്‍ നമ്മുടെ കാഷിയറെ പരിജയപ്പെടുത്താന്‍ മറന്നു..!

കൌണ്ടറില്‍ നിന്നും ഇറങ്ങുന്ന കാഷ്യരെ സ്ലോ മോഷനില്‍ ഷൂ മുതല്‍ മുഖം വരെ കാണിച്ചു തുടങ്ങാന്‍ പറ്റില്ലല്ലോ, അതിന് മുന്നെ പന്ന അണ്ണന്മാര്‍ അടിതുടങ്ങിയില്ലേ. ഒരു കുഞ്ഞു പരിജയപ്പെടുത്തല്‍ അത് കഴിഞ്ഞാല്‍ പിന്നെ ബ്രേക്ക്‌ ഇല്ലാതെ അടിയോടടിയല്ലേ, തമിഴന്മാരെ ഒന്നൊന്നായി നിലംപരിശാക്കി കാഷിയര്‍ നമ്മുടെ മാനം കാക്കുന്നത് ഇപ്പൊ കാണിച്ചുതരാം, കാഷിയര്‍ക്കാന്നെങ്കില്‍ അന്നേരം കൊണ്ട് രണ്ടു മിനിട്ട് റസ്റ്റ്‌ ചെയ്യാനും പറ്റും..

പതിനഞ്ചു പേരുടെ പിന്നാലെ ഒറ്റയ്ക്ക് പായാന്‍ നിന്ന നമ്മുടെ നായകന്‍റെ തലയില്‍ കാര്യമായി ഒന്നുമില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ. ബീരാന്‍കുട്ടിയേ പോലെതന്നെ ഇവനും ഇവിടുത്തെ സ്ഥിരം തൊഴിലാളി അല്ല. ഓള്‍ ഇന്ത്യാ റേഡിയോയുടെ സൈറ്റില്‍ എഞ്ചിനീയര്‍ ആയി ജോലിചെയ്യുന്ന മൂപ്പര്‍ സ്വന്തം ചേട്ടന്‍റെ ഹോട്ടലില്‍ ഒഴിവു സമയത്ത് കാഷിയരും, പൊറോട്ടക്കാരനും, എച്ചില്‍ എടുക്കുന്നവനും എല്ലാമായി വേഷം കെട്ടുന്ന റസിഡന്റ്റ്‌ മാനേജര്‍ ആണ്.

മെലിഞ്ഞ അതിസുന്ദരനായ കാഷിയര്‍ കാണാന്‍ എന്നെ പോലിരിക്കും, പേരും എന്‍റെതാണ് ഫോട്ടോയും.

അപ്പൊ തിരിച്ച് അടിയിലേക്ക്, രണ്ടെണ്ണം വീണല്ലോ ഇനി പതിമൂന്നെണ്ണം കൂടിയുണ്ട്, ഇതെല്ലം വെറും പിള്ളേര് കളിയല്ലേ.. ഡോണ്ട് വറി ഞാന്‍ ആരാ മോന്‍..

മൂന്നാമത്തെ തമിഴന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞു ഒരു സ്പിന്‍കിക്ക്‌ ചെയ്തു, അവന്‍റെ മുഖത്ത് തന്നെ എന്‍റെ കാല്‍ പതിച്ചു. അവന്‍ വീഴെണ്ടാതായിരുന്നു, പക്ഷെ വീണില്ല പകരം സൈഡില്‍ ഉള്ള മേശയിലേക്ക് ചെരിഞ്ഞു.

വേണ്ട പോലെ അങ്ങ് ഉഷാര്‍ ആവുന്നില്ല ഈ ഇടനാഴിയില്‍ നിന്നും കൈയ്യും കാലും ശരിക്കൊന്ന് വീശാന്‍ ഉള്ള സ്ഥലമില്ല. ഈ ഹാളിലേക്ക് മാറി നിന്നു അടിക്കാം എന്ന് പറഞ്ഞാല്‍ ഇവറ്റകള്‍ പെറ്റ തള്ളയെ അനുസരിക്കില്ല പിന്നെയല്ലേ എന്നെ..

അതിനേക്കാള്‍ എന്നെ വലച്ച പ്രശ്നം ഈ തമിഴന്മാര്‍ സിനിമയില്‍ അടിയൊന്നും കണ്ടിട്ടില്ലേ എന്നതാണ്. സിനിമയില്‍ വളരെ വ്യക്തമായി കാണിക്കാറുള്ളതാണ് - നായകന്‍ ഒരുത്തനെ അടിക്കും അവന്‍ വീഴുമ്പോള്‍ പിന്നില്‍ നിന്നും മറ്റവന്‍ വരും അവനെ ചവിട്ടുമ്പോള്‍ സൈഡില്‍ നിന്നും ലവന്‍ പറന്നു ചാടിവരും, അടിയുടെ ബേസിക് റൂള്‍ ആയ ഇതൊന്നും ഇവര്‍ പാലിക്കുന്നില്ല. എല്ലാവരും കൂടി കാക്ക കൂട്ടം പോലെ എന്നെ ഒരേ സമയം ആക്രമിക്കാണ്. ബട്ട്‌ ദാറ്റ്‌സ് ഓക്കേ ആഫ്റ്റര്‍ആള്‍ ഐ ഹൂ സണ്‍..

ഇപ്പോള്‍ രണ്ടു പേര്‍ എന്‍റെ പിന്നിലും ഒരുത്തന്‍ മേശക്കരികിലും മറ്റുള്ളവര്‍ എന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ എന്‍റെ മുന്നിലുമുണ്ട്. ഞാന്‍ നാലാമത്തവന്റെ നേരെ തിരിഞ്ഞു അവനെ ഞാന്‍ ഒറ്റയടിക്ക് തരിപ്പണമാക്കാന്‍ പോവാണ്..

ഛെ അപ്പോഴല്ലേ മൂന്നാമന്‍ ഫൗള്‍ അടിച്ചത്. ഒരു ഡീസന്റ് ഗുണ്ടയും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ആ ഹീനകൃത്യം അവന്‍ ചെയ്തു. അവന്‍ വീണ മേശപ്പുറത്തുണ്ടായിരുന്ന സാമ്പാറിന്റെ ബക്കറ്റ്‌ എടുത്തു അവനത് എന്‍റെ മുഖത്തേക്ക് ഒഴിച്ചു, ഒരു നിമിഷം ഞാന്‍ എന്‍റെ മുഖം പൊത്തി. ആ ഒരൊറ്റ നിമിഷം കൊണ്ട് മൊത്തം ഇരുട്ടായി..

സാംബാര്‍ ഒഴിച്ചു കൊടുക്കുന്ന നീളമുള്ള നല്ല സ്ട്രോങ്ങ്‌ പച്ചിരുന്ബിന്റെ തവികൊണ്ട് അപ്പോഴേക്കും എന്‍റെ തലയില്‍ അടി വീണിരുന്നു. പിന്നെ എത്ര പേര്‍ എന്‍റെ മേലേ കയറിയിറങ്ങി എന്ന് ഞാന്‍ പറയില്ല, എനിക്ക് ബോധം ഇല്ലായിരുന്നല്ലോ..

അണ്ണന്മാര്‍ എന്നെ വിട്ടിട്ട് മേലേ കയറി ബീരാന്‍കുട്ടിയേ ഓരോരുത്തരായി കെട്ടിപിടിച്ചു എന്നാ കേട്ടത്. ഭാഗ്യത്തിന് അവര്‍ മടങ്ങി പോവുന്നതിനു മുന്നെ പണിക്കര്‍ എന്നെ ഏറ്റി അടുക്കളയിലേക്ക് മാറ്റി കിടത്തിയിരുന്നു. ഇല്ലെങ്കില്‍ മടങ്ങുന്ന വഴിയില്‍ അവര്‍ക്ക്‌ വീണ്ടും പണി ആവുമായിരുന്നു. തമിഴ്നാട്ടില്‍ ധര്‍മ്മഅടി എന്ന ഒരു ആചാരം ഉണ്ട്, കുറെ നേരം എടുക്കുന്ന ഒരു ആചാരം ആണ് ആരോട് ചോദിച്ചാലും പറഞ്ഞു തരും, അതില്‍നിന്നും അവരും ഞാനും അതുകൊണ്ട് ഒഴിവായി.

ബോധംകെട്ട് കിടക്കുമ്പോള്‍ ഞാന്‍ എന്‍റെ ഗുരുവിനെ കണ്ടു, പുഞ്ചിരിയോടെ അദ്ദേഹം മൊഴിഞ്ഞു 'ഞാന്‍ പറഞ്ഞത് നീ മറന്നു ഒരു അടിക്ക് തയ്യാറെടുക്കുന്നതിന് മുന്‍പ് നന്നായി വാംഅപ്പ്‌ ചെയ്യണം'. ഞാന്‍ തിരിഞ്ഞു മൊഴിഞ്ഞു 'ഗുരുവേ ഇത്തവണതെക്ക് ക്ഷമി, അടുത്ത അടിക്ക് മുന്‍പ് ഒന്ന് ഓടി വന്ന് വാംഅപ്പ്‌ ആയി മാത്രേ ഞാന്‍ തുടങ്ങൂ'. ബോധംകെട്ട് കിടക്കുന്ന എന്നെ അനുഗ്രഹിച്ച് ആശീര്‍വദിച്ചു അദ്ദേഹം മങ്ങി മങ്ങി ഓഫായി, ഞാന്‍ എന്‍റെ ബോധംകെട്ട് കിടപ്പ് തുടര്‍ന്നു..

വാല്‍കഷ്ണം: പുളു പുളു എന്ന് മനസ്സില്‍ പോലും തോന്നണ്ടാ. കമ്പ്ലീറ്റ്‌ സത്യാ, വേണെങ്കില്‍ പതിനഞ്ചു ആള് എന്നതില്‍ നിന്നും ഒന്നോ രണ്ടോ എണ്ണം കുറച്ചു തരാം, അല്ലെങ്കില്‍ ഞാന്‍ അടിച്ച കിക്ക്‌ ഒന്ന് രണ്ടെണ്ണം വെട്ടി അടി എന്നാക്കി മാറ്റിഎഴുതാം. അതല്ലാതെ വേറെ ഒരു ഡിസ്കൌണ്ടും തരുന്ന പ്രശ്നം ഇല്ല..

അന്ന് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ഇനി അടിയുടെ റൂള്‍സ്‌ അറിയാത്ത പന്ന അണ്ണന്‍മാരുമായി ഞാന്‍ അടിക്കില്ല അല്ലെങ്കില്‍ അവര്‍ ഫൗള്‍ ചെയ്യാതെ ഓരോരുത്തരായി വരാന്‍ തയ്യാര്‍ ആണെങ്കില്‍, ഒരു ഇരുപതഞ്ചു അണ്ണന്മാര്‍ വരെ ആവാം, പക്ഷെ അത് വല്ല ഹാളില്‍ വെച്ചേ ഞാന്‍ ചെയ്യൂ അതും വാംഅപ്പിന് ശേഷം മാത്രം, ഗുരുനിന്ദ - ഇനി അതുണ്ടാവാന്‍ പാടില്ല.

** ശുഭം **

9 comments:

 1. പുളു എന്ന് തോന്നുക പോലും ചെയ്തില്ല താഹിർ സാറ്, പക്ഷെ പതിനഞ്ച് ആളിനെ ഒരാളായി ചുരുക്കിത്തന്നാൽ വേണെങ്കിൽ കുറച്ച് വിശ്വസിക്കാം... എന്താ സമ്മതമാണോ?

  വളരെ നന്നായി താഹിർ സാറ്...

  തുടർ പ്രയാണങ്ങൾക്ക് ആശംസകള്

  ReplyDelete
 2. വ്യത്യസ്ഥത പുലര്‍ത്തുന്ന അവതരണം ...
  പുള് ആണേലും സുഖമുണ്ട് വായിക്കാന്‍... ചില ഭാഗങ്ങളില്‍ ...

  ReplyDelete
 3. yente tahire, pulu anenkilum nannayi chirikkan patti, keep it up.

  Nannayittundu, yini nattilekku pokumbol sookshikkuka, tamizhanmar yithellam vayichu note cheiythittundu.

  ReplyDelete
 4. pakshe klimax moshamaayi saadhaarana nayakanmmar jayikkukayalle pathivu enkilum kushappamilla ,sharikku pattiya fault parayaam.adyam kure adi kllanam ayirunnu ennittu avasaanam athishakthamaayi thirichu adichaal avare tholppikkamaayirunnu .

  ReplyDelete
 5. പുളുവായാലും സത്യമായാലും സംഗതി കലക്കി .ഇഷ്ടപ്പെട്ടു . ഒരു വിയോജിപ്പ് ഉണ്ട് . താ ..........ളീ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു . അതൊരു സഭ്യമായ ഭാഷ അല്ലല്ലോ ?

  ReplyDelete
  Replies
  1. പ്രിയ ഡാനിയല്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി

   ഇത് കഥയല്ല സത്യത്തില്‍ സംഭവിച്ചതാണ് അവര്‍ വിളിച്ച വാക്കുകള്‍ അതായിരുന്നു കഥ ആണെങ്കില്‍ ഞാന്‍ ഒഴിവാക്കുമായിരുന്നു. സ്പിരിറ്റ്‌ ചോരാതെ ഇരിക്കാന്‍ എഴുതിയതാണ്. ഭാവിയില്‍ ശ്രദ്ധിക്കാം.

   തമിഴ്നാട്ടില്‍ കുറച്ച് ഗുണ്ടായിസം ഉള്ളവരുടെ വായില്‍ നിന്നും ആദ്യം വിഴുന്ന വാക്കുകളില്‍ ഒന്നാണ് ഇത്, പിന്നെ ഒരു ആശ്വാസം ഉള്ളത് അതിന്റെ അര്‍ഥം അറിയുന്നവര്‍ക്ക്‌ മാത്രെ അത് മനസ്സില്‍ ആവാറുള്ളൂ, സ്ത്രീകള്‍ക്ക് അധികവും മനസ്സില്‍ ആവാറില്ല.

   Delete
 6. കൊള്ളാം. നല്ല രചന. രസകരമായ അവതരണം.
  ആശംസകള്‍.

  ReplyDelete
 7. അത് ശരി,
  ഇനി ഇവിടെ നിന്നാല്‍ തടി കേടാവുമോ?
  ആ തെറി ഒന്ന് മോടെരെട്റ്റ്‌ ചെയ്തെരെ........ഇങ്ങനെ താ@%#ളി എന്നോ......മുകളില്‍ സുഹൃത്ത് പറഞ്ഞപോലെയോ. :)

  ReplyDelete
 8. കൊള്ളാലോ വീഡിയോണ്?

  ReplyDelete

Related Posts Plugin for WordPress, Blogger...