Wednesday, January 25, 2012

ഇന്നിന്‍റെ ഒറ്റമൂലി

'എന്‍റെ ചങ്ക് കരിഞ്ഞിരിക്കുന്നു, ശ്വാസം വലിക്കുമ്പോള്‍ വിസില്‍ അടിക്കുന്നു, എന്‍റെ തല ഇതാ ഇവിടെ കട്ടയായിരിക്കുന്നു, എനിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുന്നുണ്ട് എന്ന് തോന്നുന്നു'. എന്‍റെ മകന്‍ രാവിലെ തന്നെ അസിയോട്‌ രോഗങ്ങളുടെ കെട്ടഴിച്ചു.

അവന്‍റെ ഭാഷ ഒന്നു വേറെ തന്നെയാണ്. ഞങ്ങള്‍ പറയുന്നതൊന്നും അവന്‍ അംഗീകരിക്കാറില്ല, അവന്‍ പറയുന്നത് പലതും ഞങ്ങള്‍ക്ക് മനസ്സില്‍ ആകാറുമില്ല.

സംഗതി ഇവന് ചെറിയൊരു പനിയും, തണുപ്പ് കൊണ്ടു കുറച്ചു കഫവും ഉണ്ട്, ചെറിയ പൊടികൈ കൊണ്ടു രണ്ടു ദിവസത്തിനകം മാറാവുന്നതെ ഉള്ളൂ.
എന്‍റെ മക്കള്‍ കുറച്ചു ദിവസം എന്‍റെ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം മാത്രമാണ് സ്വതവേ ഒരു ഡോക്ടറെ കാണാന്‍ പോവുകയുള്ളൂ. പ്രധാന മരുന്ന് പച്ചവെള്ളം ആണ് പക്ഷെ ഇവന്‍ അതിന് നിന്നു തരില്ല, മാത്രമല്ല ഹാര്‍ട്ട്‌അറ്റാക്ക്‌ പോലുള്ള കട്ടിയായ രോഗങ്ങള്‍ പച്ചവെള്ളം കൊണ്ടു മാറുമോ എന്ന അവന്‍റെ ന്യായമായ ചോദ്യത്തിന് എനിക്ക് ഉത്തരവും ഇല്ല.

നിന്‍റെ വിചാരം ഡോക്ടര്‍ക്ക്‌ നിന്‍റെ രോഗങ്ങള്‍ എന്താണെന്ന് അറിയാമെന്നാണോ, പനിയാണെന്ന് പറഞ്ഞു ചെന്നാല്‍ അവര്‍ നിനക്ക് പാരാസിട്ടാമോള്‍ തരും, പനി മാറിയില്ലെങ്കില്‍ അവര്‍ കടുപ്പം കൂടിയ മറ്റൊരു മരുന്ന് തരും, ഇപ്പോള്‍ നിനക്ക് അവശ്യം വിശ്രമമാണ്, ഒരൊറ്റ ദിവസം തുണി നനച്ചിട്ടാല്‍ മാറാവുന്ന രോഗമേ നിനക്കുള്ളൂ.

രക്ഷയില്ല.. ഞാന്‍ പറഞ്ഞല്ലോ തന്തമാരുടെ അറിവ് ഒരു കാലത്തും മക്കള്‍മാര്‍ അംഗീകരിച്ചിട്ടില്ല..

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..ഞാനും അവനും ഒരു ENTക്കാരന്‍റെ അടുത്തേക്ക്‌ തിരിച്ചു.

'ചെറുതായി പനിക്കുന്നുട്, കഫം ഉണ്ട്, ഞാന്‍ ഒരു ഗുളികക്കും ആന്റിബയോട്ടിക്കിനും എഴുതുന്നുണ്ട്' സ്റ്റേതോസ്കോപ് ഒരു സെക്കന്റ്‌ പോലും ഒരിടത്തും തികച്ചു പിടിക്കാന്‍ സമയമില്ലാതെ ഡോക്ടര്‍ വിധിയെഴുതി.

'ഇപ്പെങ്ങനെ ഉണ്ട്' എന്ന മട്ടില്‍ ഞാന്‍ മോനെ ഒന്നു നോക്കി.

'വൈറല്‍ ഫീവര്‍ അല്ലെ ഡോക്ടര്‍ ആന്റിബയോട്ടിക് വേണോ' എന്‍റെ കുഞ്ഞി ബുദ്ധിയില്‍ വന്ന അബദ്ധം ഞാന്‍ അറിയാതെ പുറത്തു ചാടി.

'മലയാളിക്ക് മൊത്തത്തില്‍ ഒരു തോന്നല്‍ ഉണ്ട് ആന്റിബയോട്ടിക് എന്തോ മോശമാണ് എന്ന്. ആന്റിബയോട്ടിക്കിന് എന്താ കുഴപ്പം' ഡോക്ടര്‍ കിട്ടിയ ചാന്‍സ് വിടാനുള്ള ഭാവമില്ല.

'ആന്റിബയോട്ടിക് മാത്രമല്ല മരുന്ന് എന്ന പേരില്‍ നമ്മള്‍ ഉള്ളിലേക്ക് വിടുന്ന കെമിക്കലുകള്‍ അധികവും കുഴപ്പം പിടിച്ച സാധനങ്ങള്‍ തന്നെയാണ്' ഞാനും ചാന്‍സ് വിടേണ്ട എന്ന് വെച്ചു.

'എന്നാ പിന്നെ മരുന്ന് കഴിക്കാതെ ഇരിക്കാം.. അസുഖം എങ്ങനെ മാറും എന്നാ കരുതുന്നത്..' അതിന് പച്ചവെള്ളം പോരെ എന്ന അബദ്ധം ഒന്നും എഴുന്നള്ളിക്കാതെ ഞാന്‍ തെറ്റുകാരനായി മൌനിയായി.

ഡോക്ടര്‍ ഒന്നു ശാന്തനായിരുന്നു എന്നിട്ട് പറഞ്ഞു 'ആന്റിബയോട്ടിക്കിന് കുറച്ചു കാലം മുന്‍പ്‌ വരെ ചില ന്യൂനതകള്‍ ഉണ്ടായിരുന്നു, ഇന്ന് അങ്ങനെ ഒന്നുമല്ല വളരെ സേഫ് ആണ്. ആന്റിബയോട്ടിക്കിനേ കുറിച്ച് അനാവശ്യമായ ഒരു ഭയം വേണ്ടാ. ആന്റിബയോട്ടിക് രോഗാണുക്കളെ കൊന്ന് ശരീരത്തിനെ രോഗങ്ങളെ എതിരിടാന്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്'.

'എന്തിനും ആന്റിബയോട്ടിക് വേണം എന്ന് കരുതുന്ന ചില ഡോക്ടര്‍മാര്‍ കൂടി ചേര്‍ന്നാണ് ആന്റിബയോട്ടിക്കിന് ഇത്ര മോശമായ ഒരു ചിത്രം ഉണ്ടാക്കിയത്' ഞാനും ഡോക്ടറുടെ സ്വന്തം ആളായി.

'ഡോക്ടര്‍ കുറിച്ച് തരുന്ന മരുന്ന് കൊണ്ടു നാളെത്തന്നെ രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ കുറിച്ച് ഒരു മതിപ്പില്ലാത്ത ഒരുപാട് രക്ഷിതാക്കള്‍ ഉണ്ട്, ഞാന്‍ അവരില്‍ ഒരാളല്ല, എന്‍റെ മകന്‍ ഈ പനിയും വെച്ച് ഒരാഴ്ച്ച കൂടി നടന്നാല്‍ എനിക്ക് പ്രശ്നം ഒന്നുമില്ല' ഞാന്‍ സത്യം വെട്ടിത്തുറന്നു.

ഡോക്ടര്‍ ഒരു നിമിഷം നിശബ്ദനായി എന്നിട്ട് പറഞ്ഞു 'നിങ്ങള്‍ ഈ മരുന്ന് വാങ്ങി തിരിച്ചു വരൂ..ഞാന്‍ വിവരിച്ചു തരാം.. പുറത്തു വെയിറ്റ് ചെയ്യണ്ട നേരെ അകത്തേക്ക് വന്നോളൂ'.

ഇന്‍ഷുറന്‍സ് ഉള്ള രോഗികളെ കാണുന്ന ടെസ്റ്റുകള്‍ എല്ലാം എടുത്തും കാണുന്ന മരുന്നുകള്‍ക്ക്‌ എല്ലാം എഴുതിയും ഹോസ്പിറ്റലിനു ലാഭം ഉണ്ടാക്കാനും കൂട്ടത്തില്‍ കമ്മിഷന്‍ അടിക്കണം എന്നും ഉള്ളതൊഴിച്ചു പാവം ഡോക്ടര്‍ക്ക്‌ എന്‍റെ മകന് ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് എന്തു നേടാനാണ്.

ഡോക്ടര്‍ക്ക് വന്ന സ്വരമാറ്റത്തില്‍ നിന്നും അയാള്‍ സഹകരിക്കുന്നുണ്ട് എന്ന് ബോധ്യമായതോടെ ഞാന്‍ പെട്ടെന്ന് തന്നെ മെഡിക്കല്‍ഷോപ്പില്‍ നിന്നും മരുന്നുകള്‍ വാങ്ങി തിരിച്ചു വന്നു. (നിങ്ങള്‍ വായനക്കാരന്‍ വിദേശത്തുള്ള ആള് ‍അല്ലെങ്കില്‍ മരുന്ന് വാങ്ങാന്‍ എനിക്കെന്താ വട്ടാണോ എന്ന് സ്വാഭാവികമായും സംശയിക്കും. അതെന്താ എന്ന് വെച്ചാല്‍ ഇവിടെ എല്ലാം ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും, അതുകൊണ്ട്‌ ഡോക്ടര്‍ക്ക്‌ ഒരു അറപ്പും ഇല്ലാതെ മുറിക്കാം, മുറിയുന്നത്‌ ഇന്‍ഷുറന്‍സ് കമ്പനി ആയതുകൊണ്ട് നമുക്ക് വിരോധവും ഇല്ല..)

ഡോക്ടര്‍ പറഞ്ഞു 'ഇത് പനിക്കുള്ള ഗുളികയാണ്, ചെറിയ പനിയെ ഉള്ളൂ, കൂടുകയാണെങ്കില്‍ മാത്രം കൊടുത്താല്‍ മതി.., ഇത് കഫത്തിനും മറ്റുമുള്ളതാണ് ഇത് കഴിച്ചാല്‍ കുഴപ്പമൊന്നുമില്ല.., ഇത് ആന്റിബയോട്ടിക് രണ്ടു ദിവസം കഴിഞ്ഞും മാറ്റമൊന്നുമില്ല എങ്കില്‍ മാത്രം കൊടുത്താല്‍ മതി'.

എന്‍റെ മനസ്സില്‍ മുന്‍പ് വായിച്ച ഒരു ഫലിതം ഓര്‍മ്മ വന്നു. ഒരാള്‍ ഡോക്ടറെ കാണാന്‍ പോയി, കണ്ടു കുറിപ്പടി വാങ്ങി, മെഡിക്കല്‍ഷോപ്പില്‍ പോയി മരുന്നും വാങ്ങി എന്നിട്ടത് ദൂരെ കളഞ്ഞു അത് കണ്ടു ആരോ ചോദിച്ചു പിന്നെ നീയെന്തിനാ ഡോകടറെ കാണാന്‍ പോയത്‌..അത് പിന്നെ ഡോക്ടര്‍ക്ക്‌ ജീവിക്കണ്ടേ നമ്മള്‍ ചെല്ലാതെ അയാള്‍ക്ക് കാശ് കിട്ടോ..പിന്നെ നീ എന്തിനാ മരുന്ന് വാങ്ങിയത്..അത് പിന്നെ മരുന്ന് ഷാപ്പുകാരന് ജീവിക്കണ്ടേ നമ്മള്‍ വാങ്ങാതെ അയാള്‍ക്ക് കാശ് കിട്ടോ..പിന്നെ നീ എന്തിനാ മരുന്ന് ദൂരെ കളഞ്ഞത്..അതു പിന്നെ എനിക്ക് ജീവിക്കണ്ടേ ഈ മരുന്നെല്ലാം കുടിച്ചാല്‍ ഞാന്‍ ബാക്ക്യാവോ..'

അത് പോലെ ഞാന്‍ ആ മരുന്നെല്ലാം ദൂരെ കളഞ്ഞു അവന് വീട്ടില്‍ ഉണ്ടായിരുന്നു ജലദോഷത്തിനുള്ള ഹോമിയോ മരുന്ന് കൊടുത്തു, രണ്ടു ദിവസം കൊണ്ടു ചങ്കും ശരിയായി, വിസില്‍ അടിയും നിന്നും, ഹാര്‍ട്ട്‌അറ്റാക്കും പോയി.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇന്നത്തെ ഡോക്ടര്‍മാരുടെ ഈ ഒറ്റമൂലി ഇല്ലേ, സേഫ് ആയ ആന്റിബയോട്ടിക് - അവന്‍ എന്താണ് എന്ന് എനിക്കറിയുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം

എനിക്കറിയുന്നതിലും മോശമാണ് കക്ഷി എന്ന് വ്യംഗ്യം.

ആന്റിബയോട്ടിക് നിസ്സംശയമായും ഒരു പ്രാധാന്യം നിറഞ്ഞ ഔഷധം തന്നെയാണ് പക്ഷെ അതെല്ലാര്‍ക്കും വാരിക്കോരി കൊടുക്കാന്‍ ഉള്ളതല്ല, അതാണ് പക്ഷെ ഇന്ന് ഡോക്ടര്‍മാര്‍ ചെയ്യുന്നത്.

ആന്റിബയോട്ടിക്കിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.

നമ്മുടെ ശരീരത്തില്‍ രോഗങ്ങള്‍ വരുത്തുന്നത് ബാക്ടീരിയയും വൈറസും ആണ്.

ആന്റിബയോട്ടിക് ബാക്ടീരിയ (രോഗാണുക്കള്‍) കാരണം ഉണ്ടാവുന്ന രോഗങ്ങള്‍ക്ക്‌ ഉപയോഗപ്രദമാണ്.

ആന്റിബയോട്ടിക് വൈറസ്‌ കാരണം പകരുന്ന രോഗങ്ങളെ മാറ്റില്ല. അതായതു ചുമ, പനി, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങി വൈറസ്‌ പരത്തുന്ന രോഗങ്ങള്‍ മാറാന്‍ ആന്റിബയോട്ടിക് കുടിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് മാത്രമല്ല അത് ദോഷകരവും ആണ്. ഇത് അറിയാവുന്ന ഡോക്ടര്‍ പക്ഷെ ആദ്യം എഴുതുന്നത് പനിക്ക്‌ ആന്റിബയോട്ടിക് ആണ്.

ബാക്ടീരിയ അഥവാ അണുക്കള്‍ അത്ര കുഴപ്പക്കാര്‍ അല്ല എന്ന് മാത്രമല്ല സത്യത്തില്‍ നമ്മുടെ സുഹ്രുത്താണ്. നമ്മുടെ ശരീരത്തില്‍ ദഹനം പോലുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവരാണ്.

രോഗാണുക്കള്‍ എന്ന പ്രയോഗംതന്നെ തെറ്റാണ്, രോഗം വന്ന അണുക്കള്‍ എന്നാണ് ശരിക്കും പറയേണ്ടത്. ആന്റിബയോട്ടിക്കിന് കണ്ണും മൂക്കും ഇല്ല ആശാന്‍ കൊല്ലുന്നത് രോഗാണുക്കളെ അല്ല എല്ലാ അണുക്കളെയും ആണ്. എലിയെ പേടിച്ചു ഇല്ലം ചുടക എന്ന് കേട്ടിട്ടില്ലേ അത് പോലെ ഒരു ഏര്‍പ്പാട്..

ആന്റിബയോട്ടിക് മറ്റു മരുന്നുകള്‍ പോലെ അസുഖം ഭേദമായി എന്ന് തോന്നിയാല്‍ നിര്‍ത്താവുന്ന ഒരു മരുന്നല്ല. അത് മുഴുവനായും ഉപയോഗിച്ചില്ലെങ്കില്‍ അത് എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കില്ല, അപ്പോള്‍ ബാക്കിയാവുന്ന രോഗാണുക്കള്‍ കൂടുതല്‍ കരുത്ത്‌ ആര്‍ജിക്കുകയും പിന്നെ അവയെ നശിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ മരുന്നുകള്‍ വേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുകയും ചെയ്യും.

അപ്പോ നമ്മുടെ വിദഗ്ദ്ധനായ ഭിഷഗ്വരന്‍ എന്നാ ചെയ്യും..കുറച്ചു കൂടുതല്‍ ഡോസ് ഉള്ള ആന്റിബയോട്ടിക്(സേഫ് ആയ!!) അങ്ങ് തരും..അതിലും മാറിയില്ലെങ്കിലോ..അപ്പോ അതിലും സ്ട്രോങ്ങ്‌ സൂപ്പര്‍ സ്ട്രോങ്ങ്‌ അങ്ങ് തരും..എന്നിട്ടും മാറിയില്ലെങ്കിലോ..അപ്പോ അവര്‍ അങ്ങ് സുല്ലിടും..ഇനി നിങ്ങള്‍ വല്ല പ്രകൃതിക്കാരനെയോ, ഹോമിയോക്കാരനെയോ കാണിച്ചു നോക്ക് എന്ന് പറയും..

നിങ്ങള്‍ കേട്ടിട്ടുണ്ടോ CDC എന്ന്. അങ്ങ് അമേരിക്കയിലുള്ള Centers for Disease Control and Prevention എന്ന ഫെഡറല്‍ ഏജന്‍സി ആണ് ഈ ഡോക്ടര്‍മാരുടെ ഒക്കെ വകയില്‍ ഒരു അപ്പനായി വരും. ജനങ്ങളുടെ (അവര്‍ കൊല്ലാതെ വിടുന്ന) ആരോഗ്യം ഞങ്ങള്‍ ശരിയാക്കിത്തരാം എന്നാണ് മൂപ്പരുടെ മുദ്രാവാക്യം. ആ CDCയാണ് പറയുന്നത്  ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് (സൂപ്പര്‍ സൂപ്പര്‍ സ്ട്രോങ്ങ്‌ ആന്റിബയോട്ടിക്കിനെ ഞൊണ്ടി കളിക്കുന്ന  - ഇവര്‍ മരുന്ന് കൊടുത്തു കൊടുത്തു വളര്‍ത്തിയ മുട്ടന്‍ ബിന്‍ലാദന്‍ രോഗാണുക്കള്‍ ഉണ്ടെന്ന സത്യം) ഇന്ന് ലോകത്തിലെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന ആരോഗ്യ പ്രശ്നം ആണെന്ന്.

എന്നിട്ട് 'മലയാളിക്ക് മൊത്തത്തില്‍ ഒരു തോന്നല്‍' ഉള്ളതില്‍ പരിഹസിക്കുന്ന ഇവനെയെല്ലാം ക്ഷ,ജ,ഞ,ഝ എന്ന് എഴുതിപ്പിക്കാന്‍ കഴിയാത്ത പ്രതികരണ കലയിലെ ആഗ്രകണ്യന്‍മാര്‍ ആയ എന്നെയും നിങ്ങളെയും എന്നതാ ചേട്ടായി വിളിക്കേണ്ടത്..

2 comments:

  1. വളരെ നല്ല ചിന്തകള്‍.. ഡോക്ടര്‍മാര്‍ ആയ വല്ല ബ്ലോഗ്ഗെര്‍മാരും ഉണ്ടെങ്കില്‍ പ്രതികരിച്ചു കാണാമായിരുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...