Tuesday, September 13, 2011

ഇച്ചും മാണം ഒരു സര്‍ക്കീട്ട്

'ഇങ്ങള്‍ ഇത് കേട്ടാ..' ആമിന വിളിച്ചു ചോദിച്ചു.

ആമിന പേരകുട്ടികളോട് ചാറ്റ് ചെയ്യണം എന്ന് പറഞ്ഞ് കമ്പ്യൂട്ടറില്‍ കേറി ഇരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ കുറെ നേരമായല്ലോ എന്നോര്‍ത്ത് കൊണ്ട് 'എന്ത് കേട്ട് എന്നാ..' എന്നും ചോദിച്ചു മരക്കാര്‍ പത്രം മടക്കി എഴുന്നേറ്റു ചെന്നു.

'ആയിച്ചും, ബീക്കുട്ടിം കൂടി ദുബൈക്ക് സര്‍കീട്ടടിക്കാന്‍ പോയീന്നു' ആമിനക്ക് ചാറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല പകരം അവള്‍ ജിദ്ദയില്‍ ഉള്ള സഹോദരന്‍ ബാപ്പൂന്റെ ബ്ലോഗും വായിച്ച് ഇരിക്കാണ്.

ബാപ്പൂന്റെ ഒരു ഫാമിലി ബ്ലോഗ്‌ ഉണ്ട് കുടുംബത്തില്‍ ഉള്ള സകല കിള്ളും കിറിം അത് വായിച്ചിട്ടാ ഇപ്പൊ എല്ലാരും അറീണത്.

'അത് നന്നായി' ഇതാപ്പോ എന്ന മട്ടില്‍ മരക്കാര്‍ പ്രതിവചിച്ചു.

'നന്നായി ന്നാ, ഈ ബാപ്പൂന്റെ ഒടുക്കത്തെ ബ്ലോഗ്‌ കൊണ്ട് അതിഞ്ഞി ആരും അറ്യാന്‍ ബാകില്യ, ഇനിക്ക് ബയ്യ..' ആമിന പരവശയായി.

'അതിന് അനക്ക് ന്താന്‍റെ ആമിനോ, നല്ലതല്ലേ ഓര് പോയി സര്കീട്ടടിച്ചു ബരട്ടണ്ണീ' ഈ മരക്കാര്‍ ഒരു ശുദ്ധന്‍ തന്നെ, അല്ലെങ്കിലും ആണുങ്ങള്‍ ഇങ്ങനാ ലൈറ്റ് കത്താന്‍ കുറെ നേരമെടുക്കും.

'മ്മക്കല്ലേ അയിന്റെ കൊറച്ചില്' ആമിനയുടെ തറപ്പിച്ചുള്ള നോട്ടം കണ്ടു മരക്കാ‍റെ തലയില്‍ അവിടിവിടെ ഓരോ ലൈറ്റ് മിന്നിതുടങ്ങി.

'ങ്ങള്‍ ആ മോഫൈലില്‍ ഒന്നു കുത്തി ന്‍റെ മാനൂനെ ഇങ്ങട്ട് ബിള്‍ച്ചീം'

മരക്കാര്‍ മൊബൈല്‍ എടുത്ത് റേഞ്ച് കിട്ടാന്‍ അടുത്തുള്ള തെങ്ങില്‍ കേറി.

ഡാ നിര്‍ത്ത്, നിര്‍ത്ത്.. അതൊക്കെ പണ്ട്.. ഇന്ന് ഞങ്ങടെ കക്കൂസില്‍ ബരെ റേഞ്ച്ണ്ട്..

സോറി സോറി - മരക്കാര്‍ മൊബൈല്‍ എടുത്ത് കക്കൂസില്‍ കേറി.
മാണ്ട ചക്കരെ മാണ്ടാ, അനക്ക് കിട്ടും ഇന്‍റെ അടുത്തുന്ന്, കക്കൂസി കേറി എന്നെയ്‌തീത് ബെട്ടിക്കോ, ജ്ജ് ഇന്‍റെ ചിറിം കള്യേ കണ്ടിട്ടുള്ളൂ.


ബെട്ടി, ബെട്ടി ഇങ്ങളൊന്നു അടങ്ങീ ആമിനതാത്താ..

മരക്കാര്‍ മൊബൈല്‍ എടുത്ത് മകനെ വിളിച്ചു. മാനുവിന് അബൂദാബിയില്‍ വല്യ എന്തോ പണിയാണെന്നേ അവര്‍ക്കറിയൂ. കെഎഫ്സിയില്‍ കോഴി എടുത്തു കൊടുക്കുന്ന പണിക്ക് പത്രാസ് പോരെന്ന് തോന്നി മാനു അതങ്ങ് പരിഷ്കരിച്ചു ജോലി പിഎ എന്നാക്കി കൂടതല്‍ ചോദിച്ചാല്‍ പാക്കിംഗ് അസിസ്റ്റന്റ് എന്ന് മുഴുവന്‍ പറയും.

'വൈ ദിസ്‌ കൊലവേറി, കൊലവേറി, കൊലവേറി ഡി' മാനൂന്‍റെ മൊബൈല്‍ ഉച്ചത്തില്‍ പാടി.

വലിയ ഒരു മാളിനുള്ളില്‍ കുടുംബ സമേതം പര്‍ച്ചേസ് നടത്തി കൊണ്ടിരുന്ന മാനു തന്‍റെ പുതിയ ചൈന ഐഫോണ്‍ എടുത്ത് നീട്ടിപിടിച്ച് കുറച്ചു നേരം അതിന്‍റെ റിംഗ്‌ടോണ്‍ നാലാള് കേള്‍ക്കെ ആസ്വദിച്ച് അതിലേക്കു തന്നെ നിര്‍ന്നിമേഷനായി നോക്കി നിന്നു.

അവന്‍ ഭാര്യയെ നോക്കി പറഞ്ഞു 'ഡാട്സ് കാളിംഗ്'.

'ഓ യാഹ്..' ഷാമ്പൂ ചെയ്ത മുടിയിലൂടെ വിരല്‍ ഓടിച്ചു ഫത്തു മൊഴിഞ്ഞു.

എണ്ണയും തേച്ചു ഒരു കോലാവാലി ചുരിദാറില്‍ വന്നിറങ്ങിയ പാത്തുമ്മകുട്ടിയില്‍ നിന്നും ഷാമ്പൂ ചെയ്തു, ലിപ്സ്റ്റിക്കും ടൈറ്റ് ജീന്‍സും ധരിച്ച ഫത്തു ഇന്ന് എത്രയോ മാറിയിരിക്കുന്നു. മാനു ഒരു നിമിഷം അവളെ നോക്കിനിന്നു. എന്തൊരു ഭംഗിയാണ് എന്‍റെ ഫതൂന് എന്ന് മനസ്സില്‍ കരുതിയ ഉടനെ തന്നെ അവന്‍ തന്‍റെ ഭംഗി ഫതൂന് മാച്ചിംഗ് ആണെന്ന് മുന്നില്‍ കണ്ട കണ്ണാടിയില്‍ നോക്കി ഉറപ്പു വരുത്തി.

'എസ് പോപ്സ്‌, ഹൌ ആര്‍ യു, ഐ ആം ഫൈന്‍, ഐഫോണ്‍ ഫൈന്‍, ചില്‍ഡ്രന്‍സ് ഫൈന്‍, ഷീ ഫൈന്‍, ഓള്‍ ഫൈന്‍, യു ഫൈന്‍, മാമാ ഫൈന്‍' ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു അവന്‍ 'എങ്ങനെ ഉണ്ടെടീ' എന്ന മട്ടില്‍ ഭാര്യയെ ഒന്നു നോക്കി.

ഇതാപ്പോ എന്‍റെ വാപ്പ വിളിക്കട്ടെ ഇതിനെക്കാള്‍ നാലെണ്ണം നീട്ടി ഞാന്‍ കാച്ചി തരാം എന്ന ഭാവത്തില്‍ അവള്‍ മുഖം വെട്ടിച്ചു.

ചുറ്റുമുള്ള ചിലര്‍ തന്നെ അസൂയയോടെ നോക്കുന്നത് കണ്ടതോടെ അവന്‍റെ ഒരല്‍പം ഇടിഞ്ഞ അഭിമാനം ഒന്നു തെളിഞ്ഞു കത്തി.

ഫോണിന്‍റെ അങ്ങേ തലക്കല്‍ അവന്‍റെ വാപ്പ പുളകിതനായി മകന്‍റെ ഇംഗ്ലീഷ് കേട്ട് ഒരു നിമിഷം നിന്നു.

'ങ്ങള്‍ ആ കുന്തം ഇങ്ങട്ട് തന്നാണീ, ഞാന്‍ പറഞ്ഞോളാം' ആമിനയുടെ നീട്ടിയ കൈകളിലേക്ക്‌ മരക്കാര്‍ ഫോണ്‍ വെച്ച് കൊടുത്തു.

'മാനോ, മോനെ എടാ, ഇന്ക്കും അന്‍റ ഇപ്പാക്കും..' ആമിനയേ മുഴുവനാക്കാന്‍ അനുവദിക്കാതെ മാനു പറഞ്ഞു 'ഹായ് മോംസ്, ഹൌ ആര്‍ യു, ഐ ആം ഫൈന്‍, ഐഫോണ്‍ ഫൈന്‍, ചില്‍ഡ്രന്‍സ് ഫൈന്‍..','നിര്‍ത്തെടാ ജ്ജ്, ഞാന്‍ പറീണത് കേക്കെ..' ആമിന തുടര്‍ന്നു.

'ജ്ജ് ഞങ്ങക്ക് രണ്ടാക്കും രണ്ടു ബിമാനത്തിന്റെ ടിക്കറ്റ്‌ ഇങ്ങട്ട് അയച്ചു കൊണ്ടാ, ഞാനും ഇപ്പിം അന്‍റെ അടുത്തുക്ക് പോരാണ്, ആടിനിം കൊയിനിം പത്തോത്താന്‍റെ പെരീക്കാക്കാം, ജ്ജ് അറിഞ്ഞാ അന്‍റെ അമ്മായേള് രണ്ടാളും ദുബൈക്ക് സര്‍കീട്ടടിക്കാന്‍ പൊയ്ക്ക്ണെല്ലോ, ഇന്ക്ക് ഇപ്പത്തന്നെ പോരാന്‍ മുട്ടീക്ക്ണു' ആമിന ഒന്നു ശ്വാസമെടുത്തു.

'ഐ സെണ്ടിംഗ് ടിക്കറ്റ്‌ മാമാ, വെന്‍ യൂ കമിംഗ്, ഐ മീന്‍ എപ്പളാ മമ്മീ നീങ്ങള്‍ വറും എന്നു പറന്‍ജത്' മാനു ഉഷാറായി. 

കുറെ ആയി ബാപ്പൂന്റെ ബ്ലോഗില്‍ ഓരോരുത്തര് ഭാര്യമാരെയും മക്കളെയും രക്ഷിതാക്കളെയും എല്ലാം ടൂര്‍ കൊണ്ട് പോവുന്നത് അവനും കാണുന്നുണ്ട്. എന്‍റെ പാരന്സിനിം കൊണ്ടു വന്നു അബുദാബി എല്ലാം ഒന്നു സീ ചെയ്യിക്കണം എന്നു അവനും ഈയിടെ ഒരു തോന്നല്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്.

'ജ്ജ് ഏറ്റം ബേഗം കിട്ടിണ ടിക്കറ്റ്‌ ഇട്താളാ, നാളെ കിട്ട്യാ നാളെന്നെ, പിന്നേയ്' ആമിന തുടര്‍ന്നു 'ജ്ജ് ആ ബാപ്പൂനെ ബിള്‍ച്ച് ഞാനും ഉപ്പിം സര്‍ക്കീട്ടടിക്കാന്‍ അബുദാബിക്ക് ബരനുണ്ട് എന്നു പറഞ്ഞാളാ, ഓന്‍ ബ്ലോഗില് എയ്തിക്കോളും, പിന്നേയ് ഓനോട് ജ്ജ് ദുംകൂടി പറഞ്ഞാളാ ആയിച്ചും, ബീക്കുട്ടിം ദുബൈയില്‍ അല്ല ഓല് ബറും ഷാര്‍ജീലാണ്, ആമിന പോണതെയ്‌ അബുദാബീക്കാണ്, ന്നാ ന്‍റെ മോന്‍ ബേം ടിക്കറ്റ്‌ മാങ്ങാന്‍ നോക്ക്, ബാപ്പുനെ ബുള്‍ചാന്‍ മറക്കണ്ട ട്ടാ' ആമിന ഫോണ്‍ വെച്ചു.

മാനു ഫോണ്‍ കട്ട് ചെയ്തു ഉടനെ ബാപ്പൂനെ വിളിച്ചു 'ഹലോ ബാപ്പ്‌ക്കാ, ആം മേനൂ, യൂ നോ, കാളിംഗ് അബുദാബി, പിന്നെ എന്‍റെ ഡാഡി ആന്‍ഡ്‌ മമ്മി അടുത്ത ഡേറ്റ്നു അബുദാബി വിസിറ്റ് ചെയ്യും, ഫ്യൂ ഡയസ്‌ യു നോ, ഇക്കാ ബ്ലോഗില്‍ റൈറ്റ് ചെയ്യണം, പിന്നെ ആന്റിമാര്‍ ദുബായ് അല്ല വിസിറ്റ് ചെയ്യുന്നത് അല്ലെ, ഷാര്‍ജയില്‍ ആണത്രേ, ടെര്ട്ടി പ്ലേസ് ദിസ്‌ ഷാര്‍ജ, പൂവര്‍ ഫെല്ലോസ്‌ ശരിക്കും സ്ട്രഗ്ഗിള്‍ ചെയ്യുന്നുണ്ടാവും, ഇക്കാക്കറിയാല്ലോ ഇപ്പൊ അബുദാബി മാത്രമാണ് എമിരേറ്റ്സില്‍ ഫിനാന്‍ഷ്യല്ലി വിത്ത്‌സ്റ്റാന്റ് ചെയ്യുന്നത് ദുബായ് ഇകോനോമി നിലനില്‍ക്കുന്നത് തന്നെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്തിട്ടാത്രേ..

ഇക്കാ.. പറയുന്നത് ക്ലിയര്‍ അല്ലെ പുതിയ ഐഫോണിനു ആന്റിന ഇഷ്യൂ ഉണ്ടെന്നു കള്ളീഗ്സ്‌ പരന്‍ജൂ, പിന്നെ ഇക്കാ എനിക്ക് പ്രൊമോഷന്‍ കിട്ടി ഞാന്‍ ഇപ്പൊ പാക്കിംഗ് ആന്‍ഡ്‌ ഡെലിവറിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആണ്. ഇക്ക അറിഞ്ജിരിക്കില്ല എന്ന് ബ്ലോഗില്‍ സീ ചെയ്യാത്തപ്പോ തോന്നി.

കഴിഞ്ഞ ഡേ ഞങ്ങള്‍ ഇക്കാടെ കാര്യം ബ്ലോഗിലെ ഫോട്ടോസ് കണ്ടപ്പോള്‍ പറഞ്ഞതെ ഉള്ളൂ ആ സ്റ്റൈലും, ആ ലൂക്കും കണ്ടാ ഇപ്പഴും മാരീഡ് ആണെന്ന് ബിലീവ് ആവില്ല, ഇക്ക എങ്ങനെയാ ബോഡി ഇങ്ങനെ മൈന്ടന്‍ ചെയ്യുന്നത്, അപ്പോ വെക്കട്ടെ ഇക്കാ അന്ടിയോടു ഞങ്ങളുടെ ഹൈ പറയണം, ബൈ'.

'മൂന്നര ദിര്‍ഹം പൊട്ടികിട്ടി' അവന്‍ തന്നോട് തന്നെ പറഞ്ഞു.

'ഇന്നക്കൊണ്ട് ബെജ്ജ ഇതൊക്കെ കൂടി എയ്തിന്‍ണ്ടാക്കാന്, ഓളെ അബ്ബൂദാബിം, ബീക്കുട്ടിന്‍റെത് ബെട്ടി ഷാര്‍ജ്ജിം, ഓന്റെ മാനേജറും, ഓന്റെ ഒരു ഒടുക്കത്തെ ഇന്ഗ്ലീസും ഈ ബ്ലോഗ്‌ ഇന്ന് ചുരുട്ടി കൂട്ടി ഒരു ഏറു ആണ്ട് എറിം ഞാന്‍' ബാപ്പു കലിയോടെ ഫോണ്‍ കട്ട്‌ ചെയ്തു.

8 comments:

 1. വ്യത്യസ്തമായ രചന,....ആശംസകള്‍...

  ReplyDelete
 2. നല്ല രസകരമായിരിക്കുന്നു.. താഹിർ സാറ്, ഈ ഭാഷാ ശൈലിയൊക്കെ എങ്ങനെ ഒപ്പിച്ചെടുക്കുന്നു... ആശംസകള്

  ReplyDelete
 3. മംഗ്ലീഷിന്റെയും ബ്ലോഗിന്റെയും കാലം.മലയാളിയുടെ കള്ള ജാടക്ക് പുതിയ മുഖം.കൊള്ളാം.

  ReplyDelete
 4. താഹിറെ ഈ ഭാഷ മനസ്സിലാക്കാന്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ,പക്ഷെ അത് വായിക്കാനും മറ്റുള്ളവര്‍ പറയുന്നത് കേള്ക്കാനും വലിയ ഇഷ്ടമാണ്. അതുകൊണ്ട് ആസ്വദിച്ചു ,കേട്ടോ

  ReplyDelete
 5. രസകരമായി എഴുതി. കൂട്ടത്തില്‍ ആള്‍ക്കാരുടെ പൊങ്ങച്ചത്തിനും ജാഡക്കും ഒരു കൊട്ടും.
  ആശംസകള്‍.

  ReplyDelete
 6. നാടന്‍ ശൈലിയില്‍ ആധുനിക ലോകത്തെ പൊങ്ങച്ചക്കാരെ ശരിക്കും വരച്ചു കാണിച്ചു , അഭിനന്തനങ്ങള്‍

  ReplyDelete
 7. ഇഷ്ടമായി ജാടമുഖം....വ്യത്യസ്ത ശൈലികള്‍ വഴങ്ങുന്നു താങ്ങള്‍ക്ക്‌...അഭിനന്ദനങ്ങള്‍

  ReplyDelete

Related Posts Plugin for WordPress, Blogger...