Thursday, March 10, 2011

ഉപ്പയും ജീന്‍സും പിന്നെ ഞാനും

എന്‍റെ പിതാവ് സ്നേഹത്തിന്‍റെ നിറകുടമായിരുന്നു. വളരെ തീവ്രവും ഭ്രാന്തവും ആയിരുന്നു ഉപ്പാടെ സ്നേഹം. 

സ്നേഹം വന്ന് നിറയുമ്പോള്‍ ആദ്യമെല്ലാം ഉപ്പ ഒരു കയര്‍ എടുക്കുമായിരുന്നു, അത് കൊണ്ട് മക്കളെ കെട്ടിയിടും പിന്നെ പോയി കയ്യെത്തുന്ന ഉയരത്തില്‍ നിന്നും ഒരു കമ്പ് പറിച്ചെടുത്ത് പൊതിരെ ഒരു സ്നേഹ മഴയാണ്, കമ്പ് മുറിയുന്നത്‌ വരെ ആണ് അതിന്‍റെ കണക്ക് അല്ലെങ്കില്‍ ചോര കാണണം.

ഉപ്പ എനിക്കാണ് മക്കളില്‍ ഏറ്റവും കുറച്ചു സ്നേഹം നല്‍കിയത്, അതിന് രണ്ടായിരുന്നു കാരണങ്ങള്‍ ഒന്നാമതായി എനിക്ക് പഠനം കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ, പഠിച്ചോ പഠിച്ചോ എന്നും ചോദിച്ച് എന്‍റെ പിന്നില്‍ നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല രണ്ടാമതായി എനിക്ക് ഇത്തരം സ്നേഹപ്രകടനങ്ങള്‍ ഇഷ്ടമല്ലായിരുന്നു അതിനാല്‍ ഉപ്പാക്ക് സ്നേഹം തോന്നുന്ന കാര്യങ്ങളില്‍നിന്നും നിന്നും ഞാന്‍ അധികവും വിട്ടു നിന്നു, പക്ഷെ എന്‍റെ സഹോദരങ്ങള്‍ ഈ രണ്ടു കാര്യങ്ങളിലും എനിക്ക് വിഭിന്നരായിരുന്നു. അവരെ ഉപ്പ പൊതിരെ സ്നേഹിച്ചു കൊണ്ടേയിരുന്നു. അവര്‍ക്കത്‌ നേരം പോക്കായിരുന്നു.

'നീ ഈ പുസ്തകം വീട്ടില്‍ കൊടുത്തേക്ക്, ഉമ്മനോട് ഞാന്‍ എന്‍റെ അവസാനത്തെ പോക്ക് പോയി എന്ന് പറഞ്ഞാല്‍ മതി' എന്ന് കൂടുകാരി വശം പറഞ്ഞു വിട്ട് എന്‍റെ സഹോദരി സ്കൂളിലെ വിനോദയാത്രയ്ക്ക് ഉപ്പാന്‍റെ അനുവാദത്തിനായി നില്‍ക്കാതെ പോയി. 

അവള്‍ക്കറിയാമായിരുന്നു മടങ്ങി വന്നാല്‍ കാത്തിരിക്കുന്നത് എന്തായിരുന്നു എന്ന്. ഉപ്പാന്റെ അടുത്ത് നിന്നും കിട്ടുന്നത് നാളെയല്ലേ ഇന്നു നമുക്ക് ഇവിടെ പാര്‍ക്കാം എന്ന് അനിയന് ധൈര്യം പകര്‍ന്ന് ബന്ധുവീട്ടില്‍ കളിയില്‍ മുഴുകിയ എന്‍റെ മൂത്ത സഹോദരങ്ങള്‍ക്കും  അറിയാമായിരുന്നു തങ്ങളെ കാത്തിരിക്കുന്ന സ്നേഹമഴ.

കൌര്യം എന്‍റെ കുടുംബത്തിന്‍റെ രക്തത്തില്‍ എന്നും അലിഞ്ഞിരുന്നു. അവര്‍ അത് തലമുറകളിലൂടെ കൈമാറി. എന്‍റെ പിതാവിന്‍റെ ജീന്‍സ്‌ ആണ് ഇന്ന് ഞാന്‍ ധരിക്കുന്നത്. 

എന്‍റെ ഉപ്പാന്‍റെ അത്രയ്ക്ക് ഒന്നും വരില്ലെങ്കിലും അത്യാവശ്യം തീവ്രമായി തന്നെ ഞാനും എന്‍റെ മക്കളെ സ്നേഹിക്കാറുണ്ട്. എന്‍റെ മൂത്തമകന്‍റെ വലതു കവിളില്‍ ഉള്ള വെളുത്ത പാട് ഞാന്‍ അവനെ സ്നേഹിച്ചപ്പോള്‍ കിട്ടിയതാണ് അവന്. രണ്ടു റിയാല്‍ കടയില്‍ നിന്നും വാങ്ങിയ വണ്ണം കുറഞ്ഞ ചൂരല്‍ കൊണ്ട് ശക്തിയായി ചേര്‍ത്ത് പിടിച്ച് ഉമ്മ വെച്ചപ്പോള്‍ അതവന്‍റെ പുറത്തെ തൊലിയും എടുത്ത് വളഞ്ഞ് അഗ്രം അവന്‍റെ കവിളിലേക്ക് മുത്തം പകര്‍ന്നു തൊലിയുമായി മടങ്ങി.

അസി അന്ന് കുറെ കരഞ്ഞു  എനിക്ക് അന്ന് ഒരു കാര്യം മനസ്സിലായി, ദേഷ്യം എന്ന വികാരത്തിന്‍റെ കടിഞ്ഞാണ്‍ എന്‍റെ കയ്യില്‍ നിന്നും നഷ്ടമായിരിക്കുന്നു, ഇത്ര അടിയില്‍ നിര്‍ത്താം എന്ന് തീരുമാനിക്കാന്‍ ഉള്ള കഴിവ്‌ എനിക്കില്ല എന്ന സത്യം എന്നെ ഭയപ്പെടുത്തി, എന്തുകൊണ്ട് എന്‍റെ പിതാവ് ചോര കാണുന്നത് വരെ അടിച്ചു എന്ന് എനിക്ക് മനസ്സില്‍ ആയി. അന്ന് ഞാന്‍ ആ ചൂരല്‍ മുറിച്ചിട്ടു.

നല്ല വാക്കുകളും ശാസനകളും ഒന്നും അധികം നീണ്ടു നിന്നില്ല കാരണം എന്‍റെ മക്കളും എന്‍റെ ജീന്‍സ്‌ ധരിക്കുന്നു, എന്‍റെ ജീന്‍സ്‌ എന്‍റെ പിതാവിന്‍റെതായിരുന്നു, പഴകിയതും പാകമില്ലാത്തതുമായ ആ വസ്ത്രം ഊരി മാറ്റാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ഉപദേശങ്ങള്‍ക്കും ഭീഷണികള്‍ക്കും പകരം പുതിയ ചൂരലുകള്‍ വന്നു, ബെല്‍റ്റ്‌ വന്നു, എന്‍റെ മക്കള്‍ വിദഗ്ദമായി ഒറ്റയടിക്ക് മുറിയുന്ന ചൂരലുകള്‍ കണ്ടെത്തി, പിടിച്ചാല്‍ ഉള്ള സ്നേഹമഴ അറിഞ്ഞുകൊണ്ട് തന്നെ, അവരും ധരിക്കുന്നത് എന്‍റെ പിതാവ് ധരിച്ച ആ ജീന്‍സ്‌ തന്നെയല്ലേ.!

നമുക്ക് മക്കളെ വളര്‍ത്താന്‍ അറിയില്ല എന്നും പറഞ്ഞ് അസി കരഞ്ഞു കൊണ്ടിരുന്നു, ഞങ്ങളുടെ ജീന്‍സിനെ കുറിച്ച് അവള്‍ക്കെന്തറിയാം. കൂടുതല്‍ മോങ്ങിയാല്‍ നിനക്കും കിട്ടും രണ്ടെണ്ണം എന്ന് പറഞ്ഞ് ഞാന്‍ ചൂരല്‍ നീട്ടിക്കാണിച്ചു, ഭാഗ്യം അവള്‍ വേറെ കമ്പനിയുടെ ജീന്‍സ്‌ ആണ്, പറഞ്ഞാല്‍ മനസ്സില്‍ ആവും.

എന്തൊക്കെ ന്യായം നിങ്ങള്‍ പറഞ്ഞാലും ഒന്ന് പറയാതെ വയ്യ, ക്രൂരനാണ് നിങ്ങള്‍..!

അറിയാം.. അത് എന്‍റെ മാത്രം കുറ്റമല്ല.. പറഞ്ഞല്ലോ എന്‍റെ ഉപ്പൂപ്പാന്റെ കാലം മുതലേ ഉള്ള ജീന്‍സ്‌ ആണ് ഞാനും ധരിക്കുന്നതു, എന്‍റെ മക്കളും ആ ജീന്‍സ്‌ തന്നെയാണ് ധരിക്കുന്നതു, ഇത് ഞങ്ങളുടെ ജീന്‍സിന്‍റെ കുഴപ്പാ.

കള്ളും കുടിച്ചു വന്ന് എന്നും രണ്ടു പൊട്ടിക്കുന്ന ചെറുമനെ കാത്ത്  ചെറുമി പറഞ്ഞില്ലേ 'ആ കിട്ടാള്ളത് കിട്യാ നിക്കങ്ങ് ഉറങ്ങാര്‍ന്നു..' എന്ന്, അത് പോലെ ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്യും, ചെയ്തു കഴിഞ്ഞു അടിയും വാങ്ങി മനസ്സമാധാനമായി കിടന്നുറങ്ങും. അടിച്ചോട്ടെ നമ്മുടെ ഉപ്പയല്ലേ എന്ന ഒരു ലൈന്‍, അടിയില്ലാത്ത ഒരു ജീവിതം ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ ആവില്ല.

ഒരു വല്ലാത്ത ജീന്‍സാ എന്‍റെ ഉപ്പ എനിക്ക് തന്നിട്ട് പോയത്. എന്‍റെ മക്കള്‍ക്കത് കൈമാറരുത് എന്ന് എനിക്ക് വെറുതെ ഒരു മോഹം, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍..

4 comments:

 1. jeans kaimariyalum belt kaimararuthe.

  ReplyDelete
 2. Are you a Sadist ???

  well... you lived in such a time period, where people doesnt know how to express the love , or they dont know how to brought up their kids.. thats old time stories..

  if you are a good father, stop that sadism and brought up your kids with love and care.. they will love you back.. sure..!!

  അങ്ങാടിയില്‍ തോറ്റാല്‍ ഒന്നുകില്‍ അത് അങ്ങാടിയില്‍ തന്നെ തീര്‍ക്കുക ഇല്ലെങ്കില്‍ അടുത്ത തവണ തോല്‍ക്കാതെ ഇരിക്കാന്‍ ഉള്ള പണി എന്താണെന്ന് നോക്കുക. ആ ദേഷ്യം സ്വരൂപിച്ചു വെച്ച് മറ്റുള്ളവരുടെ നേരെ അനാവശ്യമായി പ്രതികരിച്ചു തീര്‍ക്കാതിരിക്കുക. പ്രത്യേകിച്ചും (വീട്ടിലുള്ള) സ്ത്രീകളുടെ നേരെ. സ്ത്രീ അവള്‍ എത്ര ശക്ത ആയാലുംഒരിക്കലും പുരുഷനു തുല്യ ആവില്ലെന്ന് അറിയുക. ശക്തമായ പ്രതികരണങ്ങള്‍ ശക്തര്‍ക്ക് നേരെ തിരിക്കുക.

  എല്ലാ ഷോട്ടും ഹാപ്പി എന്ടിംഗ് ആക്കാന്‍ ആദ്യം ചെയ്യേണ്ടത് ബോധപൂര്‍വം ഒരു ദീര്‍ഘശ്വാസം എടുക്കല്‍ ആണ്. നിങ്ങളുടെ തലച്ചോറില്‍ അതിനുള്ളില്‍ തന്നെ ഒരായിരം കണക്കുകള്‍ കൂട്ടപ്പെടും, എന്തു പറയാം, എന്തു പറയരുത്, എന്ന് ഒരു ചിന്ത ഉണ്ടായാല്‍ മാത്രം വായ തുറക്കുക. രണ്ടാമതായി കൂടുതല്‍ നന്നായി പ്രതികരിക്കാന്‍ ദേഷ്യപെടാതെയും കഴിയും എന്നോര്‍ക്കുക.

  മറക്കണ്ട.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചുരുങ്ങിയത് 75% സന്തോഷത്തിന്‍റെയും താക്കോല്‍ നിങ്ങളുടെ കയ്യില്‍ തന്നെ ആണ്.!

  These lines are taken from your own blog post "ഷൂട്ടിംഗ്"
  I agree with whatever you said in that blog post, but in this blog post you are opposing your own visions..!!

  There is no justification for cruelty to kids, either its done by their parents or by their teachers..

  Kids should be motivated with love and care .. not with cruelty..

  ReplyDelete
  Replies
  1. പ്രിയ സുഹ്രുത്തേ

   ആത്മാര്‍ഥമായ കമെന്റ് ആയിരുന്നു. വായിച്ചതിനു നന്ദി.

   ഞാന്‍ ഒരു സാഡിസ്റ്റ് ആണോ, തിരിച്ച് ഞാന്‍ താങ്കളോട് ആ ചോദ്യം ചോദിച്ചാല്‍ താങ്കള്‍ എന്തു മറുപടി തരും.

   നമ്മള്‍ എല്ലാം സാഡിസ്റ്റ്കള്‍ തന്നെയാണ്, ഇല്ലെങ്കില്‍ ലോകത്തില്‍ പട്ടിണിയും അസമത്വവും യുദ്ധങ്ങളും ഒന്നും ഉണ്ടാവുമായിരുന്നില്ലല്ലോ.

   എന്നിലുള്ള സാഡിസം ഞാന്‍ സൃഷ്ടിച്ചതല്ല, അതെനിക്ക് ധരിക്കാന്‍ തന്ന ജീന്‍സില്‍ ഉള്ളതാണ്, അതായിരുന്നു ഈ പോസ്റ്റിന്റെ ആധാരം.

   എന്നെ ഞാന്‍ ആക്കുന്നതില്‍ എന്‍റെ ശരീരത്തിനും, ചിന്തകള്‍ക്കും ഉള്ളത് പോലെ ഒരു പങ്ക് ഈ സാഡിസത്തിനും ഉണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

   എന്‍റെ മക്കളെ സ്നേഹിച്ച് തന്നെയാണ് ഞാനും (എന്‍റെ പിതാവും, മറ്റുള്ള പിതാക്കളും എല്ലാം) വളര്‍ത്തുന്നത്. എന്നെ അനുസരിക്കാതെ വരുമ്പോള്‍, അവരുടെ പ്രവര്‍ത്തികള്‍ എന്‍റെ കണ്ണില്‍ തെറ്റാണ് എന്ന തോന്നല്‍ വരുമ്പോള്‍, ഉപദേശിച്ചും, വഴക്ക് പറഞ്ഞും, ഗ്രൌണ്ട് ചെയ്തും ഒന്നും ഫലമില്ലാതെ വരുമ്പോള്‍ ആണ് ചൂരലിലെക്ക് പോവേണ്ടി വരുന്നത്. എന്‍റെ തന്നെ എല്ലാ കുട്ടികള്‍ക്കും അടിയുടെ അവശ്യം ഉണ്ടാവാറില്ല, എന്‍റെ പിതാവിനും എല്ലാ മക്കളെയും എല്ലായിപ്പോഴും അടിക്കേണ്ടി വരാറില്ലായിരുന്നു കാരണം ഓരോ കുഞ്ഞും വെത്യസ്തമാണ്.

   എന്‍റെ കാഴ്ചപ്പാടില്‍ രക്ഷിതാക്കള്‍ ശിക്ഷകള്‍ നല്‍കി വളര്‍ത്തിയ കുഞ്ഞുങ്ങള്‍ ജീവിത ചൂടില്‍ വാടാതെ നില്‍ക്കാന്‍ അവരെ സഹായിക്കും. അതെന്‍റെ അഭിപ്രായം മാത്രമാണ്, കുഞ്ഞുങ്ങളെ സ്നേഹിച്ചും, ശ്രദ്ധിച്ചും വളര്‍ത്തണമെന്ന താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. അത് എല്ലാ രക്ഷിതാക്കള്‍ക്കും കഴിയണമെന്നില്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഫലപ്രദമായ ഒരു രീതിയാണ് അത് എന്ന് നമുക്ക് പറയാനും ആവില്ല കാരണം എല്ലാ കുഞ്ഞുങ്ങളും ഒരേ ടൈപ്പല്ല. സ്നേഹം തട്ടിത്തെറിപ്പിച്ച് പോകുന്ന വലിയവരെയും കുഞ്ഞുങ്ങളെയും നമ്മുക്ക് ചുറ്റും ഇഷ്ടം പോലെ കാണാന്‍കഴിയും.

   Delete
 3. തെറ്റാണ് എന്ന് കുട്ടികൾക്കും ബോധ്യമുള്ള കാര്യങ്ങളിൽ അവരെ ശിക്ഷിച്ചാൽ അവരത് ഉൾക്കൊള്ളും എന്നു തന്നെയാണ് എന്റെ തോന്നൽ..
  പക്ഷെ അറിയാതെ ചെയ്തുപോയ തെറ്റിന്, അല്ലെങ്കിൽ ചെയ്യാത്ത തെറ്റിന് അവരെ ശിക്ഷിച്ചാൽ അത് ആഴത്തിൽ മുറിവെൽ‌പ്പിച്ചേക്കാം..

  ReplyDelete

Related Posts Plugin for WordPress, Blogger...